ഉണ്ണി ആർ
(2018)
വാങ്ക്
സമകാലിക മലയാളം 21 (36), 29 January, 2018 പേജ് 14-22
വർഷാവസാനം ക്ലാസുകൾ തീരാറായപ്പോൾ പ്രിയ കൂട്ടുകാരികൾ ഒരുമിച്ചു
കൂടി ആഗ്രഹങ്ങൾ പങ്ക് വെച്ചു. ഹെഡിന്റെ കൈകളിൽ
ഉമ്മ വെക്കാൻ ദീപക്ക് മോഹം. ജോണിനോട് ഇഷ്ടം പറയണമെന്ന് ജ്യോതിക്ക് ആഗ്രഹം. അഷ്‌റഫിന്റെ
കൂടെ സിനിമക്ക് പോവണമെന്ന് ഷമീന. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു ആഗ്രഹമാണ് റസിയക്ക്, ഒന്ന് വാങ്ക് (ബാങ്ക്) വിളിക്കണം. വിചിത്രമെന്നു
തോന്നിക്കുന്ന റസിയയുടെ ആഗ്രഹം മറ്റുള്ളവരിൽ ഞെട്ടലും പേടിയും ഉണ്ടാക്കുന്നു. ചെറുപ്പത്തിൽ
തിരുവനന്തപു രത്തേക്കു ടൂർ പോയ റസിയ നിസ്കരിക്കാൻ പോയ വാപ്പയെ പാളയം പള്ളിക്കു മുന്നിൽ
കാത്ത് നിന്നപ്പോഴാണ് കാതുകൾക്ക് മധുരം പകർന്ന് പള്ളി മിനാരത്തിൽ നിന്നും ഒഴുകിയെത്തിയ
ബാങ്ക് ശ്രദ്ധിക്കുന്നത്. അന്ന് തുടങ്ങിയതാണ് റസിയക്ക് ബാങ്ക് വിളിക്കാനുള്ള മോഹം.
'മതോം ദൈവോമൊക്കെ തൊട്ടാൽ കത്തുന്ന ഏർപ്പാടാ'ണെന്ന് പറഞ്ഞ് കൂട്ടുകാരികൾ
അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ റസിയ അവളുടെ ആഗ്രഹത്തിൽ തന്നെ ഉറച്ചു നിന്നു.
ഇതല്ലാതെ മറ്റൊരു ആഗ്രഹവും അവൾക്കില്ലെന്നു അവൾ തീർത്തു പറഞ്ഞു. വീട്ടിലെത്തിയ റസിയ
സുഹൃത്തിനോളം അടുപ്പമുള്ള ഉമ്മയോട് കാര്യം
പറഞ്ഞു. ദീർഘ മൗനമായിരുന്നു ഉമ്മയുടെ മറുപടി.
കൂട്ടുകാരികൾ ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കി. ദീപ
അദ്ധ്യാപകന്റെ കൈകൾ ചുംബിച്ചു, ജ്യോതി ജോണിനോട് ഇഷ്ടമാണെന്നു പറഞ്ഞു, ഷമീന അഷ്‌റഫിനെ
കൂടെ അവന്റെ കൂട്ടുകാരനെയും, ജ്യോതിയെയും കൂട്ടി സിനിമക്ക് പോയി. റസിയയുടെ മോഹം മാത്രം
ബാക്കിയായി. എല്ലാവരും ക്ലാസ്സ് വിട്ട് പോയപ്പോൾ
ജ്യോതി റസിയയോട് ചോദിച്ചു: 'നാളെ നിനക്ക് വാങ്ക് കൊടുക്കണോ?' റസിയ പറഞ്ഞു 'അടുത്ത വെള്ളിയാഴ്ച
ജുമുഅക്ക്'. പത്തുപതിനഞ്ചു കിലോമീറ്ററുകൾക്കപ്പുറത്ത് മനുഷ്യർ പോവാത്ത ഒരു കാടുണ്ട്.
അവിടെ അഷറഫിന്റെ കൂട്ടുകാരനെ കൂട്ടി പോവാമെന്നു പറഞ്ഞപ്പോൾ റസിയക്ക് സമ്മതമായി. കൂട്ടുകാരന്റെ ബൈക്കിൽ കയറി റസിയ കാട്ടിലേക്ക് പോയി.
വഴിവക്കിൽ ബൈക്ക് നിർത്തി രണ്ടു പേരും കാട്ടിലേക്ക് നടന്നു.
കാടിന് പുറത്ത് ഒരു ബൈക്കിരിക്കുന്നതു കണ്ട്, ഷാപ്പിലേക്കു പോകുന്ന
രണ്ടു ചെറുപ്പക്കാർ കാട്ടിലേക്ക് കയറി.ഒരു ആണിന്റെയും പെണ്ണിന്റെയും സംസാരം കാട്ടിൽ
നിന്നും കേട്ടു. പെണ്ണ് ചെറുതാണ്. അവർ കൂട്ടുകാരെ
കൂടി വിളിച്ചു വരുത്തി. കയ്യിലെ വാക്കത്തി
കൊണ്ട് ചെടികളെ വകഞ്ഞു മാറ്റി അവർ ശബ്ദം കെട്ടിടത്തേക്കു നീങ്ങി. "പെട്ടെന്ന്
കാറ്റിനെയും ഇലകളെയും അവരുടെ കാലുകളെയും നിശ്ശബ്ദമാക്കി കൊണ്ട് അല്ലാഹു അക്ബർ എന്ന്
സ്ത്രീ ശബ്ദത്തിലുള്ള വാങ്ക് മുഴങ്ങി. പച്ചയുടെ ഇരുട്ടിൽ, നൂറ്റാണ്ടുകളുടെ തിരകൾ തൊട്ടു
തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരം വെച്ച വേരുകളിലും
തൊട്ടു......" തിരിച്ചു വരുമ്പോൾ റസിയ അപരിചിതരെ നോക്കി ചിരിച്ചു. അവർ ചിരിച്ചില്ല.
റസിയ കോളേജിലേക്കും അവർ ഷാപ്പിലേക്കും പോയി.
പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് മോഹങ്ങളുണ്ട് ഓരോ പെൺ കുട്ടിയുടെയും
മനസിന്റെ ഉള്ളിൽ. ആൺകുട്ടികുളുടെ സ്വാതന്ത്ര്യം അവർക്കു ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിലും.
ബാങ്ക് എന്ന പ്രയോഗത്തിന്റെ നാട്ടുഭാഷയാണ് 'വാങ്ക്' സർവ്വ മതങ്ങളും ഇടകലർന്നു ജീവിക്കുന്ന
കേരളീയ സമൂഹത്തിൽ ബാങ്ക് കേൾക്കാത്തവരോ ബാങ്കിനെ കുറിച്ച് അറിയാത്തവരോ ആരും ഉണ്ടായിരിക്കുകയില്ല
എന്നിരിക്കെ ഒരു വിഭാഗത്തിന്റെ ആരാധനാ സമയ സൂചികയെ പോലും 'പേടിപ്പെടുത്തുന്ന' ഒരു ശബ്ദമാക്കി
ചിത്രീകരിക്കുന്നതിലൂടെ സമകാലിക സമൂഹത്തിൽ പടർന്നു പന്തലിക്കുന്ന പരമത ഭീതിയുടെ ഭീകരത
തുറന്നു കാട്ടുകയാണ് 'വാങ്ക്' എന്ന ഈ ചെറുകഥ.