യാത്രകൾക്ക് എന്നും നൂറു നിറങ്ങളാണ്.
അത് മനസ്സിണക്കമുള്ള കൂട്ടുകാരുമൊത്ത് ആവുമ്പോൾ പൊലിമ കൂടും.
ഇത്തവണ കേരളത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്
ഗ്രാമങ്ങളാണ് ലക്ഷ്യം.
അവകാശ നിഷേധങ്ങൾക്കെതിരെ വില്ലു വണ്ടി തെളിച്ച
മഹാനായ അയ്യങ്കാളിയുടെ ജന്മ ദിനമായിരുന്ന ആഗസ്ത്
28 നു ആയിരുന്നു
യാത്ര നിശ്ചയിച്ചത്. പതിവ് പോലെ രാവിലെ
ഏഴു മണിക്ക് കൊല്ലം
കരിക്കോട് നിന്നും യാത്ര പുറപ്പെട്ടു.
ആദർശ്, ഹരിലാൽ, ആഷിക്ക്, മുസ്തഫ,
റഹീം എന്നിവർ അടങ്ങുന്ന
താണ് യാത്ര സംഘം.
പുനലൂരിലേക്കുള്ള യാത്രയിൽ
കുന്നിക്കോട് ഇറങ്ങി പ്രാതൽ. ഒരു തമിഴ് ബ്രാഹ്മിൺ ഹോട്ടലിൽ നിന്നും ഇഡലി, പൂരി, ഉപ്പുമാവ്,
സാമ്പാർ, ചട്ണി, ചായ/ കോഫി, എന്നിവ അടങ്ങിയ 'മിനി ടിഫിൻ'. മനസ്സും വയറും നിറച്ച പ്രഭാത ഭക്ഷണം. പത്തു മണിയോടെ പുനലൂരും കടന്ന് 'പതിമൂന്ന്
കണ്ണറ പാല’ത്തിന് അടുത്തെത്തി. കൊല്ലം-ഷെങ്കോട്ട റെയിൽ പാതയിൽ കഴതുരുത്തിയിൽ 1902 ൽ ബ്രിട്ടീഷുകാർ നിർമിച്ചതാണ് 13 കമാനങ്ങളി ലായി ഉയർന്നു നിൽക്കുന്ന, രണ്ടു മലകളെ
തമ്മിൽ ബന്ധിപ്പിക്കുന്ന ‘പതിമൂന്ന് കണ്ണറ പാലം’. ഒഴിവു ദിവസമായതിനാൽ സന്ദർശകർ ഉണ്ട്.
ഞങ്ങൾ ആര്യങ്കാവ് വഴി തമിഴ് നാട്ടിലേക്ക് കടന്നു.
പ്രസിദ്ധമായ ഷെങ്കോട്ട പട്ടണം മുറിച്ചു കടന്ന് സൂര്യകാന്തിപൂക്കൾ വിരിയുന്ന സുന്ദരപാണ്ടി
പുരത്തേക്കാണ് യാത്ര. ഇടക്ക് അടുത്തുള്ള നഗരത്തിൽ ഒന്ന് കറങ്ങി (ഗൂഗിൾ മാപ്പ് കറക്കി
എന്നും പറയാം). പൊതുവെ തിരക്ക് കുറവായാണ് അനുഭവപ്പെട്ടത്. കടകൾ പലതും അടഞ്ഞു കിടക്കുന്നു.
ഒരുപാട് വഴികൾ. ഒന്ന് മറ്റൊന്നിലേക്കു തുറന്നിരിക്കുന്നതിനാൽ ആദ്യ യാത്രയിൽ വഴി തെറ്റാൻ
സാധ്യത വളരെ കൂടുതലാണ്. നഗരം പൊതുവെ വൃത്തിയുള്ളതായി
കാണപ്പെട്ടു.
ഞങ്ങൾ സൂര്യകാന്തിയുടെ നാട്ടിലേക്ക് തിരിച്ചു.
ഒട്ടേറെ ഇന്ത്യൻ സിനിമകൾക്ക് പാശ്ചാത്തല സൗന്ദര്യം നൽകിയ കർഷക ഗ്രാമമാണ്. സുന്ദരപാണ്ടിപുരം. എല്ലാ തരം പച്ചക്കറികളും കൃഷി ചെയ്യുന്ന ഗ്രാമം.
തക്കാളി, പച്ചമുളക്, വഴുതിന, വെള്ളരി, ചുരങ്ങ, മത്തൻ, കുമ്പളം, പയർ, വെണ്ട, തുവര, മുതിര,
അമര, പൊതിയിന, മല്ലി, ഉള്ളി, ചീര, വാഴ, തെങ്ങ്, അങ്ങിനെ എല്ലാം കൃഷി ചെയ്യുന്നു. സമ്മിശ്ര
കൃഷി രീതിയാണ് പിന്തുടരുന്നത്. പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന തമിഴ് ഗ്രാമങ്ങളിൽ
വലിയ കുളങ്ങൾ കുഴിച്ചാണ് ജലസേചനം. കേരളത്തിന്റെ ഓണ വിപണിയിലാണ് ഇപ്പോൾ കർഷകരുടെ പ്രതീക്ഷ.
കേരളത്തിൽ നിന്നും മറ്റും സന്ദർശകരായി എത്തുന്നവർ കർഷകരിൽ നിന്നും നേരിട്ട് വിഭവങ്ങൾ
വാങ്ങുന്നുമുണ്ട്.
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന മഞ്ഞപ്പൂക്കളുടെ
വശ്യതയാണ് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നത്. പ്രകൃതിയുടെ മൊത്തം സൗന്ദര്യവും ഒറ്റ
ഫ്രെയിമിൽ ഒരുക്കിയ പോലെ. ഒരു വശം ചരിഞ്ഞ് പുഞ്ചിരി തൂകി നിൽക്കുന്ന വലിയ സൂര്യകാന്തിപ്പൂക്കൾ.
ഓരോ പൂവിനടുത്ത് എത്തുമ്പോഴും അവൾക്ക് എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ. എത്ര കണ്ടിട്ടും
മതി വരാത്ത സൗന്ദര്യം. വശ്യമനോഹര പീതവർണ്ണം, മൃദുലമായ ഇതളുകൾ, മനസ്സകങ്ങളിലേക്കു ഒഴുകി
ഇറങ്ങുന്ന സുഗന്ധം, ചെന്തമിഴ്പാട്ടു മൂളി എത്തുന്ന ഇളം തെന്നൽ...! തേൻ കുടിച്ചും പൂമ്പൊടി
തിന്നും നൃത്തമാടുന്ന തേനീച്ച കൂട്ടങ്ങൾ...! മണ്ണിനോട് ചേർന്ന് നിന്ന കർമ്മ സാഫല്യത്തിന്റെ
ചെറു പുഞ്ചിരിയുമായി സന്ദർശകരെ സ്വീകരിക്കുന്ന കർഷകർ... അകം നിറച്ച കൺകുളിർമ്മ...!
പഴയ സിനിമ പാട്ടുകളിൽ കേട്ട് ശീലിച്ച തെങ്കാശി ചന്തയെ തേടി യാത്ര തുടർന്നു. യാത്ര മദ്ധ്യേ ഉള്ളി കർഷകരുമായി ഇത്തിരി നേരം കുശലം പറഞ്ഞ്, വിളവെടുപ്പ് കഴിഞ്ഞ ഉള്ളിപ്പാടങ്ങളിൽ അന്നം തേടുന്ന തമിഴത്തി പെണ്ണുങ്ങളോട് കൈ വീശി, തെങ്ങിൻ തോപ്പുകളും കാറ്റാടി പാടങ്ങളും മുറിച്ചു കടന്ന് ഞങ്ങൾ തെങ്കാശിയിലെത്തി. നേരം ഉച്ചയായിരുന്നു. പച്ചരിച്ചോറും, സാമ്പാറും, മോരും, സ്നേഹം ചേർത്ത് വിളമ്പുന്ന അണ്ണാദുരൈയും സെൽവിയും. ഭക്ഷണം കഴിഞ്ഞു തെങ്കാശി ചന്തയിൽ നടക്കാനിറങ്ങി. പച്ചക്കറികളും മറ്റു ഭക്ഷ്യ വസ്തുക്കളും വില്കാനിരിക്കുന്ന ചെറു കച്ചവടക്കാർ. ഓരോ മുഖത്തും ഓരോ ജീവിതം നിഴലിക്കുന്നു. ദാരിദ്യ്രത്തിന്റെ ദൈന്യതയും, ജീവിത സാഫല്യത്തിന്റെ സംതൃപ്തിയും, നിസ്സഹായതയുടെ നിർവികാരതയുമൊക്കെ ഓരോ മുഖങ്ങളിലും തെളിഞ്ഞു കാണുന്നു.
മടക്ക യാത്രക്ക് സമയമായി. കുറ്റാലം വഴിയാണ്
മടക്കം. പ്രസിദ്ധമായ പേരരുവി (Main Falls) വെള്ളച്ചാട്ടം കാണാൻ പോയി. അസാധാരണമായ തിരക്കാണ്.
സ്ത്രീകളും കുട്ടികളും പുരുഷന്മാരുമൊക്കെ കുളിക്കാൻ ഇറങ്ങിയിരിക്കുന്നു. പശ്ചിമഘട്ട
മലനിരകളിൽ നിന്നും ഒഴുകി യിറങ്ങുന്ന പേരരുവിക്ക് ഒട്ടേറെ വിശുദ്ധിയും ഗുണവുമുണ്ടെന്നു
വിശ്വസിക്കപ്പെടുന്നു. 60 മീറ്റർ ഉയരെനിന്നും ധാരയായി വന്നു പതിക്കുന്ന ജലകണങ്ങളിൽ
മനസും ശരീരവും കുളിർപ്പിക്കുന്ന ടൂറിസ്റ്റുകൾ. പ്രധാന വെള്ളച്ചാട്ട ത്തിനു ഒരു കിലോമീറ്റർ
അപ്പുറത്ത് ടൈഗർ വെള്ളച്ചാട്ടവും, ആറു കിലോമീറ്റർ അകലെ അഞ്ചു വെള്ളച്ചാട്ടങ്ങൾ (Five
Falls) വേറെയും ഉണ്ട്.
ഞങ്ങൾ യാത്ര തിരിച്ചു. മുങ്ങി കുളിക്കാൻ ഒരിടം
കണ്ടെത്തണം. തെന്മലയിലെ പാലരുവിയാണ് ഒരു സാധ്യത. പക്ഷെ നാലു മണി കഴിഞ്ഞാൽ പാലരുവിയിലേക്കു
സന്ദർശകരെ അനുവദിക്കില്ല. ഞങ്ങൾ എത്തിയപ്പോൾ സമയം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു. വഴിയിൽ
വെച്ച് തന്നെ കാവൽക്കാർ ഞങ്ങളെ തടഞ്ഞു. ആര്യങ്കാവിലെ ശാസ്താ ക്ഷേത്രവും തീർത്ഥാടനവും
ഏറെ പ്രശസ്തമാണ്. ആര്യങ്കാവിൽ വനാതിർത്തിയിൽ ഇറങ്ങിയാൽ കാട്ടരുവിയിൽ നീരാടാം എന്നറിഞ്ഞു.
പാലരുവിയും പേരരുവിയും സംഗമിക്കുന്നിടത്ത് ഞങ്ങൾ കുളിക്കാനിറങ്ങി. അസഹ്യമായ തണുപ്പായിരുന്നു
വെള്ളത്തിന്. സ്ഫടികം പോലെ തെളിമയാർന്ന വെള്ളപ്പരപ്പിൽ ചാറ്റൽ മഴത്തുള്ളികൾ ചിത്രം
വരച്ചു. താടിയെല്ലുകൾ കിടുകിടാ വിറക്കുന്നുണ്ടായിരുന്നു.
കേട്ടറിഞ്ഞ ഒരു വിശിഷ്ട ഭക്ഷണം കണ്ടെത്താനുണ്ടായിരുന്നു ഈ യാത്രയിൽ. മാട്ടിറച്ചി ഉണക്കി പൊടിച്ച് മസാല ചേർത്ത് വറുത്തെടുത്തു ഉണ്ടാക്കുന്ന 'ഇടിയിറച്ചി' ഞങ്ങൾ ആര്യങ്കാവ് ജംങ്ഷനിലേക്കു വണ്ടി തിരിച്ചു. ഞങ്ങൾ എത്തിയപ്പോഴേക്കും ഹോട്ടൽ അടച്ചിരുന്നു. അല്പം നിരാശയോടെ ചുവരിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചു കടക്കാരനോട് കാര്യം പറഞ്ഞു. അയാളിൽ ദയ ഉണ്ടായി. പത്തു മിനിറ്റിനകം തയ്യാർ ചെയ്ത ഇടിയിറച്ചി പാർസൽ പൊതിയാക്കി ഞങ്ങൾക്ക് മുന്നിൽ അയാൾ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ചായ കടയിൽ കയറി. പൊറോട്ടയും ഇടിയിറച്ചിയും ആവി പറക്കുന്ന കട്ടൻ ചായയും ഈ സായാഹ്നത്തെ സുഭിക്ഷമാക്കി. തിരികെ വീട്ടിലേക്കുള്ള മടക്കം തെന്മല എക്കോ ടുറിസം വന പാതയിലൂടെ ആയിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ റോഡരികിലേക്ക് ഇറങ്ങി വന്ന വന്യ മൃഗങ്ങളെയും കണ്ട് യാത്ര തുടർന്നു.
കാഴ്ച, ഭക്ഷണം, നീരാട്ട്, കൂട്ടുകെട്ട്... ഒരുപാട് ഹൃദ്യമായിരുന്നു. ഈ യാത്ര. ഇഷ്‌ക്.
കേട്ടറിഞ്ഞ ഒരു വിശിഷ്ട ഭക്ഷണം കണ്ടെത്താനുണ്ടായിരുന്നു ഈ യാത്രയിൽ. മാട്ടിറച്ചി ഉണക്കി പൊടിച്ച് മസാല ചേർത്ത് വറുത്തെടുത്തു ഉണ്ടാക്കുന്ന 'ഇടിയിറച്ചി' ഞങ്ങൾ ആര്യങ്കാവ് ജംങ്ഷനിലേക്കു വണ്ടി തിരിച്ചു. ഞങ്ങൾ എത്തിയപ്പോഴേക്കും ഹോട്ടൽ അടച്ചിരുന്നു. അല്പം നിരാശയോടെ ചുവരിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ചു കടക്കാരനോട് കാര്യം പറഞ്ഞു. അയാളിൽ ദയ ഉണ്ടായി. പത്തു മിനിറ്റിനകം തയ്യാർ ചെയ്ത ഇടിയിറച്ചി പാർസൽ പൊതിയാക്കി ഞങ്ങൾക്ക് മുന്നിൽ അയാൾ പ്രത്യക്ഷപ്പെട്ടു. തൊട്ടടുത്ത ചായ കടയിൽ കയറി. പൊറോട്ടയും ഇടിയിറച്ചിയും ആവി പറക്കുന്ന കട്ടൻ ചായയും ഈ സായാഹ്നത്തെ സുഭിക്ഷമാക്കി. തിരികെ വീട്ടിലേക്കുള്ള മടക്കം തെന്മല എക്കോ ടുറിസം വന പാതയിലൂടെ ആയിരുന്നു. സന്ധ്യ മയങ്ങിയപ്പോൾ റോഡരികിലേക്ക് ഇറങ്ങി വന്ന വന്യ മൃഗങ്ങളെയും കണ്ട് യാത്ര തുടർന്നു.
കാഴ്ച, ഭക്ഷണം, നീരാട്ട്, കൂട്ടുകെട്ട്... ഒരുപാട് ഹൃദ്യമായിരുന്നു. ഈ യാത്ര. ഇഷ്‌ക്.
No comments:
Post a Comment