പി. കേശവദേവ് (1986)
ഓടയിൽ നിന്ന്
കോഴിക്കോട്: പൂർണ്ണ. പേജ്:80 വില: 70.00
28.07.2017: 1930 കളിൽ മലയാള
സാഹിത്യത്തിന് നേതൃത്വം നൽകിയ പി. കേശവദേവിന്റെ ആദ്യ
നോവലാണ് 'ഓടയിൽ നിന്ന്’. ചെറുപ്പത്തിലേ
കുസൃതിയായിരുന്ന പപ്പു വീട്ടിലും സ്‌കൂളിലും നാട്ടിലും ധിക്കാരിയായി വളർന്നു. നാട്ടിൽ
നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ പട്ടണത്തിലേക്ക് ഓടിപ്പോയി. റയിൽവേ സ്റ്റേഷനിൽ
മറ്റു കുട്ടികളുടെ കുടെ ചുമട് എടുത്തു.
ബീഡിക്കടയിലും, സോഡാ ഫാക്ടറിയിലും പണിയെടുത്തു.
ഒരിടത്തും സ്ഥിരമായി നിൽക്കാൻ പപ്പുവിന് കഴിഞ്ഞില്ല. ഒടുവിൽ പട്ടണത്തിൽ ഒരു
റിക്ഷക്കാരനായി വണ്ടി വലിക്കാൻ തുടങ്ങി.
ഒരിക്കൽ ഒരു
യാത്രക്കാരനുമായി റിക്ഷ വലിക്കുന്നതിനിടയിൽ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിൽ വീണു.
പിന്നീട് അങ്ങോട്ട് പപ്പുവിന്റെ ജീവിതം നിരാലംബയായ ആ ലക്ഷ്മിക്ക് വേണ്ടി
ആയിരുന്നു. അതോടെ പപ്പുവിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി - ലക്ഷ്മിയുടെ പഠനം, ഉയർച്ച..!. കടത്തിണ്ണയിലും
റയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങിയ പപ്പു താമസം ലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി.
ലക്ഷ്മി വളർന്നു.
പഠനത്തിലും പാട്ടിലുമൊക്കെ മികവ് പുലർത്തി. കാലം കഴിഞ്ഞപ്പോൾ പപ്പു അവശനായി.
പഠിച്ചു വളർന്ന ലക്ഷമിക്കു റിക്ഷാക്കാരനായ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി.
പക്ഷെ അമ്മ കല്ല്യാണി അവളെ തിരുത്തി. രക്ഷകനായി വന്ന പപ്പുവിനെ സ്നേഹിക്കാൻ
പഠിപ്പിച്ചു. പട്ടണത്തിലെ ഒരു ധനികന്റെ മകൻ ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി.
പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് കല്യാണം ചെയ്തു കൊടുത്തു. അന്ന്
രാത്രി പപ്പു വീട് വിട്ടിറങ്ങി. പപ്പുവിന്റെ ജീവിതത്തിനു
ലക്ഷ്യമില്ലാതായിരിക്കുന്നു. ചുമച്ച് ചുമച്ച് കലുങ്കും
ചായക്കടയും കടന്ന് ബാങ്കിന്റെ മുന്നിലൂടെ പോസ്റ്റാഫീസിനും അപ്പുറത്തേക്ക് വേച്ചു
വേച്ചു നടന്നു നീങ്ങുന്ന പപ്പുവിനെ ലക്ഷ്മി തന്റെ ഭർതൃ വീടിന്റെ ജനാലയിലൂടെ നോക്കി
കണ്ടു.
സ്നേഹിക്കുന്ന
കുടുംബത്തിന് വേണ്ടി തന്റെ സുഖ-ദു:ഖങ്ങളെല്ലാം മറന്നും
മാറ്റിവെച്ചും അവസാന നിമിഷം വരെ കഷ്ടപ്പെടുകയും
പണിയെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ/കുടുംബ നാഥന്റെ കഥയാണ് ‘ഓടയിൽ നിന്ന്’. ഒപ്പം ഐശ്വര്യങ്ങൾ
കൈവരുമ്പോൾ ബന്ധങ്ങൾ മറക്കുന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അണയാത്ത സ്നേഹവും
ഓർമ്മപ്പെടുത്തുന്നു.