Friday, November 1, 2019

ഓളങ്ങളിൽ

തൊഴിലിടങ്ങളിലെ വാരാന്ത്യങ്ങൾ അസഹനീയമായിരിക്കും. വീടും കുടുംബവും നാട്ടിടങ്ങളും വിട്ട് ദൂര ദേശങ്ങളിൽ തനിച്ച് പാർക്കുമ്പോൾ പ്രത്യേകിച്ചും. അത്തരം വേളകളിൽ ഏകാന്തതയുടെ പുറം തോട് പൊട്ടിച്ച്, അപരിചിതങ്ങളായ വഴികളിലൂടെ നാട് കാണാനിറങ്ങുന്നത് അവിസ്മരണീയമാണ്.  അറിയാത്ത ജനങ്ങളും പോകാത്ത വഴികളും, കാണാത്ത കാഴ്ചകളും കിട്ടാത്ത രുചികളും അന്വേഷിച്ചു കൊണ്ടുള്ള യാത്രകൾ. നാം അറിഞ്ഞതിനും അപ്പുറത്തേക്കുള്ള രസകരമായ സഞ്ചാരങ്ങൾ...

കരിമ്പനകളുടെ നാട്ടിൽ നിന്നും  കശുവണ്ടി ഫാക്ടറിയുടെ നാട്ടിലേക്കു  പറിച്ചു നടപ്പെട്ട ആദ്യ കാലങ്ങളിലെ വാരാന്ത്യങ്ങൾ ഇത്തരം യാത്രകളുടെ കാലങ്ങൾ കൂടി ആയിരുന്നു. പലപ്പോഴും ഒറ്റക്കായിരുന്നു യാത്ര, ചിലപ്പോഴൊക്കെ കൂട്ട് ചേർന്നും. 

അലക്ഷ്യമായ യാത്രകളിലൊന്ന് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളിലൂടെ ആയത് അവിചാരിതമായിരുന്നു. അന്ന് ഒറ്റക്കായിരുന്നില്ല, മലബാറിൽ നിന്ന് തന്നെയുള്ള വേറെയും മൂന്നു നാല് പേരുണ്ടായിരുന്നു. കൊല്ലം KSRTC ബസ് സ്റ്റേഷനോട് ചേർന്ന ബോട്ട് ജെട്ടിയിൽ നിന്നും സർക്കാർ  യാത്രാ ബോട്ടിൽ കയറി. കായലിലൂടെ ഒരു ബോട്ടു യാത്ര, അതും അഞ്ച് രൂപ ടിക്കറ്റിൽ....! കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷെ യാത്ര ഏറെ രസകരമായിരുന്നു.

കരയോട് ചേർന്ന കായൽ (ദുർ)മണം മാറി തുടങ്ങിയപ്പോൾ കുളിർ കാറ്റു വന്ന് ഹൃദയം തലോടി. അകലെ അറബിക്കടലിൽ കുളിക്കാൻ ഇറങ്ങുന്ന സൂര്യന്റെ കള്ളച്ചിരി കുഞ്ഞോളങ്ങളിൽ വീണ് ചിതറി...!  അഡ്വെഞ്ചർ പാർക്കിൽ  മക്കളെ കളിക്കാൻ വിട്ട് കായൽ കാറ്റും വാടിയ വെയിലും നുകർന്ന് ഏതാനും പേർ  കോൺക്രീറ്റ് കസേരകളിൽ ചാരിയിരിക്കുന്നു. ഒരിക്കലും നിലക്കാത്ത ചെറു ചലനങ്ങളിൽ നൃത്തം വെക്കുന്ന കായലോളങ്ങൾ ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത നൂറു നൂറു കഥകൾ പറയാൻ വെമ്പൽ കൊള്ളുന്നു. കാലങ്ങളായി ഒരു മഹാ നഗരത്തിന്റെ ഇരുണ്ട ഊടുവഴികളിലൂടെ ഒഴുകി എത്തുന്ന രഹസ്യങ്ങളത്രയും ഉള്ളിലൊതുക്കി വെച്ചിട്ടുണ്ട്. തലമുറകളുടെ സന്തോഷവും കണ്ണ് നീരുമുണ്ട് അതിൽ. മഹാ പ്രതാപികളുടെ ഉയർച്ചയും വീഴ്ചയുമുണ്ട്.          
 
കൊല്ലത്ത് നിന്നും പുറപ്പെടുമ്പോൾ ഏതാനും സീറ്റുകൾ ബാക്കിയുണ്ടായിരുന്നു. യാത്രക്കാരിൽ അധികവും മാർക്കറ്റിൽ വന്നവരായിരുന്നു. വീട്ടു സാധനങ്ങൾ വാങ്ങി വരുന്നവരും, കല്യാണം കൂടി മടങ്ങുന്നവരും, ഡോക്ടറെ കാണാൻ പോയവരും കൂട്ടത്തിലുണ്ട്. കടവുകളിൽ നിന്നും കടവുകളിലേക്ക്എത്തുമ്പോൾ യാത്രക്കാർ മാറി മാറി വന്നു കൊണ്ടിരുന്നു. സാമ്പ്രാണികുടിയിലും കുരീപുഴ കടവിലും ബോട്ട് എത്തിയപ്പോൾ ആളുകളുടെ എണ്ണം കൂടി.

പരിചിതമല്ലാത്ത മുഖങ്ങളും പുറം നാട്ടിലെ സംസാരവും കേട്ടപ്പോൾ സഹൃദയനായ സഹയാത്രികൻ ഭാസ്കര അണ്ണൻ ഞങ്ങളോട് കൂട്ടുകൂടി. പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും നാടറിയാൻ ഇറങ്ങിയതാണെന്നും കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തിളക്കം കൂടി. തമ്പ്രാക്കന്മാർ നാടുവാണ ദേശിങ്ക നാട് മുതൽ വൈദേശിക അധിനിവേശത്തെ  നെഞ്ചും വിരിച്ചു എതിരിട്ട പഴമക്കാരുടെ വീരേതിഹാസങ്ങളും കുണ്ടറ വിളംബരവും  കശുവണ്ടി വ്യവസായ പെരുമയും ഒക്കെ ഒരു ചരിത്രാധ്യാപകന്റെ വാക് ചാതുരിയോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ ഒമ്പതാം ക്ലാസ്സിലെ ഹമീദ് മാഷിന്റെ ഹിസ്റ്ററി ക്ലാസ്സിൽ തിരിച്ചെത്തി. വേലുത്തമ്പി ദളവയും കുണ്ടറ വിളംബരവും കേട്ട് ലാസ്റ്റ് ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങിയതും ചോക്ക് പൊട്ടുകൊണ്ട് ഏറ് കൊണ്ടതും  ഞെട്ടിയുണർന്നതും ക്ലാസ് ഒന്നടങ്കം കളിയാക്കി ചിരിച്ചതും ശിക്ഷ ഏറ്റുവാങ്ങി ബെഞ്ചിന് മുകളിൽ കയറി നിന്ന്  വിനീത വിധേയനായി തലകുനിച്ചു നല്ല പിള്ള ആയതുമൊക്കെ മങ്ങിയ ഓർമ്മയുടെ കായൽ പരപ്പിലൂടെ ഒരു വെളുത്ത പായക്കപ്പലേറി അകക്കണ്ണുകളിലേക്കു ഒഴുകി വന്നു.    
   
ഭാസ്കരൻ അണ്ണൻ നാട്ടു വിശേഷങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു. പ്രാക്കുളത്തെ ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവമാണ് പുതിയ വിശേഷം.  ഉത്സവം കാണാൻ അദ്ദേഹം  ഞങ്ങളെയും ക്ഷണിച്ചു. അങ്ങിനെ, വന്ന ബോട്ടിൽ തന്നെ തിരികെ പോകാനിരുന്ന ഞങ്ങൾ പ്രാക്കുളത്ത് കപ്പലിറങ്ങി.
നാട്ടു വഴികളെല്ലാം ഉത്സവ  ഛായയിലാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം പുത്തനുടുപ്പിട്ട്, നെറ്റിയിൽ കുറി വരച്ച് ആഘോഷത്തിന്റെ നിറപ്പകിട്ടോടെ റോട്ടിലും വീട്ടിലും കാണപ്പെട്ടു. ഉത്സവ പറമ്പിൽ നല്ല തിരക്കുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജ കേസരികൾ നിരനിരയായി നിൽക്കുന്നു. പഞ്ച വാദ്യവും ശിങ്കാരി മേളവും കൊട്ടിക്കയറുന്നു. ശിവനും പാർവതിയും സരസ്വതിയും ആലിലക്കണ്ണനുമൊക്കെ  ആലക്തിക ദീപങ്ങളുടെ വർണ്ണ ശോഭയിൽ നയന മനോഹരങ്ങളായി പുനർജനിക്കുന്നു.  കാതടപ്പിക്കുന്ന വെടിക്കെട്ടും ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് കരിമരുന്ന്  പ്രയോഗവും. അലയൊടുങ്ങാത്ത ജനപ്രവാഹത്താൽ ആനന്ദത്തിന്റെ പൊടി പടലങ്ങൾ ആകാശത്തോളം ഉയർന്നു പൊങ്ങുന്നു.     

നാട്ടുത്സവങ്ങൾ വർണ്ണങ്ങളുടെയും ശബ്ദങ്ങളുടെയും ആവിഷ്കാരത്തിന്റെയും ഉത്സവമാണ്നാടൻ കലകളും നാടൻ പാട്ടും നാട്ടുല്പന്നങ്ങളും വിനിമയം ചെയ്യപ്പെടുന്ന ഇടങ്ങൾ... കുന്തത്തിൽ കോർത്ത് വെച്ച കളിക്കോപ്പുകളും, നൂലിൽ കെട്ടിയ വർണ്ണ ബലൂണുകളും, മലരും പൊരിയും നുറുക്കും, കരിപ്പട്ടിയും കട്ടൻചായയും, കള്ളും കരിക്കും,  കോണിയും പാമ്പും, ആന-മയിൽ-ഒട്ടകവും, സർക്കസും മാജിക്കും, കിലുക്കി കുത്തും, പാട്ടും കുരവയും, കെട്ട് കാഴ്ചകളും ഒക്കെ നിറഞ്ഞാടുന്ന നാട്ടുത്സവങ്ങൾ...!  ആണും പെണ്ണും കുട്ടികളും മുതിർന്നവരുമൊക്കെ പൊയ്മുഖങ്ങളില്ലാതെ ആർത്തുല്ലസിക്കുന്ന ആനന്ദവേളകൾ...!         
പ്രാക്കുളത്തെ നാട്ടുത്സവം പറഞ്ഞ് അറിയിക്കാനാവാത്ത പുത്തൻ അനുഭവമായിരുന്നു.  ചെണ്ട മേളക്കാരുടെ കൈ താളത്തിനൊത്ത് ഒരു നാട് മുഴുവൻ ചുവടു വെച്ച് കൊട്ടിക്കയറിയപ്പോൾ  അവരിൽ ഒരു തുള്ളിയായി ഞങ്ങളും അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി.

-കെ. എം. മുസ്തഫ, മണ്ണാർക്കാട്.
28.10.2019