ഡോ. വി.പി ഗംഗാധരന്‍/ കെ.എസ്. അനിയന്‍ (2004)
ജീവിതമെന്ന അത്ഭുതം.
കോട്ടയം:ഡി.സി ബുക്സ്, പേജ് 243, വില 195.00
ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെ അനുഭവങ്ങള്‍ ഒരു
കഥാകൃത്ത് പകര്‍ത്തി എഴുതിയതാണീ പുസ്തകം. ഓരോ പേജിലും ഓരോ വരിയിലും കണ്ണ്
നനയിക്കുന്ന ജീവിതങ്ങള്‍. പ്രതീക്ഷയുടെ എല്ലാ നുല്‍ പാലങ്ങളും പൊട്ടിപോയിട്ടും
അത്ഭുതകരമായി ജീവിതത്തിലേക്ക് നിറ പുഞ്ചിരിയോടെ തിരിച്ചു നടന്ന ജന്മങ്ങള്‍.
വൈദ്യശാസ്ത്രത്തിന്റെ മാന്ത്രിക കൈകള്‍ക്കൊണ്ട്
മാരക രോഗത്തെ ആട്ടിയോടിച്ചിട്ടും മറ്റു വഴികളിലൂടെ ജീവിതം തച്ചുടക്കുന്ന വിധിയുടെ
ക്രൂരതകള്‍. കരള് കാര്‍ന്ന്‍ തിന്നുന്ന വേദനക്ക് മുന്നിലും രോഗിയുടെ മടിശീലയിലെ
നാണയ തുട്ടുകളുടെ കിലുക്കം നോക്കി മരുന്നും ചികിത്സയും കൊടുക്കുന്ന ഡോക്ടര്‍മാരുടെ
ആര്‍ത്തിക്ക് മുന്നില്‍ തളര്‍ന്ന്‍ പോവുന്ന രോഗികള്‍. അവസാനത്തെ പ്രതീക്ഷയും
നഷ്ടമായ സ്റ്റല്ലക്ക് ഭര്‍ത്താവ് നല്‍കിയ സ്നേഹവും കൈത്താങ്ങും. തന്റെ
ചികിത്സക്ക് പോലും പണം തികയാത്ത, മക്കള്‍ ഉപേക്ഷിച്ച പാലക്കാട്ട്കാരി പുഷ്പാസ്വാമി
തന്റെ അക്കൌണ്ടില്‍ അവശേഷിച്ച അവസാന നാണയത്തുട്ടും ഡോക്ടറെ ഏല്‍പ്പിച്ച് പാവങ്ങള്‍ക്ക്
മരുന്ന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട നിമിഷങ്ങള്‍. രോഗം മാറില്ലെന്ന്‍ ഉറപ്പായപ്പോള്‍
അമ്മയും കൂടപ്പിറപ്പുകളും നടു റോഡിലേക്ക്
വലിച്ചെറിഞ്ഞ നൈസാമുദ്ദീന്‍. വേദനയും അവഗണനയും കൊണ്ട് ജീവിതം മടുത്തപ്പോള്‍ കൈ
ഞരമ്പുകള്‍ മുറിച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, തിരമാലകള്‍
കരയിലേക്ക് എറിയുന്നതും നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലാക്കുന്നതും വീണ്ടും
ജീവിതത്തിലേക്ക് തിരികെ എത്തുന്നതും. ശരീര സൌന്ദര്യം ശാപമായി തീര്‍ന്ന സോഫിയ എന്ന അനാഥ
പെണ്‍ കുട്ടി. അല്പ ബുദ്ധിക്കാരനായ യുവാവ് കെട്ടി കൊണ്ട് വന്ന സുന്ദരിയില്‍ കണ്ണ്‍
വെച്ച അനുജന്മാരും അയല്‍ക്കാരും പിച്ചി ചീന്തിയ തന്റെ ശരീരം പുഴുക്കള്‍ക്ക് മേയാന്‍ കൊടുത്ത് കൊണ്ട് പ്രതികാരം ചെയ്ത
സോഫിയ. അങ്ങിനെ നാം കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ യാഥാര്‍ഥ്യങ്ങള്‍ക്കും
കെട്ടു കഥകള്‍ക്കും അപ്പുറമുള്ള നിസ്സഹായനായ മനുഷ്യന്റെ ജീവിത കഥകള്‍. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട
പുസ്തകം.
No comments:
Post a Comment