Tuesday, January 24, 2023

അഞ്ജന

                                  -  മുസ്തഫ മണ്ണാർക്കാട്

പാലരുവി എക്സ്പ്രസ്സിന്റെ വരവും കാത്ത് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയമായി.  മകരമാസത്തിന്റെ ചെറുകുളിരുമായി വന്ന ഒരു തെന്നൽ കവിളിൽ തലോടി കടന്നുപോയി. യാത്ര 'സ്പെഷ്യൽ' ആയതിനാൽ തയ്യാറെടുപ്പുകൾ എല്ലാം തലേന്ന് രാത്രി തന്നെ നടത്തിയിരുന്നു.  അതു  കൊണ്ട് സ്റ്റേഷനിൽ നേരത്തെ എത്താൻ കഴിഞ്ഞു. കവിളിൽ തലോടി പോയ തെന്നലിനൊപ്പം മനസ്സും ഒരു അപ്പൂപ്പൻ താടിയെ പോലെ ഒഴുകി നടക്കാൻ തുടങ്ങി. ഓടിയും കിതച്ചും കഴിഞ്ഞുപോയ മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് അപ്പുറത്തേക്ക് മനസ്സ് കുതിച്ചു.

അച്ഛന് സർക്കാർ സ്കൂളിൽ ജോലി കിട്ടിയപ്പോഴാണ് സിനി കോട്ടയത്ത് നിന്നും മണ്ണാർക്കാട്ടേക്ക് താമസം മാറിയത്. അങ്ങനെ കുട്ടിക്കാലം കുന്തിപ്പുഴയുടെ നൈർമല്യവും വടക്കൻ മലയുടെ സൗരഭ്യവും ഏറ്റ് സമൃദ്ധമായി. പുതിയ നാട്ടിൽ പുതിയ സ്കൂളും പുതിയ കുറെ കളിക്കൂട്ടുകാരും ഉണ്ടായി. കരുണാകരൻ മാഷിൻറെ മകൾ എന്ന പ്രിവിലേജ് കൂട്ടുകാർക്കിടയിൽ സിനിയെ വ്യത്യസ്തയാക്കി. എപ്പോഴും കൂട്ടുകാരായി പലരും ചുറ്റിനും ഉണ്ടാവും. പുള്ളിപ്പാവാടയും ഉടുപ്പുമിട്ട് മുടി രണ്ടായി പകുത്ത് രണ്ടു വശങ്ങളിലായി പച്ച റിബൺ കൊണ്ട് കെട്ടി വെച്ച്, ചോറ്റുപാത്രവും, പുസ്തകങ്ങളും ഒക്കത്തുവച്ച്, പാടവരമ്പിലൂടെയാണ് സ്കൂളിലേക്കുള്ള യാത്ര. ഒപ്പം കൂടാൻ കൂട്ടുകാരികൾ കുറേ ഉണ്ടാവും. വീട്ടിലെ വിശേഷങ്ങളും സ്കൂളിലെ വിശേഷങ്ങളും എല്ലാമായി പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ ഉണ്ടാവും സംസാരിക്കാൻ. പൊട്ടിച്ചിരികളുടെ ആ കുട്ടിക്കാലം എത്ര പെട്ടെന്നാണ് കഴിഞ്ഞുപോയത്..! സിനി പത്താം ക്ലാസ്സിൽ എത്തിയപ്പോൾ അച്ഛൻ റിട്ടയർ ആയി. അതോടെ വീണ്ടും അച്ഛൻറെ നാടായ കോട്ടയത്തേക്ക് തന്നെ തിരിച്ചു പോന്നു.  അതിൽ പിന്നെ പല കൂട്ടുകാരെയും കുറിച്ച് ഒരു വിവരവുമില്ല. ആരുമായും ബന്ധവുമില്ല പഠനവും വിവാഹവും കഴിഞ്ഞു. കുട്ടികളും കുടുംബവും ജോലിയുമായി ജീവിതത്തിന്റെ തിരക്കുകളിലേക്ക് താൻ പോലും അറിയാതെ എടുത്തറിയപ്പെട്ടപ്പോൾ കളിക്കൂട്ടുകാരെല്ലാം മനസ്സിൽ നിന്നും കൂടൊഴിഞ്ഞു പോയി. മൊബൈൽഫോണും സോഷ്യൽ മീഡിയയും സ്ഥല-കാലങ്ങളുടെ അകലം കുറച്ചെങ്കിലും ആ പഴയ സൗഹൃദങ്ങൾ അകന്നു തന്നെ നിന്നു.

സ്കൂൾ ഗ്രൂപ്പുകൾ ഓൺലൈനിൽ വ്യാപകമാവുകയും സംഗമങ്ങൾ സജീവമാവുകയും ചെയ്യുന്ന കാലഘട്ടം ആയിട്ടും പഴയ പത്താം ക്ലാസുകാരെ തിരികെ കിട്ടാൻ ഒരു മാർഗ്ഗവും ഇല്ലെന്ന് പലതവണ നൊമ്പരപ്പെട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഒരിക്കൽ സിനിയെ തേടി ഒരു ഫോൺ കോൾ എത്തുന്നത്. 'അബ്ബാസും മുസ്തഫയും ജംഷീനയും ഒക്കെ ചേർന്ന് ഒരു എസ്എസ്എൽസി ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്നും നിന്നെക്കൂടി അതിൽ ചേർക്കാൻ അനുമതി തേടുന്നു' എന്നുമായിരുന്നു ഫോൺകോളിന്റെ ഉള്ളടക്കം. എത്രയോ നാളായി കേൾക്കാൻ കാത്തിരുന്ന ഒരു വാർത്തയായിരുന്നു അത് എന്നതിനാൽ സമ്മതം അറിയിക്കാൻ താമസമുണ്ടായില്ല.  ഗ്രൂപ്പിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. മുഖങ്ങൾ  ഓർമ്മ ഇല്ലെങ്കിലും പല പേരുകളും മനസ്സിൽ തെളിഞ്ഞു വന്നു. ഓരോ ദിവസവും അഞ്ചും പത്തും ആളുകൾ പുതുതായി ഗ്രൂപ്പിൽ ചേർന്നു കൊണ്ടിരുന്നു. വരുന്നവരെല്ലാം പുതിയ വിശേഷങ്ങളും കൗമാര ഓർമ്മകളും പങ്കുവെക്കുന്ന തിരക്കിലായിരുന്നു. പത്തു നാൽപത് വർഷങ്ങളായി നഷ്ടപ്പെട്ടുപോയ സൗഹൃദം തിരികെ കിട്ടിയപ്പോൾ, ഇന്റർവെൽ  സമയത്ത് സ്കൂൾ മുറ്റത്തെ വാക മരച്ചോട്ടിൽ തിരിച്ചെത്തിയത് പോലെ.

ആ ബഹളത്തിനിടയിലും സിനിയുടെ മനസ്സ് തൻറെ പ്രിയ കൂട്ടുകാരിയെ തെരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പ്രൈമറി കാലം തൊട്ട് കൂടെ ഉണ്ടായിരുന്നവളാണ്. നന്നായി പഠിക്കുന്നവൾ.   കൂട്ടത്തിൽ സുന്ദരി.  നെറ്റിയിൽ വലിയ ചന്ദനക്കുറിയിട്ട് എപ്പോഴും പുഞ്ചിരി തൂകി നടന്നവൾ.  പുസ്തകത്താളുകൾക്കിടയിൽ രാധാസ് വാസന സോപ്പിന്റെ കവറുകൾ കൊണ്ട് നടന്നവൾ. സുഗന്ധത്തെ പ്രണയിച്ചവൾ. വേർപിരിയാനാവാത്ത സൗഹൃദം. പക്ഷേ അഞ്ജുവിനെ ആരും ഓർക്കുന്നില്ല.  സ്കൂൾ കാലത്തിനു ശേഷം അവളെ ആരും കണ്ടിട്ടില്ല, ഒരിക്കൽ പോലും. അഞ്ജുവിനെ കുറിച്ചുള്ള അന്വേഷണം പലവഴിക്ക് നീങ്ങി. ഗ്രൂപ്പിൽ നേരത്തെ ഉള്ളവരോടും പുതുതായി ചേരുന്നവരോടും ഒക്കെ അഞ്ജുവിനെ കുറച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. അഞ്ജു ഗ്രൂപ്പിന്റെ പൊതു ചർച്ചയായി. അന്വേഷണത്തിനായി അഞ്ജുവിന്റെ  നാട്ടിലും പരിസരങ്ങളിലും പലരും ബൈക്കിൽ കറങ്ങി. ഒരു വിവരവും കിട്ടിയില്ല. ഒടുവിൽ ആ ഞെട്ടിക്കുന്ന വാർത്ത എവിടെനിന്നോ ഗ്രൂപ്പിൽ ഇടിച്ചു കയറി. അഞ്ജു ജീവിച്ചിരിപ്പില്ല, അഞ്ജു മാത്രമല്ല അവളുടെ അച്ഛനും അമ്മയും ആരും ജീവിച്ചിരിപ്പില്ല. വാർത്ത ഗ്രൂപ്പിൽ ആകെ നിരാശ പരത്തി. രണ്ടുമൂന്നു ദിവസത്തേക്ക് ഗ്രൂപ്പ് ശോകമായി മാറി. മറ്റ് ചർച്ചകൾ ഒന്നും തന്നെ നടന്നില്ല. പുതുതായി ആരും തന്നെ ഗ്രൂപ്പിൽ ചേർക്കപ്പെട്ടില്ല. ഉള്ളവർ തന്നെ ഒന്നും പറയാതെയായി. ദിവസങ്ങൾ കഴിഞ്ഞുപോയി. മറ്റെല്ലാ നടുക്കുന്ന വാർത്തകളെയും പോലെ ആ വാർത്തയും പഴയതായി. ഗ്രൂപ്പ് മെല്ലെ മെല്ലെ സജീവമായി തുടങ്ങി. ബാച്ചിന്റെ ഗ്രൂപ്പിൽ മെസ്സേജുകൾ കുന്നു കൂടാൻ തുടങ്ങിയപ്പോൾ ക്ലാസ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ അഡ്മിന്റെ നിർദ്ദേശം വന്നു. പത്ത് എ മുതൽ പത്ത് ജി  വരെ ക്ലാസ് ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടു. ചർച്ചകളും സംസാരങ്ങളും ക്ലാസുകളിലേക്ക് മാറി.

അഞ്ജു ഇല്ല എന്ന് വിശ്വസിക്കാൻ സിനിക്ക് ആവുമായിരുന്നില്ല. ചുറ്റുവട്ടത്ത് എവിടെയോ അവൾ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഉണ്ടെന്ന് മനസ്സിനകത്ത് ഒരു തോന്നൽ. അന്വേഷണം വീണ്ടും തുടർന്നു. പഴയ കൂട്ടുകാരോടും നാട്ടുകാരോടും തിരക്കി. കിട്ടാവുന്ന നമ്പറുകളിലേക്ക് എല്ലാം വിളിച്ചു നോക്കി. പലരും അങ്ങനെയൊരു പേരുപോലും ഓർക്കുന്നില്ല. ആ കൂട്ടത്തിൽ ആരോ ഒരാൾ അഞ്ജുവിന്റെ അമ്മ മാനസിക രോഗത്തിന് അടിപ്പെട്ട് ചികിത്സ തേടിയിരുന്നതായി ഒരു ഓർമ്മ പങ്കുവെച്ചിരുന്നു. കേട്ടപ്പോൾ അന്ന് അതത്ര കാര്യമാക്കി എടുത്തില്ല. എല്ലാ അന്വേഷണ വഴികളും ഒടുവിൽ ഒരു ശൂന്യതയിൽ അവസാനിച്ചപ്പോൾ, അലസമായി വലിച്ചിട്ട മുടിയും ക്ഷീണം ബാധിച്ച്  ഉൾവലിഞ്ഞ കണ്ണുകളുമായി അഞ്ജുവിന്റെ അമ്മ മനസ്സിന്റെ വാതിൽ പടിയിൽ ഇരിക്കുന്നതായി സിനിക്ക് തോന്നി. ആ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ തന്നെയും കൂട്ടുകാരെയും കാത്തിരിക്കുന്ന, കൂട്ടിൽ അകപ്പെട്ട ഒരു അഞ്ജുവിനെ അവൾ കണ്ടു.

അഭൗതികമായ ഒരു പ്രേരണയാൽ സിനി ഫോൺ കയ്യിലെടുത്തു. അടുത്തുള്ള എല്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളുടെയും നമ്പർ ഗൂഗിൾ ചെയ്തെടുത്തു. ഓരോ നമ്പറിലേക്കും പ്രതീക്ഷയോടെ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു. ദുർഘടം ആണെങ്കിലും തുരങ്കത്തിനൊടുവിൽ വെളിച്ചം ഉണ്ടാവുമല്ലോ. ആ വെളിച്ചം തേടിയുള്ള അന്വേഷണം പിന്നെയും തുടർന്നു. ഒടുവിൽ വെളിച്ചം സിനിയെ  തേടിയെത്തി. അമ്മയെപ്പോലെ തന്നെ അഞ്ജുവും  മനോനില തെറ്റി ആശുപത്രിയിൽ ആയിരുന്നു. മരുന്നും ചികിത്സയുമായി കുറേക്കാലം ആശുപത്രി മതിൽക്കെട്ടുകൾക്കകത്ത് ആയിരുന്നതിനാൽ അഞ്ജു തന്നെക്കുറിച്ച് തന്നെ മറന്നിരിക്കുന്നു. ആരോഗ്യം വീണ്ടെടുക്കുകയും രോഗമുക്തി നേടിയെടുക്കുകയും ചെയ്തപ്പോഴേക്കും അവൾക്ക് ഉറ്റവരെല്ലാം നഷ്ടപ്പെട്ടുപോയിരുന്നു.

ശക്തിയേറിയ മരുന്നും നിരർത്ഥകമായ ജീവിതവും ഒറ്റപ്പെടലും എല്ലാം അമ്മയെ തളർത്തി. അസുഖം ഭേദമായപ്പോൾ സർക്കാർ വക അഭയകേന്ദ്രത്തിൽ ആയിരുന്നു കുറേക്കാലം. ഒടുവിൽ ആർക്കും വേണ്ടാത്ത ആ ജീവിതം പാതിവഴിയിൽ ഉപേക്ഷിച്ച് അവർ കാലങ്ങൾക്കും അപ്പുറത്തേക്ക് ഒറ്റയ്ക്ക് യാത്രയായി. ഭാര്യ മരണപ്പെടുകയും മകൾ ആശുപത്രിയിൽ ആവുകയും ചെയ്തപ്പോൾ അച്ഛൻ വാർദ്ധക്യത്തിന് കീഴടങ്ങി. പലതരം രോഗങ്ങൾ അയാളെ  ആക്രമിച്ചുകൊണ്ടിരുന്നു. പുറത്തിറങ്ങാൻ കഴിയാതെ അയാൾ വീട്ടിനകത്ത് അടച്ചിട്ട് ഇരിപ്പായി. ഒടുവിൽ അയാളും ശരീരം വിട്ട് യാത്രയായി. ഒരു സഹോദരൻ നാടുവിട്ടുപോയി. മറ്റൊരാൾ വിഷാദരോഗത്തിന് അടിപ്പെട്ടു.

അഞ്ജു ഇപ്പോൾ പതിനാല് വയസ്സുള്ള ഒരു പെൺകുട്ടിയാണ്. കുപ്പിവളയും, മുക്കുത്തിയും, കമ്മലും, കൺമഷിയും, ക്യൂട്ടികൂറ പൗഡറും വാസന സോപ്പും കൊതിക്കുന്ന ഒരു കൗമാരക്കാരി. അതിനുശേഷം ഉള്ളതൊന്നും അവളുടെ ഓർമ്മയിൽ ഇല്ല. കാലം മാറിയതും, ഇൻറർനെറ്റ് വ്യാപകമായതും, മൊബൈൽ ഫോൺ നിത്യജീവിതത്തിന്റെ ഭാഗമായതും, സൈബർ സ്പേസും, സിൽവർ ലൈൻ സമരങ്ങളും, പൗരത്വ നിയമത്തിനെതിരെ ജനകീയ സമരം നടന്നതും, നാടുനീളെ ഫുട്ബോൾ ടർഫുകൾ പൊട്ടിമുളച്ചതും, കുഴി മന്തിയും അൽഫാമും മലയാളിയുടെ നിത്യഭക്ഷണം  ആയതുമൊന്നും അഞ്ജു അറിഞ്ഞിട്ടില്ല. കഴിഞ്ഞ നാൽപത്  വർഷമായി ലോകത്ത് നടന്നതൊന്നും അഞ്ജുവിനെ സ്വാധീനിച്ചിട്ടുമില്ല. അവളിപ്പോഴും കൗമാരത്തിന്റെ കുസൃതികളുമായി സർക്കാരിൻറെ അഭയ കേന്ദ്രത്തിൽ കഴിഞ്ഞു കൂടുകയാണ്. 

'യാത്രക്കാരുടെ ശ്രദ്ധക്ക്, ട്രെയിൻ നമ്പർ 16791 എറണാകുളം തൃശൂർ വഴി പാലക്കാട് വരെ പോകുന്ന പാലരുവി എക്സ്പ്രസ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു' എന്ന് അറിയിപ്പ് കേട്ടപ്പോഴാണ് സിനി തന്റെ യാത്രയെക്കുറിച്ച് ഓർത്തത്. മടിയിൽ കിടന്ന ബാഗ് തോളിലേക്ക് കയറ്റിയിട്ട് അവൾ ധൃതിയിൽ ട്രെയിനിലേക്ക് ഓടിക്കയറി. തൃശ്ശൂരിലെത്തിയപ്പോൾ അവളെയും കാത്ത് ജമാലും നുസ്രത്തും ഷീബയും സുനിൽ തോമസും പ്ലാറ്റ്ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. അഞ്ജുവിന് വേണ്ടി കൂട്ടുകാർ വാങ്ങിക്കൊടുത്ത പുതു വസ്ത്രങ്ങളും അന്തേവാസികൾക്ക് പഴങ്ങളും ചോക്ലേറ്റും മിഠായികളും വാങ്ങി അവർ അഭയ കേന്ദ്രത്തിൽ എത്തി.

സ്ഥലകാലങ്ങളെല്ലാം മറന്നുപോയ അഞ്ജുവിന് തൻറെ കൂട്ടുകാരെ ഓർത്തെടുക്കാൻ വല്ലാത്ത പ്രയാസപ്പെടേണ്ടി വന്നു.. അവർ കുറെ സമയം സംസാരിച്ചിരുന്നു. അഞ്ജുവിന്റെ മുഖത്ത് മെല്ലെ മെല്ലെ സൗഹൃദത്തിന്റെ ചിരി പടരാൻ തുടങ്ങി. അവൾ പലതും ഓർത്തെടുക്കാൻ  ശ്രമിക്കുന്നതായി കൂട്ടുകാർക്ക് തോന്നി. മനസ്സിൽ തോന്നിയ ചില പേരുകൾ അവൾ ഉരുവിട്ടുകൊണ്ടിരുന്നു, റജീന, ജംഷീന, സൂര്യ പ്രഭ....

സന്ദർശക സമയം കഴിഞ്ഞപ്പോൾ അവർ പോകുവാൻ എഴുന്നേറ്റു. അഞ്ജു അപ്പോൾ സംസാരിക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. യാത്ര പറയാൻ നേരത്ത്  അവളുടെ കൺകോണുകൾ ഈറണിഞ്ഞു. കൂട്ടുകാരിയെ നെഞ്ചോട് ചേർത്ത് പിടിച്ച് കവിളത്ത് ഒരു ഉമ്മ കൊടുത്തു. 'അമ്മ ഇനി എന്നു വരും' എന്ന കരള് പറിക്കുന്ന ഒരു ചോദ്യവും...! സജലങ്ങളായ കണ്ണുകളെ പരസ്പരം മറച്ചു പിടിക്കാൻ പാടുപെട്ട് അവർ കാറിൽ കയറി.

Monday, January 9, 2023

അക്കാമൻ - റസൽ

 വായന: മുസ്തഫ മണ്ണാർക്കാട്

പ്രസാദനം: പുസ്തകശാല, പത്തനംതിട്ട.പേജ് 328, വില 440 രൂപ, വർഷം 2022


                                                                                                                                                      
കോളേജ് അധ്യാപകൻ, യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം തലവൻ, സെനറ്റ് അംഗം സർവോപരി കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഡോ. എ. റസലുദ്ദീന്റെ  ആത്മകഥയാണ് അക്കാമൻ. മലയാളത്തിലെ ആദ്യത്തെ ആത്മ നോവൽ എന്നാണ് പ്രസാധകർ കൃതിയെ വിളിക്കുന്നത്. മതാചാരങ്ങൾക്കും സാമൂഹിക അനീതികൾക്കും എതിരെ പോരാടിയ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തൻറെ കടുംപിടുത്തങ്ങളും പ്രത്യയശാസ്ത്ര ദുർവാശികളും കാരണം ജീവിതാവസാനം എല്ലാവരാലും പുറത്താക്കപ്പെടുകയും നിരാശയുടെ പടുകുഴിയിൽ ചെന്ന് വീഴുകയും ചെയ്യുന്ന നേരനുഭവമാണ് പുസ്തകത്തിൽ കാണുന്നത്. പിൻവിളികൾ,  മാറ്റൊലികൾ, പോർവിളികൾ, വേരിന്റെ വെളിച്ചം എന്നിങ്ങനെ നാല് ഭാഗങ്ങളിലായി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അടയാളപ്പെടുത്തിയിരിക്കുന്നു. മതവിശ്വാസങ്ങളോടും ആചാരങ്ങളോടും ഒരു നിലക്കും രാജിയാവാൻ അക്കാമന് കഴിയുന്നില്ല, പ്രത്യേകിച്ച് ഇസ്ലാമിക വിശ്വാസങ്ങളോടും മുസ്ലിം സാമൂഹിക ക്രമത്തോടും ആചാരങ്ങളോടുമുള്ള അസഹിഷ്ണുത പുസ്തകത്തിൽ ആദ്യാവസാനം കാണാം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിക്കുകയും പടപൊരുതുകയും ചെയ്ത അക്കാമനെ പക്ഷെ പിൻകാലത്ത് പാർട്ടി പോലും അവഗണിക്കുകയും അകറ്റിനിർത്തുകയും ചെയ്യുന്നു.  തൊഴിലിടങ്ങളിലും സമൂഹത്തിലും ഒരു ധിക്കാരിയായി മുദ്രകുത്തപ്പെടുന്നു. സമരങ്ങളും പോരാട്ടവുമായി ജീവിതത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയ "ഒരു ആത്മാവിൻറെ വിശ്വാസ തകർച്ചയുടെ നിലവിളിയും ഞരങ്ങലും മൃദുവായെങ്കിലും നിങ്ങൾക്ക് അക്കാമനിൽ കേൾക്കാം".

 ഒടുവിൽ ഭാര്യ ശാന്തയോടൊപ്പം കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അജ്മീറിലും ജെറുസലേമിലും ഒക്കെ തീർത്ഥയാത്ര നടത്തുന്ന ഒരു പഴയ മതവിരോധിയായ വിപ്ലവകാരിയുടെ ദൈന്യ മുഖം കാണേണ്ടിവരുന്നു. ഒരായുസ്സ് മുഴുവൻ കമ്മ്യൂണിസത്തിനും മതരഹിത സമൂഹത്തിനും വേണ്ടി പോരാടിയവൻ പക്ഷേ കമ്മ്യൂണിസ്റ്റ് റഷ്യയിലേക്കോ, ചൈനയിലേക്കോ, ക്യൂബയിലേക്കോ അല്ല, മറിച്ച് ബുദ്ധ ജൈന ഹിന്ദു സൂഫി കേന്ദ്രങ്ങളിലേക്കാണ് മനസ്സമാധാനം തേടി പോകുന്നത് എന്നതും ശ്രദ്ധേയമാണ്.