Sunday, April 12, 2020

വായന: പാതിരാ കുയിലിന്റെ രാഗം / ഡോ. ത്വാഹാ ഹുസൈൻ

പാതിരാ കുയിലിൻറെ രാഗം / ഡോക്ടർ ത്വാഹാ ഹുസൈൻ
വിവർത്തനം: പി മുഹമ്മദ് കുട്ടശ്ശേരി.
 പ്രസാധനം: സമന്വയം ബുക്സ്, കോഴിക്കോട്, 2002. p 167, ₹60.00
വായന: മുസ്തഫ മണ്ണാർക്കാട്


 വിശ്വ പ്രസിദ്ധ അറബി സാഹിത്യകാരൻ ഡോക്ടർ ത്യാഹാ ഹുസൈന്റെ 'ദുആഉൽ കർവാൻ' എന്ന നോവലിൻറെ മലയാള വിവർത്തനം ആണിത്. 1889 ൽ ജനിച്ച ത്വഹാ മൂന്നാം വയസ്സിൽ അന്ധൻ ആവുകയായിരുന്നു. സാഹിത്യകാരൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്, തുടങ്ങിയ നിലകളിൽ പ്രശസ്തനായ ത്വാഹ ഇടക്കാലത്ത് ഈജിപ്ത് വിദ്യാഭ്യാസ മന്ത്രി വരെ ആയിരുന്നു. 7 ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി സിനിമയാക്കിയപ്പോൾ അന്താരാഷ്ട്ര ബഹുമതി ലഭിക്കുകയും ചെയ്തിരുന്നു.

 തലചായ്ക്കാൻ ഇടമില്ലാതെ പട്ടിണിപ്പാവങ്ങൾ ജോലിക്കായി പട്ടണത്തിൽ എത്തുമ്പോൾ അനുഭവിക്കുന്ന പീഡനങ്ങളും വിവേചനങ്ങളും വിവരിക്കുകയാണ് ഈ നോവലിൽ. കൈറോവിൽ നിന്നും അകലെയുള്ള ഈജിപ്തിലെ ഒരു നാട്ടിൻപുറം പശ്ചാത്തലമാക്കി രചന നിർവഹിച്ചതാണ് എങ്കിലും പച്ചയായ മനുഷ്യ പറ്റുണ്ട് നോവലിന് . ശക്തയായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് കഥാകൃത്ത് നോവലിൽ . ഭർത്താവ് മരണപ്പെട്ട അമ്മയും രണ്ട് പെൺമക്കളും ജോലിതേടി പട്ടണത്തിൽ എത്തുന്നു പലയിടത്തും അന്വേഷിച്ച് ഒടുവിൽ മൂന്ന് പേർക്കും മൂന്നു വീടുകളിൽ അടുക്കള ജോലി തരപ്പെടുന്നു. ആഴ്ചയിലൊരിക്കൽ അവർ ഒരിടത്ത് ഒത്തുകൂടി സ്നേഹം പങ്കിടുന്നു.

 ഒരു യുവ എൻജിനീയറുടെ വീട്ടിലായിരുന്നു മൂത്ത മകൾക്ക് ജോലി. സർക്കാർ ഉദ്യോഗസ്ഥന്റെ ഏക പുത്രി ഖദീജക്ക് കൂട്ട് കൂടുക എന്നതായിരുന്നു ഇളയ പുത്രി ആമിനയുടെ ജോലി. കാലം കടന്നപ്പോൾ കദീജയുമായി വല്ലാത്തൊരു അടുപ്പം ഉണ്ടാക്കാൻ ആമിനക്ക് കഴിഞ്ഞു. വേലക്കാരി ആയിരുന്നെങ്കിലും കദീജക്കൊപ്പം ആമിനയും അക്ഷരത്തിലെ വെളിച്ചം കണ്ടു.

അതിനിടെ മൂത്തമകൾ ഹനാദി വീട്ടുടമസ്ഥൻ ആയ എൻജിനീയറാൽ വഞ്ചിക്കപ്പെടുന്നു. വിവരം അറിഞ്ഞ മാതാവ് മക്കളെയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോകുന്നു അവിടെ ഉദാരനായ ഒരു ഹാജിയുടെ വീട്ടിൽ അതിഥിയായി കഴിയുന്നു. ഒടുവിൽ അവരുടെ സഹോദരൻ അവരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി ഒരിക്കൽ ചെന്നെത്തുന്നു. ഒരു രാത്രിയിലാണ് അവർ യാത്ര തുടങ്ങിയത്. വഴിവക്കിൽ വെച്ച് ഹനാദിയെ അയാൾ വധിച്ച് മരുഭൂമിയിൽ കുഴിച്ചിടുന്നു.  തിരിച്ച് നാട്ടിലെത്തിയ ആമിനയുടെ ഹൃദയം ഭ്രാന്തമായ അസ്വസ്ഥതയിൽ ആവുന്നു. ഹനാദിയെ പീഡിപ്പിച്ച എൻജിനീയറോടും, വധിച്ച അമ്മാവനോടും അവൾക്ക് പ്രതികാരം ഉണ്ടായി. ഒരു പ്രഭാതത്തിൽ അവൾ വീടുവിട്ടിറങ്ങി മുമ്പ് ജോലി ചെയ്തിരുന്ന കദീജയുടെ വീട്ടിലെത്തി ജോലി തുടർന്നു.

 ഹനാദിയെ പിഴപ്പിച്ച എൻജിനീയറാണ് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്നത് എന്നറിഞ്ഞത് മുതൽ ആമിനയുടെ ഹൃദയം അശാന്തമായി. അവിടെ പുതുതായി വന്ന വേലക്കാരിയോട് പോലും ആമിനക്ക് അറപ്പും വെറുപ്പും തോന്നി. അതിനിടെ തന്റെ കൂട്ടുകാരി ഖദീജയെ ആ എഞ്ചിനിയറെ കൊണ്ട് കെട്ടിക്കാൻ ഉള്ള വിവരം അവളറിഞ്ഞു. അതിനെ തകർക്കാനുള്ള തന്ത്രങ്ങളെ കുറിച്ചാണ് പിന്നീട് ആമിന ചിന്തിച്ചത്. ഒടുവിൽ അവൾ അതിൽ വിജയിച്ചു. അവിടെ നിന്നും നാടുവിട്ടു. ഒരു പരിചിത അവൾക്ക് മറ്റൊരു വീട്ടിൽ ജോലി ശരിയാക്കി കൊടുത്തു. അധിക നാൾ കഴിയുന്നതിനു മുമ്പ് അവിടെ നിന്നും ഇറക്കി വിട്ടു. പിന്നെ അവൾ പ്രതികാരം ചെയ്യണമെന്ന് ആഗ്രഹിച്ച അതെ എഞ്ചിനിയറുടെ വീട്ടിൽ തന്നെ അവൾക്ക് ജോലി കിട്ടുന്നു. ആദ്യ ദിവസം തന്നെ എൻജിനീയർ അവളിൽ അനുരക്തൻ ആകുന്നു. എന്നാൽ ഒഴികഴിവുകൾ കൊണ്ടും തന്ത്രങ്ങൾ കൊണ്ടും അവൾ വഴങ്ങാതെ മാറിനിന്നു . ഒടുവിൽ എൻജിനീയർ പരാജിതൻ ആവുന്നു. ജോലി മാറ്റം കിട്ടിയ എൻജിനീയർ ആമിനയെ കൂടെ കൂട്ടി. തൻറെ എല്ലാ ക്രൂരതകളും നിർത്തി എൻജിനീയർ ആമിനയോട് മാപ്പ് ചോദിക്കുകയും വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ അത്തരമൊരു ജീവിതം സാധ്യമല്ല എന്ന് വിശ്വസിച്ച് ആമിനക്ക് അതിനു സമ്മതം മൂളാൻ കഴിഞ്ഞില്ല. ആമിന തന്റെ ചരിത്രം മുഴുവൻ അയാൾക്ക് വിവരിക്കുന്നു. പാപ ഭാരത്താൽ ദുഖിതനെങ്കിലും ആമിനയെ  കൂടാതെയുള്ള ജീവിതം അസാധ്യം എന്ന് അയാൾ തിരിച്ചറിയുന്നു.

 നോവലിൻറെ ഭാഷയും രചനയുടെ ഒഴുക്കും വളരെ ആകർഷകമാണ്. ആദ്യപതിപ്പ് NBS ലൂടെ പുറത്തുവന്നിരുന്നു. രണ്ടാം പതിപ്പ് അക്ഷരത്തെറ്റുകൾ കൊണ്ട് വിരസത സൃഷ്ടിക്കുന്നു എന്ന് പറയാതെ വയ്യ.

https://youtu.be/cwdIqBOTmT0



Friday, April 10, 2020

വായന: യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ

യക്ഷി മലയാറ്റൂർ രാമകൃഷ്ണൻ
 വായന:   മുസ്തഫ മണ്ണാർക്കാട്


സുന്ദരനായ കെമിസ്ട്രി അധ്യാപകൻ ശ്രീനിവാസൻ എന്ന ശ്രീനി കോളേജ് പെൺകുട്ടികളുടെ ആരാധനാപാത്രം ആയിരുന്നു. ലാബിൽ വെച്ചുണ്ടായ പൊട്ടിത്തെറി അപകടത്തിൽ ആസിഡ് മുഖത്ത് പതിച്ച് ഒരു കവിൾ നിശ്ശേഷം നശിച്ചു പോയി. ഭീകരവും ബീഭത്സവുമായ ഒരു മുഖമായിരുന്നു പിന്നീട് അയാൾക്ക് . ആരാധിക മാരും കാമുകിയും അകന്നുപോയി. ജീവിതത്തിലെ മോഹങ്ങൾ നശിച്ച ശ്രീനി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കഴിയാൻ കൊതിച്ചു. നേരമ്പോക്കിന് യക്ഷികളെയും മന്ത്രവാദത്തേയും പറ്റി പഠിക്കാൻ തീരുമാനിച്ചു. താളിയോല ഗ്രന്ഥങ്ങളിലും മന്ത്രവാദികളുടെ അടുത്തും മറ്റും ഗവേഷണം നടത്തി. അതിനിടയിൽ ടൗൺഹാളിന് അടുത്തുള്ള ഒരു ബസ് സ്റ്റോപ്പിൽ വച്ച് രാഗിണിയെ കണ്ടുമുട്ടി, രാത്രി 8 മണിക്ക്. ആ അപ്സര സുന്ദരി നിരാശാ പൂർണ്ണമായ ശ്രീനിയുടെ ജീവിതത്തിലേക്ക് പങ്കാളിയായി കടന്നു വന്നു. അവളുടെ വീടോ നാടോ ബന്ധങ്ങളോ മറ്റൊന്നും ശ്രീനിക്ക് അറിയില്ലായിരുന്നു. അവൾ പറഞ്ഞിട്ടും ഇല്ലായിരുന്നു.
രാഗിണിയുടെ ചലനങ്ങളിൽ ഒക്കെയും ശ്രീനി അമാനുഷികത കണ്ടെത്തി. അവൾ പറഞ്ഞപ്പോൾ മുറ്റത്തെ പാല പൂത്തു.  അവളെ കണ്ടപ്പോൾ അയൽപക്കത്തെ നായ കുരച്ചു.. അവൾ വാരിയെടുത്തപ്പോൾ പോമറേനിയൻ നായ ജൂഡി മരിച്ചു. അവൾ ധരിക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ആഭരണങ്ങളാണ്. അങ്ങനെ പലതും . വികൃത രൂപിയായ ശ്രീനിയെ സ്നേഹിക്കാൻ ലോകത്ത് ഒരു സ്ത്രീയും ഉണ്ടാവില്ലെന്ന് ശ്രീനി അറിഞ്ഞു. കോളേജിലെ കാമുകി വിജയലക്ഷ്മി അവനെ കൈവെടിഞ്ഞു. ഒരിക്കൽ ദാഹാർത്തയായി വന്ന വനജ എന്ന വിദ്യാർഥിനി തിരിഞ്ഞ് നോക്കാതെ യായി ശ്രീനി രാഗിണിയെ വിവാഹം കഴിച്ചു. എന്നാൽ ഒരിക്കൽപോലും രാഗിണിയെ പ്രാപിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. രാഗിണിയിലേക്ക് എത്തുമ്പോൾ ശ്രീനി ഒന്നും അല്ലാതാകുന്നു. പലതവണ ശ്രമിച്ചിട്ടും ശ്രീനി പരാജയപ്പെടുന്നു. തൻറെ പരാജയം കഴിവുകേട് അല്ല എന്ന് ഉറക്കെ വിശ്വസിക്കുകയാണ് ആണ് ശ്രീനി. രാഗിണി യക്ഷിയാണ്. ഞാൻ അവളെ പ്രാപിച്ചു കൂടാ. അങ്ങനെ ചെയ്താൽ ഞാൻ മരിക്കും. എൻറെ ശക്തി കുറവ് ഒരു പ്രതിരോധമാണ്. മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു രക്ഷാകവചം . ശ്രീനിയുടെ ഭ്രാന്തമായ പെരുമാറ്റങ്ങൾ സുഹൃത്തുക്കളിൽ വേദനയുളവാക്കുന്നു. ചന്ദ്രശേഖരനും  കല്യാണി അമ്മയുമൊക്കെ ദുഃഖിതരാണ്. രാഗിണിയെ തല ചുമരിൽ ഇടിച്ച് മുറിവേൽപ്പിച്ചതിൽ പിന്നെ അവൾ കൊട്ടാരക്കരക്ക് പോയി. ശ്രീനിക്ക് മുഴുഭ്രാന്ത് ആവുന്നു. പക്ഷേ ഒരിക്കൽ പോലും തനിക്ക് മാനസികനില തെറ്റിയതായി ശ്രീനി കണ്ടില്ല, അത് അംഗീകരിച്ചതുമില്ല. ചന്ദ്രശേഖരന്റെ നിർബന്ധത്തിനു വഴങ്ങി ശ്രീനി രാഗിണിയെ കൂട്ടിക്കൊണ്ടു വരുന്നു.  യക്ഷിയമ്പലത്തിന്റെ മുന്നിലെ പച്ചപ്പുൽ പടർപ്പിൽ ശ്രീനിയുടെ മടിയിൽ തലവെച്ച് രാഗിണി തൻറെ കഥ പറഞ്ഞു തുടങ്ങി. ഇന്നോളം ശ്രീയോട് പറയാത്ത കഥ . കഥ അവസാനിക്കുമ്പോൾ തന്നെ പുണരാൻ രാഗിണി ശ്രീയോട് ആവശ്യപ്പെടുന്നു. ശ്രീനി വീണ്ടും പരാജയപ്പെടുന്നു. അവസാനത്തെ പരാജയം. അവൾ നിരാശാഭരിതമായി എഴുന്നേറ്റു . അവൾ ഒന്നുലഞ്ഞു, പിന്നെ മങ്ങി. പുകച്ചുരുളുകൾ ഉയർന്നു. അവൾ അദ്യശ്യയായി. രാഗിണി അവിടെ അവസാനിക്കുന്നു. ശ്രീനി ഇപ്പോൾ ജയിലിലാണ്.
മനുഷ്യ മനസ്സിന്റെ വിഭ്രമം മലയാറ്റൂർ വിദഗ്ധമായി ചിത്രീകരിക്കുന്ന സുന്ദരമായ നോവൽ.
നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം 1989 P 246. 27 രൂപ

വഴി തുഷാരഗിരി... മുസ്തഫ, മണ്ണാർക്കാട്



നിശയുടെ സംഗീതം കണ്ണുകളെ ഉറക്കത്തിലേക്ക് ആനയിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം ആയി കഴിഞ്ഞപ്പോൾ മനപ്പൂർവ്വം  ഉറങ്ങരുത് എന്ന് തീരുമാനിച്ച് തന്നെയാണ് കിടന്നത്. അർദ്ധരാത്രിയിൽ വാതിലിൽ മുട്ട് കേട്ട് ഞെട്ടിയുണർന്നു. റൂമിലെ മുഴുവൻ പേരെയും തട്ടിയുണർത്തി എല്ലാവരും ധൃതിയിൽ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറി ഇറങ്ങി. ഞങ്ങളുടെ യാത്ര പുറപ്പെടാൻ തീരുമാനിച്ച സമയം രാവിലെ നാലുമണി ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയതും കോളേജ് മുറ്റത്ത് നിൽക്കുന്ന ടൂറിസ്റ്റ് ബസിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആവേശം. ഉറക്ക ക്ഷീണം എങ്ങോ പോയി മറഞ്ഞു. പിന്നെ എല്ലാവരും ബസ്സിലെ സൈഡ് സീറ്റിന് വേണ്ടിയുള്ള തിരക്കിലായിരുന്നു. ആവശ്യത്തിനുള്ള ലഘുഭക്ഷണവും ആയി ഞങ്ങൾ യാത്ര ആരംഭിച്ചു. ആവർത്തിക്കപ്പെടുന്ന ദിന കർമ്മങ്ങളിൽ നിന്നും വിരസമായ പുസ്തക കെട്ടിൽ നിന്നും തലയൂരാൻ കഴിഞ്ഞപ്പോൾ ഞങ്ങൾ ഓരോരുത്തരും ഓരോ പുതിയ ജന്മത്തിൽ ആയിരുന്നു.
ഞങ്ങളെയും കൊണ്ട് വാഹനം കോളേജ് ഗേറ്റ് കടക്കുമ്പോൾ പുറത്ത് ഇരുട്ട് മൂടിയിരുന്നു. ലോകം ഉറങ്ങിയിട്ടും  ഉറങ്ങാൻ കൂട്ടാക്കാതെ  ചൂളം വിളിച്ച്  ഇണയെ കാത്തിരിക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രം അങ്ങിങ്ങ് കേൾക്കുന്നുണ്ടായിരുന്നു.
ഇന്ന് 17 ഡിസംബർ 1998. അവസാന വർഷ ഡിഗ്രിക്കാലം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ഉള്ള ഞങ്ങളുടെ കോളേജിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്.  സ്വല്പം നീക്കിയ ജനൽ പാളികളിലൂടെ മഞ്ഞ് കുതിർത്ത തണുത്തകാറ്റ് ശരീരത്തെയും ഒപ്പം മനസ്സിനെയും കുളിർമ കൊള്ളിച്ചു. കിഴക്കൻ ചക്രവാളത്തിൽ പൊന്നരഞ്ഞാണം പ്രത്യക്ഷമായി. ഉറക്കെച്ചുവയോടെ സൂര്യൻ മന്ദംമന്ദം കൺതുറന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഏറെക്കുറെ പരിചിതമായ സ്ഥലങ്ങളായിരുന്നു. പുറത്ത് നഗരങ്ങളും ഗ്രാമങ്ങളും ഉറക്കത്തിൽ നിന്നും പൂർണ്ണമായും ഉണർന്നിട്ടില്ല.  എന്തായാലും യാത്ര വിനോദയാത്ര ആവണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തിയ സംഗീത വീചികൾ കാതുകളെ ലഹരി പിടിപ്പിച്ചു തുടങ്ങി. പിന്നെ ആട്ടവും പാട്ടും കൈകൊട്ടും ഡാൻസും യാത്രക്കു മികവു കൂട്ടി.
ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് തുഷാരഗിരിയും വയനാടും ആയിരുന്നു. കൃത്രിമത്വം ഇല്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. മനുഷ്യ കരങ്ങൾ തീർത്ത കോൺക്രീറ്റ് മന്ദിരങ്ങളും പാഴ് വസ്തുക്കളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് നിറഞ്ഞ മലിനമായ നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കത്രിച്ചു മിനുക്കി നിർത്തിയ കൃത്രിമ സൗന്ദര്യത്തേക്കാൾ കണ്ണിനും കാതിനും മനസിനും ആനന്ദം പകരുന്നതാണ് പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കാട്ടാറുകളുടെ ഗാന വീചികൾക്ക് പക്ഷികൾ സംഗീതം നൽകുമ്പോൾ, വൃക്ഷങ്ങളും പുൽമേടുകളും താഴ് വരകളും  ചേർന്ന് സുന്ദര കാഴ്ചകൾ തീർക്കുമ്പോൾ, മറ്റെന്തിനെക്കാളും സൗന്ദര്യം പ്രകൃതിക്ക് തന്നെ.
കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലേക്ക് ആയിരുന്നു ഞങ്ങളുടെ ആദ്യ ഉന്നം. കാലത്ത് 9 മണിക്ക് മുമ്പ് ഞങ്ങൾ തുഷാരഗിരി കുന്നുകളുടെ താഴ് വാരത്തിൽ എത്തി. വാഹനം നിർത്തി ഒരു ട്രക്കിങ്ങിന് ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പല പല തട്ടുകളിലായി പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടം ആയിരുന്നു തുഷാരഗിരിയുടെ സൗന്ദര്യം. ഒന്നാമത്തെ വെള്ളച്ചാട്ടത്തിനു താഴെ എത്തിയ ഞങ്ങൾ അതിനപ്പുറത്തുള്ളത് കാണാൻ മോഹിച്ചു. സൂര്യൻ ചൂട് പിടിക്കുന്ന സമയം ആയതിനാൽ അന്തരീക്ഷത്തിലെ മഞ്ഞ് ഗണങ്ങൾ പോയി മറയാൻ തുടങ്ങിയിരുന്നു. പാറകൾക്ക് മുകളിൽ നിന്നും വെളുത്ത നൂലുകൾ പോലെ ഗിരിയുടെ പ്രസാദം താഴോട്ട് കുത്തനെ പാറക്കെട്ടുകളിൽ പതിച്ച് ചിന്നി ചിതറുമ്പോൾ നീലാകാശത്തിലെ മേഘ തുണ്ടുകൾ താഴെ വീണ് ചിതറുന്നുവോ എന്ന്  തോന്നിപ്പോകും. ഒന്നാം വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടാം വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങൾ കയറാൻ തുടങ്ങി. അവിടെ എത്തിയപ്പോഴേക്കും ഞങ്ങളിൽ പലരും ക്ഷീണിതരായി വഴിയിൽ ഇരിപ്പായി. കുത്തനെയുള്ള ഒറ്റയടിപ്പാതയിലൂടെ ഉള്ള മലകയറ്റം അൽപം സാഹസം തന്നെയായിരുന്നു. രണ്ടാം വെള്ളച്ചാട്ടത്തെക്കാൾ ആനന്ദകരം മൂന്നാം വെള്ളച്ചാട്ടം ആണെന്നറിഞ്ഞപ്പോൾ ഞങ്ങളിൽ ചിലർ വീണ്ടും മല കയറി. എന്നാൽ ഞങ്ങളിൽ ദുർബലർ -മിക്കവരും- രണ്ടാം വെള്ളച്ചാട്ടം കൊണ്ടുതന്നെ മതിയാക്കി കുളിക്കാനിറങ്ങി.
ഏറ്റവും മുകളിലെ വെള്ളച്ചാട്ടം വന്നു പതിക്കുന്നത് പാറക്കെട്ടുകൾ കൊണ്ട് പ്രകൃതി ഒരുക്കിയ ഒരു കൊച്ചു തടാകത്തിലാണ്. ആകാശം പോലെ തന്നെ തെളിമയാർന്നതായിരുന്നു ആ ജലാശയം. തടാകത്തിൽ  ഇറങ്ങാൻ തുടങ്ങവെ പലരും അടക്കം പറയുന്നത് കേട്ടു, ഇത് ഒരൽപ്പം ഡെയിഞ്ചറസ് ആണ്. മുമ്പ് പലരും തടാകത്തിൽ വീണു മരിച്ചിട്ടുണ്ട് സൂക്ഷിക്കണം. ദൈവ കൃപയാൽ ഞങ്ങളിൽ ആർക്കും ഒരു അപകടവും സംഭവിക്കാതെ തന്നെ ഞങ്ങൾ ആ നീല തടാകത്തിൽ നീന്തിത്തുടിച്ചു കുളിച്ചു കയറി. ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ കൂട്ടച്ചിരി. കൂട്ടത്തിലൊരുത്തൻ പാറപ്പുറത്ത് മലർന്നു കിടപ്പുണ്ടായിരുന്നു. അവൻ അറിഞ്ഞില്ല താൻ അട്ടകൾ പതിയിരിക്കുന്ന പാറക്ക് മുകളിൽ ആണ് അർദ്ധ നഗ്നനായി മലർന്ന് കിടക്കുന്നത് എന്ന്. വല്ലപ്പോഴും വരുന്ന വിനോദസഞ്ചാരികളാണ് അട്ടകൾക്ക് രക്തം കൊടുക്കുന്നത്. അവർ ആവോളം ഊറ്റി കുടിച്ചു രസിച്ചു. വെപ്രാളപ്പെട്ട് കരയിലേക്ക് ഓടിയ അവൻറെ പുറത്തുനിന്നും ശരീരത്തിൻറെ പലഭാഗങ്ങളിൽ നിന്നും ഞങ്ങൾ അട്ടകളെ പെറുക്കി എടുത്തു.
തുഷാരഗിരിയിൽ നിന്നും താഴെ ഇറങ്ങി മടക്കയാത്രക്ക് ഒരുങ്ങുമ്പോൾ വല്ലാത്ത മനോവേദന അനുഭവപ്പെട്ടു. മലയിറങ്ങി താഴെ എത്തിയപ്പോൾ പിന്നെ വിശപ്പാണ് ഞങ്ങളെ നയിച്ചത്. ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. താമരശ്ശേരി ചുരം കയറി പൂക്കോട് തടാകത്തിൽ ഒരല്പനേരം ബോട്ട് യാത്ര. ഉയർന്നുനിൽക്കുന്ന മലകളുടെ മടിത്തട്ടാണ് പൂക്കോട്ട് തടാകം. ശുദ്ധജലം നിറഞ്ഞ പൂക്കോട്ട് തടാകത്തിന് ആഴവും പരപ്പും വേണ്ടുവോളമുണ്ട്. രണ്ടു പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വയനാടൻ കുന്നുകളിലെ കാട്ടുപൂക്കളുടെ പൂമ്പൊടിയും സുഗന്ധവും കൈക്കുടന്നയിൽ എടുത്ത് പുഞ്ചിരിതൂകി കുണുങ്ങിക്കുണുങ്ങി അടുത്തുവന്ന്, ഞങ്ങൾ സഞ്ചാരികളെ തഴുകിത്തലോടി കവിളിൽ തൊട്ട് ഇക്കിളിപ്പെടുത്തി കടന്നുപോകുന്ന മന്ദമാരുതനെ നോക്കി ആമ്പൽ പൂക്കൾ നൃത്തം ചവിട്ടി. തടാകക്കരയിലെ ചവിട്ടുപടികളിൽ ഇരുന്ന് കാലുകൾ വെള്ളത്തിലേക്ക് തൂക്കിയിട്ടാൽ കൊച്ചു പരൽമീനുകൾ വന്ന് കാൽപ്പാദങ്ങളിൽ ഉമ്മവെച്ച് ഇക്കിളിപ്പെടുത്തും.  തടാകക്കരയിൽ ഒരുക്കിയ കൊച്ചു ഉദ്യാനത്തിലെ വിശ്രമം ഏറെ സംതൃപ്തി നൽകുന്നതായിരുന്നു.
പൂക്കോട് തടാകത്തിൽ നിന്നും മടങ്ങി വയനാട് കവാടം കടന്നു ചെന്ന ഞങ്ങളെ എതിരേറ്റത് 'ചെകുത്താൻ ചങ്ങല' ആയിരുന്നു. റോഡരികിലെ ഒരു മരച്ചില്ലയിൽ നിന്നും തൂക്കിയിട്ട നീളൻ ചങ്ങലക്ക് പറയാൻ ഒരു വലിയ കഥ ഉണ്ടായിരുന്നു. വെളളക്കാർക്ക് വയനാട്ടിലേക്ക് വഴി കാണിച്ച ആദിവാസിയെ സായിപ്പ് കൊലപ്പെടുത്തി. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് കടക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ടെത്തിയതിന്റെ ക്രഡിറ്റ് മറ്റാർക്കും കൊടുക്കാതിരിക്കാൻ ആയിരുന്നത്രെ സായിപ്പിന്റെ ആ കൊലച്ചതി.  അതിനുശേഷം സായിപ്പിൻറെ വാഹനം അതുവഴി കടന്നു പോകുമ്പോഴൊക്കെ ആദിവാസിയുടെ പ്രേതം അയാളെ വേട്ടയാടിക്കൊണ്ടിരുന്നുവത്രെ. ഒടുവിൽ ആ പിശാചിനെ പിടിച്ച് അവർ ചങ്ങലക്കിട്ടു. അതാണത്രേ വൃക്ഷ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചെകുത്താൻ ചങ്ങല. അസാധാരണത്വം ഉള്ളത് എന്തും ആരാധിക്കപ്പെടുന്ന നാടാണല്ലോ നമ്മുടേത്. ചെകുത്താൻ ചങ്ങലയുടെ ചുവട്ടിലും കാണാം വിളക്കും എണ്ണയും തിരിയും..!
വൈത്തിരിയിലെ വയനാടിന്റെ കവാടം കടന്നെത്തിയ  ഞങ്ങൾ ആദ്യം ബത്തേരിയിൽ ഉള്ള ഞങ്ങളുടെ സുഹൃത്തും, യാത്ര സംഘത്തിൻറെ ലീഡറും ആയ എംഎസ് റഷീദിന്റെ വീട്ടിൽ ഉച്ച ഭക്ഷണത്തിന് എത്തി. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മലമടക്കുകൾക്കിടയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടങ്ങളിൽ അങ്ങിങ്ങായി കാണപ്പെടുന്ന വീടുകൾക്ക്  ഒത്തിരി ഭംഗി. നട്ടുച്ച നേരത്തും തണുപ്പിന് ഒട്ടും കുറവില്ലായിരുന്നു.
അടുത്ത ലക്ഷ്യം മുത്തങ്ങ ആയിരുന്നതിനാൽ ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഇടക്ക് ബത്തേരിയിൽ ഇറങ്ങി ജൈൻ ടമ്പിൾ സന്ദർശിച്ചു.   കേരള കർണാടക അതിർത്തിയായ മുത്തങ്ങ വനം കാട്ടുകള്ളൻ വീരപ്പന്റെ വിഹാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. മുത്തങ്ങയിൽ വന്യമൃഗങ്ങളെ യഥേഷ്ടം കാണാൻ കഴിഞ്ഞു. ഗജവീരന്മാർ കൂട്ടംകൂട്ടമായി വഴിവക്കിലൂടെ അലയുന്നത് കാണാൻ വല്ലാത്ത രസം. പിടിയാനയും കൊമ്പനാനയും ഒരു വശം ചേർന്ന് നിന്നുകൊണ്ട് കൊച്ചാനക്ക്  തീറ്റ കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത ഓമനത്തം തോന്നും.  ആന സ്നേഹം കണ്ടപ്പോൾ അത്ഭുതം തോന്നി. മാൻ കൂട്ടങ്ങളും വാനരക്കൂട്ടങ്ങളും വരയനാടും പേരറിയാത്ത കുറെ പക്ഷികളും മയിലുകളും കുയിലുകളും യഥേഷ്ടം മുത്തങ്ങയിൽ സ്വച്ഛന്ദം വിഹരിക്കുന്നത് കാണാമായിരുന്നു.
കാനനത്തിൻറെ സൗന്ദര്യവും കാടിൻറെ മക്കളുടെ ഒരുമയും ഐക്യവും ഒക്കെ ഒരു ദിവസത്തെ കാഴ്ച കൊണ്ടാന്നും കണ്ട് തീർക്കാൻ ആവുന്നതല്ല എന്ന് അപ്പോഴാണ് മനസ്സിലായത്. വഴിയോരത്ത് കണ്ട ഭൂമിയുടെ മുഴുവൻ അവകാശികളോടും യാത്ര പറഞ്ഞ് കൈവീശി ഞങ്ങൾ മടങ്ങി. രണ്ടാം ദിവസം പ്രഭാതത്തോടെ ഞങ്ങൾ കോളേജിലേക്ക് തിരിച്ചെത്തി.
മനോഹരമായ ഒരു യാത്ര. വിസ്മരിക്കാനാവാത്ത പ്രകൃതി ഭംഗി.... മറക്കാൻ കഴിയാത്ത സാഹസികത.... വീണ്ടും ഒരിക്കൽ കൂടി ആ വഴികളിലൂടെ തന്നെ ഒരു യാത്ര നടത്തണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അത്രമേൽ മധുരിക്കുന്ന ഓർമ്മകൾ തന്ന യാത്രയായിരുന്നു അത്. പക്ഷെ കരുണയില്ലാത്ത കാലത്തിന്റെ കറക്കത്തിൽ  ഞങ്ങളുടെ ആ കലാലയ ജീവിതം പൊടുന്നനെ അവസാനിച്ചു....! ആഗ്രഹം പൂവണിയാതെ തന്നെ.

വായന: വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം



വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം
മുഹമ്മദ് അലി ശിഹാബ് ഐഎഎസ്
വായന: മുസ്തഫ,മണ്ണാർക്കാട്

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ഒരു സാധാരണ കുടുംബത്തിൽ 1980 ൽ ജനിച്ച മുഹമ്മദ് അലി ശിഹാബിന്റെ ജീവിതമാണ് ഈ പുസ്തകം.  അന്നന്നത്തെ ജീവിതത്തിന് കഷ്ടിച്ച് വരുമാനം കണ്ടെത്തിയിരുന്ന കോറോത്ത് അലിയുടെയും ഫാത്തിമ യുടെയും മകനായാണ് ജനനം. ഗ്രാമ പാതയോരത്ത് മുളകൊണ്ടുള്ള കുടയും, കയ്ലും, മുറവും,  മറ്റു വീട്ടു സാധനങ്ങളുമൊക്കെ വിൽക്കുന്ന പെട്ടിക്കട ആയിരുന്നു ഏക വരുമാനമാർഗ്ഗം. സാമ്പത്തികമായി നന്നേ പ്രയാസം അനുഭവിച്ച ബാല്യം. പതിനൊന്നാം വയസ്സിൽ പിതാവിൻറെ മരണത്തെതുടർന്ന് മുക്കം മുസ്ലിം അനാഥശാലയിൽ ചേർന്നു. തുടർന്ന് പത്തുവർഷം അനാഥശാല ജീവിതം. തുടർന്നങ്ങോട്ട് കഷ്ടതകളോട്  പോരാടി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ടു. കല്ലുവെട്ടു കുഴിയിലും, മാവൂരിലെ ഗ്വാളിയോർ റയോൺസ് കമ്പനിയിലും കൂലി പണി.  പിന്നീട് അനാഥശാലയിലും, സ്കൂളിലും  അധ്യാപകനായും സർക്കാർ ഓഫീസിലെ ഗുമസ്തനായും ജോലി. ഒടുവിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സകാത്ത് ഫൗണ്ടേഷന്റെ സഹായത്തോടെ സിവിൽ സർവീസ് പരിശീലനം. അങ്ങിനെ ഐ.എ.എസ് നേടി 2011 ൽ സർവീസിൽ എത്തുന്നതുവരെയുള്ള ജീവിതമാണ്  'വിരലറ്റം' പറയുന്നത്. ഇല്ലായ്മയിൽ നിന്ന് ഉയർന്നുവന്ന ഒരു ചെറുപ്പക്കാരന്റെ കഥ എന്നതിലപ്പുറം, എൻ എസ് മാധവൻ അവതാരികയിൽ എഴുതിയത് പോലെ 'ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ് ഈ പുസ്തകം'.
ശിഹാബിന്റെ 'വിരലറ്റം' ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. തൊണ്ണൂറുകളിലെ മലപ്പുറത്തെ ഗ്രാമീണ ജീവിതത്തിൻറെ നേർചിത്രം ആണിത് .  നാട്ടു ജീവിതത്തിൻറെ നന്മകളും സാമൂഹ്യ ജീവിതരീതികളും സാമ്പത്തികവും കാർഷികവും സാംസ്കാരികവുമായ ആയവ്യയങ്ങളുടെ ചരിത്രവും ഈ പുസ്തകത്തിൽ വായിക്കാം. ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പറയുന്ന ആത്മകഥ രചനാ രീതിയിൽ നിന്ന് വ്യത്യസ്തമായി, വായനക്കാരെ ആകർഷിച്ച് പിടിച്ച് ഇരുത്തുന്ന  നോവൽ രചനാ ശൈലിയാണ് ഈ പുസ്തകത്തിൻറെ പ്രത്യേകത.
ജീവിതത്തെയും സിവിൽ സർവീസ് പരീക്ഷയും എങ്ങനെയാണ് വിജയകരമായി നേരിട്ടത് എന്ന് ശിഹാബ് പറയുന്നുണ്ട്:
"സ്വന്തമായ വഴികളിലൂടെയാണ് ദീർഘദൂരം സഞ്ചരിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ദോഷ വൈരങ്ങൾ മനസ്സിനെ ഉലക്കാതെ  ഒഴിച്ചുനിർത്തിയതിനാൽ പ്രതിസന്ധികളിൽ നിന്ന്  ഊർജ്ജ പ്രവാഹം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞു" P 161.
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രചോദനവും, സാമൂഹ്യശാസ്ത്ര വിദ്യാർഥികൾക്ക് അവലംബവും, സാഹിത്യ കുതുകികൾക്ക് നല്ല വായനാനുഭവവും നൽകുന്നതാണ് 'വിരലറ്റം'. മൂന്ന് ഭാഗങ്ങളിലായി 21 ചെറു അധ്യായങ്ങളിൽ ആറ്റിക്കുറുക്കി എഴുതിയിരിക്കുകയാണ് ഒരു ജീവിതം.  ആദ്യഭാഗങ്ങളിൽ തനി നാടൻ ഗ്രാമ ശൈലികൾ ധാരാളം ഉപയോഗിച്ചിരിക്കുന്നതിനാൽ വായനക്കാരന് അല്പം പ്രയാസം തോന്നിയേക്കാം. എങ്കിലും ഉള്ളടക്കത്തോട് ഇണങ്ങി ചേരുന്നതോടെ വായനയുടെ ആസ്വാദനം കൂടിവരും. സിവിൽ സർവീസിന് മലയാളസാഹിത്യം ഐച്ഛികവിഷയമായി എടുക്കുകയും മലയാളത്തിൽ തന്നെ പരീക്ഷ എഴുതുകയും ചെയ്ത ശിഹാബിന്റെ വാക്കുകൾക്കും വരികൾക്കും ഒരു പ്രത്യേക ഭാഷ സൗന്ദര്യമുണ്ട്. ഒറ്റ വർഷം കൊണ്ട് നാല് പതിപ്പുകൾ ഇറങ്ങിയ 'വിരലറ്റം' ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നല്ല ഒരു പുസ്തകമാണ് 'വിരലറ്റം'.

Friday, November 1, 2019

ഓളങ്ങളിൽ

തൊഴിലിടങ്ങളിലെ വാരാന്ത്യങ്ങൾ അസഹനീയമായിരിക്കും. വീടും കുടുംബവും നാട്ടിടങ്ങളും വിട്ട് ദൂര ദേശങ്ങളിൽ തനിച്ച് പാർക്കുമ്പോൾ പ്രത്യേകിച്ചും. അത്തരം വേളകളിൽ ഏകാന്തതയുടെ പുറം തോട് പൊട്ടിച്ച്, അപരിചിതങ്ങളായ വഴികളിലൂടെ നാട് കാണാനിറങ്ങുന്നത് അവിസ്മരണീയമാണ്.  അറിയാത്ത ജനങ്ങളും പോകാത്ത വഴികളും, കാണാത്ത കാഴ്ചകളും കിട്ടാത്ത രുചികളും അന്വേഷിച്ചു കൊണ്ടുള്ള യാത്രകൾ. നാം അറിഞ്ഞതിനും അപ്പുറത്തേക്കുള്ള രസകരമായ സഞ്ചാരങ്ങൾ...

കരിമ്പനകളുടെ നാട്ടിൽ നിന്നും  കശുവണ്ടി ഫാക്ടറിയുടെ നാട്ടിലേക്കു  പറിച്ചു നടപ്പെട്ട ആദ്യ കാലങ്ങളിലെ വാരാന്ത്യങ്ങൾ ഇത്തരം യാത്രകളുടെ കാലങ്ങൾ കൂടി ആയിരുന്നു. പലപ്പോഴും ഒറ്റക്കായിരുന്നു യാത്ര, ചിലപ്പോഴൊക്കെ കൂട്ട് ചേർന്നും. 

അലക്ഷ്യമായ യാത്രകളിലൊന്ന് അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളിലൂടെ ആയത് അവിചാരിതമായിരുന്നു. അന്ന് ഒറ്റക്കായിരുന്നില്ല, മലബാറിൽ നിന്ന് തന്നെയുള്ള വേറെയും മൂന്നു നാല് പേരുണ്ടായിരുന്നു. കൊല്ലം KSRTC ബസ് സ്റ്റേഷനോട് ചേർന്ന ബോട്ട് ജെട്ടിയിൽ നിന്നും സർക്കാർ  യാത്രാ ബോട്ടിൽ കയറി. കായലിലൂടെ ഒരു ബോട്ടു യാത്ര, അതും അഞ്ച് രൂപ ടിക്കറ്റിൽ....! കേട്ടപ്പോൾ കൗതുകം തോന്നി. പക്ഷെ യാത്ര ഏറെ രസകരമായിരുന്നു.

കരയോട് ചേർന്ന കായൽ (ദുർ)മണം മാറി തുടങ്ങിയപ്പോൾ കുളിർ കാറ്റു വന്ന് ഹൃദയം തലോടി. അകലെ അറബിക്കടലിൽ കുളിക്കാൻ ഇറങ്ങുന്ന സൂര്യന്റെ കള്ളച്ചിരി കുഞ്ഞോളങ്ങളിൽ വീണ് ചിതറി...!  അഡ്വെഞ്ചർ പാർക്കിൽ  മക്കളെ കളിക്കാൻ വിട്ട് കായൽ കാറ്റും വാടിയ വെയിലും നുകർന്ന് ഏതാനും പേർ  കോൺക്രീറ്റ് കസേരകളിൽ ചാരിയിരിക്കുന്നു. ഒരിക്കലും നിലക്കാത്ത ചെറു ചലനങ്ങളിൽ നൃത്തം വെക്കുന്ന കായലോളങ്ങൾ ഇനിയും പറഞ്ഞു തീർന്നിട്ടില്ലാത്ത നൂറു നൂറു കഥകൾ പറയാൻ വെമ്പൽ കൊള്ളുന്നു. കാലങ്ങളായി ഒരു മഹാ നഗരത്തിന്റെ ഇരുണ്ട ഊടുവഴികളിലൂടെ ഒഴുകി എത്തുന്ന രഹസ്യങ്ങളത്രയും ഉള്ളിലൊതുക്കി വെച്ചിട്ടുണ്ട്. തലമുറകളുടെ സന്തോഷവും കണ്ണ് നീരുമുണ്ട് അതിൽ. മഹാ പ്രതാപികളുടെ ഉയർച്ചയും വീഴ്ചയുമുണ്ട്.          
 
കൊല്ലത്ത് നിന്നും പുറപ്പെടുമ്പോൾ ഏതാനും സീറ്റുകൾ ബാക്കിയുണ്ടായിരുന്നു. യാത്രക്കാരിൽ അധികവും മാർക്കറ്റിൽ വന്നവരായിരുന്നു. വീട്ടു സാധനങ്ങൾ വാങ്ങി വരുന്നവരും, കല്യാണം കൂടി മടങ്ങുന്നവരും, ഡോക്ടറെ കാണാൻ പോയവരും കൂട്ടത്തിലുണ്ട്. കടവുകളിൽ നിന്നും കടവുകളിലേക്ക്എത്തുമ്പോൾ യാത്രക്കാർ മാറി മാറി വന്നു കൊണ്ടിരുന്നു. സാമ്പ്രാണികുടിയിലും കുരീപുഴ കടവിലും ബോട്ട് എത്തിയപ്പോൾ ആളുകളുടെ എണ്ണം കൂടി.

പരിചിതമല്ലാത്ത മുഖങ്ങളും പുറം നാട്ടിലെ സംസാരവും കേട്ടപ്പോൾ സഹൃദയനായ സഹയാത്രികൻ ഭാസ്കര അണ്ണൻ ഞങ്ങളോട് കൂട്ടുകൂടി. പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും നാടറിയാൻ ഇറങ്ങിയതാണെന്നും കേട്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തിളക്കം കൂടി. തമ്പ്രാക്കന്മാർ നാടുവാണ ദേശിങ്ക നാട് മുതൽ വൈദേശിക അധിനിവേശത്തെ  നെഞ്ചും വിരിച്ചു എതിരിട്ട പഴമക്കാരുടെ വീരേതിഹാസങ്ങളും കുണ്ടറ വിളംബരവും  കശുവണ്ടി വ്യവസായ പെരുമയും ഒക്കെ ഒരു ചരിത്രാധ്യാപകന്റെ വാക് ചാതുരിയോടെ പറയുന്നത് കേട്ടപ്പോൾ ഞാൻ എന്റെ ഒമ്പതാം ക്ലാസ്സിലെ ഹമീദ് മാഷിന്റെ ഹിസ്റ്ററി ക്ലാസ്സിൽ തിരിച്ചെത്തി. വേലുത്തമ്പി ദളവയും കുണ്ടറ വിളംബരവും കേട്ട് ലാസ്റ്റ് ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങിയതും ചോക്ക് പൊട്ടുകൊണ്ട് ഏറ് കൊണ്ടതും  ഞെട്ടിയുണർന്നതും ക്ലാസ് ഒന്നടങ്കം കളിയാക്കി ചിരിച്ചതും ശിക്ഷ ഏറ്റുവാങ്ങി ബെഞ്ചിന് മുകളിൽ കയറി നിന്ന്  വിനീത വിധേയനായി തലകുനിച്ചു നല്ല പിള്ള ആയതുമൊക്കെ മങ്ങിയ ഓർമ്മയുടെ കായൽ പരപ്പിലൂടെ ഒരു വെളുത്ത പായക്കപ്പലേറി അകക്കണ്ണുകളിലേക്കു ഒഴുകി വന്നു.    
   
ഭാസ്കരൻ അണ്ണൻ നാട്ടു വിശേഷങ്ങൾ തുടർന്ന് കൊണ്ടേ ഇരുന്നു. പ്രാക്കുളത്തെ ശ്രീ കുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവമാണ് പുതിയ വിശേഷം.  ഉത്സവം കാണാൻ അദ്ദേഹം  ഞങ്ങളെയും ക്ഷണിച്ചു. അങ്ങിനെ, വന്ന ബോട്ടിൽ തന്നെ തിരികെ പോകാനിരുന്ന ഞങ്ങൾ പ്രാക്കുളത്ത് കപ്പലിറങ്ങി.
നാട്ടു വഴികളെല്ലാം ഉത്സവ  ഛായയിലാണ്. സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം പുത്തനുടുപ്പിട്ട്, നെറ്റിയിൽ കുറി വരച്ച് ആഘോഷത്തിന്റെ നിറപ്പകിട്ടോടെ റോട്ടിലും വീട്ടിലും കാണപ്പെട്ടു. ഉത്സവ പറമ്പിൽ നല്ല തിരക്കുണ്ടായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജ കേസരികൾ നിരനിരയായി നിൽക്കുന്നു. പഞ്ച വാദ്യവും ശിങ്കാരി മേളവും കൊട്ടിക്കയറുന്നു. ശിവനും പാർവതിയും സരസ്വതിയും ആലിലക്കണ്ണനുമൊക്കെ  ആലക്തിക ദീപങ്ങളുടെ വർണ്ണ ശോഭയിൽ നയന മനോഹരങ്ങളായി പുനർജനിക്കുന്നു.  കാതടപ്പിക്കുന്ന വെടിക്കെട്ടും ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് കരിമരുന്ന്  പ്രയോഗവും. അലയൊടുങ്ങാത്ത ജനപ്രവാഹത്താൽ ആനന്ദത്തിന്റെ പൊടി പടലങ്ങൾ ആകാശത്തോളം ഉയർന്നു പൊങ്ങുന്നു.     

നാട്ടുത്സവങ്ങൾ വർണ്ണങ്ങളുടെയും ശബ്ദങ്ങളുടെയും ആവിഷ്കാരത്തിന്റെയും ഉത്സവമാണ്നാടൻ കലകളും നാടൻ പാട്ടും നാട്ടുല്പന്നങ്ങളും വിനിമയം ചെയ്യപ്പെടുന്ന ഇടങ്ങൾ... കുന്തത്തിൽ കോർത്ത് വെച്ച കളിക്കോപ്പുകളും, നൂലിൽ കെട്ടിയ വർണ്ണ ബലൂണുകളും, മലരും പൊരിയും നുറുക്കും, കരിപ്പട്ടിയും കട്ടൻചായയും, കള്ളും കരിക്കും,  കോണിയും പാമ്പും, ആന-മയിൽ-ഒട്ടകവും, സർക്കസും മാജിക്കും, കിലുക്കി കുത്തും, പാട്ടും കുരവയും, കെട്ട് കാഴ്ചകളും ഒക്കെ നിറഞ്ഞാടുന്ന നാട്ടുത്സവങ്ങൾ...!  ആണും പെണ്ണും കുട്ടികളും മുതിർന്നവരുമൊക്കെ പൊയ്മുഖങ്ങളില്ലാതെ ആർത്തുല്ലസിക്കുന്ന ആനന്ദവേളകൾ...!         
പ്രാക്കുളത്തെ നാട്ടുത്സവം പറഞ്ഞ് അറിയിക്കാനാവാത്ത പുത്തൻ അനുഭവമായിരുന്നു.  ചെണ്ട മേളക്കാരുടെ കൈ താളത്തിനൊത്ത് ഒരു നാട് മുഴുവൻ ചുവടു വെച്ച് കൊട്ടിക്കയറിയപ്പോൾ  അവരിൽ ഒരു തുള്ളിയായി ഞങ്ങളും അലിഞ്ഞ് അലിഞ്ഞ് ഇല്ലാതായി.

-കെ. എം. മുസ്തഫ, മണ്ണാർക്കാട്.
28.10.2019

Saturday, October 26, 2019

പേരത്തണൽ

വീട്ടുമുറ്റത്തെ പേര പഴുക്കാൻ  തുടങ്ങിയിരിക്കുന്നു. കഷ്ടിച്ച് മൂന്നു വയസ്സ് പ്രായമേ ഉള്ളൂ പേര തൈയ്യിന്. ആറടി പൊക്കം വരില്ല, കൂടുതൽ ശിഖരങ്ങൾ ഇല്ല. ഉള്ളവയാവട്ടെ മേലോട്ട് വളരാൻ മടിച്ച്  വശങ്ങളിലേക്ക് ചരിഞ്ഞ് തൂങ്ങി കിടപ്പാണ്. കഴിഞ്ഞ വർഷം മൂന്നേ മൂന്ന് പേരക്ക തന്ന് കൊതിപ്പിച്ചു. അത് പാകമാവാൻ കാത്തിരുന്നതായിരുന്നു. ഞാനെത്തും മുമ്പേ അത് മറ്റാരൊക്കെയോ കൊത്തി കൊണ്ട് പറന്ന് പോയി. ഇത്തവണ പക്ഷെ നിരാശപ്പെടുത്തിയില്ല. ചില്ലകൾ തോറും കായ്‌കൾ. ഓരോ ഇലക്കമ്പിലും രണ്ടോ മൂന്നോ പേരപ്പഴങ്ങൾ ! പേരകൾക്ക് പ്രായവും വലിപ്പവും കൂടുന്നതിനനുസരിച്ച് ചില്ലകൾ വിനയാന്വിതനായി തല താഴ്ത്തി താഴോട്ട് കുനിയുന്നു. ഒറ്റ ഇരിപ്പിൽ തല ഇളകാതെ ഞാനൊന്ന് എണ്ണിനോക്കി. ചെറുതും വലുതുമായി 214 പേരകൾ !

വീട്ടിലെത്തുന്നവർക്കെല്ലാം ഇപ്പോൾ കൗതുകമാണ്. ഉമ്മറത്തെ പേരത്തൈയിൽ നിന്നും കയ്യോടെ പറിച്ച് മധുരം നുണഞ്ഞിട്ടേ ആരും വാതിൽ പടി ചവിട്ടുന്നുള്ളൂ. വീട്ടിലെ കുട്ടികളും മുതിർന്നവരും നേരം പുലർന്നാൽ പേരതൈ ചുവട്ടിലെത്തും. നല്ല മൂത്തു പഴുത്ത തേൻ പേരക്കായി ചില്ലകൾ തോറും കണ്ണയക്കും. കയ്യോടെ പറിച്ചു രുചിനോക്കും - ഗാർഡൻ ഫ്രഷ്....!

പേരക്ക പഴുക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടുവളപ്പിലെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. പഴങ്ങളുടെ മൊത്തം അവകാശമുന്നയിച്ച് കാക്കക്കൂട്ടങ്ങൾ രാവിലെ തന്നെ പറന്നിറങ്ങും. വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറാകാതെ വരയണ്ണാനും മക്കളും ചിലച്ചു കൊണ്ട് പ്രതിരോധിക്കും. വണ്ണാത്തിക്കിളികളും, കുറിവാലൻ കുരുവികളും അവസരത്തിനായി കാത്തിരിക്കും. പച്ച പട്ടുടുത്ത് ചുണ്ടുകളിൽ ചെഞ്ചായമിട്ട് പത്രാസോടെ പറന്നിറങ്ങുന്ന തത്ത കൂട്ടങ്ങൾ ആരെയും കൂസാതെ വേണ്ടത്ര കൊത്തി തിന്ന് കളിചിരിയോടെ പറന്ന് പോവും. എവിടെ നിന്ന് വന്നെന്നോ എവിടേക്കു പോയ് മറയുന്നെന്നോ അറിയില്ല. പുള്ളിപ്പാവാടയിട്ട് വരുന്ന കുറെ പൂമ്പാറ്റ കുഞ്ഞുങ്ങളുണ്ട്. അവർക്കു പൂക്കളോടാണ് കൂടുതൽ ഇഷ്ടം. വൈകി വിടർന്ന പേരപ്പൂക്കളുടെ ഇതളുകളിൽ പറന്നിറങ്ങി അവർ തേൻ കുടിക്കും, കൈകളിൽ പൂമ്പൊടി ശേഖരിച്ച് കൂടുകളിലേക്ക് തിരിക്കും. അലഞ്ഞ് നടക്കുന്ന ആകാശ തുമ്പികൾ പേരമരത്തിനു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. പേരക്കയോടല്ല അവർക്കും താല്പര്യം; തേൻ നിറഞ്ഞ പൂക്കളോടാണ്. നേരം പുലർച്ച മുതൽ ഈ കലപില ശബ്ദങ്ങളും കോങ്കണ്ണിക്കാക്കയുടെ ശകാരവും അണ്ണാറക്കണ്ണന്റെ ചിലക്കലും കിളികൊഞ്ചലുമൊക്കെയായി വീടിപ്പോൾ ശബ്ദ സാന്ദ്രമാണ്. രാത്രി കാലങ്ങളിൽ മാത്രം വരുന്ന ചില ഭീകരരും ഉണ്ട്. കറുത്ത ഗൗണിട്ട, ചോരക്കണ്ണുകളുള്ള വവ്വാലുകൾ. അവർ പകൽ പുറത്തിറങ്ങില്ല. ഇരുട്ട് പറക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ അതിവേഗത്തിലാണ് അവരുടെ സഞ്ചാരം. നോട്ടമിട്ടത് പറിച്ചെടുത്ത് പറന്ന് പോവും. പണ്ട് മുതൽക്കേ ജനങ്ങൾക്ക് പേടിയാണവരെ. നിപ്പ രോഗ വാഹകരാണെന്ന് കൂടി കേട്ടപ്പോൾ ജനം വവ്വാലുകളെ ഭീകരപ്പട്ടികയിൽ ചേർത്തു.   

പേരക്കൊമ്പിലെ അതിഥികളും ബഹളങ്ങളും കണ്ടിങ്ങനെ വീട്ടു വരാന്തയിലെ ചാരു കസേരയിൽ, മൗനിയായി, അവരിൽ ഒരാളായി ഇരിക്കാൻ എന്ത് രാസമാണെന്നോ... വെയിൽ വാടിയ വൈകുന്നേരങ്ങളിൽ ചെറു കുളിരുമായി വന്നെത്തുന്ന വടക്കൻ തെന്നൽ കൂടിയാവുമ്പോൾ അനിർവചനീയമായ ഒരു ആനന്ദത്തിന്റെ ആത്മീയതയിൽ അറിയാതെ ലയിച്ചു പോവും.

ഗേറ്റ് കടന്നു മുന്നിൽ വന്നു നിൽക്കുന്ന രണ്ടു 'ചെറു നാണ'ങ്ങൾ ശ്രദ്ധ തിരിച്ചു. കൈകൾ ചേർത്തു പിടിച്ച് മുട്ടിച്ചേർന്നു നിൽപ്പാണ് രണ്ടു പേരും. നാണവും പേടിയും ഒരു പോലെ നിഴലിക്കുന്നുണ്ട് ആ കുഞ്ഞു മുഖങ്ങളിൽ. എന്നോട് എന്തോ ചോദിയ്ക്കാൻ ഉള്ളത് പോലെ. അതോ അവരുടെ ലക്ഷ്യ വഴിയിൽ അപ്രതീക്ഷിതമായി എന്നെ കണ്ട അന്ധാളിപ്പോ? പതിവ് ഗൗരവത്തിൽ അല്പം പുഞ്ചിരി ചേർത്ത് നേർപ്പിച്ച് ഞാൻ അവരെ നോക്കി, എന്ത്യേ എന്നൊന്ന് തലയനക്കി. തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ കുഞ്ഞു ചുണ്ടുകളിൽ എത്താതെ തിരികെ പോവുന്നത് ഞാനറിഞ്ഞു. ആ കണ്ണുകൾ പേരമരത്തിലേക്കു നീണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. പറിച്ചോളൂ എന്ന് അനുവാദം കൊടുത്ത് ഞാനെന്റെ കസേരയിൽ ചാരിയിരുന്നു.        

സുൽത്താൻ പറഞ്ഞത് തന്നെയാണ് വലിയ ശരി. ഞാൻ മാത്രമല്ലല്ലോ ഇതിന്റെ അവകാശി. ഇക്കണ്ടവർക്കെല്ലാം അവകാശപ്പെട്ടതാണീ നിൽക്കുന്ന പേരപ്പഴങ്ങൾ. അല്ലെങ്കിലും ഞാൻ മാത്രമെങ്ങിനെ ഇതിന്റെ ഉടമയാവും? പേരറിയാത്തൊരു തമിഴ് കർഷകന്റെ പാടത്ത് വിളഞ്ഞ്, ഞാൻ പോലുമറിയാതെ എന്നിലൂടെ വീട്ട് മുറ്റത്തു വന്നു വീണതാണ്. അത് മുളച്ചു വളർന്ന് പന്തലിച്ചു. അതിനെ പിഴുതെറിയാതെ വെള്ളമൊഴിച്ച്  സംരക്ഷിച്ചു. അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആയതിനാൽ അണ്ണാനും, കുരുവിയും, തത്തയും, കാക്കച്ചിയും, വവ്വാലും, തുമ്പിയും, പൂമ്പാറ്റയും, ഓന്തും, ഉറുമ്പും, അയലത്തെ പെൺകിടാങ്ങളും, ബന്ധുക്കളും കൂട്ടുകാരും എല്ലാവരും വരട്ടെ. തേൻ കുടിക്കട്ടെ, പൂമ്പൊടി ഭക്ഷിക്കട്ടെ, പേരപ്പഴം തിന്ന് വിശപ്പടക്കട്ടെ. വയറു നിറയുമ്പോൾ പാട്ടുപാടി നൃത്തം ചെയ്യട്ടെ. ആ നിറഞ്ഞ വയറുകളുടെ സന്തോഷത്തിൽ ഈ ഭൂമിയും പ്രകൃതിയും ഞാനും ആനന്ദിക്കട്ടെ.    

Sunday, September 29, 2019

മുതലകൾ വാഴുന്ന ഇടം



അന്നൊരു ബുധനാഴ്ചയായിരുന്നു. 2019 ജൂലൈ 31 നു കർക്കടക വാവ്. ഫുഡ് ആൻഡ് ട്രിപ്പിലെ ഐവർ സംഘം അതിരാവിലെ കൊല്ലത്തു നിന്നും പുറപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയിൽ മൂന്നുമുക്ക് ജംഗ്ഷനിൽ   നിന്നും ഇടത്തോട്ട് തിരിഞ്ഞു എം.സി. റോഡിലേക്ക് ചേർന്നു. വെഞ്ഞാറംമൂട് എത്തിയപ്പോൾ സംഘാംഗം ആദർശിന്റെ തറവാട്ട് വീട്ടിൽ ഇറങ്ങി പ്രാതൽ കഴിച്ചു. ചൂട്  പൂരിയും,  തൈര് സാലഡും - അമ്മയുടെ കൈപ്പുണ്യം. 


കർക്കടക വാവിന് തോരാത്ത മഴയാണെന്നാണ് പഴമക്കാർ പറയുന്നത്. ഇത്തവണ അതുണ്ടായില്ല. മാനത്തെ മഴയെല്ലാം കഴിഞ്ഞ വർഷം  പേമാരിയായും പ്രളയമായും പെയ്തു തീർന്നല്ലോ. ഇന്നിപ്പോൾ നീലാകാശം, വെള്ളി മേഘങ്ങൾ, മഞ്ഞ വെയിൽ, കരുണയില്ലാത്ത സൂര്യൻ...


നെടുമങ്ങാട് വഴി കാപ്പുകാട് ആന പുനരധിവാസ  കേന്ദ്രത്തിലേക്കാണ് യാത്ര. പല കാരണങ്ങളാൽ അവശത അനുഭവിക്കുന്ന ആനകളുടെ  പുനരധിവാസ കേന്ദ്രം. വനം വകുപ്പിനാണ് നടത്തിപ്പ് ചുമതല. ഇതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. പക്ഷെ ചെറിയ ഫീസൊടു കൂടി സന്ദർശകരെ അനുവദിക്കുന്നുണ്ട്‌.  85 കഴിഞ്ഞ ആന മുത്തശ്ശിയും നാലു വയസ്സുകാരൻ ആന കുമാരനുമൊക്കെ ഇവിടുത്തെ അന്തേവാസകളാണ്. പല പ്രായങ്ങളിൽ പല കാടുകളിൽ നിന്നും നാടുകളിൽ നിന്നുമായി വന്നു ചേർന്ന മുപ്പതിലേറെ ആനകളുണ്ട്. കൃത്യമായ പരിചരണവും മരുന്നും ചികിത്സയു മൊക്കെയായി സുഖവാസത്തിൽ ആണവർ. എങ്കിലും കാലിലെ ചങ്ങലയും തോളിലെ തോട്ടിയും നൊമ്പരമായി കൺ തടത്തിലൂടെ ചാലിട്ടൊഴുകുന്ന പാടുകളുണ്ട്. പത്തു മണിക്ക് ഉള്ള സമൂഹ ആനയൂട്ടും നീരാട്ടും കാണാൻ സന്ദർശകർ തിരക്ക് കൂട്ടുന്നു. നെയ്യാർ ഡാമിന്റെ വൃഷ്ടി പ്രദേശമാണിത്. അതിനാൽ വെള്ളമുണ്ട്, തണലേകി മരങ്ങളും കാടും. തടാകം പോലെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. ഫൈബർ ബോട്ടും, ചങ്ങാടവും കുട്ടവഞ്ചിയുമൊക്കെ സന്ദർശകരെ കാത്തിരിക്കുന്നു.

കാപ്പുകാട്ടിലെ കാഴ്ചകൾ കഴിഞ്ഞപ്പോൾ നെയ്യാറിലേക്കു തിരുച്ചു. 7.5 കീ മീ. ദൂരമുണ്ട്. നെയ്യാറിൽ നിന്നും തിരുവനന്തപുരത്തേക്ക് 30 കീ.മീ. വരുംഉച്ചയോടെ ഡാം സൈറ്റിലെത്തി. നെയ്യാർ, കല്ലാർ, മുല്ലയാർ, കരവലിയാർ തുടങ്ങിയ ചെറുതും വലുതുമായ പുഴകളെ തടഞ്ഞു നിർത്തി, പശ്ചിമ ഘട്ട താഴ്വാരത്ത് 1958 ലാണ് നെയ്യാർ ഡാം പണിതത്91ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഡാമിൽ ധാരാളം കുന്നുകളും തുരുത്തുകളും ഉയർന്നു നിൽക്കുന്നത് കാണുമ്പൊൾ പച്ച പട്ടുടുത്ത ദ്വീപുകളുടെ മനോഹാരിത മനം കവരുംടൂറിസം വകുപ്പ്, ഡാമിലൂടെ ബോട്ട് യാത്രയും ദ്വീപുകളിൽ ലയൺ സഫാരിയും ഒരുക്കിയിട്ടുണ്ട്. കാട്ടു വഴികളിൽ അലഞ്ഞു നടക്കുന്ന  സിംഹ-സിംഹിണികൾക്ക് അരികിലൂടെ യാത്ര ചെയ്യാം, അടുത്ത് നിന്ന് കാണാം.



നരഭോജികളായ മുതലകൾ വിഹരിക്കുന്ന ഇടമാണത്രെ നെയ്യാർ ഡാം. അതിനാൽ വെള്ളത്തിൽ ഇറങ്ങുന്നതിനു കർശന നിയന്ത്രണമുണ്ട്. മുറിവേറ്റവരും, രോഗാതുരരും, പ്രായം കൊണ്ട് അവശത അനുഭവിക്കുന്നവരുമായ മുതലകൾക്ക് വേണ്ടി സർക്കാരിന്റെ പുനരധിവാസ കേന്ദ്രമുണ്ടിവിടെ. സന്ദർശകർക്ക് അടുത്ത് നിന്ന് മുതലകളെ കാണാം. വെള്ളത്തിലോ കരയിലോ നിശ്ചലരായി കിടക്കുന്ന മുതലച്ഛന്തം ആസ്വദിക്കാം! തൊട്ടപ്പുറത്തു റോഡിനോട് ചേർന്ന് മാനുകൾക്കുള്ള അധിവാസ കേന്ദ്രവുമുണ്ട്. വെള്ളപ്പുള്ളികളുള്ള സ്വർണ്ണക്കമ്പളം പുതച്ച, സ്ഫടിക കണ്ണുള്ള, ഓമനത്തം നിറഞ്ഞ സുന്ദരികളും സുന്ദരന്മാരുമായ മാൻ കൂട്ടങ്ങൾ കൺകുളിമ നൽകും, മനസിന് ആനന്ദം പകരും 

മാനും മുതലയും, സിംഹവും കാടും, ജലാശയത്തിലെ ചെറു തിരകളും, കുഞ്ഞിളം കാറ്റും ആവോളം ആസ്വദിച്ചു തിരികെ ബോട്ടിൽ കയറി കരക്കണഞ്ഞു. ഡാമിന് മുകളിൽ കയറി ഐസ്ക്രീം നുണയുമ്പോൾ പടിഞ്ഞാറ് നിന്നും പ്രണയം മൂളി ഒരു കുസൃതി കാറ്റ് കുണുങ്ങി കുണുങ്ങി കവിളുകളെ തലോടി കടന്നു പോയി.

വിശപ്പ് ഉണർന്ന് എണീക്കാൻ തുടങ്ങിയിരുന്നു. റോഡരികിലെ പെട്ടിക്കടകളിൽ  “ഉപ്പിലിട്ടത്കൊതിപ്പിച്ചു കൊണ്ടിരുന്നു. നല്ല തണുത്ത മോരിൻ വെള്ളത്തിനായി ഓർഡർ കൊടുത്തു. കത്തിക്കയറാൻ തുടങ്ങിയ വിശപ്പിനെ അണക്കാൻ, പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് മൺകുടത്തിൽ തണുപ്പിച്ച, നാടൻ പശുവിന്റെ പാലിൽ ഉണ്ടാക്കിയ പുളിയൂറുന്ന മോരിൻ  വെള്ളം കൊതിച്ചിരുന്ന ഞങ്ങൾക്ക് പക്ഷെ നിരാശയായി. മോര് ചീത്തയായിരിക്കുന്നുവല്ലാത്തൊരു അരുചി...



മടക്ക യാത്രയിൽ ഡാമിന്റെ ഒരറ്റത്ത് നാട്ടുകാർ കുളിക്കുന്നതും അലക്കുന്നതും ശ്രദ്ധയിൽ പെട്ടു. മുതലപ്പേടി ഉള്ളിലുള്ളതിനാൽ അടുത്ത് കണ്ട വീടുകളിൽ കയറി ചോദിച്ചു. അവർ തന്ന ധൈര്യത്തിൽ കുളിക്കാൻ ഇറങ്ങി. മുകളിൽ പൊള്ളുന്ന സൂര്യൻ. വെള്ളത്തിന് മരം കോച്ചുന്ന തണുപ്പ്. ഹൃദ്യമായ നീരാട്ട് രണ്ടര മണിക്കൂറിലേറെ നീണ്ടു.



തിരികെ വരുമ്പോൾ പൊന്മുടി കൂടി സന്ദർശിക്കണം എന്നായി. നെയ്യാറിൽ നിന്നും ആര്യനാട്, തളിക്കോട്, വിതുര, കല്ലാർ വഴി 48 കീ. മീ. ഉണ്ട് പൊന്മുടിയിലേക്ക്.  ഉച്ച ഭക്ഷണം വേണ്ടെന്നു വെച്ചു. നാല് മണിക്ക് മുന്നേ എത്തിയില്ലെങ്കിൽ പൊന്മുടി കയറാൻ അനുവാദം കിട്ടില്ല. വെച്ചു പിടിച്ചു. പ്രതീക്ഷിച്ചതിലും നേരത്തെ മലമുകളിലെത്തി. ഒഴിവു ദിവസമായതിനാൽ ധാരാളം വാഹനങ്ങളും സന്ദർശകരുമുണ്ട്.  ഞങ്ങൾ മുകളിലെ ത്തുമ്പോൾ തണുപ്പ് ഇറങ്ങി വരുന്നതേ ഉള്ളൂ. പൊന്മുടി കുന്നുകൾ നിറയെ മനുഷ്യർ മുളച്ചിരിക്കുന്നു. വിവിധ വർണ്ണങ്ങളിൽ മലകളിൽ നിറഞ്ഞ് നിന്ന മനുഷ്യരെ ദൂരെ നിന്ന് കാണുമ്പോൾ  മഞ്ഞയും വെള്ളയും ചുവപ്പും നീലയുമൊക്കെ പൂക്കൾ ഇടകലർന്നു വിരിഞ്ഞു നിൽക്കുന്ന പൂന്തോട്ടത്തിന്റെ ഭംഗി. കാറ്റിലാടുന്ന പൂക്കളെ പോലെ മനുഷ്യന്റെ ചലനങ്ങൾ കണ്ണുകളിൽ കൗതുകം നിറക്കുന്നു.

ഇളം തെന്നൽ പിൻവാങ്ങി. കുന്നിറങ്ങി ചെറുകാറ്റ് വന്നപ്പോൾ കുളിരും കൂടെ വരുന്നുണ്ടായിരുന്നു. കൈ തലപ്പുകൾ  ചേർത്ത് ഉരസിയും, പോക്കറ്റിൽ തിരുകിയും കുളിരാസ്വദിച്ച് ഞങ്ങൾ താഴ്വാരങ്ങളിലൂടെ നടന്നു നീങ്ങി; ഉയർന്നു നിൽക്കുന്ന കുന്നുകൾ കീഴടക്കി. പാറക്കല്ലുകളിൽ കയറി കുളിർക്കാറ്റു കൊണ്ടുകൈയെത്തും ദൂരത്ത് കാർമേഘങ്ങളെ കണ്ടു. മലഞ്ചെരിവുകൾ അഗാധ ഗർത്തങ്ങളായി കാണപ്പെട്ടു. ജോലി ഭാരവും ജീവിത ഭാണ്ഡവും എല്ലാം താഴെ ഇറക്കി വെച്ച് ആനന്ദവും സന്തോഷവും ആഘോഷമാക്കി, ആകാശത്തോളം ഉയർന്നു നിന്ന മനോഹര നിമിഷങ്ങൾ...!


കോടമഞ്ഞ്താഴെയിറങ്ങി കുന്നുകളെയും താഴ്വരകളെയും പുതക്കാൻ തുടങ്ങിയപ്പോൾ, ആകാശം അതിരുകൾ ഭേദിച്ച് ഭൂമിയെ പുൽകാൻ  തിടുക്കം കൂട്ടിയപ്പോൾ ആളുകൾ മലയിറങ്ങി തുടങ്ങി. സന്ദർശകർക്കായി പ്രത്യേകം ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ കയറി ലഘു ഭക്ഷണത്തിനു ഓർഡർ കൊടുത്തു. ഏലം ചേർത്ത കട്ടൻ ചായയുടെ സുഗന്ധം നാസാരന്ദ്രങ്ങളെ തുളച്ചു കയറി തലച്ചോറിൽ ഉന്മേഷം പകർന്നുചുടു കപ്പ് ചുണ്ടോടു  ചേർത്ത് വലിച്ചു കുടിക്കുമ്പോൾ ഞരമ്പുകൾ ഓരോന്ന് ഓരോന്നായി ഉണർന്ന് എണീക്കാൻ തുടങ്ങി. കുരുമുളക് വിതറിയ ഓംലറ്റ്, ബ്രെഡും ചേർത്ത് കഴിച്ചപ്പോൾ ഉയരങ്ങളിലെ ലഘു ഭക്ഷണത്തിന്പറഞ്ഞറിയിക്കാനാവാത്ത രുചി. കോടമഞ്ഞിലൂടെ ഊളിയിട്ട് കരുതലോടെ മലയിറങ്ങി വീണ്ടും ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഞങ്ങൾ വണ്ടിയോടിച്ചു.