പുനത്തിൽ കുഞ്ഞബ്ദുല്ല (2009)
മൗണ്ടൻ വെഡ്ഡിംഗ്
കോഴിക്കോട്: ഒലിവ് ബുക്സ്, പേജ് 98, വില 60.00 രുപ
പ്രണയവും മരണവും കുടുംബ ബന്ധങ്ങളും ഏറ്റുമുട്ടുന്ന ചെറുതും ഹൃദ്യവുമായ ഒരു
നോവലാണ് പുനത്തിൽ
കുഞ്ഞബ്ദുള്ളയുടെ 'മൗണ്ടൻ വെഡ്‌ഡിങ്'. നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും
കാണപ്പെടാറുള്ള ത്രികോണ പ്രണയമാണ് പ്രധാന കഥാ തന്തു. പത്തു വർഷത്തെ വിദേശ വാസം കഴിഞ്ഞ് ദയാനന്ദൻ
നാട്ടിൽ തിരികെ എത്തിയത് വൃക്ക രോഗവുമായാണ് .
ഗൾഫ് ജീവിതത്തിനിടയിൽ വിവാഹം കഴിക്കാൻ മറന്ന ദയാനന്ദൻ ഇത്തവണ അത്
കൂടി മനസ്സിൽ കരുതിയാണ് നാട്ടിൽ വന്നത്. അന്വേഷണം ചെന്നവസാനിച്ചതാവട്ടെ
മുറപ്പെണ്ണ് ഷൈനിയിലും. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഡോ. ജിമ്മി ചാക്കോ ദയാനന്ദന്റെ ഇരു വൃക്കകളും
തകരാറിലാണെന്നും ഇനി ഡയാലിസീസ് അല്ലാതെ മറ്റു വഴികളില്ലെന്നും കണ്ടെത്തുന്നത്.
ദയാനന്ദന്റെ അനുജൻ സുഗുണനും ഷൈനിയും തമ്മിൽ നേരത്തെ മുതലേ അഗാധ പ്രണയത്തിലായിരുന്നു. അത് അറിഞ്ഞ് കൊണ്ട് തന്നെ അവരുടെ അമ്മ
വിവാഹാലോചനയുമായി മുന്നോട്ട് പോയി. എതിർക്കുകയും ദുഖത്താൽ നെഞ്ച് പൊട്ടി കരയുകയും
ചെയ്ത സുഗുണനെ അന്ന് അമ്മ സമാധാനിപ്പിച്ചത് ഇങ്ങിനെയാണ്: "..മോനെ നിങ്ങൾ രണ്ട് പേരും എനിക്ക് മക്കളാണ്. ഏട്ടൻ
അവളെ കെട്ടിക്കോട്ടെ, ഏട്ടൻ സീരിയസ് രോഗിയല്ലേ? ഇന്നല്ലെങ്കിൽ നാളെ.... പിന്നെ നിനക്കിവളെ എടുക്കാം. ഏട്ടൻ രോഗിയല്ലേ? കൂടിയാൽത്തന്നെ അവന് എന്ത് ചെയ്യാൻ കഴിയും? പെണ്ണിന് ഒരു
കേടും വരില്ല. ഒരു പളുങ്കുപാത്രം പോലെ ശുദ്ധമായിരിക്കും" (പേജ് 13).
ഏട്ടന്റെ മരണം കാത്ത് നടന്ന സുഗുണൻ, രോഗം
ഭേദമാവുന്നത് അറിയുമ്പോളെല്ലാം ഒരു പാട് ദുഖിച്ചു. ഒടുവിൽ വൃക്ക മാറ്റിവെക്കാൻ
തീരുമാനിച്ചതിന്റെ തലേന്ന് രാത്രി സുഗുണൻ ഷൈനിയെയും കൊടുക്കാമെന്ന് ഏറ്റ തന്റെ
വൃക്കയും കൊണ്ട് ഒളിച്ചോടി. സുഹൃത്തിന്റെ
വാഗമണ്ണിലെ സമ്മർ ഹൌസിൽ അഭയം തേടി.
രാത്രിയായപ്പോൾ താഴ്വാരത്തിലെ പേരറിയാത്ത അനേകായിരം പൂക്കളെ തഴുകി തണുത്ത കാറ്റ്
അവർക്ക് നേരെ വീശിക്കൊണ്ടിരുന്നു.
കയ്യിലെ പണം തീർന്നാൽ ജീവിക്കാൻ എന്ത് ചെയ്യുമെന്ന ഷൈനിയുടെ ചോദ്യത്തിന്
സുഗുണൻ ഉത്തരം കണ്ടെത്തിയത് 'മുപ്പത് വയസ്സുള്ള യുവാവിന് വൃക്ക ആവശ്യാമുണ്ട്' എന്ന പത്ര പരസ്യത്തിലാണ്.
"ഒരു വൃക്ക വിറ്റാൽ എത്ര കിട്ടും?" ഷൈനി
ചോദിച്ചു.
"ഏറ്റവും ചുരുങ്ങിയാൽ ഒരു ലക്ഷം...."
"അത് തീർന്നാൽ
നമ്മളെന്തു ചെയ്യും?"
"നമ്മൾ ഹിമാലയത്തിലേക്ക് പോവും. നീ വരില്ലേ?"
"അവിടെ ചെന്നിട്ട്?"
"..... അവിടെ ഒരു ആത്മഹത്യാ മുനമ്പുണ്ട്..... അവിടെ വെച്ച് നമുക്ക് ജീവിതം അവസാനിപ്പിക്കാം".
"നമുക്കെന്ന് പറയരുത്, ജീവിതം അവസാനിപ്പിക്കാൻ ഞാനില്ല."
"അപ്പോൾ ഞാൻ താഴേക്ക് ചാടി ആത്മഹത്യ ചെയ്‌താൽ പിന്നെ നീ എന്ത് ചെയ്യും?"
ഒരു കൂസലും ഇല്ലാതെ ഷൈനി പറഞ്ഞു:
"ഞാൻ തിരിച്ച്
ഏട്ടന്റെ അടുത്തേക്ക് പോവും" (പേജ് 13).
പ്രണയം കൊണ്ട് മരിക്കാനും, പ്രണയിച്ച് ജീവിക്കാനും കൊതിക്കുന്ന യുവ
ഹൃദയങ്ങളുടെ വികാര വേലിയേറ്റങ്ങളാണ് 'മൗണ്ടൻ വെഡ്ഡിംഗ്'.
കഥാകാരിയായ മേരിയയുടെ വളർച്ചയിൽ അസൂയാലു ആവുന്ന ഭർതാവ് ഹാരിയുടെ കഥ പറയുന്ന 'വാർത്തമാനകാലം’ എന്ന ചെറു
നോവലും, താഹ മാടായി പുനത്തിലുമായി
നടത്തിയ അഭിമുഖവും അടങ്ങുന്നതാണ് ഒലിവ് പുറത്തിറക്കിയ ''മൗണ്ടൻ വെഡ്ഡിംഗ്'. എന്ന ഈ പുസ്തകം.
No comments:
Post a Comment