ജയമോഹൻ (2016).
ഉറവിടങ്ങൾ
കോഴിക്കോട്: മാതൃഭൂമി ബുക്സ്. പേജ് 142, വില 130.00ഉറവിടങ്ങൾ
പ്രശസ്ത തമിഴ് എഴുത്ത്കാരൻ ജയമോഹന്റെ ജീവിതം പറയുകയാണ് 'ഉറവിടങ്ങൾ'. സ്വന്തം ജീവിതവും
ചുറ്റുപാടും സാമൂഹ്യ ആചാരങ്ങളും നാടും നൊസ്റ്റാൾജിയയും എല്ലാം ചേർത്ത് വെക്കുമ്പോൾ
ജയമോഹന്റെ ജീവിതം പറച്ചിൽ ഒരു നോവലിന്റെ രൂപം
പ്രാപിക്കുന്നു.
ഒട്ടും
സുഖകരമല്ലായിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നു വന്ന ചെറുപ്പവും അമ്പത്തിനാലാം
വയസ്സിൽ ആത്മഹത്യ ചെയ്ത അമ്മയും, അമ്മയുടെ വായനാശീലവും, അച്ഛനും അമ്മയും തമ്മിലെ സ്വരച്ചേർച്ച ഇല്ലായ്മയും
പറഞ്ഞാണ് ഒന്നാം അദ്ധ്യായമായ 'എന്നിരിക്കിലും' തുടങ്ങുന്നത്.
അമ്മ മരിച്ചതിന്റെ 'അമ്പത്തി അഞ്ചാം ദിവസം വീട് പൂട്ടി താക്കോൽ വലിച്ചെറിഞ്ഞിട്ട്
അച്ഛൻ നാട് വിട്ടു. അനാഥനായി മരിക്കണമെന്നായിരുന്നു വിചാരിച്ചത്. ഓച്ചിറ
കടപ്പുറത്ത് പോയി വിഷം കഴിച്ചു. അവിടെ കിടന്നു പിടച്ച അച്ഛനെ അവിടെയുള്ള മുക്കുവർ
ആശുപത്രിയിൽ എത്തിച്ചു...... രണ്ടാം ദിവസം തിരുവന്തപുരത്തെ സർക്കാർ ആശുപത്രിയിൽ
അച്ഛൻ മരിച്ചു' (p 36).
കേരളത്തിൽ
നിന്നും അടർന്നു പോയ നാഞ്ചിനാടിന്റെ ഓർമ്മകളാണ് രണ്ടാമത്തെ അദ്ധ്യായത്തിൽ. നാഞ്ചിനാടിന്റെ ചരിത്രവും പുരാണവും
സംസ്കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും ഒരു ചരിത്ര കാരന്റെ കൈവഴക്കത്തോടെ പറഞ്ഞ്
തരുന്നു. രാജവാഴ്ച കാലത്തെ ശീലങ്ങളും നാട്ടു ഭാഷയുടെ പ്രയോഗാന്തരങ്ങളും, ഫ്യുഡൽ ജീവിത ചിഹ്നങ്ങളും, അന്നത്തെ സമൂഹത്തിലെ
സ്ത്രീയും എഴുത്തുകാരും കാലാവസ്ഥയുമൊക്കെ ജയമോഹന്റെ ജീവിതത്തിലൂടെ ഒഴുകി എത്തുന്നു. അക്കാലത്തെ ബഹുഭർതൃത്വത്തെ
കുറിച്ച സൂചനകൾ ഉണ്ട് 'പൂർവികർ ബാക്കിവെച്ച
അടയാളങ്ങൾ'
എന്ന അദ്ധ്യായത്തിൽ. '.......ഞങ്ങളുടെ വീടിനു ചുറ്റും
വൻഭൂസ്വത്തുക്കൾ ഉള്ള കുടുംബങ്ങളിൽ കൊച്ചമ്മമാർക്കും അമ്മച്ചിമാർക്കും പല ബന്ധങ്ങൾ
പല സംബന്ധങ്ങൾ. ഒരു വീട്ടിൽ രണ്ടു ഭർത്താവുണ്ടായിരിക്കുന്നത് വളരെ സാധാരണം (p 110)'.
നാഞ്ചിനാട്ടിലെ
യക്ഷികളെ കുറിച്ചാണ് അവസാന അദ്ധ്യായം. കർഷകർ കാട് കയറി വെട്ടിത്തെളിച്ച് റബ്ബർ നട്ടു തുടങ്ങിയതോടെ പല പേരുകളിലും
അറിയപ്പെട്ടിരുന്ന യക്ഷികൾ നാടുവിട്ടു പോയി എന്നാണ് ജയമോഹന്റെ കണ്ടെത്തൽ. “ജയമോഹനെ കുറിച്ചല്ല, ജയമോഹനിലൂടെയാണ്
ഈ പുസ്തകം. ....ജയമോഹനിലെ ഞാൻ ഏതു കല്പിത കഥാപാത്രത്തോളവും
സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു” എന്ന് കല്പറ്റ നാരായണൻ അവതാരികയിൽ
എഴുതിയിരിക്കുന്നു.
ഒരു എഴുത്ത്കാരന്റെ
ജീവിതം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ അധികമാരും എഴുതി വെച്ചിട്ടില്ലാത്ത ചരിത്രകുറിപ്പ്
കൂടിയാണ് 'ഉറവിടങ്ങൾ'