Monday, January 22, 2018

വായന

ടി.ഡി. രാമകൃഷ്ണൻ (2017)
സിറാജുന്നിസ
കോട്ടയം: ഡി.സി. ബുക്ക്സ് പേജ് 88. വില 80/-

 20.01.2018: ‘സുഗന്ധി’യും, ‘ഫ്രാൻസീസ് ഇട്ടിക്കോര’യും മലയാളത്തിന് സമ്മാനിച്ച ടി.ഡി. രാമകൃഷ്ണന്റെ കഥയാണ് സിറാജുന്നിസ. 1991 ഡിസംബർ 15  നു പാലക്കാട് പുതുപ്പള്ളി തെരുവിലെ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിയേറ്റ് മരിച്ചു. 200 ഓളം വരുന്ന അക്രമി സംഘത്തെ കലാപത്തിന് പ്രേരിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു എന്നതാണ് അവളെ വെടിവെക്കാനുള്ള കാരണമായി പോലീസ് പറഞ്ഞത്. അന്ന് സിറാജുന്നിസ മരിച്ചില്ലായിരുന്നെങ്കിൽ ഒരു മുസ്ലിം യുവതി എന്ന നിലക്ക് ഇന്ന് അവൾ നേരിടേണ്ടി വരുമായിരുന്നു മൂന്ന് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണ് ഈ കഥയിൽ.

     ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം കേരളത്തിൽ നിന്നും ബറോഡയിലേക്ക് ഒരു സമാധാന സന്ദേശ യാത്ര പോയതായിരുന്നു അയാൾ. ബെസ്ററ് ബേക്കറിയുടെ മുന്നിൽ നിന്നും മാറി ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ പുൽത്തകിടിയിൽ ഇരുന്നാണ് സിറ അവളുടെ ആദ്യ കഥ പറഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞ അവളെ ഫിറോസ് വിവാഹം കഴിച്ചതും, ഗുജറാത്തിലെ ദീൻ ദയാൽ പട്ടേലിന്റെ ഫാക്ടറിയിൽ ട്രക്ക് ഡ്രൈവറായി ഫിറോസിന് ജോലി കിട്ടിയതും കലാപത്തിൽ ഫിറോസും മകൾ നീലോഫറും കണ്മുന്നിൽ കൊല്ലപ്പെട്ടതും ദീൻ ദയാലും, ഹിന്ദുത്വ പാർട്ടിയുടെ മൂന്നു നേതാക്കളും രണ്ട് പോലീസുകാരും ഒരു ഗോഡൗണിൽ വെച്ച് കൂട്ട ബലാത്‌സംഗം ചെയ്തതും, കൊന്ന് മൃത ശരീരം ഫെർണസിലിട്ടു കത്തിച്ചതും എല്ലാം ഒറ്റയിരിപ്പിൽ സിറാജുന്നിസ നിസ്സങ്കോചം പറഞ്ഞ് തീർത്തു.

    പിന്നീട് 2014 ആഗസ്ത് മാസത്തിൽ മുംബൈ നരിമാൻ പോയിന്റിൽ ഇരുന്ന് അറബിക്കടലിലേക്ക് നോക്കി അവൾ രണ്ടാമത്തെ കഥ പറഞ്ഞു. വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തന്നെ അവിടുത്തെ ഡോക്ടർമാർ രക്ഷപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ സ്ഥിര താമസമാക്കിയ അവളെ ബശീർ അഹമ്മദ് ഫൈസി എന്നൊരു മത പണ്ഡിതൻ കല്ല്യാണം കഴിച്ചു. 1998  ഫെബ്രുവരി 14 ന് കോയമ്പത്തൂർ സ്ഫോടനം നടന്ന ദിവസം രാവിലെ ചില അത്യാവശ്യ കാര്യങ്ങളുണ്ടെന്ന്പറഞ്ഞ് പോയ ഫൈസി പിന്നെ തിരിച്ചു വന്നില്ല. കുറെ കാലം പോലീസ് വീട്ടിൽ കയറി ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചു. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോൾ ചെറുപ്പത്തിലേ സംഗീതത്തോട് താല്പര്യമുണ്ടായിരുന്ന അവൾ കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പല സ്ഥലങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ ലതാജിയുടെ പാട്ടുകൾ പാടാൻ വന്ന അവളെ അവസാനത്തെ പാട്ടായിരുന്ന 'സത്യം ശിവം സുന്ദരം' പാടിക്കൊണ്ടിരിക്കെ മുസ്ലിം മത തീവ്ര വാദികൾ വെടിവെച്ച് കൊന്നു.

   കനയ്യ കുമാറിനെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ട് ജെ.എൻ. യു. വിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് സിറ അവളുടെ മൂന്നാമത്തെ കഥ പറഞ്ഞത്.  അന്ന് വെടിയേറ്റതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയും രക്ഷപ്പെടുകയും ചെയ്ത തന്നെ വെടിവെച്ച ഉദ്ദ്യോഗസ്ഥ ഡൽഹിയിൽ കൊണ്ട് വന്നു പഠിപ്പിച്ചു വലുതാക്കി, ജെ. എൻ.യുവിൽ പ്രൊഫസറായി. തന്റെ കീഴിൽ ഗവേഷകനായി വന്ന കാശ്മീരി യുവാവ് മിർസാ ജാവേദിനെ പ്രണയിച്ചു വിവാഹം കഴിച്ചു. ഒരിക്കൽ കശ്മീർ താഴ്‌വരയിൽ വിനോദ യാത്രക്ക് പോയ അവരെ മിലിട്ടറി പോലീസ് പിടികൂടി. ഒളിത്താവളങ്ങളിൽ ചോദ്യം ചെയ്തു, നഗ്നയാക്കി, പീഢിപ്പിച്ചു.  എത്ര തവണ പാകിസ്ഥാനിൽ പോയി, ഏതു തീവ്ര വാദി ഗ്രൂപ്പുമായാണ് ബന്ധം എന്നൊക്കെയായിരുന്നു അവർക്കു അറിയേണ്ടിയിരുന്നത്. 12 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രണ്ടു പേരെയും തിരികെ ഡൽഹിയിൽ എത്തിച്ചു.2016 ജൂണിൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച 'സിറാജുന്നിസ' എന്ന ഈ കഥയും കൂടാതെ വെറുപ്പിന്റെ വ്യാപാരികൾ, ബലികുടീരങ്ങളെ, വിശ്വാസം അതല്ലേ എല്ലാം, സൂര്യ നഗർ, കെണി, സ്വപ്ന മഹൽ തുടങ്ങിയ 'സമകാലിക സമൂഹത്തിലെ ചെറുത്തു നില്പുകളെ സാഹിത്യപരമായി അടയാള പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരമാണ്' ഡി.സി. പുറത്തിറക്കിയ ഈ ചെറുകഥ പുസ്തകം.  

No comments:

Post a Comment