Wednesday, January 31, 2018

വായന: വാങ്ക്


ഉണ്ണി ആർ (2018)

വാങ്ക്

സമകാലിക മലയാളം 21 (36), 29 January, 2018   പേജ് 14-22


വർഷാവസാനം ക്ലാസുകൾ തീരാറായപ്പോൾ പ്രിയ കൂട്ടുകാരികൾ ഒരുമിച്ചു കൂടി ആഗ്രഹങ്ങൾ പങ്ക് വെച്ചു.  ഹെഡിന്റെ കൈകളിൽ ഉമ്മ വെക്കാൻ ദീപക്ക് മോഹം. ജോണിനോട് ഇഷ്ടം പറയണമെന്ന് ജ്യോതിക്ക് ആഗ്രഹം. അഷ്‌റഫിന്റെ കൂടെ സിനിമക്ക് പോവണമെന്ന് ഷമീന. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു ആഗ്രഹമാണ്  റസിയക്ക്, ഒന്ന് വാങ്ക് (ബാങ്ക്) വിളിക്കണം. വിചിത്രമെന്നു തോന്നിക്കുന്ന റസിയയുടെ ആഗ്രഹം മറ്റുള്ളവരിൽ ഞെട്ടലും പേടിയും ഉണ്ടാക്കുന്നു. ചെറുപ്പത്തിൽ തിരുവനന്തപു രത്തേക്കു ടൂർ പോയ റസിയ നിസ്കരിക്കാൻ പോയ വാപ്പയെ പാളയം പള്ളിക്കു മുന്നിൽ കാത്ത് നിന്നപ്പോഴാണ് കാതുകൾക്ക് മധുരം പകർന്ന് പള്ളി മിനാരത്തിൽ നിന്നും ഒഴുകിയെത്തിയ ബാങ്ക് ശ്രദ്ധിക്കുന്നത്. അന്ന് തുടങ്ങിയതാണ് റസിയക്ക് ബാങ്ക് വിളിക്കാനുള്ള മോഹം.


'മതോം ദൈവോമൊക്കെ തൊട്ടാൽ കത്തുന്ന ഏർപ്പാടാ'ണെന്ന് പറഞ്ഞ് കൂട്ടുകാരികൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ റസിയ അവളുടെ ആഗ്രഹത്തിൽ തന്നെ ഉറച്ചു നിന്നു. ഇതല്ലാതെ മറ്റൊരു ആഗ്രഹവും അവൾക്കില്ലെന്നു അവൾ തീർത്തു പറഞ്ഞു. വീട്ടിലെത്തിയ റസിയ സുഹൃത്തിനോളം അടുപ്പമുള്ള ഉമ്മയോട്  കാര്യം പറഞ്ഞു. ദീർഘ മൗനമായിരുന്നു ഉമ്മയുടെ മറുപടി.

കൂട്ടുകാരികൾ ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കി. ദീപ അദ്ധ്യാപകന്റെ കൈകൾ ചുംബിച്ചു, ജ്യോതി ജോണിനോട് ഇഷ്ടമാണെന്നു പറഞ്ഞു, ഷമീന അഷ്‌റഫിനെ കൂടെ അവന്റെ കൂട്ടുകാരനെയും, ജ്യോതിയെയും കൂട്ടി സിനിമക്ക് പോയി. റസിയയുടെ മോഹം മാത്രം ബാക്കിയായി. എല്ലാവരും ക്ലാസ്സ്  വിട്ട് പോയപ്പോൾ ജ്യോതി റസിയയോട് ചോദിച്ചു: 'നാളെ നിനക്ക് വാങ്ക് കൊടുക്കണോ?' റസിയ പറഞ്ഞു 'അടുത്ത വെള്ളിയാഴ്ച ജുമുഅക്ക്'. പത്തുപതിനഞ്ചു കിലോമീറ്ററുകൾക്കപ്പുറത്ത് മനുഷ്യർ പോവാത്ത ഒരു കാടുണ്ട്. അവിടെ അഷറഫിന്റെ കൂട്ടുകാരനെ കൂട്ടി പോവാമെന്നു പറഞ്ഞപ്പോൾ റസിയക്ക് സമ്മതമായി.  കൂട്ടുകാരന്റെ ബൈക്കിൽ കയറി റസിയ കാട്ടിലേക്ക് പോയി. വഴിവക്കിൽ ബൈക്ക് നിർത്തി രണ്ടു പേരും കാട്ടിലേക്ക് നടന്നു.

കാടിന് പുറത്ത് ഒരു ബൈക്കിരിക്കുന്നതു കണ്ട്, ഷാപ്പിലേക്കു പോകുന്ന രണ്ടു ചെറുപ്പക്കാർ കാട്ടിലേക്ക് കയറി.ഒരു ആണിന്റെയും പെണ്ണിന്റെയും സംസാരം കാട്ടിൽ നിന്നും കേട്ടു. പെണ്ണ് ചെറുതാണ്.  അവർ കൂട്ടുകാരെ കൂടി വിളിച്ചു വരുത്തി.  കയ്യിലെ വാക്കത്തി കൊണ്ട് ചെടികളെ വകഞ്ഞു മാറ്റി അവർ ശബ്ദം കെട്ടിടത്തേക്കു നീങ്ങി. "പെട്ടെന്ന് കാറ്റിനെയും ഇലകളെയും അവരുടെ കാലുകളെയും നിശ്ശബ്ദമാക്കി കൊണ്ട് അല്ലാഹു അക്ബർ എന്ന് സ്ത്രീ ശബ്ദത്തിലുള്ള വാങ്ക് മുഴങ്ങി. പച്ചയുടെ ഇരുട്ടിൽ, നൂറ്റാണ്ടുകളുടെ തിരകൾ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരം വെച്ച വേരുകളിലും തൊട്ടു......" തിരിച്ചു വരുമ്പോൾ റസിയ അപരിചിതരെ നോക്കി ചിരിച്ചു. അവർ ചിരിച്ചില്ല. റസിയ കോളേജിലേക്കും അവർ ഷാപ്പിലേക്കും പോയി.

പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് മോഹങ്ങളുണ്ട് ഓരോ പെൺ കുട്ടിയുടെയും മനസിന്റെ ഉള്ളിൽ. ആൺകുട്ടികുളുടെ സ്വാതന്ത്ര്യം അവർക്കു ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിലും. ബാങ്ക് എന്ന പ്രയോഗത്തിന്റെ നാട്ടുഭാഷയാണ് 'വാങ്ക്' സർവ്വ മതങ്ങളും ഇടകലർന്നു ജീവിക്കുന്ന കേരളീയ സമൂഹത്തിൽ ബാങ്ക് കേൾക്കാത്തവരോ ബാങ്കിനെ കുറിച്ച് അറിയാത്തവരോ ആരും ഉണ്ടായിരിക്കുകയില്ല എന്നിരിക്കെ ഒരു വിഭാഗത്തിന്റെ ആരാധനാ സമയ സൂചികയെ പോലും 'പേടിപ്പെടുത്തുന്ന' ഒരു ശബ്ദമാക്കി ചിത്രീകരിക്കുന്നതിലൂടെ സമകാലിക സമൂഹത്തിൽ പടർന്നു പന്തലിക്കുന്ന പരമത ഭീതിയുടെ ഭീകരത തുറന്നു കാട്ടുകയാണ് 'വാങ്ക്' എന്ന ഈ ചെറുകഥ. 


Monday, January 22, 2018

വായന

ടി.ഡി. രാമകൃഷ്ണൻ (2017)
സിറാജുന്നിസ
കോട്ടയം: ഡി.സി. ബുക്ക്സ് പേജ് 88. വില 80/-

 20.01.2018: ‘സുഗന്ധി’യും, ‘ഫ്രാൻസീസ് ഇട്ടിക്കോര’യും മലയാളത്തിന് സമ്മാനിച്ച ടി.ഡി. രാമകൃഷ്ണന്റെ കഥയാണ് സിറാജുന്നിസ. 1991 ഡിസംബർ 15  നു പാലക്കാട് പുതുപ്പള്ളി തെരുവിലെ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിയേറ്റ് മരിച്ചു. 200 ഓളം വരുന്ന അക്രമി സംഘത്തെ കലാപത്തിന് പ്രേരിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു എന്നതാണ് അവളെ വെടിവെക്കാനുള്ള കാരണമായി പോലീസ് പറഞ്ഞത്. അന്ന് സിറാജുന്നിസ മരിച്ചില്ലായിരുന്നെങ്കിൽ ഒരു മുസ്ലിം യുവതി എന്ന നിലക്ക് ഇന്ന് അവൾ നേരിടേണ്ടി വരുമായിരുന്നു മൂന്ന് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണ് ഈ കഥയിൽ.

     ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം കേരളത്തിൽ നിന്നും ബറോഡയിലേക്ക് ഒരു സമാധാന സന്ദേശ യാത്ര പോയതായിരുന്നു അയാൾ. ബെസ്ററ് ബേക്കറിയുടെ മുന്നിൽ നിന്നും മാറി ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ പുൽത്തകിടിയിൽ ഇരുന്നാണ് സിറ അവളുടെ ആദ്യ കഥ പറഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞ അവളെ ഫിറോസ് വിവാഹം കഴിച്ചതും, ഗുജറാത്തിലെ ദീൻ ദയാൽ പട്ടേലിന്റെ ഫാക്ടറിയിൽ ട്രക്ക് ഡ്രൈവറായി ഫിറോസിന് ജോലി കിട്ടിയതും കലാപത്തിൽ ഫിറോസും മകൾ നീലോഫറും കണ്മുന്നിൽ കൊല്ലപ്പെട്ടതും ദീൻ ദയാലും, ഹിന്ദുത്വ പാർട്ടിയുടെ മൂന്നു നേതാക്കളും രണ്ട് പോലീസുകാരും ഒരു ഗോഡൗണിൽ വെച്ച് കൂട്ട ബലാത്‌സംഗം ചെയ്തതും, കൊന്ന് മൃത ശരീരം ഫെർണസിലിട്ടു കത്തിച്ചതും എല്ലാം ഒറ്റയിരിപ്പിൽ സിറാജുന്നിസ നിസ്സങ്കോചം പറഞ്ഞ് തീർത്തു.

    പിന്നീട് 2014 ആഗസ്ത് മാസത്തിൽ മുംബൈ നരിമാൻ പോയിന്റിൽ ഇരുന്ന് അറബിക്കടലിലേക്ക് നോക്കി അവൾ രണ്ടാമത്തെ കഥ പറഞ്ഞു. വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തന്നെ അവിടുത്തെ ഡോക്ടർമാർ രക്ഷപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ സ്ഥിര താമസമാക്കിയ അവളെ ബശീർ അഹമ്മദ് ഫൈസി എന്നൊരു മത പണ്ഡിതൻ കല്ല്യാണം കഴിച്ചു. 1998  ഫെബ്രുവരി 14 ന് കോയമ്പത്തൂർ സ്ഫോടനം നടന്ന ദിവസം രാവിലെ ചില അത്യാവശ്യ കാര്യങ്ങളുണ്ടെന്ന്പറഞ്ഞ് പോയ ഫൈസി പിന്നെ തിരിച്ചു വന്നില്ല. കുറെ കാലം പോലീസ് വീട്ടിൽ കയറി ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചു. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോൾ ചെറുപ്പത്തിലേ സംഗീതത്തോട് താല്പര്യമുണ്ടായിരുന്ന അവൾ കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പല സ്ഥലങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ ലതാജിയുടെ പാട്ടുകൾ പാടാൻ വന്ന അവളെ അവസാനത്തെ പാട്ടായിരുന്ന 'സത്യം ശിവം സുന്ദരം' പാടിക്കൊണ്ടിരിക്കെ മുസ്ലിം മത തീവ്ര വാദികൾ വെടിവെച്ച് കൊന്നു.

   കനയ്യ കുമാറിനെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ട് ജെ.എൻ. യു. വിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് സിറ അവളുടെ മൂന്നാമത്തെ കഥ പറഞ്ഞത്.  അന്ന് വെടിയേറ്റതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയും രക്ഷപ്പെടുകയും ചെയ്ത തന്നെ വെടിവെച്ച ഉദ്ദ്യോഗസ്ഥ ഡൽഹിയിൽ കൊണ്ട് വന്നു പഠിപ്പിച്ചു വലുതാക്കി, ജെ. എൻ.യുവിൽ പ്രൊഫസറായി. തന്റെ കീഴിൽ ഗവേഷകനായി വന്ന കാശ്മീരി യുവാവ് മിർസാ ജാവേദിനെ പ്രണയിച്ചു വിവാഹം കഴിച്ചു. ഒരിക്കൽ കശ്മീർ താഴ്‌വരയിൽ വിനോദ യാത്രക്ക് പോയ അവരെ മിലിട്ടറി പോലീസ് പിടികൂടി. ഒളിത്താവളങ്ങളിൽ ചോദ്യം ചെയ്തു, നഗ്നയാക്കി, പീഢിപ്പിച്ചു.  എത്ര തവണ പാകിസ്ഥാനിൽ പോയി, ഏതു തീവ്ര വാദി ഗ്രൂപ്പുമായാണ് ബന്ധം എന്നൊക്കെയായിരുന്നു അവർക്കു അറിയേണ്ടിയിരുന്നത്. 12 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രണ്ടു പേരെയും തിരികെ ഡൽഹിയിൽ എത്തിച്ചു.2016 ജൂണിൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച 'സിറാജുന്നിസ' എന്ന ഈ കഥയും കൂടാതെ വെറുപ്പിന്റെ വ്യാപാരികൾ, ബലികുടീരങ്ങളെ, വിശ്വാസം അതല്ലേ എല്ലാം, സൂര്യ നഗർ, കെണി, സ്വപ്ന മഹൽ തുടങ്ങിയ 'സമകാലിക സമൂഹത്തിലെ ചെറുത്തു നില്പുകളെ സാഹിത്യപരമായി അടയാള പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരമാണ്' ഡി.സി. പുറത്തിറക്കിയ ഈ ചെറുകഥ പുസ്തകം.  

Saturday, January 6, 2018

വായന

ഹെലെൻ കെല്ലർ (2014)
എന്റെ ജീവിത കഥ
കോഴിക്കോട്: ഓലീവ്.  പേജ് 146 വില 120.00

അന്ധയും ബധിരയുമായിരുന്ന ഒരു പെൺകുട്ടി ഇച്ഛാശക്തിയും ആത്മ വിശ്വാസവും കൊണ്ട് ലോകം കീഴടക്കിയ കഥയാണ് ഹെലൻ കെല്ലറുടെ 'എന്റെ ജീവിത കഥ'. 1880 ജൂൺ 27 ന് വടക്കൻ അലബാമയിലെ ടസ്കംബിയയിൽ ആണ് അലന്റെ ജനനം. ഒരു സാധാരണ കുടുംബത്തിൽ പിറന്ന ആരോഗ്യമുള്ള ഒരു പെൺകുട്ടിയായിരുന്നു ഹെലൻ. പക്ഷെ കുഞ്ഞുന്നാളിൽ അപ്രതീക്ഷിതമായി കടന്നു വന്ന ഒരു നിഗൂഡ രോഗം അവളുടെ കാഴ്ചയും കേൾവിയും എന്നെന്നേക്കുമായി കവർന്നെടുത്തു. കൂടുതൽ കാലം ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയ ഹെലനെ പക്ഷെ ഒരു അത്ഭുതമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായിരുന്നു വിധിയുടെ തീരുമാനം. രോഗപീഡയിൽ നിന്നും മുക്തി നേടി കഴിഞ്ഞെങ്കിലും അനുദിനം കാഴ്ച മങ്ങുകയും   കേൾവി കുറയുകയും ചെയ്ത ആ ദാരുണ നാളുകളെ ഹെലൻ ഓർത്തെടുക്കുന്നു. (അദ്ധ്യായം 2).

ഇരുട്ട് മൂടിയ, ഭീകര നിശ്ശബ്ദതയുടെ ലോകത്ത് കൈവിരലുകൾ വെളിച്ചമായി മാറുന്ന മഹാത്ഭുതം ഹെലനിൽ സംഭവിക്കുകയായിരുന്നു. അന്ധ-ബധിര വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ ഏറെ ദു:ഖത്തിലായി. പക്ഷെ തന്റെ സ്ഥിരോത്സാഹം കൊണ്ട് അറിയേണ്ടതും പഠിക്കേണ്ടതുമെല്ലാം ഹെലൻ സ്വന്തമായും മറ്റുള്ളവരുടെ സഹായത്തോടെയും പഠിക്കാൻ തുടങ്ങി. തിരമാലയുടെ സംഗീതവും പൂക്കളുടെ വർണ രാജികളുമെല്ലാം അനുഭവിച്ച് ആസ്വദിക്കാൻ ഹെലൻ കഴിവ് നേടി.

ഹെലന് ഏഴു വയസ്സ് തികഞ്ഞപ്പോൾ  ആനി മാൻസ്ഫീൽഡ് സള്ളിവൻ അവളെ പഠിപ്പിക്കാൻ ടീച്ചറായി വന്നു . അതിൽ പിന്നെ ഹെലന്റെ ജീവിതം മറ്റൊന്നായി മാറി. തനിക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും തൊട്ടും തലോടിയും അനുഭവിച്ചറിഞ്ഞും ഹെലൻ മനസ്സിലാക്കാൻ ശ്രമിച്ചു. സാഹിത്യത്തിലും ശാസ്ത്രത്തിലും ആത്മീയതയിലും ഏറെ അറിവുകൾ നേടി. '....ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്സ്യങ്ങൾ മണ്ണിൽ മുളക്കാൻ സൂര്യനും മഴയും എങ്ങിനെ സഹായകമാവുന്നു എന്നും പക്ഷികൾ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതും എങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാർപ്പിടവും കണ്ടെത്തുന്നത് എങ്ങിനെയെന്നും….' ഹെലൻ  പഠിച്ചു (പേജ് 32 ).

ഹെലന്റെ വളർച്ചയുടെ പ്രധാനപ്പെട്ട ഒരു ഘട്ടം വായന പരിശീലിക്കലായിരുന്നു. നിരന്തരമായ വായനയിലൂടെ ആരെയും അത്ഭുതപ്പെടുത്തുന്ന വിജ്ഞാനം അവൾ നേടിയെടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ലാറ്റിനടക്കം ധാരാളം ഭാഷകൾ സ്വായത്തമാക്കുകയും അതിലൂടെ പുതിയ ലോകം കീഴടക്കുകയും ചെയ്തു. അക്കാലത്ത് അറിയപ്പെട്ടിരുന്ന സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും  രാഷ്ട്ര നേതാക്കളുമൊക്കെ ഹെലന്റെ സുഹൃത്തുക്കളായി.

ഇച്ഛാശക്തിയും ആത്മ ധൈര്യവും കൊണ്ട് നഷ്ടപ്പെട്ട ലോകത്തെ തിരിച്ചു പിടിക്കാൻ ഹെലൻ കെല്ലർ നടത്തിയ അതി സാഹസികത നൂറ്റാണ്ടുകൾക്ക് ശേഷവും വായനക്കാരന് ആവേശവും പ്രചോദനവും നൽകുന്നു. ഒപ്പം ഒരു നിഴലായ് കൂടെ നടന്ന് ഒരിക്കലും കാണാത്ത, കേൾക്കാത്ത ഒരു ലോകത്തെ അറിയാനും അനുഭവിക്കാനും പരിശീലിപ്പിച്ച അന്ന സള്ളിവൻ എന്ന അദ്ധ്യാപികയുടെ സമാനതകളില്ലാത്ത ത്യാഗവും സമർപ്പണവും ഓരോ വായനക്കാരിലും അതിരറ്റ ബഹുമാനവും അത്ഭുതവും ഉണ്ടാക്കുകയും ചെയ്യുന്നു.

23 ചെറിയ അദ്ധ്യായങ്ങളിലായി ഒരു വലിയ ജീവിതം പറയുന്ന 'എന്റെ ജീവിത  കഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് അദ്ധ്യാപികയും എഴുത്ത് കാരിയുമായ എം. സാജിതയാണ്.