നിശയുടെ സംഗീതം കണ്ണുകളെ ഉറക്കത്തിലേക്ക് ആനയിച്ചു. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം ആയി കഴിഞ്ഞപ്പോൾ മനപ്പൂർവ്വം ഉറങ്ങരുത് എന്ന് തീരുമാനിച്ച് തന്നെയാണ് കിടന്നത്. അർദ്ധരാത്രിയിൽ വാതിലിൽ മുട്ട് കേട്ട് ഞെട്ടിയുണർന്നു. റൂമിലെ മുഴുവൻ പേരെയും തട്ടിയുണർത്തി എല്ലാവരും ധൃതിയിൽ എഴുന്നേറ്റ് വസ്ത്രങ്ങൾ മാറി ഇറങ്ങി. ഞങ്ങളുടെ യാത്ര പുറപ്പെടാൻ തീരുമാനിച്ച സമയം രാവിലെ നാലുമണി ആയിരുന്നു. വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയതും കോളേജ് മുറ്റത്ത് നിൽക്കുന്ന ടൂറിസ്റ്റ് ബസിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആവേശം. ഉറക്ക ക്ഷീണം എങ്ങോ പോയി മറഞ്ഞു. പിന്നെ എല്ലാവരും ബസ്സിലെ സൈഡ് സീറ്റിന് വേണ്ടിയുള്ള തിരക്കിലായിരുന്നു. ആവശ്യത്തിനുള്ള ലഘുഭക്ഷണവും ആയി ഞങ്ങൾ യാത്ര ആരംഭിച്ചു. ആവർത്തിക്കപ്പെടുന്ന ദിന കർമ്മങ്ങളിൽ നിന്നും വിരസമായ പുസ്തക കെട്ടിൽ നിന്നും തലയൂരാൻ കഴിഞ്ഞപ്പോൾ ഞങ്ങൾ ഓരോരുത്തരും ഓരോ പുതിയ ജന്മത്തിൽ ആയിരുന്നു.
ഞങ്ങളെയും കൊണ്ട് വാഹനം കോളേജ് ഗേറ്റ് കടക്കുമ്പോൾ പുറത്ത് ഇരുട്ട് മൂടിയിരുന്നു. ലോകം ഉറങ്ങിയിട്ടും ഉറങ്ങാൻ കൂട്ടാക്കാതെ ചൂളം വിളിച്ച് ഇണയെ കാത്തിരിക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രം അങ്ങിങ്ങ് കേൾക്കുന്നുണ്ടായിരുന്നു.
ഇന്ന് 17 ഡിസംബർ 1998. അവസാന വർഷ ഡിഗ്രിക്കാലം. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ഉള്ള ഞങ്ങളുടെ കോളേജിൽ നിന്നായിരുന്നു യാത്ര ആരംഭിച്ചത്. സ്വല്പം നീക്കിയ ജനൽ പാളികളിലൂടെ മഞ്ഞ് കുതിർത്ത തണുത്തകാറ്റ് ശരീരത്തെയും ഒപ്പം മനസ്സിനെയും കുളിർമ കൊള്ളിച്ചു. കിഴക്കൻ ചക്രവാളത്തിൽ പൊന്നരഞ്ഞാണം പ്രത്യക്ഷമായി. ഉറക്കെച്ചുവയോടെ സൂര്യൻ മന്ദംമന്ദം കൺതുറന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഏറെക്കുറെ പരിചിതമായ സ്ഥലങ്ങളായിരുന്നു. പുറത്ത് നഗരങ്ങളും ഗ്രാമങ്ങളും ഉറക്കത്തിൽ നിന്നും പൂർണ്ണമായും ഉണർന്നിട്ടില്ല. എന്തായാലും യാത്ര വിനോദയാത്ര ആവണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തിയ സംഗീത വീചികൾ കാതുകളെ ലഹരി പിടിപ്പിച്ചു തുടങ്ങി. പിന്നെ ആട്ടവും പാട്ടും കൈകൊട്ടും ഡാൻസും യാത്രക്കു മികവു കൂട്ടി.
ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത് തുഷാരഗിരിയും വയനാടും ആയിരുന്നു. കൃത്രിമത്വം ഇല്ലാത്ത പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ ഇഷ്ടപ്പെട്ടു. മനുഷ്യ കരങ്ങൾ തീർത്ത കോൺക്രീറ്റ് മന്ദിരങ്ങളും പാഴ് വസ്തുക്കളും പ്ലാസ്റ്റിക് കവറുകളും കൊണ്ട് നിറഞ്ഞ മലിനമായ നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കത്രിച്ചു മിനുക്കി നിർത്തിയ കൃത്രിമ സൗന്ദര്യത്തേക്കാൾ കണ്ണിനും കാതിനും മനസിനും ആനന്ദം പകരുന്നതാണ് പ്രകൃതിയുടെ ശുദ്ധ സൗന്ദര്യം. കാട്ടാറുകളുടെ ഗാന വീചികൾക്ക് പക്ഷികൾ സംഗീതം നൽകുമ്പോൾ, വൃക്ഷങ്ങളും പുൽമേടുകളും താഴ് വരകളും ചേർന്ന് സുന്ദര കാഴ്ചകൾ തീർക്കുമ്പോൾ, മറ്റെന്തിനെക്കാളും സൗന്ദര്യം പ്രകൃതിക്ക് തന്നെ.
കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയിലേക്ക് ആയിരുന്നു ഞങ്ങളുടെ ആദ്യ ഉന്നം. കാലത്ത് 9 മണിക്ക് മുമ്പ് ഞങ്ങൾ തുഷാരഗിരി കുന്നുകളുടെ താഴ് വാരത്തിൽ എത്തി. വാഹനം നിർത്തി ഒരു ട്രക്കിങ്ങിന് ഒരുങ്ങുകയായിരുന്നു ഞങ്ങൾ. പല പല തട്ടുകളിലായി പ്രകൃതിയൊരുക്കിയ വെള്ളച്ചാട്ടം ആയിരുന്നു തുഷാരഗിരിയുടെ സൗന്ദര്യം. ഒന്നാമത്തെ വെള്ളച്ചാട്ടത്തിനു താഴെ എത്തിയ ഞങ്ങൾ അതിനപ്പുറത്തുള്ളത് കാണാൻ മോഹിച്ചു. സൂര്യൻ ചൂട് പിടിക്കുന്ന സമയം ആയതിനാൽ അന്തരീക്ഷത്തിലെ മഞ്ഞ് ഗണങ്ങൾ പോയി മറയാൻ തുടങ്ങിയിരുന്നു. പാറകൾക്ക് മുകളിൽ നിന്നും വെളുത്ത നൂലുകൾ പോലെ ഗിരിയുടെ പ്രസാദം താഴോട്ട് കുത്തനെ പാറക്കെട്ടുകളിൽ പതിച്ച് ചിന്നി ചിതറുമ്പോൾ നീലാകാശത്തിലെ മേഘ തുണ്ടുകൾ താഴെ വീണ് ചിതറുന്നുവോ എന്ന് തോന്നിപ്പോകും. ഒന്നാം വെള്ളച്ചാട്ടത്തിൽ നിന്നും രണ്ടാം വെള്ളച്ചാട്ടത്തിലേക്ക് ഞങ്ങൾ കയറാൻ തുടങ്ങി. അവിടെ എത്തിയപ്പോഴേക്കും ഞങ്ങളിൽ പലരും ക്ഷീണിതരായി വഴിയിൽ ഇരിപ്പായി. കുത്തനെയുള്ള ഒറ്റയടിപ്പാതയിലൂടെ ഉള്ള മലകയറ്റം അൽപം സാഹസം തന്നെയായിരുന്നു. രണ്ടാം വെള്ളച്ചാട്ടത്തെക്കാൾ ആനന്ദകരം മൂന്നാം വെള്ളച്ചാട്ടം ആണെന്നറിഞ്ഞപ്പോൾ ഞങ്ങളിൽ ചിലർ വീണ്ടും മല കയറി. എന്നാൽ ഞങ്ങളിൽ ദുർബലർ -മിക്കവരും- രണ്ടാം വെള്ളച്ചാട്ടം കൊണ്ടുതന്നെ മതിയാക്കി കുളിക്കാനിറങ്ങി.
ഏറ്റവും മുകളിലെ വെള്ളച്ചാട്ടം വന്നു പതിക്കുന്നത് പാറക്കെട്ടുകൾ കൊണ്ട് പ്രകൃതി ഒരുക്കിയ ഒരു കൊച്ചു തടാകത്തിലാണ്. ആകാശം പോലെ തന്നെ തെളിമയാർന്നതായിരുന്നു ആ ജലാശയം. തടാകത്തിൽ ഇറങ്ങാൻ തുടങ്ങവെ പലരും അടക്കം പറയുന്നത് കേട്ടു, ഇത് ഒരൽപ്പം ഡെയിഞ്ചറസ് ആണ്. മുമ്പ് പലരും തടാകത്തിൽ വീണു മരിച്ചിട്ടുണ്ട് സൂക്ഷിക്കണം. ദൈവ കൃപയാൽ ഞങ്ങളിൽ ആർക്കും ഒരു അപകടവും സംഭവിക്കാതെ തന്നെ ഞങ്ങൾ ആ നീല തടാകത്തിൽ നീന്തിത്തുടിച്ചു കുളിച്ചു കയറി. ഡ്രസ്സ് മാറിക്കൊണ്ടിരിക്കുമ്പോൾ കൂട്ടച്ചിരി. കൂട്ടത്തിലൊരുത്തൻ പാറപ്പുറത്ത് മലർന്നു കിടപ്പുണ്ടായിരുന്നു. അവൻ അറിഞ്ഞില്ല താൻ അട്ടകൾ പതിയിരിക്കുന്ന പാറക്ക് മുകളിൽ ആണ് അർദ്ധ നഗ്നനായി മലർന്ന് കിടക്കുന്നത് എന്ന്. വല്ലപ്പോഴും വരുന്ന വിനോദസഞ്ചാരികളാണ് അട്ടകൾക്ക് രക്തം കൊടുക്കുന്നത്. അവർ ആവോളം ഊറ്റി കുടിച്ചു രസിച്ചു. വെപ്രാളപ്പെട്ട് കരയിലേക്ക് ഓടിയ അവൻറെ പുറത്തുനിന്നും ശരീരത്തിൻറെ പലഭാഗങ്ങളിൽ നിന്നും ഞങ്ങൾ അട്ടകളെ പെറുക്കി എടുത്തു.
തുഷാരഗിരിയിൽ നിന്നും താഴെ ഇറങ്ങി മടക്കയാത്രക്ക് ഒരുങ്ങുമ്പോൾ വല്ലാത്ത മനോവേദന അനുഭവപ്പെട്ടു. മലയിറങ്ങി താഴെ എത്തിയപ്പോൾ പിന്നെ വിശപ്പാണ് ഞങ്ങളെ നയിച്ചത്. ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങി. താമരശ്ശേരി ചുരം കയറി പൂക്കോട് തടാകത്തിൽ ഒരല്പനേരം ബോട്ട് യാത്ര. ഉയർന്നുനിൽക്കുന്ന മലകളുടെ മടിത്തട്ടാണ് പൂക്കോട്ട് തടാകം. ശുദ്ധജലം നിറഞ്ഞ പൂക്കോട്ട് തടാകത്തിന് ആഴവും പരപ്പും വേണ്ടുവോളമുണ്ട്. രണ്ടു പേർക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന ബോട്ടുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വയനാടൻ കുന്നുകളിലെ കാട്ടുപൂക്കളുടെ പൂമ്പൊടിയും സുഗന്ധവും കൈക്കുടന്നയിൽ എടുത്ത് പുഞ്ചിരിതൂകി കുണുങ്ങിക്കുണുങ്ങി അടുത്തുവന്ന്, ഞങ്ങൾ സഞ്ചാരികളെ തഴുകിത്തലോടി കവിളിൽ തൊട്ട് ഇക്കിളിപ്പെടുത്തി കടന്നുപോകുന്ന മന്ദമാരുതനെ നോക്കി ആമ്പൽ പൂക്കൾ നൃത്തം ചവിട്ടി. തടാകക്കരയിലെ ചവിട്ടുപടികളിൽ ഇരുന്ന് കാലുകൾ വെള്ളത്തിലേക്ക് തൂക്കിയിട്ടാൽ കൊച്ചു പരൽമീനുകൾ വന്ന് കാൽപ്പാദങ്ങളിൽ ഉമ്മവെച്ച് ഇക്കിളിപ്പെടുത്തും. തടാകക്കരയിൽ ഒരുക്കിയ കൊച്ചു ഉദ്യാനത്തിലെ വിശ്രമം ഏറെ സംതൃപ്തി നൽകുന്നതായിരുന്നു.
പൂക്കോട് തടാകത്തിൽ നിന്നും മടങ്ങി വയനാട് കവാടം കടന്നു ചെന്ന ഞങ്ങളെ എതിരേറ്റത് 'ചെകുത്താൻ ചങ്ങല' ആയിരുന്നു. റോഡരികിലെ ഒരു മരച്ചില്ലയിൽ നിന്നും തൂക്കിയിട്ട നീളൻ ചങ്ങലക്ക് പറയാൻ ഒരു വലിയ കഥ ഉണ്ടായിരുന്നു. വെളളക്കാർക്ക് വയനാട്ടിലേക്ക് വഴി കാണിച്ച ആദിവാസിയെ സായിപ്പ് കൊലപ്പെടുത്തി. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് കടക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി കണ്ടെത്തിയതിന്റെ ക്രഡിറ്റ് മറ്റാർക്കും കൊടുക്കാതിരിക്കാൻ ആയിരുന്നത്രെ സായിപ്പിന്റെ ആ കൊലച്ചതി. അതിനുശേഷം സായിപ്പിൻറെ വാഹനം അതുവഴി കടന്നു പോകുമ്പോഴൊക്കെ ആദിവാസിയുടെ പ്രേതം അയാളെ വേട്ടയാടിക്കൊണ്ടിരുന്നുവത്രെ. ഒടുവിൽ ആ പിശാചിനെ പിടിച്ച് അവർ ചങ്ങലക്കിട്ടു. അതാണത്രേ വൃക്ഷ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന ചെകുത്താൻ ചങ്ങല. അസാധാരണത്വം ഉള്ളത് എന്തും ആരാധിക്കപ്പെടുന്ന നാടാണല്ലോ നമ്മുടേത്. ചെകുത്താൻ ചങ്ങലയുടെ ചുവട്ടിലും കാണാം വിളക്കും എണ്ണയും തിരിയും..!
വൈത്തിരിയിലെ വയനാടിന്റെ കവാടം കടന്നെത്തിയ ഞങ്ങൾ ആദ്യം ബത്തേരിയിൽ ഉള്ള ഞങ്ങളുടെ സുഹൃത്തും, യാത്ര സംഘത്തിൻറെ ലീഡറും ആയ എംഎസ് റഷീദിന്റെ വീട്ടിൽ ഉച്ച ഭക്ഷണത്തിന് എത്തി. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മലമടക്കുകൾക്കിടയിൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന കാപ്പിത്തോട്ടങ്ങളിൽ അങ്ങിങ്ങായി കാണപ്പെടുന്ന വീടുകൾക്ക് ഒത്തിരി ഭംഗി. നട്ടുച്ച നേരത്തും തണുപ്പിന് ഒട്ടും കുറവില്ലായിരുന്നു.
അടുത്ത ലക്ഷ്യം മുത്തങ്ങ ആയിരുന്നതിനാൽ ഞങ്ങൾ അങ്ങോട്ട് നീങ്ങി. ഇടക്ക് ബത്തേരിയിൽ ഇറങ്ങി ജൈൻ ടമ്പിൾ സന്ദർശിച്ചു. കേരള കർണാടക അതിർത്തിയായ മുത്തങ്ങ വനം കാട്ടുകള്ളൻ വീരപ്പന്റെ വിഹാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. മുത്തങ്ങയിൽ വന്യമൃഗങ്ങളെ യഥേഷ്ടം കാണാൻ കഴിഞ്ഞു. ഗജവീരന്മാർ കൂട്ടംകൂട്ടമായി വഴിവക്കിലൂടെ അലയുന്നത് കാണാൻ വല്ലാത്ത രസം. പിടിയാനയും കൊമ്പനാനയും ഒരു വശം ചേർന്ന് നിന്നുകൊണ്ട് കൊച്ചാനക്ക് തീറ്റ കൊടുക്കുന്നത് കാണുമ്പോൾ വല്ലാത്ത ഓമനത്തം തോന്നും. ആന സ്നേഹം കണ്ടപ്പോൾ അത്ഭുതം തോന്നി. മാൻ കൂട്ടങ്ങളും വാനരക്കൂട്ടങ്ങളും വരയനാടും പേരറിയാത്ത കുറെ പക്ഷികളും മയിലുകളും കുയിലുകളും യഥേഷ്ടം മുത്തങ്ങയിൽ സ്വച്ഛന്ദം വിഹരിക്കുന്നത് കാണാമായിരുന്നു.
കാനനത്തിൻറെ സൗന്ദര്യവും കാടിൻറെ മക്കളുടെ ഒരുമയും ഐക്യവും ഒക്കെ ഒരു ദിവസത്തെ കാഴ്ച കൊണ്ടാന്നും കണ്ട് തീർക്കാൻ ആവുന്നതല്ല എന്ന് അപ്പോഴാണ് മനസ്സിലായത്. വഴിയോരത്ത് കണ്ട ഭൂമിയുടെ മുഴുവൻ അവകാശികളോടും യാത്ര പറഞ്ഞ് കൈവീശി ഞങ്ങൾ മടങ്ങി. രണ്ടാം ദിവസം പ്രഭാതത്തോടെ ഞങ്ങൾ കോളേജിലേക്ക് തിരിച്ചെത്തി.
മനോഹരമായ ഒരു യാത്ര. വിസ്മരിക്കാനാവാത്ത പ്രകൃതി ഭംഗി.... മറക്കാൻ കഴിയാത്ത സാഹസികത.... വീണ്ടും ഒരിക്കൽ കൂടി ആ വഴികളിലൂടെ തന്നെ ഒരു യാത്ര നടത്തണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. അത്രമേൽ മധുരിക്കുന്ന ഓർമ്മകൾ തന്ന യാത്രയായിരുന്നു അത്. പക്ഷെ കരുണയില്ലാത്ത കാലത്തിന്റെ കറക്കത്തിൽ ഞങ്ങളുടെ ആ കലാലയ ജീവിതം പൊടുന്നനെ അവസാനിച്ചു....! ആഗ്രഹം പൂവണിയാതെ തന്നെ.
No comments:
Post a Comment