Wednesday, November 15, 2017

വായന


സർ വാൾട്ടർ  സ്‌കോട് (2013)
ടാലിസ്മാൻ
കോട്ടയം: ഡി.സി. ബുക്സ്. പേജ്‌ 133. വില 90 രൂപ

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്‌കോട്ടിഷ്  സാഹിത്യകാരൻ സർ വാൾട്ടർ  സ്‌കോട് (1771-1832) 12 ആം  നൂറ്റാണ്ടിൽ നടന്ന കുരിശു യുദ്ധത്തെ പാശ്ചാത്തലമാക്കി എഴുതിയ ചരിത്ര നോവലാണ്  ടാലിസ്മാൻ. ചരിത്രവും ഭാവനയും ഇഴ ചേർത്ത് കൊണ്ട് 'ചരിത്ര നോവൽ എന്ന ഒരു സാഹിത്യ ശാഖക്ക് രുപം കൊടുത്തത് സ്‌കോട് ആയിരുന്നു.

ബൈസന്റയിൻ സാമ്രാജ്യം അറബികളുമായും സെൽജൂക്ക്കളുമായും നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധത്തിന്റെ പാശ്ചാത്തലം. 1071 ൽ സൽജൂക്ക് തുർക്കികൾ ബൈസന്റൈൻ സാമ്രാജ്യത്തെ തോൽപ്പിച്ചു. ക്രൈസ്തവർക്കും ജൂതന്മാർക്കും മുസ്ലിംകൾക്കും ഒരു പോലെ പുണ്യ സ്ഥലമായ  ജറൂസലേം അറബികളുടെ നിയന്ത്രണത്തിലായി. ജറൂസലേം തിരിച്ച് പിടിക്കാൻ പതിനൊന്നാം നൂറ്റാണ്ടിൽ പോപ്പ് അർബൻ രണ്ടാമൻ യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരോട് ആഹ്വാനം ചെയ്തു. ഇതാണ് കുരിശു യുദ്ധം തുടങ്ങാൻ കാരണമായത്.  1095 നും 1291 നും ഇടയിൽ ധാരാളം യുദ്ധങ്ങൾ നടന്നെങ്കിലും ക്രൈസ്തവ സൈന്യങ്ങൾക്കിടയിലെ ഐക്യമില്ലായ്മയും അധികാര മോഹവും പരാജയങ്ങൾ മാത്രം സമ്മാനിച്ചു. 1189 മുതൽ 1192 വരെ നടന്ന മൂന്നാം കുരിശുയുദ്ധമാണ്  ടാലിസ്മാ' ന്റെ പാശ്ചാത്തലം.

അതിശക്തനും ധീരനും കണിശക്കാരനുമായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെ നേരിടാൻ ഇംഗ്ലണ്ടിലെ രാജാവായിരുന്ന  റിച്ചർഡിന്റെ  നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സൈന്യം നടത്തുന്ന നീക്കങ്ങളാണ് 'ടാലിസ്മാൻ'  . ഇരു പക്ഷത്തിന്റെയും കീഴടങ്ങാൻ മനസ്സില്ലാത്ത ധീരോദാത്തതയാണ് സ്‌കോട് ഉയർത്തി കാണിക്കുന്നത്.

സിറിയയിലെ ഗുഹാവാസിയായ ക്രൈസ്തവ സന്യാസിക്ക് ഒരു രഹസ്യ സന്ദേശവുമായി പോവുകയായിരുന്ന യോദ്ധാവായ കെന്നത്തുമായി മരുഭൂമിയിൽ ഏറ്റുമുട്ടുന്ന സാരസൻ, അപൂർവ്വ ഇനം പനി കൊണ്ട് കഷ്ടപ്പെട്ട ഇംഗ്ലണ്ടിലെ രാജാവും യുദ്ധത്തിന്റെ നായകനുമായ റിച്ചാർഡിനെ ചികിത്സിക്കാൻ എത്തിയ മുസ്ലിം വൈദ്യൻ, ക്രിസ്ത്യൻ രാജാക്കന്മാർക്കിടയിൽ അധികാരത്തിനായി മത്സരം നടന്നപ്പോൾ മധ്യവർത്തിയും, പരസ്പരം ചതിച്ച് കൊല നടത്തിയപ്പോൾ എല്ലാവർക്കും മുന്നിൽ വെച്ച് ശിരച്ഛേദം നടത്തി നീതി നടപ്പാക്കിയ വിധികർത്താവ് എന്നിങ്ങനെ പല രുപത്തിൽ വേഷ പ്രച്ഛന്നനായി സുൽത്താൻ സ്വലാഹുദ്ദീൻ കടന്നു വരുന്നു.

     ഇറ്റലിയിലെ ഒരു ചെറു രാജ്യമായ മോൺസറേറ്റിലെ രാജാവ് സർ കെന്നത്ത് ആണ്  കഥയിലെ പ്രധാന കഥാപാത്രം. കെന്നത്തും റിച്ചാർഡ് രാജാവിന്റെ സഹോദരി എഡിത്തും തമ്മിലുള്ള പ്രണയത്തെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത് ശക്തനും ധീരനും ലേഡി എഡിത്തിനോടുള്ള പ്രണയത്തിൽ വിട്ടു വീഴ്ചയില്ലാത്ത കാമുകനുമായിട്ടാണ് സർ കെന്നത്തിനെ പരിചയപ്പെടുത്തുന്നത്. കഥാന്ത്യത്തിൽ സ്‌കോട്ട്ലാന്റിലെ കിരീടാവകാശിയായ ഹണ്ടിങ്ങ്ടൺ പ്രഭുവാണ് കെന്നത്ത് എന്ന വെളിപ്പെടുന്നു.

ദിവ്യ ഔഷധ ശക്തിയുള്ള ഏലസ്സാണ് 'ടാലിസ്മാൻ'.  അത്  വെള്ളത്തിൽ മുക്കി  മരുന്ന് കലർത്തി രോഗിക്ക് കൊടുത്താൽ അസുഖം മാറുന്നു. 'ടാലിസ്മാനിൽ വിവരിക്കുന്ന സംഭവങ്ങൾ മിക്കതും സ്കോട്ടിന്റെ ഭാവന മാത്രമാണ്. എന്നാൽ കഥ വികസിക്കുന്നതിന നുസരിച്ച് ഭാവന ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.


അറബി പദങ്ങൾ മലയാളത്തിലേക്ക് പകർത്തി എഴുതുമ്പോൾ ഉണ്ടായ പൊറുക്കാനാവാത്ത ഉച്ചാരണ വ്യതിയാനങ്ങൾ പുസ്തകത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. നോവലിന്റെ സംഗ്രഹീത പുനരാഖ്യാനം നിർവ്വഹിച്ചത്  പരമേശ്വരൻ  മൂത്തത് ആണ്.  ഡോ. പി.കെ. രാജശേഖരന്റേ പഠനാർഹമായ ആമുഖം കഥയുടെ പാശ്ചാത്തല ചരിത്രത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നു

Thursday, November 9, 2017

പുനത്തിൽ കുഞ്ഞബ്ദുല്ല (2009)
മൗണ്ടൻ വെഡ്ഡിംഗ്
കോഴിക്കോട്: ഒലിവ് ബുക്സ്, പേജ് 98, വില 60.00 രുപ

പ്രണയവും മരണവും കുടുംബ ബന്ധങ്ങളും ഏറ്റുമുട്ടുന്ന ചെറുതും ഹൃദ്യവുമായ ഒരു  നോവലാണ്  പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ  'മൗണ്ടൻ വെഡ്‌ഡിങ്'.  നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും കാണപ്പെടാറുള്ള ത്രികോണ പ്രണയമാണ് പ്രധാന കഥാ തന്തു.  പത്തു വർഷത്തെ വിദേശ വാസം കഴിഞ്ഞ് ദയാനന്ദൻ നാട്ടിൽ തിരികെ എത്തിയത് വൃക്ക രോഗവുമായാണ് .  ഗൾഫ് ജീവിതത്തിനിടയിൽ വിവാഹം കഴിക്കാൻ മറന്ന ദയാനന്ദൻ ഇത്തവണ  അത്  കൂടി മനസ്സിൽ കരുതിയാണ് നാട്ടിൽ വന്നത്. അന്വേഷണം ചെന്നവസാനിച്ചതാവട്ടെ മുറപ്പെണ്ണ്  ഷൈനിയിലും. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഡോ. ജിമ്മി ചാക്കോ ദയാനന്ദന്റെ ഇരു വൃക്കകളും തകരാറിലാണെന്നും ഇനി ഡയാലിസീസ് അല്ലാതെ മറ്റു വഴികളില്ലെന്നും കണ്ടെത്തുന്നത്.

ദയാനന്ദന്റെ അനുജൻ സുഗുണനും ഷൈനിയും തമ്മിൽ നേരത്തെ മുതലേ അഗാധ പ്രണയത്തിലായിരുന്നു. അത്  അറിഞ്ഞ് കൊണ്ട് തന്നെ അവരുടെ അമ്മ വിവാഹാലോചനയുമായി മുന്നോട്ട് പോയി. എതിർക്കുകയും ദുഖത്താൽ നെഞ്ച് പൊട്ടി കരയുകയും ചെയ്ത സുഗുണനെ അന്ന്  അമ്മ സമാധാനിപ്പിച്ചത് ഇങ്ങിനെയാണ്: "..മോനെ നിങ്ങൾ രണ്ട് പേരും എനിക്ക് മക്കളാണ്. ഏട്ടൻ അവളെ കെട്ടിക്കോട്ടെ, ഏട്ടൻ സീരിയസ് രോഗിയല്ലേ? ഇന്നല്ലെങ്കിൽ നാളെ.... പിന്നെ നിനക്കിവളെ  എടുക്കാം. ഏട്ടൻ രോഗിയല്ലേ? കൂടിയാൽത്തന്നെ അവന് എന്ത് ചെയ്യാൻ കഴിയും? പെണ്ണിന് ഒരു കേടും വരില്ല. ഒരു പളുങ്കുപാത്രം പോലെ ശുദ്ധമായിരിക്കും" (പേജ് 13). 

ഏട്ടന്റെ മരണം കാത്ത് നടന്ന സുഗുണൻ, രോഗം ഭേദമാവുന്നത് അറിയുമ്പോളെല്ലാം ഒരു പാട് ദുഖിച്ചു. ഒടുവിൽ വൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി സുഗുണൻ ഷൈനിയെയും കൊടുക്കാമെന്ന് ഏറ്റ തന്റെ വൃക്കയും കൊണ്ട് ഒളിച്ചോടി. സുഹൃത്തിന്റെ വാഗമണ്ണിലെ സമ്മർ ഹൌസിൽ  അഭയം തേടി. രാത്രിയായപ്പോൾ താഴ്വാരത്തിലെ പേരറിയാത്ത അനേകായിരം പൂക്കളെ തഴുകി തണുത്ത കാറ്റ് അവർക്ക് നേരെ വീശിക്കൊണ്ടിരുന്നു.
കയ്യിലെ പണം തീർന്നാൽ ജീവിക്കാൻ എന്ത് ചെയ്യുമെന്ന ഷൈനിയുടെ ചോദ്യത്തിന് സുഗുണൻ ഉത്തരം കണ്ടെത്തിയത് 'മുപ്പത് വയസ്സുള്ള യുവാവിന് വൃക്ക ആവശ്യാമുണ്ട്' എന്ന പത്ര പരസ്യത്തിലാണ്.   

    "ഒരു വൃക്ക വിറ്റാൽ എത്ര കിട്ടും?"  ഷൈനി ചോദിച്ചു.
    "ഏറ്റവും ചുരുങ്ങിയാൽ ഒരു ലക്ഷം...."  
          "അത് തീർന്നാൽ നമ്മളെന്തു ചെയ്യും?" 
          "നമ്മൾ ഹിമാലയത്തിലേക്ക് പോവും. നീ വരില്ലേ?"
           "അവിടെ ചെന്നിട്ട്?" 
         "..... അവിടെ ഒരു ആത്മഹത്യാ മുനമ്പുണ്ട്..... അവിടെ വെച്ച് നമുക്ക്       ജീവിതം അവസാനിപ്പിക്കാം". 
           "നമുക്കെന്ന് പറയരുത്ജീവിതം അവസാനിപ്പിക്കാൻ ഞാനില്ല." 
         "അപ്പോൾ ഞാൻ താഴേക്ക് ചാടി ആത്മഹത്യ ചെയ്‌താൽ പിന്നെ നീ      എന്ത് ചെയ്യും?"  
         ഒരു കൂസലും ഇല്ലാതെ ഷൈനി പറഞ്ഞു: 
    "ഞാൻ തിരിച്ച് ഏട്ടന്റെ അടുത്തേക്ക് പോവും" (പേജ് 13).

പ്രണയം കൊണ്ട് മരിക്കാനും,  പ്രണയിച്ച് ജീവിക്കാനും കൊതിക്കുന്ന യുവ ഹൃദയങ്ങളുടെ വികാര വേലിയേറ്റങ്ങളാണ് 'മൗണ്ടൻ വെഡ്ഡിംഗ്'.
കഥാകാരിയായ മേരിയയുടെ വളർച്ചയിൽ അസൂയാലു ആവുന്ന ഭർതാവ് ഹാരിയുടെ കഥ പറയുന്ന 'വാർത്തമാനകാലം എന്ന ചെറു നോവലും, താഹ മാടായി പുനത്തിലുമായി നടത്തിയ അഭിമുഖവും അടങ്ങുന്നതാണ് ഒലിവ് പുറത്തിറക്കിയ ''മൗണ്ടൻ വെഡ്ഡിംഗ്'. എന്ന ഈ പുസ്തകം.


Monday, September 18, 2017

ഉറവിടങ്ങൾ

               ജയമോഹൻ (2016).  
      ഉറവിടങ്ങൾ
                        കോഴിക്കോട്: മാതൃഭൂമി ബുക്സ്. പേജ്  142,  വില   130.00


 പ്രശസ്ത തമിഴ് എഴുത്ത്കാരൻ ജയമോഹന്റെ ജീവിതം  പറയുകയാണ് 'ഉറവിടങ്ങൾ'. സ്വന്തം ജീവിതവും ചുറ്റുപാടും സാമൂഹ്യ ആചാരങ്ങളും നാടും നൊസ്റ്റാൾജിയയും എല്ലാം ചേർത്ത് വെക്കുമ്പോൾ ജയമോഹന്റെ ജീവിതം പറച്ചിൽ ഒരു നോവലിന്റെ  രൂപം പ്രാപിക്കുന്നു.

ഒട്ടും സുഖകരമല്ലായിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നു വന്ന ചെറുപ്പവും അമ്പത്തിനാലാം വയസ്സിൽ ആത്മഹത്യ ചെയ്ത അമ്മയും, അമ്മയുടെ വായനാശീലവും, അച്ഛനും അമ്മയും തമ്മിലെ സ്വരച്ചേർച്ച ഇല്ലായ്മയും പറഞ്ഞാണ് ഒന്നാം അദ്ധ്യായമായ 'എന്നിരിക്കിലും' തുടങ്ങുന്നത്. അമ്മ മരിച്ചതിന്റെ 'അമ്പത്തി അഞ്ചാം ദിവസം വീട് പൂട്ടി താക്കോൽ വലിച്ചെറിഞ്ഞിട്ട് അച്ഛൻ നാട് വിട്ടു. അനാഥനായി മരിക്കണമെന്നായിരുന്നു വിചാരിച്ചത്. ഓച്ചിറ കടപ്പുറത്ത് പോയി വിഷം കഴിച്ചു. അവിടെ കിടന്നു പിടച്ച അച്ഛനെ അവിടെയുള്ള മുക്കുവർ ആശുപത്രിയിൽ എത്തിച്ചു...... രണ്ടാം ദിവസം തിരുവന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അച്ഛൻ മരിച്ചു' (p 36).

കേരളത്തിൽ നിന്നും അടർന്നു പോയ നാഞ്ചിനാടിന്റെ ഓർമ്മകളാണ് രണ്ടാമത്തെ അദ്ധ്യായത്തിൽ.  നാഞ്ചിനാടിന്റെ ചരിത്രവും പുരാണവും സംസ്കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും ഒരു ചരിത്ര കാരന്റെ കൈവഴക്കത്തോടെ പറഞ്ഞ്‌ തരുന്നു. രാജവാഴ്ച കാലത്തെ ശീലങ്ങളും നാട്ടു ഭാഷയുടെ പ്രയോഗാന്തരങ്ങളും, ഫ്യുഡൽ ജീവിത ചിഹ്നങ്ങളും, അന്നത്തെ സമൂഹത്തിലെ സ്ത്രീയും എഴുത്തുകാരും കാലാവസ്ഥയുമൊക്കെ ജയമോഹന്റെ ജീവിതത്തിലൂടെ  ഒഴുകി എത്തുന്നു. അക്കാലത്തെ ബഹുഭർതൃത്വത്തെ കുറിച്ച സൂചനകൾ ഉണ്ട് 'പൂർവികർ ബാക്കിവെച്ച അടയാളങ്ങൾ'  എന്ന അദ്ധ്യായത്തിൽ. '.......ഞങ്ങളുടെ വീടിനു ചുറ്റും വൻഭൂസ്വത്തുക്കൾ ഉള്ള കുടുംബങ്ങളിൽ കൊച്ചമ്മമാർക്കും അമ്മച്ചിമാർക്കും പല ബന്ധങ്ങൾ പല സംബന്ധങ്ങൾ. ഒരു വീട്ടിൽ രണ്ടു ഭർത്താവുണ്ടായിരിക്കുന്നത് വളരെ സാധാരണം (p 110)'.

നാഞ്ചിനാട്ടിലെ യക്ഷികളെ കുറിച്ചാണ് അവസാന അദ്ധ്യായം. കർഷകർ കാട് കയറി വെട്ടിത്തെളിച്ച്‌  റബ്ബർ നട്ടു തുടങ്ങിയതോടെ പല പേരുകളിലും അറിയപ്പെട്ടിരുന്ന യക്ഷികൾ നാടുവിട്ടു പോയി എന്നാണ് ജയമോഹന്റെ കണ്ടെത്തൽ.ജയമോഹനെ കുറിച്ചല്ല, ജയമോഹനിലൂടെയാണ് ഈ പുസ്തകം. ....ജയമോഹനിലെ ഞാൻ ഏതു കല്പിത കഥാപാത്രത്തോളവും സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു”  എന്ന് കല്പറ്റ നാരായണൻ അവതാരികയിൽ എഴുതിയിരിക്കുന്നു.


ഒരു എഴുത്ത്കാരന്റെ ജീവിതം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ അധികമാരും എഴുതി വെച്ചിട്ടില്ലാത്ത ചരിത്രകുറിപ്പ് കൂടിയാണ് 'ഉറവിടങ്ങൾ'

ജീവിതമെന്ന അത്ഭുതം.

ഡോ. വി.പി ഗംഗാധരന്‍/ കെ.എസ്. അനിയന്‍ (2004)
ജീവിതമെന്ന അത്ഭുതം.
കോട്ടയം:ഡി.സി ബുക്സ്, പേജ് 243, വില 195.00


ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെ അനുഭവങ്ങള്‍ ഒരു കഥാകൃത്ത് പകര്‍ത്തി എഴുതിയതാണീ പുസ്തകം. ഓരോ പേജിലും ഓരോ വരിയിലും കണ്ണ് നനയിക്കുന്ന ജീവിതങ്ങള്‍. പ്രതീക്ഷയുടെ എല്ലാ നുല്‍ പാലങ്ങളും പൊട്ടിപോയിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് നിറ പുഞ്ചിരിയോടെ തിരിച്ചു നടന്ന ജന്മങ്ങള്‍. വൈദ്യശാസ്ത്രത്തിന്റെ  മാന്ത്രിക കൈകള്‍ക്കൊണ്ട് മാരക രോഗത്തെ ആട്ടിയോടിച്ചിട്ടും മറ്റു വഴികളിലൂടെ ജീവിതം തച്ചുടക്കുന്ന വിധിയുടെ ക്രൂരതകള്‍. കരള് കാര്‍ന്ന്‍ തിന്നുന്ന വേദനക്ക് മുന്നിലും രോഗിയുടെ മടിശീലയിലെ നാണയ തുട്ടുകളുടെ കിലുക്കം നോക്കി മരുന്നും ചികിത്സയും കൊടുക്കുന്ന ഡോക്ടര്‍മാരുടെ ആര്‍ത്തിക്ക് മുന്നില്‍ തളര്‍ന്ന്‍ പോവുന്ന രോഗികള്‍. അവസാനത്തെ പ്രതീക്ഷയും നഷ്ടമായ സ്റ്റല്ലക്ക്‌ ഭര്‍ത്താവ് നല്‍കിയ സ്നേഹവും കൈത്താങ്ങും. തന്റെ ചികിത്സക്ക്‌ പോലും പണം തികയാത്ത, മക്കള്‍ ഉപേക്ഷിച്ച പാലക്കാട്ട്കാരി പുഷ്പാസ്വാമി തന്റെ അക്കൌണ്ടില്‍ അവശേഷിച്ച അവസാന നാണയത്തുട്ടും ഡോക്ടറെ ഏല്‍പ്പിച്ച് പാവങ്ങള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട നിമിഷങ്ങള്‍. രോഗം മാറില്ലെന്ന്‍ ഉറപ്പായപ്പോള്‍ അമ്മയും കൂടപ്പിറപ്പുകളും നടു  റോഡിലേക്ക്‌ വലിച്ചെറിഞ്ഞ നൈസാമുദ്ദീന്‍. വേദനയും അവഗണനയും കൊണ്ട് ജീവിതം മടുത്തപ്പോള്‍ കൈ ഞരമ്പുകള്‍ മുറിച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, തിരമാലകള്‍ കരയിലേക്ക് എറിയുന്നതും നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലാക്കുന്നതും വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുന്നതും. ശരീര സൌന്ദര്യം ശാപമായി തീര്‍ന്ന സോഫിയ എന്ന അനാഥ പെണ്‍ കുട്ടി. അല്പ ബുദ്ധിക്കാരനായ യുവാവ് കെട്ടി കൊണ്ട് വന്ന സുന്ദരിയില്‍ കണ്ണ്‍ വെച്ച അനുജന്മാരും അയല്‍ക്കാരും പിച്ചി ചീന്തിയ തന്റെ ശരീരം പുഴുക്കള്‍ക്ക്  മേയാന്‍ കൊടുത്ത് കൊണ്ട് പ്രതികാരം ചെയ്ത സോഫിയ. അങ്ങിനെ നാം കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ യാഥാര്‍ഥ്യങ്ങള്‍ക്കും കെട്ടു കഥകള്‍ക്കും അപ്പുറമുള്ള നിസ്സഹായനായ മനുഷ്യന്റെ ജീവിത കഥകള്‍. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം.

Wednesday, August 23, 2017

പി. കേശവദേവ് (1986)
ഓടയിൽ നിന്ന്
കോഴിക്കോട്: പൂർണ്ണ. പേജ്:80  വില: 70.00

28.07.2017: 1930 കളിൽ മലയാള സാഹിത്യത്തിന് നേതൃത്വം നൽകിയ പി. കേശവദേവിന്റെ ആദ്യ നോവലാണ് 'ഓടയിൽ നിന്ന്. ചെറുപ്പത്തിലേ കുസൃതിയായിരുന്ന പപ്പു വീട്ടിലും സ്‌കൂളിലും നാട്ടിലും ധിക്കാരിയായി വളർന്നു. നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ പട്ടണത്തിലേക്ക് ഓടിപ്പോയി. റയിൽവേ സ്റ്റേഷനിൽ മറ്റു കുട്ടികളുടെ കു‌ടെ  ചുമട് എടുത്തു. ബീഡിക്കടയിലും,  സോഡാ ഫാക്ടറിയിലും പണിയെടുത്തു. ഒരിടത്തും സ്ഥിരമായി നിൽക്കാൻ പപ്പുവിന് കഴിഞ്ഞില്ല. ഒടുവിൽ പട്ടണത്തിൽ ഒരു റിക്ഷക്കാരനായി വണ്ടി വലിക്കാൻ തുടങ്ങി.

ഒരിക്കൽ ഒരു യാത്രക്കാരനുമായി റിക്ഷ വലിക്കുന്നതിനിടയിൽ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിൽ വീണു. പിന്നീട് അങ്ങോട്ട് പപ്പുവിന്റെ ജീവിതം നിരാലംബയായ ആ ലക്ഷ്മിക്ക് വേണ്ടി ആയിരുന്നു. അതോടെ പപ്പുവിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി - ലക്ഷ്മിയുടെ പഠനം, ഉയർച്ച..!. കടത്തിണ്ണയിലും റയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങിയ പപ്പു താമസം ലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി.  

ലക്ഷ്മി വളർന്നു. പഠനത്തിലും പാട്ടിലുമൊക്കെ മികവ് പുലർത്തി. കാലം കഴിഞ്ഞപ്പോൾ പപ്പു അവശനായി. പഠിച്ചു വളർന്ന ലക്ഷമിക്കു റിക്ഷാക്കാരനായ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി. പക്ഷെ അമ്മ കല്ല്യാണി അവളെ തിരുത്തി. രക്ഷകനായി വന്ന പപ്പുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പട്ടണത്തിലെ ഒരു ധനികന്റെ മകൻ ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി. പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് കല്യാണം ചെയ്തു കൊടുത്തു. അന്ന് രാത്രി പപ്പു വീട് വിട്ടിറങ്ങി. പപ്പുവിന്റെ ജീവിതത്തിനു ലക്ഷ്യമില്ലാതായിരിക്കുന്നു. ചുമച്ച് ചുമച്ച് കലുങ്കും ചായക്കടയും കടന്ന് ബാങ്കിന്റെ മുന്നിലൂടെ പോസ്റ്റാഫീസിനും അപ്പുറത്തേക്ക് വേച്ചു വേച്ചു നടന്നു നീങ്ങുന്ന പപ്പുവിനെ ലക്ഷ്മി തന്റെ ഭർതൃ വീടിന്റെ ജനാലയിലൂടെ നോക്കി കണ്ടു.


സ്നേഹിക്കുന്ന കുടുംബത്തിന് വേണ്ടി തന്റെ സുഖ-ദു:ഖങ്ങളെല്ലാം മറന്നും മാറ്റിവെച്ചും അവസാന നിമിഷം വരെ കഷ്ടപ്പെടുകയും പണിയെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ/കുടുംബ നാഥന്റെ കഥയാണ് ഓടയിൽ നിന്ന്. ഒപ്പം ഐശ്വര്യങ്ങൾ കൈവരുമ്പോൾ ബന്ധങ്ങൾ മറക്കുന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അണയാത്ത സ്നേഹവും ഓർമ്മപ്പെടുത്തുന്നു.