Saturday, November 4, 2023

കൃഷ്ണമണിയുടെ കുഴി / വിമീഷ് മണിയൂർ (Review)


 നമ്മുടെ മനസ്സും വീട്ടിലെ ടിവിയും തമ്മിൽ ഒരു ലിങ്ക് ഉണ്ടാവുക. ടിവിയിൽ കാണുന്ന പരസ്യങ്ങളിൽ നമുക്ക് ഇഷ്ടപ്പെട്ടത് വരുമ്പോൾ കണ്ണുകൾ വഴി ടിവിയിലേക്ക് ഒരു നിർദ്ദേശം പാസ് ചെയ്യപ്പെടുക. ആ പരസ്യം വീണ്ടും ആവർത്തിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ  കണ്ണുകൾ വഴി ടിവിയിലേക്ക് സന്ദേശം അയയ്ക്കുക. സ്മാർട്ട് ടിവി അതിനെ ഒരു പർച്ചേസ് ഓർഡർ ആക്കി കമ്പനികളിലേക്കോ കടകളിലേക്കോ അയക്കുക. നമ്മുടെ കണ്ണുകളുമായി നേരത്തെ തന്നെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പെയ്മെൻറ് നടക്കുക. നാം മനസ്സിൽ ആഗ്രഹിക്കുന്ന സാധനം നമ്മുടെ വീട്ടുമുറ്റത്ത് ഡെലിവറി ആവുക... എത്ര സുന്ദരമായ സംവിധാനം..! വിമീസ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥയുടെ പൊരുൾ ഇതാണ്. 

ചെറുപ്പം മുതലേ ടിവി കണ്ടു കണ്ട് കണ്ണുകൾക്ക് അസുഖം ബാധിച്ച ഒരു ചെറിയ ചെക്കനെ കുറിച്ച് പറഞ്ഞാണ് കഥ തുടങ്ങുന്നത്. ഒരു സുപ്രഭാതത്തിൽ അച്ഛനോ അമ്മയോ ഓർഡർ ചെയ്യാതെ തന്നെ വീട്ടിലേക്ക് പലതരം സാധനങ്ങൾ ഡെലിവറി ചെയ്യപ്പെടുന്നു.  ഒരിക്കൽ പിസ്സ, മറ്റൊരിക്കൽ ഡൈനിങ് ടേബിൾ, പിന്നെ വസ്ത്രങ്ങൾ അങ്ങനെ പലതും. ഡെലിവറിക്ക് അനുസരിച്ച് അച്ഛൻറെ അക്കൗണ്ടിൽ നിന്നും പണം പോകുന്നുമുണ്ട്.  കഥയുടെ അവസാനത്തിലാണ്  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യം പറയുന്നത്. കഥ വായിച്ചു കഴിയുമ്പോൾ  ചിരിക്കാൻ തോന്നുന്നു എങ്കിലും ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യം പറയുകയാണ് കഥാകൃത്ത്. Man-Machine interlinking എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഒരു സംവിധാനം.  ബ്രെയിൻ മാപ്പിങ്ങും, ഇമോഷൻ റീഡിങ്ങും ഒക്കെ വളർന്നു വികസിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം.

 2023 ഒക്ടോബർ 15 ന് ഇറങ്ങിയ ദേശാഭിമാനി വാരികയിൽ വിമീഷ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥ വായിച്ചു നോക്കുക.