Sunday, May 31, 2020

ജ്വലിക്കുന്ന മനസ്സുകൾ - എപിജെ അബ്ദുൽ കലാം


ജ്വലിക്കുന്ന മനസ്സുകൾ 

എപിജെ അബ്ദുൽ കലാം 
വിവർത്തനം: എം പി സദാശിവൻ 
വായന: മുസ്തഫ മണ്ണാർക്കാട്


കലാമിൻറെ Ignited Minds ആണ് മൂല കൃതി. ഭാരതത്തിൻറെ ശത്രു, ദാരിദ്ര്യം ആണ് എന്ന് കണ്ടെത്തുകയാണ് കലാം. ദാരിദ്ര്യത്തിന് എതിരെ പോരാടാൻ യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നു ഈ പുസ്തകത്തിലൂടെ കലാം. പതിനൊന്നോളം അധ്യായങ്ങളിലായി ക്രമീകരിച്ചതാണ് ഗ്രന്ഥം. 'ഒരു സ്വപ്നവും അതിൻറെ സന്ദേശവു'മാണ് ഒന്നാമധ്യായം. 'അഭിവൃദ്ധിയിലേക്ക് മുന്നേറാൻ നമുക്ക് അനുകരണീയമായ ഒരു മാതൃക വേണ'മെന്ന് രണ്ടാം അധ്യായം പറയുന്നു. മൂന്നാം അധ്യായത്തിൽ 'മഹാമനീഷികളായ ഗുരുക്കന്മാരും ശാസ്ത്രജ്ഞരു'മാണ് ചർച്ചാവിഷയം. കലാം കാണുകയും പരിചയിക്കുകയും ചെയ്ത സന്യാസിമാരിൽ നിന്നും സിദ്ധന്മാരിൽ നിന്നും പഠിച്ച പാഠം ആണ് നാലാം അധ്യായം.
'ഒരു ദശാബ്ദം മുമ്പ് പരമാചാര്യ യുടെ കാലത്ത് നടന്ന ഒരു സംഭവം മുൻ രാഷ്ട്രപതി ആർ വെങ്കട്ടരാമൻ പറഞ്ഞത് ഞാൻ ഓർമിച്ചു. കാഞ്ചി മഠത്തോട്  ചേർന്ന് സ്ഥിതി ചെയ്തിരുന്ന മൂന്നൂറു വർഷം പഴക്കമുള്ള മോസ്ക് വെങ്കട്ടരാമൻ എനിക്ക് കാട്ടിത്തന്നു . ചരിത്രപ്രസിദ്ധമായ മോസ്ക് സന്ദർശിക്കാൻ ധാരാളം ആളുകൾ വരാറുണ്ട്. മഠത്തിലും സന്ദർശകരുടെ ബാഹുല്യം ആണ് . ഗതാഗത തിരക്ക് അനിയന്ത്രിതം ആയപ്പോൾ mosque സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ ജമാഅത്തും ജില്ലാ ഭരണാധികാരികളും തീരുമാനിച്ചു. മോസ്ക് പുനർ നിർമ്മാണ ചുമതല മഠത്തിന് ആയിരിക്കും. ഈ തീരുമാനം എങ്ങനെയോ പരമാചാര്യരുടെ കാതുകളിൽ എത്തി. ആ തീരുമാനത്തെ അദ്ദേഹം ശക്തമായി എതിർത്തു. അദ്ദേഹം പറഞ്ഞു: 'വാസ്തവത്തിൽ വെളുപ്പിന് നാലരക്കുള്ള ബാങ്കുവിളി കേൾക്കുമ്പോഴാണ് ഞാനുണർന്ന് എൻറെ കർത്തവ്യങ്ങളിൽ മുഴുകാറുള്ളത്.' യാതൊരു കാരണവശാലും മോസ്ക് മാറ്റി പണിയേണ്ടതില്ലെന്ന് അദ്ദേഹം ജില്ലാ ഭരണാധികാരികളെയും മഠത്തെയും ബോധ്യപ്പെടുത്തി. അദ്ദേഹം മൗനവ്രതം ആരംഭിക്കുകയും ചെയ്തു (p58).
മതസൗഹാർദ്ദം വേണ്ടുവോളം ഉണ്ടായിട്ടും നാം എന്തുകൊണ്ട് ഇങ്ങനെ? കലാമിൻറെ കണ്ടെത്തൽ: ഇത്രയും മഹത്തായ ഒരു രാഷ്ട്രവും ഇത്രയും മഹത്തായ ഒരു ജനതയും എന്തുകൊണ്ടാണ് വർഗീയ കലാപങ്ങൾക്ക് ഇരയാകുന്നത്? രാഷ്ട്രത്തിന്  ഒരു ലക്ഷ്യമില്ലാതെ വരുമ്പോൾ സങ്കുചിത ചിന്താഗതിക്കാർ രംഗം കയ്യടക്കും എന്നാണ് എനിക്ക് തോന്നുന്നത്. 'ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ മനുഷ്യരാശിയിൽ എത്തിക്കാൻ ശാസ്ത്രവും ആത്മീയതയും തമ്മിൽ സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്.'(p 61).
'നാലുഭാഗത്ത് നിന്നും മഹത്തായ ചിന്തകൾ നമ്മളിലേക്ക് കടന്നു വരട്ടെ എന്ന ഋഗ്വേദ സൂക്തം നമുക്ക് സ്മരിക്കാം' (p 62).
' 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രി പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ  സ്വാതന്ത്ര്യദിന പ്രസംഗം കേൾക്കാൻ എൻറെ ഹൈസ്കൂൾ അധ്യാപകനായിരുന്ന റവ: അയ്യാ ദുരൈ സോളമൻ എന്നെ കൂട്ടിക്കൊണ്ടുപോയി. ഞങ്ങൾ സ്വതന്ത്രരായി എന്ന അദ്ദേഹത്തിൻറെ പ്രസംഗം ഞങ്ങളെയെല്ലാം ആവേശഭരിതരാക്കി. ആ മഹാ സംഭവം പിറ്റേ ദിവസത്തെ പത്രങ്ങളിൽ വന്ന തലക്കെട്ടുകൾ പിടിച്ചുപറ്റിയിരുന്നു. പക്ഷേ ഞാൻ വായിച്ച തമിഴ് പത്രത്തിൽ നെഹ്റുവിൻറെ പ്രസംഗത്തോട് ഒപ്പം മറ്റൊരു വാർത്ത കൂടി ഉണ്ടായിരുന്നത് എൻറെ മനസ്സിൽ മായാതെ കിടപ്പുണ്ട്. നവഖാലിയിൽ ആക്രമണത്തിനിരയായ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ മഹാത്മാഗാന്ധി നഗ്നപാദനായി നടന്ന വാർത്തയായിരുന്നു അത്. സാധാരണഗതിയിൽ ചുവപ്പ് കോട്ടയുടെ പരിസരത്ത് ആദ്യമായി ദേശീയ പതാക ഉയർത്തേണ്ട വ്യക്തിയായിരുന്നു ഗാന്ധിജി . പക്ഷേ അദ്ദേഹം നവഖാലിയിലേക്കാണ് പോയത്.  അതാണ് അദ്ദേഹത്തിൻറെ മഹത്വം (പേജ് 63).
അഞ്ചാം അധ്യായം രാഷ്ട്രീയത്തിനും മതത്തിനും ഉപരിയായ രാജ്യസ്നേഹം ആണ് പറയുന്നത് ഇന്നത്തെ ഇന്ത്യയെ കുറിച്ച് എഴുതുന്നു: 'നമ്മുടെ രാജ്യത്തിൻറെ അതിരുകൾക്കപ്പുറം  എത്തുന്ന ദർശനവും ആശയവും  ആർജ്ജവവുമുള്ള നേതാക്കന്മാരുടെ തലമുറ അവസാനിച്ചതിൽ നമുക്ക് ദുഖിക്കാം. ഏതെങ്കിലും ഒരു പ്രത്യേക രാജ്യവുമായി ഭ്രാന്തമായ ആഭിമുഖ്യം വെച്ചുപുലർത്തുകയും സമീപകാലം വരെ നാം നേതൃത്വം നൽകിയിരുന്ന മൂന്നാം ലോകം ഉൾപ്പെടെയുള്ള ലോകത്തിലെ ഇതര ഭാഗങ്ങളെല്ലാം വിസ്മരിക്കുകയും ചെയ്യുന്ന വിചിത്ര മായ ഗവൺമെൻറ് നടപടി ഓർത്ത് നമുക്ക് വിലപിക്കാം. അന്താരാഷ്ട്രതലത്തിൽ നാം എത്തിച്ചേർന്നിട്ടുള്ള ദയനീയമായ അവസ്ഥയിൽ നമുക്ക് പരിഹരിക്കാം പരിതപിക്കാം.' (പേജ് 68).
  'അമേരിക്കൻ മണ്ണിൽ 10000 ന്യൂക്ലിയർ ആയുധങ്ങളും റഷ്യയിൽ മറ്റൊരു 10000 ന്യൂക്ലിയർ ആയുധങ്ങളും ശേഖരിച്ചു വച്ചിട്ടുണ്ട്. ഇംഗ്ലണ്ട് ചൈന ഫ്രാൻസ് പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾക്കും ധാരാളം ആണവായുധ ശേഖരം ഉണ്ട്. START II, സമീപകാലത്ത് അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടാക്കിയ കരാറുകളിലും ഓരോരുത്തരുടെയും പക്കലുള്ള ആയുധങ്ങളുടെ എണ്ണം 2000 ആക്കി കുറക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ. ഈ കരാറുകൾക്കും അവസാനരൂപം ആയിട്ടില്ല' ( പേജ് 68)
ഭാവി ഇന്ത്യയെക്കുറിച്ചുള്ള കലാമിൻറെ സ്വപ്നം ഇങ്ങനെയാണ് വിവരിക്കുന്നത്: 'വികസിതമായ ഇന്ത്യ നഗരങ്ങളുടെതായ ഒരു രാഷ്ട്രം ആയിരിക്കുകയില്ല. ടെലിമെഡിസിനും ടെലി വിദ്യാഭ്യാസവും ഇ-കമ്മേഴ്സും ഉള്ള പരിഷ്കൃതമായ ഗ്രാമങ്ങളുടെ ഒരു ശൃംഖല ആയിരിക്കും അത്. ബയോടെക്നോളജിയുടെയും ബയോസയൻസ്കളുടെയും കാർഷിക ശാസ്ത്രത്തിന്റെയും വ്യവസായ വികസനത്തിന്റെയും സംയോഗത്തിൽ നിന്നാണ് പുതിയ ഇന്ത്യ രൂപംകൊള്ളുന്നത്. വ്യക്തിതാൽപര്യങ്ങളെക്കാളും രാഷ്ട്രീയ കക്ഷികളെക്കാളും വലുതാണ് രാഷ്ട്രമെന്ന ബോധത്തോടെ രാഷ്ട്രീയ നേതാക്കൾ പ്രവർത്തിക്കും. ഈ മനോഭാവം നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കും. നാട്ടിൻപുറം പുരോഗതി പ്രാപിക്കുമ്പോൾ ഗ്രാമങ്ങളിലെ പ്രകൃതി നൽകുന്ന മികച്ച ഉൽപന്നങ്ങളുടെയും സമ്പത്തിന്റെയും പങ്കുപറ്റാൻ നഗരവാസികൾ അവിടേക്ക് ചേക്കേറും' (പേജ് 72) തികച്ചും പരിമിതമായ ഒരു ബജറ്റിൽ കേവലം 36 കോടി രൂപ ചെലവിലാണ് 1989 'അഗ്നി' വിജയകരമായി പരീക്ഷിച്ചത്. (പേജ് 99). ബ്രിട്ടീഷ് ഭരണാധികാരികൾ അനുകൂലമല്ലാതെ ഇരുന്നിട്ടും ജംഷഡ്ജി ടാറ്റ ഇന്ത്യയിൽ ഉരുക്കു വ്യവസായം തുടങ്ങി. ആചാര്യ  പി സി റായ് കെമിക്കൽ ഫാർമസ്യൂട്ടിക്കൽ വ്യവസായം പടുത്തുയർത്തി.  J.N Tata  നിർമ്മിച്ച ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ സ്ഥാപിച്ച BHU, സർ സയ്യിദ് അഹമ്മദ് ഖാൻ സ്ഥാപിച്ച AMU എന്നിങ്ങനെ  പല മഹാ പ്രസ്ഥാനങ്ങളുടെയും ഉദയം നാം കണ്ടു (പേജ് 104).
യുവ മനസ്സുകളെ ഉത്തേജിപ്പിക്കുന്ന മഹത്തായ ഒരു രചനയാണ് 'ജ്വലിക്കുന മനസ്സുകൾ '.

Friday, May 8, 2020

ക്യാമ്പസ് മഴയത്ത്


              - മുസ്തഫ മണ്ണാർക്കാട്

വർഷം 2020, മാർച്ച് മാസം. കൊറോണ മഹാവ്യാധിയെ തുടർന്ന് സംസ്ഥാനം അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ പിറ്റേ ദിവസം അതിരാവിലെ കുടുംബത്തെയും കൂട്ടി അയാൾ നാട്ടിലേക്ക് തിരിച്ചു. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രിയുടെ അറിയിപ്പുണ്ടായി, രോഗവ്യാപനം തടയാൻ സാമൂഹിക അകലം പാലിക്കണം. ജനങ്ങളെല്ലാം 21ദിവസം വീടിനകത്തു തന്നെ കഴിഞ്ഞു കൂടണം, ദൂര യാത്ര കഴിഞ്ഞ് വന്നവർ ക്വാരന്റെയ് നിൽ കഴിയണം, പുറത്തിറങ്ങരുത്. അതോടെ നാട് മുഴുവൻ വീട്ടുതടങ്കലിലായി. ആരും പുറത്തിറങ്ങാൻ ധൈര്യം കാണിച്ചില്ല. വീട്ടിൽ അടച്ചിട്ടിരുന്ന അയാൾ നേരമ്പോക്കിനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. വളരെ വൈകി മാത്രം എഴുന്നേറ്റു, ഉറക്കത്തി ന്റെ ദൈർഘ്യം കൂട്ടിയും പുസ്തകങ്ങളും മാഗസിനും പത്രങ്ങളും വായിച്ചും, കുട്ടികളുടെ കൂടെ കളിച്ചും സമയം തള്ളിനീക്കാൻ ശ്രമിച്ചു. ആദ്യദിനങ്ങളിൽ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, യൂട്യൂബ് എല്ലാം പരതി കൊണ്ടിരുന്നു. പിന്നെ പിന്നെ അതും വിരസമായി. അങ്ങനെയിരിക്കെയാണ് അടുക്കള ഭാഗത്ത് നിന്നും ഒരു അശരീരി കേൾക്കുന്നത്: "ആ പുസ്തകങ്ങൾ ഒക്കെ എടുത്ത്‌  ഒന്ന് അടുക്കി ഒതുക്കി വച്ചു കൂടെ.... വെറുതെ സമയം കളയാതെ....".

 ആശയം കൊള്ളാം എന്ന് അയാൾക്ക് തോന്നി. കുറെ നാളായി ഹോം ലൈബ്രറി ശ്രദ്ധിക്കാറേയില്ല. ദൂരെ സ്ഥലത്ത് ജോലി കിട്ടി താമസം മാറിയതിൽ പിന്നെ വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ. അതുതന്നെ ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രം. ആ സമയങ്ങളിൽ ലൈബ്രറിയിലേക്ക് ഒന്നും ശ്രദ്ധിക്കാൻ മെനക്കെടാറില്ല. പുസ്തകങ്ങളെല്ലാം പൊടി പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ചിലന്തിയും വണ്ടും പാറ്റയും കൂടു വെച്ചിരിക്കുന്നു. സ്ഥിര താമസം ഉറപ്പിച്ച പല്ലികളുടെ മുത്തു പോലുള്ള മുട്ടകൾ കൂടി കിടക്കുന്നു. ചിലതെല്ലാം തോട് പൊട്ടി പൊളഞ്ഞു കിടപ്പുണ്ട്. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് പോയതായിരിക്കാം.

 പുസ്തകങ്ങളെല്ലാം സ്ഥാനം മാറി കിടക്കുന്നതാണ് അയാളെ കൂടുതൽ അസ്വസ്ഥനാക്കിയത്. മതവും സാഹിത്യവും രാഷ്ട്രീയവും എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്നു.  'ഇന്ദുലേഖ'യും 'ശിങ്കിടിമുങ്ക'നും  അപ്രത്യക്ഷമായിരിക്കുന്നു. 'ഓഷോ'യും 'ബൈബിളും' ഒരിടത്ത് ചേർന്നിരിക്കുന്നു. 'ഖുർആൻ ലളിതസാര'ത്തിനു മുകളിൽ 'ഡ്രാക്കുള'....! പുസ്തകങ്ങൾ ഓരോന്നോരോന്നായി എടുത്ത് പൊടിതട്ടി വൃത്തിയാക്കി മറിച്ചുനോക്കി ശ്രദ്ധയോടെ തരം തിരിക്കുകയായിരുന്നു. അതിനിടയിൽ കുറെ പഴയ ഡയറികൾ കയ്യിൽ കിട്ടി. കുത്തും കോമയും ഇല്ലാത്ത കുറെ ദിനസരിക്കുറിപ്പുകൾ ആണ്. പലതിനും പതിറ്റാണ്ടുകൾ പഴക്കമുണ്ട്. മറിച്ചു നോക്കിയപ്പോൾ വായിക്കാൻ രസം തോന്നി. ലിവിങ് റൂമിൽ ചെന്ന് സോഫയിൽ ചാരിയിരുന്ന് ഡയറികൾ ഓരോന്നായി മറിച്ചു നോക്കാൻ തുടങ്ങി. ഏഷ്യൻ പെയിന്റിന്റെ മനോഹരമായ പുറം ചട്ടയുള്ള ഡയറി കയ്യിൽ തടഞ്ഞു, വർഷം 1999.

പേജുകൾ എല്ലാം വൃത്തിയായി തന്നെ ഇരിക്കുന്നു.  താളുകൾ നിറയെ വിലാസങ്ങൾ ആണ്. പത്താംക്ലാസ്, പ്രീഡിഗ്രി, കോളേജ് മേറ്റ്സ്, യൂണിവേഴ്സിറ്റി ക്യാമ്പസ്, എൻ എസ് എസ് ക്യാമ്പ്, വിവിധ നേതൃ പരിശീലന ക്യാമ്പുകൾ അങ്ങനെ കൂടെ പഠിച്ചവരും പരിചയപ്പെട്ടവരുമായ കുറെ ആളുകളുടെ വിലാസങ്ങൾ. യൂണിവേഴ്സിറ്റി ക്യാമ്പസ് പേജിൻറെ അവസാനത്തിൽ എത്തിയപ്പോൾ ആണ് ആ  പേരും അഡ്രസ്സും കണ്ണിൽ കുരുങ്ങിയത് .

.................
ഹൗസ് നമ്പർ 3/17,
വലിയപറമ്പ് പി. ഓ.
കൊടുവള്ളി,
കോഴിക്കോട് പിൻ - 6 7 3 5 7 2

 എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും  ആ മുഖം മാത്രം മനസ്സിലേക്ക് വരുന്നില്ല. അയാൾ ക്യാമ്പസിലേക്ക് തിരിച്ചുപോയി. രാമനാട്ടുകരയിൽ നിന്നും തൃശൂർ ബസ്സിൽ കയറി തേഞ്ഞിപ്പലം സ്റ്റോപ്പിൽ ഇറങ്ങി. റോഡിൻറെ ഓരം ചേർന്ന് ക്യാമ്പസിലേക്ക് നടന്നു. യൂണിവേഴ്സിറ്റിയുടെ പ്രധാനകവാടം കടന്നപ്പോൾ അയാൾ ചെറുപ്പമായി. കൃത്യമായി പറഞ്ഞാൽ 20 വയസ്സ് കുറവ്. റോഡിൻറെ വലതുവശം ചേർന്ന് നടന്നു. റോഡിനപ്പുറം കാടാണ്, കൊടും കാട്. അതിനിടയിലാണ് യൂണിവേഴ്സിറ്റി ഹെൽത്ത് സെൻറർ.  മുന്നോട്ടുവെക്കുന്ന ഓരോ കാലടി കൾക്കും ഓരോ യുഗത്തിന്റെ ദൈർഘ്യമുണ്ട് എന്ന് അവനു തോന്നി.

 വിരസമായ തിയറി ക്ലാസ്സുകളിൽ നിന്നും മുക്തി നേടാനാണ് ജനസേവനത്തിന് ഇറങ്ങിയത്. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ആണ് ഓരോ ദിവസവും യൂണിവേഴ്സിറ്റിയിൽ എത്തുന്നത്. പരീക്ഷ, റീവാലുവേഷൻ, മാർക്ക് ലിസ്റ്റ്, രജിസ്ട്രേഷൻ,  മൈഗ്രേഷൻ, ഈക്വലൻസി അങ്ങനെ പോകുന്നു വിവിധങ്ങളായ ആവശ്യങ്ങൾ. ആദ്യമായി ക്യാമ്പ സിൽ എത്തുന്നവർക്ക് ഇതേക്കുറിച്ച് കാര്യമായ അറിവുണ്ടാകില്ല. അത്തരക്കാർക്ക്  വേണ്ട സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നതാണ് അവർ ചെയ്യുന്ന മഹത്തായ സേവനം. പരീക്ഷാഭവന് അടുത്തുള്ള എൻക്വയറി കൗണ്ടറിനു മുന്നിൽ ചുറ്റിക്കറങ്ങുകയാണ്  പതിവ്.  അവിടെയാകുമ്പോൾ വേഗത്തിൽ ഇരപിടിക്കാം.

 കൗണ്ടറിൽ നിന്നും സെക്ഷൻ നമ്പർ കുറിച്ചുകൊടുത്ത ഒരു തുണ്ട് പേപ്പർ കയ്യിൽ പിടിച്ച് പുറത്തുവന്ന അവൾ ചുറ്റും നോക്കി.  അന്വേഷണങ്ങൾക്കായി ക്യൂ നിൽക്കുന്നവരെയും വിവിധങ്ങളായ കടലാസുകൾ കയ്യിൽ പിടിച്ച് തിരക്കിട്ടു ഓടിനടക്കുന്ന  അപരിചിതരായ കുറേ ആളുകളെയും മാത്രമേ  അവൾ അവിടെ കണ്ടുള്ളൂ. എന്തുചെയ്യണമെന്നോ ആരോട് ചോദിക്കണം എന്നോ അറിയാതെ കയ്യിൽ കിട്ടിയ കടലാസിലേക്ക് നോക്കി അവൾ നെടുവീർപ്പിട്ടു. നിസ്സഹായതയുടെ വേലിയേറ്റങ്ങൾ മുഖത്ത് അലയടിക്കുന്നതും അത് കണ്ണറ്റം വരെ എത്തി നിൽക്കുന്നതും ശ്രദ്ധയിൽപ്പെട്ട അവൻ അവളെ സമീപിച്ചു. ചിരപരിചിതമെന്ന പോലെ വശ്യവും സുന്ദരവുമായ ഒരു ചിരിയോടെ, ആമുഖങ്ങൾ  ഒന്നും ഇല്ലാതെയാണ് അവൻ സംസാരം തുടങ്ങിയത്.

 'ഏതാ സെക്ഷൻ? എന്താണ് പ്രശ്നം?' എന്ന ചോദ്യത്തോടെ അവളുടെ കൈവിരലുകൾക്കിടയിൽ
ഞെങ്ങിഞെരുങ്ങി കൊണ്ടിരുന്ന
കടലാസ് തുണ്ട് അവൻ വാങ്ങി. ആശ്ചര്യത്തോടെ അവളുടെ കണ്ണുകൾ വിടർന്നു. അവളിൽ നിന്നും ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉയർന്നു. ഫോമുകൾ വിൽക്കുന്ന കൗണ്ടറിൽ പോയി ആവശ്യമായ ഫോമുകൾ വാങ്ങിക്കൊണ്ടു വരാൻ അവൻ പറഞ്ഞു. തൊട്ടപ്പുറത്തുള്ള വാഗമര തറയിലിരുന്ന് അവർ അപേക്ഷകൾ പൂരിപ്പിക്കാൻ തുടങ്ങി. ആവശ്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞും സ്പെല്ലിങ് ഉറപ്പുവരുത്തും അവൻ തന്നെയാണ് അവൾക്കുവേണ്ടി ഫോറം പൂരിപ്പിച്ചത്. അവളുടെ മനസിലെ പിരിമുറുക്കം കുറഞ്ഞുവന്നു. സ്വതസിദ്ധമായ പെൺ മൊഴികളാൽ അവന്റെ കാതുകൾ നിറഞ്ഞൊഴുകി. പൂരിപ്പിച്ച അപേക്ഷാഫോറങ്ങളുമായി അവർ പരീക്ഷാഭവനിലേക്ക് നടന്നു. വാതിലിനരികെ കാക്കി യൂണിഫോം ഇട്ട സെക്യൂരിറ്റികൾ നിൽക്കുന്നു. തൊപ്പി വെച്ച തടിമാടന്മാരെ കണ്ടപ്പോൾ അവൾ അവനോട് ചേർന്ന് നിന്നു . പോക്കറ്റിൽ നിന്നും സ്റ്റുഡന്റ്സ് ഐഡി കാർഡ് എടുത്ത് കാണിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥന് ഒരു ചിരിയും സമ്മാനിച്ച് അവളെയും കൂട്ടി അവൻ പരീക്ഷ ഭവനിലെ മൂന്നാം നിലയിലേക്ക് പടികൾ കയറാൻ തുടങ്ങി.

 വരാന്തകളിലും വഴികളിലും ചുമരിനോട് ചേർന്ന് ഫയലുകൾ കൂട്ടിയിട്ടിരിക്കുന്നു. അകത്തു ഓരോ വിംഗിലും നൂറുകണക്കിന് ജീവനക്കാർ മേശപ്പുറത്തെ പേപ്പർ കൂമ്പാരങ്ങളിൽ തലപൂഴ്ത്തി ഇരിക്കുന്നു. ടൈപ്പ് റൈറ്ററുകൾ നിലക്കാതെ ചിലച്ചുകൊണ്ടിരിക്കുന്നു. ഉറക്കച്ചടവോടെ മുക്കിയും മൂളിയും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനുകൾക്ക് യൂണിവേഴ്സിറ്റി യോളം തന്നെ പഴക്കം തോന്നിക്കുന്നു. പിരിയൻ കോണികൾ കയറി കയറി അവർ മൂന്നാം നിലയിൽ എത്തി. അന്വേഷണ കൗണ്ടറിൽ നിന്ന് കുറിച്ചുകൊടുത്ത സെക്ഷൻ കണ്ടെത്തി. പൂരിപ്പിച്ച ഫോമുകൾ ഓഫീസറെ കാണിച്ചു.

  'കുറച്ചു സമയമെടുക്കും പുറത്ത് വെയിറ്റ് ചെയ്തോളൂ' എന്ന് മാത്രം പറഞ്ഞു അയാൾ.
'എത്ര മണിക്ക് വരണം, സാർ' എന്ന് ചോദിച്ചത് അവനായിരുന്നു. ഒന്ന് ആലോചിച്ചതിനു ശേഷം ഓഫീസർ പറഞ്ഞു: 'മൂന്ന് മണിക്ക് ശേഷം...., നാല്  നാലുമണിക്ക് വന്നോളൂ'.

 പരീക്ഷാ ഭവനിൽ നിന്നും ഇറങ്ങുമ്പോൾ അവൾ എന്തൊക്കെയോ നിർത്താതെ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. സമയം ഉച്ചയോടു അടുക്കുന്നതേയുള്ളൂ. മൂന്ന് നാല് മണിക്കൂർ സമയം ഉണ്ട് . ഇനി എന്ത് ചെയ്യും.
'നീ ക്യാമ്പസ് കണ്ടിട്ടുണ്ടോ?' അവൻ ചോദിച്ചു.
'ഇല്ല കാണിക്കാമോ?'
'വരൂ, നമുക്ക് നടക്കാം'.
 ആ നടത്തം അവൾക്ക് വലിയ ആശ്വാസമായി തോന്നി. പരീക്ഷാഭവനിൽ നിന്നും ഇറങ്ങി അവർ വലത്തോട്ടു നടന്നു. ക്യാമ്പസിലെ പ്രധാന വീഥിയുടെ അരിക് ചേർന്ന് നടപ്പാതയിലൂടെ മുന്നോട്ട് നടന്നു. അവർ യൂണിവേഴ്സിറ്റി പാർക്കിന് അടുത്തെത്തി. ഒരു നിമിഷം നടത്തം നിർത്തി അവൻ കൈ ചൂണ്ടി കാണിച്ചു കൊണ്ട് തെല്ല് അഭിമാനത്തോടെ പറഞ്ഞു 'ഇത് ഞങ്ങളുടെ പാർക്ക് . ഈ വർഷം ഉദ്ഘാടനം കഴിഞ്ഞതേയുള്ളൂ. വൈസ് ചാൻസലർ കുറുപ്പ് സാർ പ്രത്യേകം താൽപര്യമെടുത്ത് പണിയിച്ചതാണ്. ചെടികളും പൂക്കളും ഒക്കെ മനോഹരമായി നട്ടുപിടിപ്പിച്ചിട്ടുണ്ട്.  ഘട്ടം ഘട്ടമായിട്ടാണ് പാർക്ക് വികസിപ്പിക്കുന്നത്. ഞങ്ങൾ ക്യാമ്പസ് ജീവികൾക്ക് വലിയൊരു ആശ്വാസം ആണിത് '. അവൾ ആശ്ചര്യത്തോടെ പാർക്കിലേക്ക് തന്നെ നോക്കിക്കൊണ്ട് നടന്നു. യൂണിവേഴ്സിറ്റി സർക്കിളും അതിനപ്പുറത്തെ കൂറ്റൻ സെന്റ്രൽ ലൈബ്രറിയും കാണിച്ചുകൊടുത്തു. 'ഇത്രയും വലിയ ലൈബ്രറിയോ' അവൾ അത്ഭുതംകൂറി. സർക്കിളിന്റെ സിമൻറ് തറയിൽ പുല്ലാണി തണലിൽ അവർ ഇത്തിരി നേരം ഇരുന്നു. ഒരുപാട് കാലത്തെ പരിചയം ഉള്ളതുപോലെ ആയിരുന്നു അവരുടെ സംസാരവും അടക്കം പറച്ചിലും .

 അടുത്തുള്ള ക്യാന്റീനിൽ കയറി 15 രൂപ വിലയുള്ള രണ്ട് സ്റ്റുഡൻറ് കൂപ്പൺ വാങ്ങി. ഊണിന് ഉള്ളതാണ്. മാർബിൾ ടോപ്പ് ഉള്ള ടേബിളിന് അപ്പുറവും ഇപ്പുറവും ഇരുന്ന് ഊണ് കഴിക്കാൻ തുടങ്ങി. സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി ഒരു പ്രത്യേക സ്വാദ് സാമ്പാറിനും മീൻകറിക്കും. പതിവില്ലാത്തവിധം അവൻ വീണ്ടും ചോറ് ചോദിച്ചു വാങ്ങി കഴിച്ചു. പുറത്തിറങ്ങി നടക്കാൻ തുടങ്ങി. കെമിസ്ട്രി, ഫിസിക്സ് ഡിപ്പാർട്ട്മെൻറ്കൾ കടന്ന് ബൊട്ടാണിക്കൽ ഗാർഡൻ വരെ പോയി തിരികെ നടന്നു. താൻ പഠിച്ച സ്കൂളും ജനിച്ച നാടും നാട്ടുരസങ്ങളും കോളേജിലെ കൂട്ടുകാരും ഒക്കെ അവളുടെ സംസാരത്തിൽ കുത്തിയൊലിച്ചു വരുന്നുണ്ടായിരുന്നു. കുടയില്ലാതെ പുറത്തിറങ്ങിയവന്റെ തലയിൽ വേനൽമഴ പെയ്തിറങ്ങിയത് പോലെയാണ് അവന് ആ സംസാരം അനുഭവപ്പെട്ടത്.

 'രണ്ടുമണിക്ക് എനിക്കൊരു പ്രാക്ടിക്കൽ ക്ലാസ് ഉണ്ട്' അവൻ പറഞ്ഞു. 'എച്ച് ഓ. ഡി യുടെ ക്ലാസ്റ്റാ. ആള് ഭയങ്കര സ്ടിക് ടാ,  ക്ലാസിൽ കയറാതിരുന്നാൽ പ്രശ്നമാവും. ഒരു മണിക്കൂർ കഴിഞ്ഞ് ഞാൻ വരും. അതുവരെ നീ ലൈബ്രറിയിൽ ഇരുന്ന് പത്രം വായിക്ക്.'
 അവൻ പ്രതീക്ഷിച്ച ഞെട്ടലോ നിരാശയോ അവളിൽ ഉണ്ടായില്ല. 'ശരി, ഒ.ക്കെ' എന്ന് മാത്രം പറഞ്ഞ് അവൻ കാണിച്ചു കൊടുത്ത വഴിയിലൂടെ അവൾ ലൈബ്രറിയിലേക്ക് നടന്നു.  ചറപറ പെയ്തുകൊണ്ടിരുന്ന ആ മഴ തോർന്നു.

 പരീക്ഷാ ഭവനിൽ നിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ആദ്യം വന്ന ബസ്സിൽ  തിരക്കായതിനാലും രണ്ടാമത്തേത് കെഎസ്ആർടിസി ആയതിനാലും അവൾ കയറിയില്ല.  ഇടതടവില്ലാതെ ഒഴുകുന്ന അവളുടെ സംസാരം ഒരു കൗതുകത്തോടെ അവൻ കേട്ടുകൊണ്ടിരുന്നു.

 ആഴ്ചകൾക്കുശേഷം ഓഫീസിലെ അറ്റൻഡർ ഒരു കത്തുമായി അവനെ തേടി വന്നു. ഫ്രം അഡ്രസ്സിന്റെ ഭാഗത്ത് ഒരു കയ്യൊപ്പ് മാത്രമേയുള്ളൂ. പേരോ വിലാസമോ ഇല്ല. ആകാംക്ഷയോടെ കത്തു തുറന്നു വായിച്ചു.
'അടുത്തയാഴ്ച ഞാനും എൻറെ കൂട്ടുകാരിയും യൂണിവേഴ്സിറ്റിയിൽ വരുന്നുണ്ട്, കാണണം. ഞാൻ നിങ്ങളുടെ ഡിപ്പാർട്ട്മെന്റിൽ വരാം'.

 പടിഞ്ഞാറ് നിന്നും ഒഴുകിയെത്തിയ ഒരു കാർമേഘം പുതു മഴയായി പെയ്തിറങ്ങി അവൻറെ ഉള്ള നനച്ച് കുളിരണിയിച്ചു. മൂർദ്ധാവിൽ പെയ്ത ഒരു മഴത്തുള്ളി ഒലിച്ചിറങ്ങി മൂക്കിൻ തുമ്പിൽ നിന്ന് വിറച്ചു. ആ പളുങ്കു തുള്ളിയിൽ ഒരു പുഞ്ചിരി മിന്നിത്തിളങ്ങുന്നത് അവൻ കണ്ടു.

 പിന്നീട് ഒരിക്കൽ കൂടി അവൾ ക്യാമ്പസിൽ വന്നു. അത് അവനെ കാണാൻ വേണ്ടി മാത്രം ആയിരുന്നു. അവൻറെ ക്ലാസുകൾ തീരാറായ സമയമായിരുന്നു അത്. കുറെ സംസാരിച്ചു, ഭക്ഷണം കഴിച്ചു. യൂണിവേഴ്സിറ്റി പാർക്കിലെ മഹാഗണി മരത്തണലിലും ലൈബ്രറി വരാന്തയിലും സമയം ചെലവഴിച്ചു. വൈകുന്നേരം ആവുകയും സൂര്യവെയിൽ ക്ഷീണിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ അവർ നടക്കാനിറങ്ങി. ലാംഗ്വേജ് ബ്ലോക്കും പ്ലാനറ്റോറിയം കടന്ന് ലേഡീസ് ഹോസ്റ്റലിന്റെ മുന്നിലൂടെ റോഡ് മുറിച്ചു കടന്ന് അവർ ബ്യൂട്ടി സ്പോട്ടിൽ എത്തി. തലമുറകളായി ക്യാമ്പസിൽ എത്തുന്ന ഓരോ വിദ്യാർത്ഥിയും നെഞ്ചോടു ചേർത്തു വയ്ക്കുന്ന ഒരിടം . രാഷ്ട്രീയവും തത്വശാസ്ത്രവും സാഹിത്യവും കലയും ഒക്കെ ഗൗരവത്തോടെ  ചർച്ചയ്ക്ക് വെയ്ക്കുന്ന ഓപ്പൺ സ്പേസ് . വൈകുന്നേരങ്ങളിൽ ഏറ്റവും മനോഹരമായി പ്രണയവും സൗഹൃദവും സ്നേഹവും പൂത്തുനിൽക്കുന്ന ക്യാമ്പസ് താഴ്‌വര. ബ്യൂട്ടി സ്പോട്ട്ലെ പ്രണയ താഴ്‌വരയിൽ അവർ കുളിർകാറ്റു കൊണ്ടിരുന്നു. പടിഞ്ഞാറെ മാനത്ത് കുങ്കുമം വിതറുകയും രാകുയിലുകൾ പാടാൻ തുടങ്ങുകയും ചെയ്തപ്പോൾ അവർ തിരികെ നടന്നു.

 ക്യാമ്പസിലെ പഠനവും നല്ല നാളുകളും കഴിഞ്ഞുപോയി. ജോലി അന്വേഷിച്ച് പലസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇൻറർവ്യൂ അറ്റൻഡ് ചെയ്തു. അലച്ചിലുകൾക്ക് ഒടുവിൽ വീട്ടിൽനിന്നും കുറെ ദൂരെ ഒരിടത്ത് ജോലികിട്ടി. ചെറുതെങ്കിലും അതൊരു ആശ്വാസമായിരുന്നു. വൈകാതെ ഉപരിപഠനത്തിന് പോകണം എന്ന് ആഗ്രഹിച്ചതാണെങ്കിലും ജോലിയിൽ കുറേക്കാലം തുടരേണ്ടി വന്നു. അങ്ങനെയിരിക്കെ ഒരിക്കൽ വീട്ടിലെത്തിയപ്പോൾ ഒരു ഇളം നീല ഇൻലാന്റ്  ലെറ്റർ അവനെ കാത്ത് മേശപ്പുറത്ത് ഇരിക്കുന്നു.

'131 BN ബിഎസ്എഫ്,
സീമാ നഗർ പി ഒ.,
നായ്ഡ ജില്ല,
 വെസ്റ്റ് ബംഗാൾ, പിൻ: 7 4 1 16 6'

എന്ന വിലാസത്തിൽ നിന്നാണ് കത്ത് വന്നിരിക്കുന്നത്.  ഒരുപാട് കാലത്തിനു ശേഷം, മറവിയുടെ മാറാലകൾ ഓർമകളെ മറക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും അവളുടെ കത്ത് വന്നിരിക്കുന്നത്. ബിഎസ്എഫിൽ വോളിബോൾ താരമായിരുന്നു അവളുടെ ഭർത്താവ്. രാജ്യത്തിൻറെ പലഭാഗങ്ങളിലും താമസിച്ച് ഇപ്പോൾ ബംഗാളിൽ എത്തിയിരിക്കുന്നു. ആ കത്ത് ഒരുപാട് തവണ ആവർത്തിച്ചു വായിച്ചിട്ടുണ്ട്. അറ്റുപോയ ആ സൗഹൃദം വീണ്ടും കൂടുതൽ ഊഷ്മളമായി. മാസത്തിലൊരിക്കലെങ്കിലും അവളുടെ കത്തുകൾ വന്നുകൊണ്ടിരുന്നു. ജോലിത്തിരക്കിനിടയിലും എല്ലാറ്റിനും കൃത്യമായി അവൻ മറുപടി കൊടുത്തു കൊണ്ടിരുന്നു. പിന്നീട് എപ്പോഴോ . ആ മഴ മുറിഞ്ഞു. അഡ്രസ്സ് ഡയറി മടക്കി അയാൾ പുസ്തക ഷെൽഫിൽ തിരികെ കൊണ്ടുവച്ചു. എത്ര ശ്രമിച്ചിട്ടും ഓർത്തെടുക്കാൻ കഴിയാത്ത ആ മുഖത്തിന് വേണ്ടിയുള്ള ആലോചന അയാളെ അസ്വസ്ഥനാക്കി. അമൂല്യമായ എന്തോ നഷ്ടപ്പെട്ട ദുഃഖത്തിൽ ഗാഢമായ ചിന്തയിൽ ഉഴറി നടക്കവേ, ഒരു വിളിയാളം അയാളുടെ കാതുകളിൽ വന്ന് പതിച്ചു.
'ഊൺ എടുത്തു വെച്ചിരിക്കുന്നു കഴിക്കാൻ വന്നോളൂ ....'.

Sunday, April 12, 2020

വായന: പാതിരാ കുയിലിന്റെ രാഗം / ഡോ. ത്വാഹാ ഹുസൈൻ

പാതിരാ കുയിലിൻറെ രാഗം / ഡോക്ടർ ത്വാഹാ ഹുസൈൻ
വിവർത്തനം: പി മുഹമ്മദ് കുട്ടശ്ശേരി.
 പ്രസാധനം: സമന്വയം ബുക്സ്, കോഴിക്കോട്, 2002. p 167, ₹60.00
വായന: മുസ്തഫ മണ്ണാർക്കാട്


 വിശ്വ പ്രസിദ്ധ അറബി സാഹിത്യകാരൻ ഡോക്ടർ ത്യാഹാ ഹുസൈന്റെ 'ദുആഉൽ കർവാൻ' എന്ന നോവലിൻറെ മലയാള വിവർത്തനം ആണിത്. 1889 ൽ ജനിച്ച ത്വഹാ മൂന്നാം വയസ്സിൽ അന്ധൻ ആവുകയായിരുന്നു. സാഹിത്യകാരൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ത്വാഹ ഇടക്കാലത്ത് ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി വരെ ആയിരുന്നു. 7 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി സിനിമയാക്കിയപ്പോൾ അന്താരാഷ്ട്ര ബഹുമതി ലഭിക്കുകയും ചെയ്തിരുന്നു.

 തലചായ്ക്കാൻ ഇടമില്ലാതെ പട്ടിണിപ്പാവങ്ങൾ ജോലിക്കായി പട്ടണത്തിൽ എത്തുമ്പോൾ അനുഭവിക്കുന്ന പീഡനങ്ങളും വിവേചനങ്ങളും വിവരിക്കുകയാണ് ഈ നോവലിൽ. കൈറോവിൽ നിന്നും അകലെയുള്ള ഈജിപ്തിലെ ഒരു നാട്ടിൻപുറം പശ്ചാത്തലമാക്കി രചന നിർവഹിച്ചതാണ് എങ്കിലും പച്ചയായ മനുഷ്യ പറ്റുണ്ട് നോവലിന് . ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് കഥാകൃത്ത് നോവലിൽ . ഭർത്താവ് മരണപ്പെട്ട അമ്മയും രണ്ട് പെൺമക്കളും ജോലിതേടി പട്ടണത്തിൽ എത്തുന്നു പലയിടത്തും അന്വേഷിച്ച് ഒടുവിൽ മൂന്ന് പേർക്കും മൂന്നു വീടുകളിൽ അടുക്കള ജോലി തരപ്പെടുന്നു. ആഴ്ചയിലൊരിക്കൽ അവർ ഒരിടത്ത് ഒത്തുകൂടി സ്നേഹം പങ്കിടുന്നു.

 ഒരു യുവ എൻജിനീയറുടെ വീട്ടിലായിരുന്നു മൂത്ത മകൾക്ക് ജോലി. സർക്കാർ ഉദ്യോഗസ്ഥന്റെ ഏക പുത്രി ഖദീജക്ക് കൂട്ട് കൂടുക എന്നതായിരുന്നു ഇളയ പുത്രി ആമിനയുടെ ജോലി. കാലം കടന്നപ്പോൾ കദീജയുമായി വല്ലാത്തൊരു അടുപ്പം ഉണ്ടാക്കാൻ ആമിനക്ക് കഴിഞ്ഞു. വേലക്കാരി ആയിരുന്നെങ്കിലും കദീജക്കൊപ്പം ആമിനയും അക്ഷരത്തിലെ വെളിച്ചം കണ്ടു.

അതിനിടെ മൂത്തമകൾ ഹനാദി വീട്ടുടമസ്ഥൻ ആയ എൻജിനീയറാൽ വഞ്ചിക്കപ്പെടുന്നു. വിവരം അറിഞ്ഞ മാതാവ് മക്കളെയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോകുന്നു അവിടെ ഉദാരനായ ഒരു ഹാജിയുടെ വീട്ടിൽ അതിഥിയായി കഴിയുന്നു. ഒടുവിൽ അവരുടെ സഹോദരൻ അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി ഒരിക്കൽ ചെന്നെത്തുന്നു. ഒരു രാത്രിയിലാണ് അവർ യാത്ര തുടങ്ങിയത്. വഴിവക്കിൽ വെച്ച് ഹനാദിയെ അയാൾ വധിച്ച് മരുഭൂമിയിൽ കുഴിച്ചിടുന്നു.  തിരിച്ച് നാട്ടിലെത്തിയ ആമിനയുടെ ഹൃദയം ഭ്രാന്തമായ അസ്വസ്ഥതയിൽ ആവുന്നു. ഹനാദിയെ പീഡിപ്പിച്ച എൻജിനീയറോടും, വധിച്ച അമ്മാവനോടും അവൾക്ക് പ്രതികാരം ഉണ്ടായി. ഒരു പ്രഭാതത്തിൽ അവൾ വീടുവിട്ടിറങ്ങി മുമ്പ് ജോലി ചെയ്തിരുന്ന കദീജയുടെ വീട്ടിലെത്തി ജോലി തുടർന്നു.

 ഹനാദിയെ പിഴപ്പിച്ച എൻജിനീയറാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് എന്നറിഞ്ഞത് മുതൽ ആമിനയുടെ ഹൃദയം അശാന്തമായി. അവിടെ പുതുതായി വന്ന വേലക്കാരിയോട് പോലും ആമിനക്ക് അറപ്പും വെറുപ്പും തോന്നി. അതിനിടെ തന്റെ കൂട്ടുകാരി ഖദീജയെ ആ എഞ്ചിനിയറെ കൊണ്ട് കെട്ടിക്കാൻ ഉള്ള വിവരം അവളറിഞ്ഞു. അതിനെ തകർക്കാനുള്ള തന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് ആമിന ചിന്തിച്ചത്. ഒടുവിൽ അവൾ അതിൽ വിജയിച്ചു. അവിടെ നിന്നും നാടുവിട്ടു. ഒരു പരിചിത അവൾക്ക് മറ്റൊരു വീട്ടിൽ ജോലി ശരിയാക്കി കൊടുത്തു. അധിക നാൾ കഴിയുന്നതിനു മുമ്പ് അവിടെ നിന്നും ഇറക്കി വിട്ടു. പിന്നെ അവൾ പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിച്ച അതെ എഞ്ചിനിയറുടെ വീട്ടിൽ തന്നെ അവൾക്ക് ജോലി കിട്ടുന്നു. ആദ്യ ദിവസം തന്നെ എൻജിനീയർ അവളിൽ അനുരക്തൻ ആകുന്നു. എന്നാൽ ഒഴികഴിവുകൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും അവൾ വഴങ്ങാതെ മാറിനിന്നു . ഒടുവിൽ എൻജിനീയർ പരാജിതൻ ആവുന്നു. ജോലി മാറ്റം കിട്ടിയ എൻജിനീയർ ആമിനയെ കൂടെ കൂട്ടി. തൻറെ എല്ലാ ക്രൂരതകളും നിർത്തി എൻജിനീയർ ആമിനയോട് മാപ്പ് ചോദിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ അത്തരമൊരു ജീവിതം സാധ്യമല്ല എന്ന് വിശ്വസിച്ച് ആമിനക്ക് അതിനു സമ്മതം മൂളാൻ കഴിഞ്ഞില്ല. ആമിന തന്റെ ചരിത്രം മുഴുവൻ അയാൾക്ക് വിവരിക്കുന്നു. പാപ ഭാരത്താൽ ദുഖിതനെങ്കിലും ആമിനയെ  കൂടാതെയുള്ള ജീവിതം അസാധ്യം എന്ന് അയാൾ തിരിച്ചറിയുന്നു.

 നോവലിൻറെ ഭാഷയും രചനയുടെ ഒഴുക്കും വളരെ ആകർഷകമാണ്. ആദ്യപതിപ്പ് NBS ലൂടെ പുറത്തുവന്നിരുന്നു. രണ്ടാം പതിപ്പ് അക്ഷരത്തെറ്റുകൾ കൊണ്ട് വിരസത സൃഷ്ടിക്കുന്നു എന്ന് പറയാതെ വയ്യ.

https://youtu.be/cwdIqBOTmT0



Friday, April 10, 2020

വായന: യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ

യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ
 വായന:   മുസ്തഫ മണ്ണാർക്കാട്


സുന്ദരനായ കെമിസ്ട്രി അധ്യാപകൻ ശ്രീനിവാസൻ എന്ന ശ്രീനി കോളേജ് പെൺകുട്ടികളുടെ ആരാധനാപാത്രം ആയിരുന്നു. ലാബിൽ വെച്ചുണ്ടായ പൊട്ടിത്തെറി അപകടത്തിൽ ആസിഡ് മുഖത്ത് പതിച്ച് ഒരു കവിൾ നിശ്ശേഷം നശിച്ചു പോയി. ഭീകരവും ബീഭത്സവുമായ ഒരു മുഖമായിരുന്നു പിന്നീട് അയാൾക്ക് . ആരാധിക മാരും കാമുകിയും അകന്നുപോയി. ജീവിതത്തിലെ മോഹങ്ങൾ നശിച്ച ശ്രീനി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കഴിയാൻ കൊതിച്ചു. നേരമ്പോക്കിന് യക്ഷികളെയും മന്ത്രവാദത്തേയും പറ്റി പഠിക്കാൻ തീരുമാനിച്ചു. താളിയോല ഗ്രന്ഥങ്ങളിലും മന്ത്രവാദികളുടെ അടുത്തും മറ്റും ഗവേഷണം നടത്തി. അതിനിടയിൽ ടൗൺഹാളിന് അടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വച്ച് രാഗിണിയെ കണ്ടുമുട്ടി, രാത്രി 8 മണിക്ക്. ആ അപ്സര സുന്ദരി നിരാശാ പൂർണ്ണമായ ശ്രീനിയുടെ ജീവിതത്തിലേക്ക് പങ്കാളിയായി കടന്നു വന്നു. അവളുടെ വീടോ നാടോ ബന്ധങ്ങളോ മറ്റൊന്നും ശ്രീനിക്ക് അറിയില്ലായിരുന്നു. അവൾ പറഞ്ഞിട്ടും ഇല്ലായിരുന്നു.
രാഗിണിയുടെ ചലനങ്ങളിൽ ഒക്കെയും ശ്രീനി അമാനുഷികത കണ്ടെത്തി. അവൾ പറഞ്ഞപ്പോൾ മുറ്റത്തെ പാല പൂത്തു.  അവളെ കണ്ടപ്പോൾ അയൽപക്കത്തെ നായ കുരച്ചു.. അവൾ വാരിയെടുത്തപ്പോൾ പോമറേനിയൻ നായ ജൂഡി മരിച്ചു. അവൾ ധരിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആഭരണങ്ങളാണ്. അങ്ങനെ പലതും . വികൃത രൂപിയായ ശ്രീനിയെ സ്നേഹിക്കാൻ ലോകത്ത് ഒരു സ്ത്രീയും ഉണ്ടാവില്ലെന്ന് ശ്രീനി അറിഞ്ഞു. കോളേജിലെ കാമുകി വിജയലക്ഷ്മി അവനെ കൈവെടിഞ്ഞു. ഒരിക്കൽ ദാഹാർത്തയായി വന്ന വനജ എന്ന വിദ്യാർഥിനി തിരിഞ്ഞ് നോക്കാതെ യായി ശ്രീനി രാഗിണിയെ വിവാഹം കഴിച്ചു. എന്നാൽ ഒരിക്കൽപോലും രാഗിണിയെ പ്രാപിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. രാഗിണിയിലേക്ക് എത്തുമ്പോൾ ശ്രീനി ഒന്നും അല്ലാതാകുന്നു. പലതവണ ശ്രമിച്ചിട്ടും ശ്രീനി പരാജയപ്പെടുന്നു. തൻറെ പരാജയം കഴിവുകേട് അല്ല എന്ന് ഉറക്കെ വിശ്വസിക്കുകയാണ് ആണ് ശ്രീനി. രാഗിണി യക്ഷിയാണ്. ഞാൻ അവളെ പ്രാപിച്ചു കൂടാ. അങ്ങനെ ചെയ്താൽ ഞാൻ മരിക്കും. എൻറെ ശക്തി കുറവ് ഒരു പ്രതിരോധമാണ്. മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു രക്ഷാകവചം . ശ്രീനിയുടെ ഭ്രാന്തമായ പെരുമാറ്റങ്ങൾ സുഹൃത്തുക്കളിൽ വേദനയുളവാക്കുന്നു. ചന്ദ്രശേഖരനും  കല്യാണി അമ്മയുമൊക്കെ ദുഃഖിതരാണ്. രാഗിണിയെ തല ചുമരിൽ ഇടിച്ച് മുറിവേൽപ്പിച്ചതിൽ പിന്നെ അവൾ കൊട്ടാരക്കരക്ക് പോയി. ശ്രീനിക്ക് മുഴുഭ്രാന്ത് ആവുന്നു. പക്ഷേ ഒരിക്കൽ പോലും തനിക്ക് മാനസികനില തെറ്റിയതായി ശ്രീനി കണ്ടില്ല, അത് അംഗീകരിച്ചതുമില്ല. ചന്ദ്രശേഖരന്റെ നിർബന്ധത്തിനു വഴങ്ങി ശ്രീനി രാഗിണിയെ കൂട്ടിക്കൊണ്ടു വരുന്നു.  യക്ഷിയമ്പലത്തിന്റെ മുന്നിലെ പച്ചപ്പുൽ പടർപ്പിൽ ശ്രീനിയുടെ മടിയിൽ തലവെച്ച് രാഗിണി തൻറെ കഥ പറഞ്ഞു തുടങ്ങി. ഇന്നോളം ശ്രീയോട് പറയാത്ത കഥ . കഥ അവസാനിക്കുമ്പോൾ തന്നെ പുണരാൻ രാഗിണി ശ്രീയോട് ആവശ്യപ്പെടുന്നു. ശ്രീനി വീണ്ടും പരാജയപ്പെടുന്നു. അവസാനത്തെ പരാജയം. അവൾ നിരാശാഭരിതമായി എഴുന്നേറ്റു . അവൾ ഒന്നുലഞ്ഞു, പിന്നെ മങ്ങി. പുകച്ചുരുളുകൾ ഉയർന്നു. അവൾ അദ്യശ്യയായി. രാഗിണി അവിടെ അവസാനിക്കുന്നു. ശ്രീനി ഇപ്പോൾ ജയിലിലാണ്.
മനുഷ്യ മനസ്സിന്റെ വിഭ്രമം മലയാറ്റൂർ വിദഗ്ധമായി ചിത്രീകരിക്കുന്ന സുന്ദരമായ നോവൽ.
നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം 1989 P 246. 27 രൂപ

വഴി തുഷാരഗിരി... മുസ്തഫ, മണ്ണാർക്കാട്



നിശയുടെ സംഗീതം കണ്ണുകളെ ഉറക്കത്തിലേക്ക് ആനയിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം ആയി കഴിഞ്ഞപ്പോൾ മനപ്പൂർവ്വം  ഉറങ്ങരുത് എന്ന് തീരുമാനിച്ച് തന്നെയാണ് കിടന്നത്. അർദ്ധരാത്രിയിൽ വാതിലിൽ മുട്ട് കേട്ട് ഞെട്ടിയുണർന്നു. റൂമിലെ മുഴുവൻ പേരെയും തട്ടിയുണർത്തി എല്ലാവരും ധൃതിയിൽ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറി ഇറങ്ങി. ഞങ്ങളുടെ യാത്ര പുറപ്പെടാൻ തീരുമാനിച്ച സമയം രാവിലെ നാലുമണി ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയതും കോളേജ് മുറ്റത്ത് നിൽക്കുന്ന ടൂറിസ്റ്റ് ബസിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആവേശം. ഉറക്ക ക്ഷീണം എങ്ങോ പോയി മറഞ്ഞു. പിന്നെ എല്ലാവരും ബസ്സിലെ സൈഡ് സീറ്റിന് വേണ്ടിയുള്ള തിരക്കിലായിരുന്നു. ആവശ്യത്തിനുള്ള ലഘുഭക്ഷണവും ആയി ഞങ്ങൾ യാത്ര ആരംഭിച്ചു. ആവർത്തിക്കപ്പെടുന്ന ദിന കർമ്മങ്ങളിൽ നിന്നും വിരസമായ പുസ്തക കെട്ടിൽ നിന്നും തലയൂരാൻ കഴിഞ്ഞപ്പോൾ ഞങ്ങൾ ഓരോരുത്തരും ഓരോ പുതിയ ജന്മത്തിൽ ആയിരുന്നു.
ഞങ്ങളെയും കൊണ്ട് വാഹനം കോളേജ് ഗേറ്റ് കടക്കുമ്പോൾ പുറത്ത് ഇരുട്ട് മൂടിയിരുന്നു. ലോകം ഉറങ്ങിയിട്ടും  ഉറങ്ങാൻ കൂട്ടാക്കാതെ  ചൂളം വിളിച്ച്  ഇണയെ കാത്തിരിക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രം അങ്ങിങ്ങ് കേൾക്കുന്നുണ്ടായിരുന്നു.
ഇന്ന് 17 ഡിസംബർ 1998. അവസാന വർഷ ഡിഗ്രിക്കാലം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ഉള്ള ഞങ്ങളുടെ കോളേജിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.  സ്വല്പം നീക്കിയ ജനൽ പാളികളിലൂടെ മഞ്ഞ് കുതിർത്ത തണുത്തകാറ്റ് ശരീരത്തെയും ഒപ്പം മനസ്സിനെയും കുളിർമ കൊള്ളിച്ചു. കിഴക്കൻ ചക്രവാളത്തിൽ പൊന്നരഞ്ഞാണം പ്രത്യക്ഷമായി. ഉറക്കെച്ചുവയോടെ സൂര്യൻ മന്ദംമന്ദം കൺതുറന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഏറെക്കുറെ പരിചിതമായ സ്ഥലങ്ങളായിരുന്നു. പുറത്ത് നഗരങ്ങളും ഗ്രാമങ്ങളും ഉറക്കത്തിൽ നിന്നും പൂർണ്ണമായും ഉണർന്നിട്ടില്ല.  എന്തായാലും യാത്ര വിനോദയാത്ര ആവണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തിയ സംഗീത വീചികൾ കാതുകളെ ലഹരി പിടിപ്പിച്ചു തുടങ്ങി. പിന്നെ ആട്ടവും പാട്ടും കൈകൊട്ടും ഡാൻസും യാത്രക്കു മികവു കൂട്ടി.
ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് തുഷാരഗിരിയും വയനാടും ആയിരുന്നു. കൃത്രിമത്വം ഇല്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. മനുഷ്യ കരങ്ങൾ തീർത്ത കോൺക്രീറ്റ് മന്ദിരങ്ങളും പാഴ് വസ്തുക്കളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് നിറഞ്ഞ മലിനമായ നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കത്രിച്ചു മിനുക്കി നിർത്തിയ കൃത്രിമ സൗന്ദര്യത്തേക്കാൾ കണ്ണിനും കാതിനും മനസിനും ആനന്ദം പകരുന്നതാണ് പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കാട്ടാറുകളുടെ ഗാന വീചികൾക്ക് പക്ഷികൾ സംഗീതം നൽകുമ്പോൾ, വൃക്ഷങ്ങളും പുൽമേടുകളും താഴ് വരകളും  ചേർന്ന് സുന്ദര കാഴ്ചകൾ തീർക്കുമ്പോൾ, മറ്റെന്തിനെക്കാളും സൗന്ദര്യം പ്രകൃതിക്ക് തന്നെ.
കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലേക്ക് ആയിരുന്നു ഞങ്ങളുടെ ആദ്യ ഉന്നം. കാലത്ത് 9 മണിക്ക് മുമ്പ് ഞങ്ങൾ തുഷാരഗിരി കുന്നുകളുടെ താഴ് വാരത്തിൽ എത്തി. വാഹനം നിർത്തി ഒരു ട്രക്കിങ്ങിന് ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പല പല തട്ടുകളിലായി പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടം ആയിരുന്നു തുഷാരഗിരിയുടെ സൗന്ദര്യം. ഒന്നാമത്തെ വെള്ളച്ചാട്ടത്തിനു താഴെ എത്തിയ ഞങ്ങൾ അതിനപ്പുറത്തുള്ളത് കാണാൻ മോഹിച്ചു. സൂര്യൻ ചൂട് പിടിക്കുന്ന സമയം ആയതിനാൽ അന്തരീക്ഷത്തിലെ മഞ്ഞ് ഗണങ്ങൾ പോയി മറയാൻ തുടങ്ങിയിരുന്നു. പാറകൾക്ക് മുകളിൽ നിന്നും വെളുത്ത നൂലുകൾ പോലെ ഗിരിയുടെ പ്രസാദം താഴോട്ട് കുത്തനെ പാറക്കെട്ടുകളിൽ പതിച്ച് ചിന്നി ചിതറുമ്പോൾ നീലാകാശത്തിലെ മേഘ തുണ്ടുകൾ താഴെ വീണ് ചിതറുന്നുവോ എന്ന്  തോന്നിപ്പോകും. ഒന്നാം വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടാം വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങൾ കയറാൻ തുടങ്ങി. അവിടെ എത്തിയപ്പോഴേക്കും ഞങ്ങളിൽ പലരും ക്ഷീണിതരായി വഴിയിൽ ഇരിപ്പായി. കുത്തനെയുള്ള ഒറ്റയടിപ്പാതയിലൂടെ ഉള്ള മലകയറ്റം അൽപം സാഹസം തന്നെയായിരുന്നു. രണ്ടാം വെള്ളച്ചാട്ടത്തെക്കാൾ ആനന്ദകരം മൂന്നാം വെള്ളച്ചാട്ടം ആണെന്നറിഞ്ഞപ്പോൾ ഞങ്ങളിൽ ചിലർ വീണ്ടും മല കയറി. എന്നാൽ ഞങ്ങളിൽ ദുർബലർ -മിക്കവരും- രണ്ടാം വെള്ളച്ചാട്ടം കൊണ്ടുതന്നെ മതിയാക്കി കുളിക്കാനിറങ്ങി.
ഏറ്റവും മുകളിലെ വെള്ളച്ചാട്ടം വന്നു പതിക്കുന്നത് പാറക്കെട്ടുകൾ കൊണ്ട് പ്രകൃതി ഒരുക്കിയ ഒരു കൊച്ചു തടാകത്തിലാണ്. ആകാശം പോലെ തന്നെ തെളിമയാർന്നതായിരുന്നു ആ ജലാശയം. തടാകത്തിൽ  ഇറങ്ങാൻ തുടങ്ങവെ പലരും അടക്കം പറയുന്നത് കേട്ടു, ഇത് ഒരൽപ്പം ഡെയിഞ്ചറസ് ആണ്. മുമ്പ് പലരും തടാകത്തിൽ വീണു മരിച്ചിട്ടുണ്ട് സൂക്ഷിക്കണം. ദൈവ കൃപയാൽ ഞങ്ങളിൽ ആർക്കും ഒരു അപകടവും സംഭവിക്കാതെ തന്നെ ഞങ്ങൾ ആ നീല തടാകത്തിൽ നീന്തിത്തുടിച്ചു കുളിച്ചു കയറി. ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ കൂട്ടച്ചിരി. കൂട്ടത്തിലൊരുത്തൻ പാറപ്പുറത്ത് മലർന്നു കിടപ്പുണ്ടായിരുന്നു. അവൻ അറിഞ്ഞില്ല താൻ അട്ടകൾ പതിയിരിക്കുന്ന പാറക്ക് മുകളിൽ ആണ് അർദ്ധ നഗ്നനായി മലർന്ന് കിടക്കുന്നത് എന്ന്. വല്ലപ്പോഴും വരുന്ന വിനോദസഞ്ചാരികളാണ് അട്ടകൾക്ക് രക്തം കൊടുക്കുന്നത്. അവർ ആവോളം ഊറ്റി കുടിച്ചു രസിച്ചു. വെപ്രാളപ്പെട്ട് കരയിലേക്ക് ഓടിയ അവൻറെ പുറത്തുനിന്നും ശരീരത്തിൻറെ പലഭാഗങ്ങളിൽ നിന്നും ഞങ്ങൾ അട്ടകളെ പെറുക്കി എടുത്തു.
തുഷാരഗിരിയിൽ നിന്നും താഴെ ഇറങ്ങി മടക്കയാത്രക്ക് ഒരുങ്ങുമ്പോൾ വല്ലാത്ത മനോവേദന അനുഭവപ്പെട്ടു. മലയിറങ്ങി താഴെ എത്തിയപ്പോൾ പിന്നെ വിശപ്പാണ് ഞങ്ങളെ നയിച്ചത്. ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. താമരശ്ശേരി ചുരം കയറി പൂക്കോട് തടാകത്തിൽ ഒരല്പനേരം ബോട്ട് യാത്ര. ഉയർന്നുനിൽക്കുന്ന മലകളുടെ മടിത്തട്ടാണ് പൂക്കോട്ട് തടാകം. ശുദ്ധജലം നിറഞ്ഞ പൂക്കോട്ട് തടാകത്തിന് ആഴവും പരപ്പും വേണ്ടുവോളമുണ്ട്. രണ്ടു പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വയനാടൻ കുന്നുകളിലെ കാട്ടുപൂക്കളുടെ പൂമ്പൊടിയും സുഗന്ധവും കൈക്കുടന്നയിൽ എടുത്ത് പുഞ്ചിരിതൂകി കുണുങ്ങിക്കുണുങ്ങി അടുത്തുവന്ന്, ഞങ്ങൾ സഞ്ചാരികളെ തഴുകിത്തലോടി കവിളിൽ തൊട്ട് ഇക്കിളിപ്പെടുത്തി കടന്നുപോകുന്ന മന്ദമാരുതനെ നോക്കി ആമ്പൽ പൂക്കൾ നൃത്തം ചവിട്ടി. തടാകക്കരയിലെ ചവിട്ടുപടികളിൽ ഇരുന്ന് കാലുകൾ വെള്ളത്തിലേക്ക് തൂക്കിയിട്ടാൽ കൊച്ചു പരൽമീനുകൾ വന്ന് കാൽപ്പാദങ്ങളിൽ ഉമ്മവെച്ച് ഇക്കിളിപ്പെടുത്തും.  തടാകക്കരയിൽ ഒരുക്കിയ കൊച്ചു ഉദ്യാനത്തിലെ വിശ്രമം ഏറെ സംതൃപ്തി നൽകുന്നതായിരുന്നു.
പൂക്കോട് തടാകത്തിൽ നിന്നും മടങ്ങി വയനാട് കവാടം കടന്നു ചെന്ന ഞങ്ങളെ എതിരേറ്റത് 'ചെകുത്താൻ ചങ്ങല' ആയിരുന്നു. റോഡരികിലെ ഒരു മരച്ചില്ലയിൽ നിന്നും തൂക്കിയിട്ട നീളൻ ചങ്ങലക്ക് പറയാൻ ഒരു വലിയ കഥ ഉണ്ടായിരുന്നു. വെളളക്കാർക്ക് വയനാട്ടിലേക്ക് വഴി കാണിച്ച ആദിവാസിയെ സായിപ്പ് കൊലപ്പെടുത്തി. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് കടക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ടെത്തിയതിന്റെ ക്രഡിറ്റ് മറ്റാർക്കും കൊടുക്കാതിരിക്കാൻ ആയിരുന്നത്രെ സായിപ്പിന്റെ ആ കൊലച്ചതി.  അതിനുശേഷം സായിപ്പിൻറെ വാഹനം അതുവഴി കടന്നു പോകുമ്പോഴൊക്കെ ആദിവാസിയുടെ പ്രേതം അയാളെ വേട്ടയാടിക്കൊണ്ടിരുന്നുവത്രെ. ഒടുവിൽ ആ പിശാചിനെ പിടിച്ച് അവർ ചങ്ങലക്കിട്ടു. അതാണത്രേ വൃക്ഷ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചെകുത്താൻ ചങ്ങല. അസാധാരണത്വം ഉള്ളത് എന്തും ആരാധിക്കപ്പെടുന്ന നാടാണല്ലോ നമ്മുടേത്. ചെകുത്താൻ ചങ്ങലയുടെ ചുവട്ടിലും കാണാം വിളക്കും എണ്ണയും തിരിയും..!
വൈത്തിരിയിലെ വയനാടിന്റെ കവാടം കടന്നെത്തിയ  ഞങ്ങൾ ആദ്യം ബത്തേരിയിൽ ഉള്ള ഞങ്ങളുടെ സുഹൃത്തും, യാത്ര സംഘത്തിൻറെ ലീഡറും ആയ എംഎസ് റഷീദിന്റെ വീട്ടിൽ ഉച്ച ഭക്ഷണത്തിന് എത്തി. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മലമടക്കുകൾക്കിടയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടങ്ങളിൽ അങ്ങിങ്ങായി കാണപ്പെടുന്ന വീടുകൾക്ക്  ഒത്തിരി ഭംഗി. നട്ടുച്ച നേരത്തും തണുപ്പിന് ഒട്ടും കുറവില്ലായിരുന്നു.
അടുത്ത ലക്ഷ്യം മുത്തങ്ങ ആയിരുന്നതിനാൽ ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഇടക്ക് ബത്തേരിയിൽ ഇറങ്ങി ജൈൻ ടമ്പിൾ സന്ദർശിച്ചു.   കേരള കർണാടക അതിർത്തിയായ മുത്തങ്ങ വനം കാട്ടുകള്ളൻ വീരപ്പന്റെ വിഹാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. മുത്തങ്ങയിൽ വന്യമൃഗങ്ങളെ യഥേഷ്ടം കാണാൻ കഴിഞ്ഞു. ഗജവീരന്മാർ കൂട്ടംകൂട്ടമായി വഴിവക്കിലൂടെ അലയുന്നത് കാണാൻ വല്ലാത്ത രസം. പിടിയാനയും കൊമ്പനാനയും ഒരു വശം ചേർന്ന് നിന്നുകൊണ്ട് കൊച്ചാനക്ക്  തീറ്റ കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത ഓമനത്തം തോന്നും.  ആന സ്നേഹം കണ്ടപ്പോൾ അത്ഭുതം തോന്നി. മാൻ കൂട്ടങ്ങളും വാനരക്കൂട്ടങ്ങളും വരയനാടും പേരറിയാത്ത കുറെ പക്ഷികളും മയിലുകളും കുയിലുകളും യഥേഷ്ടം മുത്തങ്ങയിൽ സ്വച്ഛന്ദം വിഹരിക്കുന്നത് കാണാമായിരുന്നു.
കാനനത്തിൻറെ സൗന്ദര്യവും കാടിൻറെ മക്കളുടെ ഒരുമയും ഐക്യവും ഒക്കെ ഒരു ദിവസത്തെ കാഴ്ച കൊണ്ടാന്നും കണ്ട് തീർക്കാൻ ആവുന്നതല്ല എന്ന് അപ്പോഴാണ് മനസ്സിലായത്. വഴിയോരത്ത് കണ്ട ഭൂമിയുടെ മുഴുവൻ അവകാശികളോടും യാത്ര പറഞ്ഞ് കൈവീശി ഞങ്ങൾ മടങ്ങി. രണ്ടാം ദിവസം പ്രഭാതത്തോടെ ഞങ്ങൾ കോളേജിലേക്ക് തിരിച്ചെത്തി.
മനോഹരമായ ഒരു യാത്ര. വിസ്മരിക്കാനാവാത്ത പ്രകൃതി ഭംഗി.... മറക്കാൻ കഴിയാത്ത സാഹസികത.... വീണ്ടും ഒരിക്കൽ കൂടി ആ വഴികളിലൂടെ തന്നെ ഒരു യാത്ര നടത്തണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അത്രമേൽ മധുരിക്കുന്ന ഓർമ്മകൾ തന്ന യാത്രയായിരുന്നു അത്. പക്ഷെ കരുണയില്ലാത്ത കാലത്തിന്റെ കറക്കത്തിൽ  ഞങ്ങളുടെ ആ കലാലയ ജീവിതം പൊടുന്നനെ അവസാനിച്ചു....! ആഗ്രഹം പൂവണിയാതെ തന്നെ.

വായന: വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം



വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം
മുഹമ്മദ് അലി ശിഹാബ് ഐഎഎസ്
വായന: മുസ്തഫ,മണ്ണാർക്കാട്

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ഒരു സാധാരണ കുടുംബത്തിൽ 1980 ൽ ജനിച്ച മുഹമ്മദ് അലി ശിഹാബിന്റെ ജീവിതമാണ് ഈ പുസ്തകം.  അന്നന്നത്തെ ജീവിതത്തിന് കഷ്ടിച്ച് വരുമാനം കണ്ടെത്തിയിരുന്ന കോറോത്ത് അലിയുടെയും ഫാത്തിമ യുടെയും മകനായാണ് ജനനം. ഗ്രാമ പാതയോരത്ത് മുളകൊണ്ടുള്ള കുടയും, കയ്ലും, മുറവും,  മറ്റു വീട്ടു സാധനങ്ങളുമൊക്കെ വിൽക്കുന്ന പെട്ടിക്കട ആയിരുന്നു ഏക വരുമാനമാർഗ്ഗം. സാമ്പത്തികമായി നന്നേ പ്രയാസം അനുഭവിച്ച ബാല്യം. പതിനൊന്നാം വയസ്സിൽ പിതാവിൻറെ മരണത്തെതുടർന്ന് മുക്കം മുസ്ലിം അനാഥശാലയിൽ ചേർന്നു. തുടർന്ന് പത്തുവർഷം അനാഥശാല ജീവിതം. തുടർന്നങ്ങോട്ട് കഷ്ടതകളോട്  പോരാടി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ടു. കല്ലുവെട്ടു കുഴിയിലും, മാവൂരിലെ ഗ്വാളിയോർ റയോൺസ് കമ്പനിയിലും കൂലി പണി.  പിന്നീട് അനാഥശാലയിലും, സ്കൂളിലും  അധ്യാപകനായും സർക്കാർ ഓഫീസിലെ ഗുമസ്തനായും ജോലി. ഒടുവിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സകാത്ത് ഫൗണ്ടേഷന്റെ സഹായത്തോടെ സിവിൽ സർവീസ് പരിശീലനം. അങ്ങിനെ ഐ.എ.എസ് നേടി 2011 ൽ സർവീസിൽ എത്തുന്നതുവരെയുള്ള ജീവിതമാണ്  'വിരലറ്റം' പറയുന്നത്. ഇല്ലായ്മയിൽ നിന്ന് ഉയർന്നുവന്ന ഒരു ചെറുപ്പക്കാരന്റെ കഥ എന്നതിലപ്പുറം, എൻ എസ് മാധവൻ അവതാരികയിൽ എഴുതിയത് പോലെ 'ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ് ഈ പുസ്തകം'.
ശിഹാബിന്റെ 'വിരലറ്റം' ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. തൊണ്ണൂറുകളിലെ മലപ്പുറത്തെ ഗ്രാമീണ ജീവിതത്തിൻറെ നേർചിത്രം ആണിത് .  നാട്ടു ജീവിതത്തിൻറെ നന്മകളും സാമൂഹ്യ ജീവിതരീതികളും സാമ്പത്തികവും കാർഷികവും സാംസ്കാരികവുമായ ആയവ്യയങ്ങളുടെ ചരിത്രവും ഈ പുസ്തകത്തിൽ വായിക്കാം. ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പറയുന്ന ആത്മകഥ രചനാ രീതിയിൽ നിന്ന് വ്യത്യസ്തമായി, വായനക്കാരെ ആകർഷിച്ച് പിടിച്ച് ഇരുത്തുന്ന  നോവൽ രചനാ ശൈലിയാണ് ഈ പുസ്തകത്തിൻറെ പ്രത്യേകത.
ജീവിതത്തെയും സിവിൽ സർവീസ് പരീക്ഷയും എങ്ങനെയാണ് വിജയകരമായി നേരിട്ടത് എന്ന് ശിഹാബ് പറയുന്നുണ്ട്:
"സ്വന്തമായ വഴികളിലൂടെയാണ് ദീർഘദൂരം സഞ്ചരിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ദോഷ വൈരങ്ങൾ മനസ്സിനെ ഉലക്കാതെ  ഒഴിച്ചുനിർത്തിയതിനാൽ പ്രതിസന്ധികളിൽ നിന്ന്  ഊർജ്ജ പ്രവാഹം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞു" P 161.
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രചോദനവും, സാമൂഹ്യശാസ്ത്ര വിദ്യാർഥികൾക്ക് അവലംബവും, സാഹിത്യ കുതുകികൾക്ക് നല്ല വായനാനുഭവവും നൽകുന്നതാണ് 'വിരലറ്റം'. മൂന്ന് ഭാഗങ്ങളിലായി 21 ചെറു അധ്യായങ്ങളിൽ ആറ്റിക്കുറുക്കി എഴുതിയിരിക്കുകയാണ് ഒരു ജീവിതം.  ആദ്യഭാഗങ്ങളിൽ തനി നാടൻ ഗ്രാമ ശൈലികൾ ധാരാളം ഉപയോഗിച്ചിരിക്കുന്നതിനാൽ വായനക്കാരന് അല്പം പ്രയാസം തോന്നിയേക്കാം. എങ്കിലും ഉള്ളടക്കത്തോട് ഇണങ്ങി ചേരുന്നതോടെ വായനയുടെ ആസ്വാദനം കൂടിവരും. സിവിൽ സർവീസിന് മലയാളസാഹിത്യം ഐച്ഛികവിഷയമായി എടുക്കുകയും മലയാളത്തിൽ തന്നെ പരീക്ഷ എഴുതുകയും ചെയ്ത ശിഹാബിന്റെ വാക്കുകൾക്കും വരികൾക്കും ഒരു പ്രത്യേക ഭാഷ സൗന്ദര്യമുണ്ട്. ഒറ്റ വർഷം കൊണ്ട് നാല് പതിപ്പുകൾ ഇറങ്ങിയ 'വിരലറ്റം' ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നല്ല ഒരു പുസ്തകമാണ് 'വിരലറ്റം'.