ഹെലെൻ കെല്ലർ (2014)
എന്റെ ജീവിത കഥ
കോഴിക്കോട്: ഓലീവ്.
പേജ് 146 വില 120.00

ഇരുട്ട് മൂടിയ, ഭീകര നിശ്ശബ്ദതയുടെ ലോകത്ത് കൈവിരലുകൾ വെളിച്ചമായി മാറുന്ന മഹാത്ഭുതം ഹെലനിൽ സംഭവിക്കുകയായിരുന്നു. അന്ധ-ബധിര വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ ഏറെ ദു:ഖത്തിലായി. പക്ഷെ തന്റെ സ്ഥിരോത്സാഹം കൊണ്ട് അറിയേണ്ടതും പഠിക്കേണ്ടതുമെല്ലാം ഹെലൻ സ്വന്തമായും മറ്റുള്ളവരുടെ സഹായത്തോടെയും പഠിക്കാൻ തുടങ്ങി. തിരമാലയുടെ സംഗീതവും പൂക്കളുടെ വർണ രാജികളുമെല്ലാം അനുഭവിച്ച് ആസ്വദിക്കാൻ ഹെലൻ കഴിവ് നേടി.
ഹെലന് ഏഴു വയസ്സ് തികഞ്ഞപ്പോൾ ആനി മാൻസ്ഫീൽഡ് സള്ളിവൻ അവളെ പഠിപ്പിക്കാൻ ടീച്ചറായി വന്നു . അതിൽ പിന്നെ ഹെലന്റെ ജീവിതം മറ്റൊന്നായി മാറി. തനിക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും തൊട്ടും തലോടിയും അനുഭവിച്ചറിഞ്ഞും ഹെലൻ മനസ്സിലാക്കാൻ ശ്രമിച്ചു. സാഹിത്യത്തിലും ശാസ്ത്രത്തിലും ആത്മീയതയിലും ഏറെ അറിവുകൾ നേടി. '....ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്സ്യങ്ങൾ മണ്ണിൽ മുളക്കാൻ സൂര്യനും മഴയും എങ്ങിനെ സഹായകമാവുന്നു എന്നും പക്ഷികൾ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതും എങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാർപ്പിടവും കണ്ടെത്തുന്നത് എങ്ങിനെയെന്നും….' ഹെലൻ പഠിച്ചു (പേജ് 32 ).
ഹെലന്റെ വളർച്ചയുടെ പ്രധാനപ്പെട്ട ഒരു ഘട്ടം വായന പരിശീലിക്കലായിരുന്നു. നിരന്തരമായ വായനയിലൂടെ ആരെയും അത്ഭുതപ്പെടുത്തുന്ന വിജ്ഞാനം അവൾ നേടിയെടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ലാറ്റിനടക്കം ധാരാളം ഭാഷകൾ സ്വായത്തമാക്കുകയും അതിലൂടെ പുതിയ ലോകം കീഴടക്കുകയും ചെയ്തു. അക്കാലത്ത് അറിയപ്പെട്ടിരുന്ന സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും
രാഷ്ട്ര നേതാക്കളുമൊക്കെ ഹെലന്റെ സുഹൃത്തുക്കളായി.
ഇച്ഛാശക്തിയും ആത്മ ധൈര്യവും കൊണ്ട് നഷ്ടപ്പെട്ട ലോകത്തെ തിരിച്ചു പിടിക്കാൻ ഹെലൻ കെല്ലർ നടത്തിയ അതി സാഹസികത നൂറ്റാണ്ടുകൾക്ക് ശേഷവും വായനക്കാരന് ആവേശവും പ്രചോദനവും നൽകുന്നു. ഒപ്പം ഒരു നിഴലായ് കൂടെ നടന്ന് ഒരിക്കലും കാണാത്ത, കേൾക്കാത്ത ഒരു ലോകത്തെ അറിയാനും അനുഭവിക്കാനും പരിശീലിപ്പിച്ച അന്ന സള്ളിവൻ എന്ന അദ്ധ്യാപികയുടെ സമാനതകളില്ലാത്ത ത്യാഗവും സമർപ്പണവും ഓരോ വായനക്കാരിലും അതിരറ്റ ബഹുമാനവും അത്ഭുതവും ഉണ്ടാക്കുകയും ചെയ്യുന്നു.
23 ചെറിയ അദ്ധ്യായങ്ങളിലായി ഒരു വലിയ ജീവിതം പറയുന്ന 'എന്റെ ജീവിത കഥ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് അദ്ധ്യാപികയും എഴുത്ത് കാരിയുമായ എം. സാജിതയാണ്.
No comments:
Post a Comment