Friday, April 10, 2020

വായന: വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം



വിരലറ്റം: ഒരു യുവ ഐഎഎസ് കാരൻറെ ജീവിതം
മുഹമ്മദ് അലി ശിഹാബ് ഐഎഎസ്
വായന: മുസ്തഫ,മണ്ണാർക്കാട്

മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിൽ ഒരു സാധാരണ കുടുംബത്തിൽ 1980 ൽ ജനിച്ച മുഹമ്മദ് അലി ശിഹാബിന്റെ ജീവിതമാണ് ഈ പുസ്തകം.  അന്നന്നത്തെ ജീവിതത്തിന് കഷ്ടിച്ച് വരുമാനം കണ്ടെത്തിയിരുന്ന കോറോത്ത് അലിയുടെയും ഫാത്തിമ യുടെയും മകനായാണ് ജനനം. ഗ്രാമ പാതയോരത്ത് മുളകൊണ്ടുള്ള കുടയും, കയ്ലും, മുറവും,  മറ്റു വീട്ടു സാധനങ്ങളുമൊക്കെ വിൽക്കുന്ന പെട്ടിക്കട ആയിരുന്നു ഏക വരുമാനമാർഗ്ഗം. സാമ്പത്തികമായി നന്നേ പ്രയാസം അനുഭവിച്ച ബാല്യം. പതിനൊന്നാം വയസ്സിൽ പിതാവിൻറെ മരണത്തെതുടർന്ന് മുക്കം മുസ്ലിം അനാഥശാലയിൽ ചേർന്നു. തുടർന്ന് പത്തുവർഷം അനാഥശാല ജീവിതം. തുടർന്നങ്ങോട്ട് കഷ്ടതകളോട്  പോരാടി ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ടു. കല്ലുവെട്ടു കുഴിയിലും, മാവൂരിലെ ഗ്വാളിയോർ റയോൺസ് കമ്പനിയിലും കൂലി പണി.  പിന്നീട് അനാഥശാലയിലും, സ്കൂളിലും  അധ്യാപകനായും സർക്കാർ ഓഫീസിലെ ഗുമസ്തനായും ജോലി. ഒടുവിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സകാത്ത് ഫൗണ്ടേഷന്റെ സഹായത്തോടെ സിവിൽ സർവീസ് പരിശീലനം. അങ്ങിനെ ഐ.എ.എസ് നേടി 2011 ൽ സർവീസിൽ എത്തുന്നതുവരെയുള്ള ജീവിതമാണ്  'വിരലറ്റം' പറയുന്നത്. ഇല്ലായ്മയിൽ നിന്ന് ഉയർന്നുവന്ന ഒരു ചെറുപ്പക്കാരന്റെ കഥ എന്നതിലപ്പുറം, എൻ എസ് മാധവൻ അവതാരികയിൽ എഴുതിയത് പോലെ 'ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നതിന്റെ കഥയാണ് ഈ പുസ്തകം'.
ശിഹാബിന്റെ 'വിരലറ്റം' ഒരു വ്യക്തിയുടെ ആത്മകഥ മാത്രമല്ല ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാണ്. തൊണ്ണൂറുകളിലെ മലപ്പുറത്തെ ഗ്രാമീണ ജീവിതത്തിൻറെ നേർചിത്രം ആണിത് .  നാട്ടു ജീവിതത്തിൻറെ നന്മകളും സാമൂഹ്യ ജീവിതരീതികളും സാമ്പത്തികവും കാർഷികവും സാംസ്കാരികവുമായ ആയവ്യയങ്ങളുടെ ചരിത്രവും ഈ പുസ്തകത്തിൽ വായിക്കാം. ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് പറയുന്ന ആത്മകഥ രചനാ രീതിയിൽ നിന്ന് വ്യത്യസ്തമായി, വായനക്കാരെ ആകർഷിച്ച് പിടിച്ച് ഇരുത്തുന്ന  നോവൽ രചനാ ശൈലിയാണ് ഈ പുസ്തകത്തിൻറെ പ്രത്യേകത.
ജീവിതത്തെയും സിവിൽ സർവീസ് പരീക്ഷയും എങ്ങനെയാണ് വിജയകരമായി നേരിട്ടത് എന്ന് ശിഹാബ് പറയുന്നുണ്ട്:
"സ്വന്തമായ വഴികളിലൂടെയാണ് ദീർഘദൂരം സഞ്ചരിച്ചത് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ദോഷ വൈരങ്ങൾ മനസ്സിനെ ഉലക്കാതെ  ഒഴിച്ചുനിർത്തിയതിനാൽ പ്രതിസന്ധികളിൽ നിന്ന്  ഊർജ്ജ പ്രവാഹം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞു" P 161.
മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പ്രചോദനവും, സാമൂഹ്യശാസ്ത്ര വിദ്യാർഥികൾക്ക് അവലംബവും, സാഹിത്യ കുതുകികൾക്ക് നല്ല വായനാനുഭവവും നൽകുന്നതാണ് 'വിരലറ്റം'. മൂന്ന് ഭാഗങ്ങളിലായി 21 ചെറു അധ്യായങ്ങളിൽ ആറ്റിക്കുറുക്കി എഴുതിയിരിക്കുകയാണ് ഒരു ജീവിതം.  ആദ്യഭാഗങ്ങളിൽ തനി നാടൻ ഗ്രാമ ശൈലികൾ ധാരാളം ഉപയോഗിച്ചിരിക്കുന്നതിനാൽ വായനക്കാരന് അല്പം പ്രയാസം തോന്നിയേക്കാം. എങ്കിലും ഉള്ളടക്കത്തോട് ഇണങ്ങി ചേരുന്നതോടെ വായനയുടെ ആസ്വാദനം കൂടിവരും. സിവിൽ സർവീസിന് മലയാളസാഹിത്യം ഐച്ഛികവിഷയമായി എടുക്കുകയും മലയാളത്തിൽ തന്നെ പരീക്ഷ എഴുതുകയും ചെയ്ത ശിഹാബിന്റെ വാക്കുകൾക്കും വരികൾക്കും ഒരു പ്രത്യേക ഭാഷ സൗന്ദര്യമുണ്ട്. ഒറ്റ വർഷം കൊണ്ട് നാല് പതിപ്പുകൾ ഇറങ്ങിയ 'വിരലറ്റം' ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാവുന്ന നല്ല ഒരു പുസ്തകമാണ് 'വിരലറ്റം'.

No comments:

Post a Comment