Saturday, October 26, 2019

പേരത്തണൽ

വീട്ടുമുറ്റത്തെ പേര പഴുക്കാൻ  തുടങ്ങിയിരിക്കുന്നു. കഷ്ടിച്ച് മൂന്നു വയസ്സ് പ്രായമേ ഉള്ളൂ പേര തൈയ്യിന്. ആറടി പൊക്കം വരില്ല, കൂടുതൽ ശിഖരങ്ങൾ ഇല്ല. ഉള്ളവയാവട്ടെ മേലോട്ട് വളരാൻ മടിച്ച്  വശങ്ങളിലേക്ക് ചരിഞ്ഞ് തൂങ്ങി കിടപ്പാണ്. കഴിഞ്ഞ വർഷം മൂന്നേ മൂന്ന് പേരക്ക തന്ന് കൊതിപ്പിച്ചു. അത് പാകമാവാൻ കാത്തിരുന്നതായിരുന്നു. ഞാനെത്തും മുമ്പേ അത് മറ്റാരൊക്കെയോ കൊത്തി കൊണ്ട് പറന്ന് പോയി. ഇത്തവണ പക്ഷെ നിരാശപ്പെടുത്തിയില്ല. ചില്ലകൾ തോറും കായ്‌കൾ. ഓരോ ഇലക്കമ്പിലും രണ്ടോ മൂന്നോ പേരപ്പഴങ്ങൾ ! പേരകൾക്ക് പ്രായവും വലിപ്പവും കൂടുന്നതിനനുസരിച്ച് ചില്ലകൾ വിനയാന്വിതനായി തല താഴ്ത്തി താഴോട്ട് കുനിയുന്നു. ഒറ്റ ഇരിപ്പിൽ തല ഇളകാതെ ഞാനൊന്ന് എണ്ണിനോക്കി. ചെറുതും വലുതുമായി 214 പേരകൾ !

വീട്ടിലെത്തുന്നവർക്കെല്ലാം ഇപ്പോൾ കൗതുകമാണ്. ഉമ്മറത്തെ പേരത്തൈയിൽ നിന്നും കയ്യോടെ പറിച്ച് മധുരം നുണഞ്ഞിട്ടേ ആരും വാതിൽ പടി ചവിട്ടുന്നുള്ളൂ. വീട്ടിലെ കുട്ടികളും മുതിർന്നവരും നേരം പുലർന്നാൽ പേരതൈ ചുവട്ടിലെത്തും. നല്ല മൂത്തു പഴുത്ത തേൻ പേരക്കായി ചില്ലകൾ തോറും കണ്ണയക്കും. കയ്യോടെ പറിച്ചു രുചിനോക്കും - ഗാർഡൻ ഫ്രഷ്....!

പേരക്ക പഴുക്കാൻ തുടങ്ങിയതിൽ പിന്നെ വീട്ടുവളപ്പിലെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. പഴങ്ങളുടെ മൊത്തം അവകാശമുന്നയിച്ച് കാക്കക്കൂട്ടങ്ങൾ രാവിലെ തന്നെ പറന്നിറങ്ങും. വിട്ടുകൊടുക്കാൻ ഒട്ടും തയ്യാറാകാതെ വരയണ്ണാനും മക്കളും ചിലച്ചു കൊണ്ട് പ്രതിരോധിക്കും. വണ്ണാത്തിക്കിളികളും, കുറിവാലൻ കുരുവികളും അവസരത്തിനായി കാത്തിരിക്കും. പച്ച പട്ടുടുത്ത് ചുണ്ടുകളിൽ ചെഞ്ചായമിട്ട് പത്രാസോടെ പറന്നിറങ്ങുന്ന തത്ത കൂട്ടങ്ങൾ ആരെയും കൂസാതെ വേണ്ടത്ര കൊത്തി തിന്ന് കളിചിരിയോടെ പറന്ന് പോവും. എവിടെ നിന്ന് വന്നെന്നോ എവിടേക്കു പോയ് മറയുന്നെന്നോ അറിയില്ല. പുള്ളിപ്പാവാടയിട്ട് വരുന്ന കുറെ പൂമ്പാറ്റ കുഞ്ഞുങ്ങളുണ്ട്. അവർക്കു പൂക്കളോടാണ് കൂടുതൽ ഇഷ്ടം. വൈകി വിടർന്ന പേരപ്പൂക്കളുടെ ഇതളുകളിൽ പറന്നിറങ്ങി അവർ തേൻ കുടിക്കും, കൈകളിൽ പൂമ്പൊടി ശേഖരിച്ച് കൂടുകളിലേക്ക് തിരിക്കും. അലഞ്ഞ് നടക്കുന്ന ആകാശ തുമ്പികൾ പേരമരത്തിനു ചുറ്റും വട്ടമിട്ട് പറക്കുന്നുണ്ട്. പേരക്കയോടല്ല അവർക്കും താല്പര്യം; തേൻ നിറഞ്ഞ പൂക്കളോടാണ്. നേരം പുലർച്ച മുതൽ ഈ കലപില ശബ്ദങ്ങളും കോങ്കണ്ണിക്കാക്കയുടെ ശകാരവും അണ്ണാറക്കണ്ണന്റെ ചിലക്കലും കിളികൊഞ്ചലുമൊക്കെയായി വീടിപ്പോൾ ശബ്ദ സാന്ദ്രമാണ്. രാത്രി കാലങ്ങളിൽ മാത്രം വരുന്ന ചില ഭീകരരും ഉണ്ട്. കറുത്ത ഗൗണിട്ട, ചോരക്കണ്ണുകളുള്ള വവ്വാലുകൾ. അവർ പകൽ പുറത്തിറങ്ങില്ല. ഇരുട്ട് പറക്കുമ്പോൾ ശബ്ദമുണ്ടാക്കാതെ അതിവേഗത്തിലാണ് അവരുടെ സഞ്ചാരം. നോട്ടമിട്ടത് പറിച്ചെടുത്ത് പറന്ന് പോവും. പണ്ട് മുതൽക്കേ ജനങ്ങൾക്ക് പേടിയാണവരെ. നിപ്പ രോഗ വാഹകരാണെന്ന് കൂടി കേട്ടപ്പോൾ ജനം വവ്വാലുകളെ ഭീകരപ്പട്ടികയിൽ ചേർത്തു.   

പേരക്കൊമ്പിലെ അതിഥികളും ബഹളങ്ങളും കണ്ടിങ്ങനെ വീട്ടു വരാന്തയിലെ ചാരു കസേരയിൽ, മൗനിയായി, അവരിൽ ഒരാളായി ഇരിക്കാൻ എന്ത് രാസമാണെന്നോ... വെയിൽ വാടിയ വൈകുന്നേരങ്ങളിൽ ചെറു കുളിരുമായി വന്നെത്തുന്ന വടക്കൻ തെന്നൽ കൂടിയാവുമ്പോൾ അനിർവചനീയമായ ഒരു ആനന്ദത്തിന്റെ ആത്മീയതയിൽ അറിയാതെ ലയിച്ചു പോവും.

ഗേറ്റ് കടന്നു മുന്നിൽ വന്നു നിൽക്കുന്ന രണ്ടു 'ചെറു നാണ'ങ്ങൾ ശ്രദ്ധ തിരിച്ചു. കൈകൾ ചേർത്തു പിടിച്ച് മുട്ടിച്ചേർന്നു നിൽപ്പാണ് രണ്ടു പേരും. നാണവും പേടിയും ഒരു പോലെ നിഴലിക്കുന്നുണ്ട് ആ കുഞ്ഞു മുഖങ്ങളിൽ. എന്നോട് എന്തോ ചോദിയ്ക്കാൻ ഉള്ളത് പോലെ. അതോ അവരുടെ ലക്ഷ്യ വഴിയിൽ അപ്രതീക്ഷിതമായി എന്നെ കണ്ട അന്ധാളിപ്പോ? പതിവ് ഗൗരവത്തിൽ അല്പം പുഞ്ചിരി ചേർത്ത് നേർപ്പിച്ച് ഞാൻ അവരെ നോക്കി, എന്ത്യേ എന്നൊന്ന് തലയനക്കി. തൊണ്ടയിൽ കുടുങ്ങിയ വാക്കുകൾ കുഞ്ഞു ചുണ്ടുകളിൽ എത്താതെ തിരികെ പോവുന്നത് ഞാനറിഞ്ഞു. ആ കണ്ണുകൾ പേരമരത്തിലേക്കു നീണ്ടപ്പോൾ എനിക്ക് കാര്യം മനസ്സിലായി. പറിച്ചോളൂ എന്ന് അനുവാദം കൊടുത്ത് ഞാനെന്റെ കസേരയിൽ ചാരിയിരുന്നു.        

സുൽത്താൻ പറഞ്ഞത് തന്നെയാണ് വലിയ ശരി. ഞാൻ മാത്രമല്ലല്ലോ ഇതിന്റെ അവകാശി. ഇക്കണ്ടവർക്കെല്ലാം അവകാശപ്പെട്ടതാണീ നിൽക്കുന്ന പേരപ്പഴങ്ങൾ. അല്ലെങ്കിലും ഞാൻ മാത്രമെങ്ങിനെ ഇതിന്റെ ഉടമയാവും? പേരറിയാത്തൊരു തമിഴ് കർഷകന്റെ പാടത്ത് വിളഞ്ഞ്, ഞാൻ പോലുമറിയാതെ എന്നിലൂടെ വീട്ട് മുറ്റത്തു വന്നു വീണതാണ്. അത് മുളച്ചു വളർന്ന് പന്തലിച്ചു. അതിനെ പിഴുതെറിയാതെ വെള്ളമൊഴിച്ച്  സംരക്ഷിച്ചു. അത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആയതിനാൽ അണ്ണാനും, കുരുവിയും, തത്തയും, കാക്കച്ചിയും, വവ്വാലും, തുമ്പിയും, പൂമ്പാറ്റയും, ഓന്തും, ഉറുമ്പും, അയലത്തെ പെൺകിടാങ്ങളും, ബന്ധുക്കളും കൂട്ടുകാരും എല്ലാവരും വരട്ടെ. തേൻ കുടിക്കട്ടെ, പൂമ്പൊടി ഭക്ഷിക്കട്ടെ, പേരപ്പഴം തിന്ന് വിശപ്പടക്കട്ടെ. വയറു നിറയുമ്പോൾ പാട്ടുപാടി നൃത്തം ചെയ്യട്ടെ. ആ നിറഞ്ഞ വയറുകളുടെ സന്തോഷത്തിൽ ഈ ഭൂമിയും പ്രകൃതിയും ഞാനും ആനന്ദിക്കട്ടെ.    

No comments:

Post a Comment