Thursday, February 9, 2023

തൂവാല

 വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾക്ക് 
ഒടുവിലൊരു ദിവസം.
സന്ധ്യയോടടുക്കും സമയത്ത്,
 ഹോസ്റ്റൽ കവാടങ്ങൾ അടക്കാൻ നേരമായപ്പോൾ
അവർ എഴുന്നേറ്റു.

നിവർത്തിപ്പിടിച്ച 
നോട്ടുപുസ്തകം മടക്കി ചുരുട്ടി കൈവെള്ളയിലൊതുക്കി 

പിരിഞ്ഞുപോകാനുള്ള 
വഴിവക്കിലെത്തിയപ്പോൾ 
അവൾ ഒന്നു മുരണ്ടു;
പിന്നെ ഇടറി വിറച്ചൊരു ചോദ്യം പുറത്തേക്ക് ചാടി: 

'ആ തൂവാല എനിക്ക് തരുമോ? 
നിൻറെ ഗന്ധത്തിൻറെ അടരുകളിൽ
 എൻറെ തലച്ചോറും സ്വപ്നങ്ങളും  

പൊതിഞ്ഞു വെച്ചോട്ടെ'.

നൊമ്പര പൂവ്

                                                                                                        - മുസതഫ, മണ്ണാർക്കാട്



                                                                                                                       
18 സംവത്സരങ്ങൾക്കു ശേഷം ഒരിക്കൽ കൂടി പഠിതാവിന്റെ വേഷത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ എത്തിയതായിരുന്നു. കുളിരു പെയ്യുന്ന 2019 ലെ ഒരു നവംബർ  കാലത്താണ് ഒരു മാസം നീണ്ടുനിൽക്കുന്ന റഫ്രഷർ കോഴ്സ്. 'നിർമ്മായ കർമ്മണാശ്രീ' മുദ്ര പതിച്ച പ്രധാന കവാടത്തിലൂടെ ഒരു സായാഹ്നത്തിന്റെ കുസൃതിക്കാറ്റ് നുകർന്നു കൊണ്ട് അങ്ങനെ അലസമായി നടന്നു. ക്യാമ്പസ് കാല സുഹൃത്ത് ഫാറൂഖ് കോളേജിലെ ഡോക്ടർ മൻസൂർ എന്നെ കാണാൻ വന്നിരുന്നു. കാലങ്ങൾക്ക് ശേഷം ഉള്ള കൂടിക്കാഴ്ചയാണ്. ഞങ്ങൾക്ക് പറയാനുള്ളതിനേക്കാൾ ക്യാമ്പസിന് ഞങ്ങളോട് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. 

ക്യാമ്പസ് ഇപ്പോൾ പഴയ ക്യാമ്പസ് അല്ല. പുതിയ റോഡുകളും പുതിയ കെട്ടിടങ്ങളും ഉദ്യാനങ്ങളും ഉയർന്നുവന്നിട്ടുണ്ട്. വിപ്ലവ മുദ്രാവാക്യങ്ങൾ കൊണ്ട് ഞങ്ങൾ അലങ്കരിച്ച് നിർത്തിയിരുന്ന ചുവരും മതിലുകളും എല്ലാം പെയിൻറ് അടിച്ച് അരാഷ്ട്രീയ വൽക്കരിക്കപ്പെട്ടിരിക്കുന്നു. രാപ്പകലില്ലാതെ ആൺ പെൺ ഹോസ്റ്റൽ കവാടങ്ങൾ തുറന്നു വയ്ക്കപ്പെട്ടിരിക്കുന്നു. തീപ്പാറുന്ന ബൗദ്ധിക ചർച്ചകളിൽ ഉണങ്ങി കരിഞ്ഞു ഇല പൊഴിച്ചിരുന്ന തണൽ മരങ്ങൾ പുതു തലമുറയുടെ yo yo ലൈഫിന് കുടചൂടി നിൽക്കുന്നു. 

ക്യാമ്പസിൽ കഴിഞ്ഞ ദിനങ്ങൾ ഓരോന്നോരോന്നായി ഞങ്ങളുടെ സംസാരത്തിലേക്ക് കടന്നു വന്നു. രസക്കൂട്ട്കളുടെ ഹോസ്റ്റൽ ജീവിതം…. സൗഹൃദങ്ങളുടെ ക്ലാസ് മുറികൾ…. പ്രണയ നൊമ്പരങ്ങളുടെ ക്യാമ്പസ് പാർക്ക്…. സായന്തനങ്ങളിൽ കുളിർക്കാറ്റ് ഏറ്റു വിരിയുന്ന പ്രണയ പൂക്കളുടെ ‘ബ്യൂട്ടി സ്പോട്ട്’...! അങ്ങനെ ജീവിത വസന്തത്തിന്റെ നല്ലനാളുകൾ പങ്കുവെച്ചും ഓർത്തെടുത്തും ഗസ്റ്റ് ഹൗസിലേക്ക് നടന്നു നീങ്ങവേ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി.

'ഹലോ സർ, നമ്മുടെ നാസർക്ക ....'

അജയ് കൃഷ്ണനാണ് മറുതലക്കൽ

'നാസർകാക്ക്എന്തുപറ്റി?'

'മരണപ്പെട്ടു….'

'ഏത് നാസർക്ക ?'

'നമ്മുടെ നാസർക്ക'

'വലുതോ ചെറുതോ?'

'ചെറുതു തന്നെ സർ, ലൈബ്രറിയിലെ ... ഉച്ചവരെ കോളേജിൽ വന്നിരുന്നു സുഖമില്ലെന്ന് പറഞ്ഞു ഉച്ചക്ക് ഓട്ടോ പിടിച്ച് വീട്ടിൽ പോയതാണ്. വീട്ടിൽനിന്നും ഹോസ്പിറ്റലിൽ എത്തുംമുമ്പേ.....'

അജയ് കൃഷ്ണൻറെ വാക്കുകൾ പാതിയിൽ മുറിഞ്ഞു വീണു.

“ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ” 

'ഞാൻ വരും. കൂടുതൽ വിവരങ്ങൾ കിട്ടിയാൽ എന്നെ അറിയിക്കണം.'

ഫോൺ കട്ട് ചെയ്തോ എന്നറിയില്ല. പക്ഷേ കുറേസമയം ഒരുതരം സ്ഥല-ചല വിഭ്രാന്തിയോടെ ഞാൻ മൗനിയായി നിന്നു. തലച്ചോറിലേക്ക് ഒരു തരിപ്പ് ഇരച്ച് കയറിയ പോലെ. തുറന്നുവച്ച കണ്ണുകൾക്ക് മുന്നിൽ ഇരുട്ടുമൂടിയ ശൂന്യത. ഇന്നലെ രാത്രി ഞാൻ വിളിച്ചതേ ഉള്ളൂ. 

'സാർ ധൈര്യമായി ഇരിക്കൂ, ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം' എന്ന് ഏറ്റെടുത്തതാണ്.

എന്ത് ചെയ്യണമെന്ന ആലോചനക്ക് ഒടുവിൽ കോഴ്സ് കോഡിനേറ്ററെ ഫോണിൽ വിളിച്ചു. ലീവ് തരില്ലെന്നും ചോദിക്കില്ലെന്നും നേരത്തെ കരാർ ആയതാണ്. പക്ഷേ എനിക്ക് വേറെ വഴികൾ ഇല്ലായിരുന്നു.

'സർ, ഞാൻ പോകുന്നു. എനിക്ക് പോകാതിരിക്കാൻ പറ്റില്ല'.

ഒരു ജനറൽ ക്ലാസ് ടിക്കറ്റെടുത്ത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തീവണ്ടിയും കാത്തുനിന്നു. സ്റ്റേഷനിൽ നല്ല തിരക്കുണ്ട്. ട്രെയ്നുകൾ വൈകിയോടുന്നു.  സമയത്തിന് എന്തൊരു ദൈർഘ്യമാണ്. ഞാൻ അന്ന് ആദ്യമായി വാച്ചിന്റെ മിനിറ്റ് സൂചിയെയും മണിക്കൂർ സൂചിയെയും പഴിച്ചു കൊണ്ടേയിരുന്നു.

നാസർക്ക, കണ്ട നാൾ മുതൽ ഞാൻ അങ്ങനെയെ വിളിച്ചിട്ടുള്ളു. കാലിക്കറ്റിൽ നിന്നും കൂടുമാറി കൊല്ലം ടി കെ എമ്മിൽ യുജിസി ലൈബ്രേറിയനായി നിയമിതനായി എന്നറിഞ്ഞപ്പോൾ വലിയ ആകാംക്ഷയായിരുന്നു. ലൈബ്രറി കാണാൻ ചെന്നപ്പോൾ ആദ്യം എതിരേറ്റത് നാസർക്ക ആണ് . ഒരു പാലക്കാട്ടുകാരൻ വരുന്നു എന്നറിഞ്ഞ് വാതിൽപ്പടിയിൽ കാത്തുനിന്ന നാസർക്കയെ അഭിവാദ്യം ചെയ്ത് ഷെയ്ക് ഹാന്റിനായി കൈനീട്ടി. തളർന്നു തൂങ്ങിയ വലതു കൈ നീട്ടിതരാൻ ആവാത്ത ജാള്യതയോടെ അല്പം അമ്പരപ്പോടെ ഇടതുകൈ നീട്ടി പുഞ്ചിരിച്ചത് ഇന്നും മായാതെ മനസ്സിന്റെ ചുവർച്ചിത്രം ആയി നിൽക്കുന്നു.

 ഒരുപാട് വേദനകൾ അനുഭവിച്ച ഒരാളായിരുന്നു അദ്ദേഹം. ശാരീരികമായും മാനസികമായും പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. ഒരു വശം തളർന്നു പോയ കൈയും കാലും. തുടരെത്തുടരെ വേണ്ടിവന്ന സർജറികൾ. മൂർദ്ധന്യതയിലെത്തിയ പ്രഷറും പ്രമേഹവും. വേദനയ്ക്കു മേൽ വേദനകൾ ....  ഒടുവിൽ കാൽ പഴുത്ത് വ്രണം ആയപ്പോൾ മുറിച്ചുമാറ്റപ്പെട്ട വിരലിലെ ഒരിക്കലും ഉണങ്ങാത്ത വേദനയും. ഓരോ ദിവസവും നിമിഷവും വേദനിച്ചും നൊമ്പരപ്പെട്ടും ജോലിക്കെത്തിയിരുന്ന ധീരനായ പോരാളി. വിദ്യാർത്ഥികളോടും അധ്യാപകരോടും വളരെ കണിശക്കാരൻ ആയിരുന്നു അദ്ദേഹം. ഏല്പിക്കുന്ന ജോലികൾ കൃത്യതയോടെ നിർവഹിക്കുന്ന, പരുപരുത്ത ശബ്ദത്തിൽ ആരെയും നിശബ്ദമാക്കുന്ന ഡിസിപ്ലിനേറിയൻ . കുട്ടികൾ കൂട്ടം ചേർന്ന് ശബ്ദം ഉയരുമ്പോൾ ഒരു മൂലയിൽ നിന്നും ഒരു ചോദ്യമുയരും 'എന്തുവാടെ ഇവിടെ ഇരുന്ന് കാര്യം പറയുന്നെ' അതോടെ എല്ലാവരും നിശബ്ദരാവും. 

 പുലർച്ചെ ആറുമണിയോടെ കൊല്ലം സ്റ്റേഷനിൽ വന്നിറങ്ങി. രാത്രി മുഴുവൻ ഉറങ്ങാതെയും നിന്നും ഇരുന്നും ഒക്കെ ഉള്ള യാത്ര ശരീരത്തെയും മനസ്സിനെയും വല്ലാതെ തളർത്തിയിരുന്നു. 9 മണിക്ക് അഞ്ചാലുംമൂട്ടിലെ നാസർക്കയുടെ വീട്ടിലെത്തുമ്പോൾ സംസ്കാരചടങ്ങുകൾ ആരംഭിച്ചിരുന്നു. നാട്ടു വഴികളിലും വീട്ടിലും എല്ലാം ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. എല്ലായിടത്തും അടക്കിപ്പിടിച്ച സംസാരങ്ങൾ മാത്രം. കത്തിച്ചുവച്ച കുന്തിരിക്കത്തിന്റെയും, ചന്ദന തിരിയുടെയും വെളുത്ത പുകച്ചുരുളുകൾ പരസ്പരം കെട്ടിപ്പുണർന്നു വീട്ടുമുറ്റത്ത് ഒരുമിച്ചു കൂടിയ ജനക്കൂട്ടത്തിനിടയിലൂടെ ചാഞ്ഞും ചരിഞ്ഞും പുഞ്ചിരിച്ചും ഗൗരവപ്പെട്ടും പറന്നു നടന്ന് അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതാവുന്നു.

 മുറിവുണങ്ങാത്ത കാലിലെ കെട്ടും ഉടുത്ത വസ്ത്രങ്ങളും അഴിച്ചുമാറ്റി പനനീർ മണമുള്ള സോപ്പ് കൊണ്ട് കുളിപ്പിച്ച്, കർപ്പൂരം പൊടിച്ചുചേർത്ത് സുഗന്ധം പരത്തുന്ന തണുത്ത വെള്ളം മൂന്ന് തവണ ആവർത്തിച്ച് ഒഴുക്കി ശരീരത്തിലെ എല്ലാ അഴുക്കുകളും പാപങ്ങളും കഴുകി കളഞ്ഞ് തൂവെള്ള വസ്ത്രം ഉടുത്ത്, വീട്ടു കോലായയിൽ പായവിരിച്ച് നീണ്ടുനിവർന്ന് നിശബ്ദനായി അദ്ദേഹം കിടക്കുന്നു.

 അന്ത്യ ദർശനത്തിനായി വരിയിൽ കാത്തു നിന്നപ്പോൾ ഓർമ്മകളുടെ തിരമാലകൾ മിഴിക്കോണുകളിൽ നീർച്ചാലുകൾ തീർത്തു. ഒരായിരം ചുണ്ടുകളിൽ നിന്നുയർന്ന മന്ത്രധ്വനികളുടെ അകമ്പടിയോടെ ശുഭ്രവസ്ത്രധാരിയായി കണ്ണുകളടച്ച് അദ്ദേഹം നിത്യതയിലേക്ക് യാത്ര പോകാൻ ഒരുങ്ങി.

 ആ യാത്രാമഞ്ചത്തിൻറെ ഒരറ്റം തോളിലേറ്റി പള്ളിപ്പറമ്പിലേക്കുള്ള യാത്രയിൽ ഞാനും ചേർന്ന് നടന്നു. പള്ളി മിഹ്റാബിനോട് ചേർത്തുവെച്ച വിശുദ്ധ ശരീരത്തിന് അരികിൽ നിന്ന് നിശബ്ദനായി പ്രാർത്ഥിച്ചു: അഖില ലോകങ്ങളുടെയും രക്ഷകനായ നാഥാ അകാലത്തിൽ കൊഴിഞ്ഞു വീണ ഈ നൊമ്പര പൂവിനെ നീ സ്വീകരിച്ചാലും ... കരുണാനിധിയും കാരുണ്യ വാനുമായ അല്ലാഹുവേ ഈ പൂവിതളുകളിൽ പറ്റിപ്പിടിച്ച പാപക്കറകളെ നിർമ്മലമായ തുഷാര ബിന്ദുക്കൾ കൊണ്ടും, ജലധാര കൊണ്ടും കഴുകി ശുദ്ധിയാക്കിയാലും .... ഞങ്ങളുടെ ഈ പ്രിയപ്പെട്ടവനെ നിൻറെ ഫിർദൗസിലേക്ക് ആനയിച്ചാലും !

 ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്. വേദനകളും യാതനകളും ഇല്ലാത്ത അനശ്വരമായ ലോകത്തേക്ക്, കാലങ്ങൾ ഇല്ലാത്ത ലോകത്തേക്ക് പുതിയ യാത്ര തുടരുകയാണ്. ശരീരം മണ്ണിലേക്ക് ഇറക്കിവച്ച്, മുഖത്തെ മൂടിയ തുണി അല്പം മാറ്റി, വലതു കവിൾ മണ്ണിനോട് ചേർത്ത് വച്ചു. അവസാനമായി മുന്ന് പിടി മണ്ണ്; അത് താങ്കൾക്ക് അവകാശപ്പെട്ടതാണ്. ഈർപ്പം മാറിയിട്ടില്ലാത്ത പുതുമണ്ണ് ഇരുകൈകളും ചേർത്ത് ഓരോ കുമ്പിൾ ആയി ഖബറിലേക്ക് ഇടുമ്പോൾ ഒരു വിറയലോടെ ചുണ്ടുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:

"മിൻഹാ ഖലക്കിനാക്കും

വഫീഹാ നു ഈദുക്കും

വ മിൻഹാ നുഹ്‌രിജുക്കും

താറത്തൻ ഉഹ്‌റാ...."

 'ഈ മണ്ണിൽ നിന്നാണ് നിന്നെ സൃഷ്ടിച്ചത്, ഈ മണ്ണിലേക്ക് തന്നെയാണ് നിന്റെ മടക്കം.. ഈ മണ്ണിൽ നിന്നു തന്നെ ഒരിക്കൽ കൂടി നിന്നെ ഉയർത്തെഴുന്നേൽപ്പിക്കും.'

 ചുറ്റും നിന്നവരെല്ലാം ഓരോരുത്തരായി പിരിഞ്ഞു പോയി. പരേതൻ തനിച്ചായി. ഭയപ്പെടുത്തുന്ന നിശബ്ദത  നാലുപാടും പെയ്തിറങ്ങി കൊണ്ടിരുന്നു. അപ്പോൾ പള്ളിപ്പറമ്പിലെ വെള്ളില കാടുകളിൽ നിന്നും മഞ്ഞ കൊക്കുള്ള ഒരു പഞ്ചവർണ്ണകിളി ആകാശത്തേക്ക് പറന്നു കാർമേഘങ്ങളിൽ മറഞ്ഞു…..