Monday, January 22, 2018

വായന

ടി.ഡി. രാമകൃഷ്ണൻ (2017)
സിറാജുന്നിസ
കോട്ടയം: ഡി.സി. ബുക്ക്സ് പേജ് 88. വില 80/-

 20.01.2018: ‘സുഗന്ധി’യും, ‘ഫ്രാൻസീസ് ഇട്ടിക്കോര’യും മലയാളത്തിന് സമ്മാനിച്ച ടി.ഡി. രാമകൃഷ്ണന്റെ കഥയാണ് സിറാജുന്നിസ. 1991 ഡിസംബർ 15  നു പാലക്കാട് പുതുപ്പള്ളി തെരുവിലെ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പതിനൊന്നു വയസ്സുകാരി പോലീസ് വെടിയേറ്റ് മരിച്ചു. 200 ഓളം വരുന്ന അക്രമി സംഘത്തെ കലാപത്തിന് പ്രേരിപ്പിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു എന്നതാണ് അവളെ വെടിവെക്കാനുള്ള കാരണമായി പോലീസ് പറഞ്ഞത്. അന്ന് സിറാജുന്നിസ മരിച്ചില്ലായിരുന്നെങ്കിൽ ഒരു മുസ്ലിം യുവതി എന്ന നിലക്ക് ഇന്ന് അവൾ നേരിടേണ്ടി വരുമായിരുന്നു മൂന്ന് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണ് ഈ കഥയിൽ.

     ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം കേരളത്തിൽ നിന്നും ബറോഡയിലേക്ക് ഒരു സമാധാന സന്ദേശ യാത്ര പോയതായിരുന്നു അയാൾ. ബെസ്ററ് ബേക്കറിയുടെ മുന്നിൽ നിന്നും മാറി ലക്ഷ്മി വിലാസം കൊട്ടാരത്തിന്റെ പുൽത്തകിടിയിൽ ഇരുന്നാണ് സിറ അവളുടെ ആദ്യ കഥ പറഞ്ഞത്. പത്താം ക്ലാസ് കഴിഞ്ഞ അവളെ ഫിറോസ് വിവാഹം കഴിച്ചതും, ഗുജറാത്തിലെ ദീൻ ദയാൽ പട്ടേലിന്റെ ഫാക്ടറിയിൽ ട്രക്ക് ഡ്രൈവറായി ഫിറോസിന് ജോലി കിട്ടിയതും കലാപത്തിൽ ഫിറോസും മകൾ നീലോഫറും കണ്മുന്നിൽ കൊല്ലപ്പെട്ടതും ദീൻ ദയാലും, ഹിന്ദുത്വ പാർട്ടിയുടെ മൂന്നു നേതാക്കളും രണ്ട് പോലീസുകാരും ഒരു ഗോഡൗണിൽ വെച്ച് കൂട്ട ബലാത്‌സംഗം ചെയ്തതും, കൊന്ന് മൃത ശരീരം ഫെർണസിലിട്ടു കത്തിച്ചതും എല്ലാം ഒറ്റയിരിപ്പിൽ സിറാജുന്നിസ നിസ്സങ്കോചം പറഞ്ഞ് തീർത്തു.

    പിന്നീട് 2014 ആഗസ്ത് മാസത്തിൽ മുംബൈ നരിമാൻ പോയിന്റിൽ ഇരുന്ന് അറബിക്കടലിലേക്ക് നോക്കി അവൾ രണ്ടാമത്തെ കഥ പറഞ്ഞു. വെടിയേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തന്നെ അവിടുത്തെ ഡോക്ടർമാർ രക്ഷപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ സ്ഥിര താമസമാക്കിയ അവളെ ബശീർ അഹമ്മദ് ഫൈസി എന്നൊരു മത പണ്ഡിതൻ കല്ല്യാണം കഴിച്ചു. 1998  ഫെബ്രുവരി 14 ന് കോയമ്പത്തൂർ സ്ഫോടനം നടന്ന ദിവസം രാവിലെ ചില അത്യാവശ്യ കാര്യങ്ങളുണ്ടെന്ന്പറഞ്ഞ് പോയ ഫൈസി പിന്നെ തിരിച്ചു വന്നില്ല. കുറെ കാലം പോലീസ് വീട്ടിൽ കയറി ചോദ്യം ചെയ്തും ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചു. ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നപ്പോൾ ചെറുപ്പത്തിലേ സംഗീതത്തോട് താല്പര്യമുണ്ടായിരുന്ന അവൾ കർണ്ണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. പല സ്ഥലങ്ങളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു. മുംബൈ ഷണ്മുഖാനന്ദ ഹാളിൽ ലതാജിയുടെ പാട്ടുകൾ പാടാൻ വന്ന അവളെ അവസാനത്തെ പാട്ടായിരുന്ന 'സത്യം ശിവം സുന്ദരം' പാടിക്കൊണ്ടിരിക്കെ മുസ്ലിം മത തീവ്ര വാദികൾ വെടിവെച്ച് കൊന്നു.

   കനയ്യ കുമാറിനെ മോചിപ്പിക്കുക എന്നാവശ്യപ്പെട്ട് ജെ.എൻ. യു. വിൽ വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോഴാണ് സിറ അവളുടെ മൂന്നാമത്തെ കഥ പറഞ്ഞത്.  അന്ന് വെടിയേറ്റതിനെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയും രക്ഷപ്പെടുകയും ചെയ്ത തന്നെ വെടിവെച്ച ഉദ്ദ്യോഗസ്ഥ ഡൽഹിയിൽ കൊണ്ട് വന്നു പഠിപ്പിച്ചു വലുതാക്കി, ജെ. എൻ.യുവിൽ പ്രൊഫസറായി. തന്റെ കീഴിൽ ഗവേഷകനായി വന്ന കാശ്മീരി യുവാവ് മിർസാ ജാവേദിനെ പ്രണയിച്ചു വിവാഹം കഴിച്ചു. ഒരിക്കൽ കശ്മീർ താഴ്‌വരയിൽ വിനോദ യാത്രക്ക് പോയ അവരെ മിലിട്ടറി പോലീസ് പിടികൂടി. ഒളിത്താവളങ്ങളിൽ ചോദ്യം ചെയ്തു, നഗ്നയാക്കി, പീഢിപ്പിച്ചു.  എത്ര തവണ പാകിസ്ഥാനിൽ പോയി, ഏതു തീവ്ര വാദി ഗ്രൂപ്പുമായാണ് ബന്ധം എന്നൊക്കെയായിരുന്നു അവർക്കു അറിയേണ്ടിയിരുന്നത്. 12 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം രണ്ടു പേരെയും തിരികെ ഡൽഹിയിൽ എത്തിച്ചു.2016 ജൂണിൽ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച 'സിറാജുന്നിസ' എന്ന ഈ കഥയും കൂടാതെ വെറുപ്പിന്റെ വ്യാപാരികൾ, ബലികുടീരങ്ങളെ, വിശ്വാസം അതല്ലേ എല്ലാം, സൂര്യ നഗർ, കെണി, സ്വപ്ന മഹൽ തുടങ്ങിയ 'സമകാലിക സമൂഹത്തിലെ ചെറുത്തു നില്പുകളെ സാഹിത്യപരമായി അടയാള പെടുത്തുന്ന ഏഴു കഥകളുടെ സമാഹാരമാണ്' ഡി.സി. പുറത്തിറക്കിയ ഈ ചെറുകഥ പുസ്തകം.  

Saturday, January 6, 2018

വായന

ഹെലെൻ കെല്ലർ (2014)
എന്റെ ജീവിത കഥ
കോഴിക്കോട്: ഓലീവ്.  പേജ് 146 വില 120.00

അന്ധയും ബധിരയുമായിരുന്ന ഒരു പെൺകുട്ടി ഇച്ഛാശക്തിയും ആത്മ വിശ്വാസവും കൊണ്ട് ലോകം കീഴടക്കിയ കഥയാണ് ഹെലൻ കെല്ലറുടെ 'എന്റെ ജീവിത കഥ'. 1880 ജൂൺ 27 ന് വടക്കൻ അലബാമയിലെ ടസ്കംബിയയിൽ ആണ് അലന്റെ ജനനം. ഒരു സാധാരണ കുടുംബത്തിൽ പിറന്ന ആരോഗ്യമുള്ള ഒരു പെൺകുട്ടിയായിരുന്നു ഹെലൻ. പക്ഷെ കുഞ്ഞുന്നാളിൽ അപ്രതീക്ഷിതമായി കടന്നു വന്ന ഒരു നിഗൂഡ രോഗം അവളുടെ കാഴ്ചയും കേൾവിയും എന്നെന്നേക്കുമായി കവർന്നെടുത്തു. കൂടുതൽ കാലം ജീവിക്കില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയ ഹെലനെ പക്ഷെ ഒരു അത്ഭുതമായി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായിരുന്നു വിധിയുടെ തീരുമാനം. രോഗപീഡയിൽ നിന്നും മുക്തി നേടി കഴിഞ്ഞെങ്കിലും അനുദിനം കാഴ്ച മങ്ങുകയും   കേൾവി കുറയുകയും ചെയ്ത ആ ദാരുണ നാളുകളെ ഹെലൻ ഓർത്തെടുക്കുന്നു. (അദ്ധ്യായം 2).

ഇരുട്ട് മൂടിയ, ഭീകര നിശ്ശബ്ദതയുടെ ലോകത്ത് കൈവിരലുകൾ വെളിച്ചമായി മാറുന്ന മഹാത്ഭുതം ഹെലനിൽ സംഭവിക്കുകയായിരുന്നു. അന്ധ-ബധിര വിദ്യാർത്ഥികൾക്കുള്ള സ്കൂളുകൾ അടുത്തെങ്ങും ഇല്ലാതിരുന്നതിനാൽ രക്ഷിതാക്കൾ ഏറെ ദു:ഖത്തിലായി. പക്ഷെ തന്റെ സ്ഥിരോത്സാഹം കൊണ്ട് അറിയേണ്ടതും പഠിക്കേണ്ടതുമെല്ലാം ഹെലൻ സ്വന്തമായും മറ്റുള്ളവരുടെ സഹായത്തോടെയും പഠിക്കാൻ തുടങ്ങി. തിരമാലയുടെ സംഗീതവും പൂക്കളുടെ വർണ രാജികളുമെല്ലാം അനുഭവിച്ച് ആസ്വദിക്കാൻ ഹെലൻ കഴിവ് നേടി.

ഹെലന് ഏഴു വയസ്സ് തികഞ്ഞപ്പോൾ  ആനി മാൻസ്ഫീൽഡ് സള്ളിവൻ അവളെ പഠിപ്പിക്കാൻ ടീച്ചറായി വന്നു . അതിൽ പിന്നെ ഹെലന്റെ ജീവിതം മറ്റൊന്നായി മാറി. തനിക്കു ചുറ്റുമുള്ള എല്ലാ വസ്തുക്കളെയും തൊട്ടും തലോടിയും അനുഭവിച്ചറിഞ്ഞും ഹെലൻ മനസ്സിലാക്കാൻ ശ്രമിച്ചു. സാഹിത്യത്തിലും ശാസ്ത്രത്തിലും ആത്മീയതയിലും ഏറെ അറിവുകൾ നേടി. '....ആഹ്ലാദകരമായ കാഴ്ചയും ആസ്വാദ്യമായ ഭക്ഷണവുമേകുന്ന സസ്സ്യങ്ങൾ മണ്ണിൽ മുളക്കാൻ സൂര്യനും മഴയും എങ്ങിനെ സഹായകമാവുന്നു എന്നും പക്ഷികൾ കൂടുണ്ടാക്കുന്നതും പെരുകി വ്യാപിക്കുന്നതും എങ്ങനെയെന്നും അണ്ണാനും മാനും സിംഹവും മറ്റനേകം ജീവികളും ആഹാരവും പാർപ്പിടവും കണ്ടെത്തുന്നത് എങ്ങിനെയെന്നും….' ഹെലൻ  പഠിച്ചു (പേജ് 32 ).

ഹെലന്റെ വളർച്ചയുടെ പ്രധാനപ്പെട്ട ഒരു ഘട്ടം വായന പരിശീലിക്കലായിരുന്നു. നിരന്തരമായ വായനയിലൂടെ ആരെയും അത്ഭുതപ്പെടുത്തുന്ന വിജ്ഞാനം അവൾ നേടിയെടുത്തു. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, ഗ്രീക്ക്, ലാറ്റിനടക്കം ധാരാളം ഭാഷകൾ സ്വായത്തമാക്കുകയും അതിലൂടെ പുതിയ ലോകം കീഴടക്കുകയും ചെയ്തു. അക്കാലത്ത് അറിയപ്പെട്ടിരുന്ന സാഹിത്യകാരന്മാരും ശാസ്ത്രജ്ഞരും  രാഷ്ട്ര നേതാക്കളുമൊക്കെ ഹെലന്റെ സുഹൃത്തുക്കളായി.

ഇച്ഛാശക്തിയും ആത്മ ധൈര്യവും കൊണ്ട് നഷ്ടപ്പെട്ട ലോകത്തെ തിരിച്ചു പിടിക്കാൻ ഹെലൻ കെല്ലർ നടത്തിയ അതി സാഹസികത നൂറ്റാണ്ടുകൾക്ക് ശേഷവും വായനക്കാരന് ആവേശവും പ്രചോദനവും നൽകുന്നു. ഒപ്പം ഒരു നിഴലായ് കൂടെ നടന്ന് ഒരിക്കലും കാണാത്ത, കേൾക്കാത്ത ഒരു ലോകത്തെ അറിയാനും അനുഭവിക്കാനും പരിശീലിപ്പിച്ച അന്ന സള്ളിവൻ എന്ന അദ്ധ്യാപികയുടെ സമാനതകളില്ലാത്ത ത്യാഗവും സമർപ്പണവും ഓരോ വായനക്കാരിലും അതിരറ്റ ബഹുമാനവും അത്ഭുതവും ഉണ്ടാക്കുകയും ചെയ്യുന്നു.

23 ചെറിയ അദ്ധ്യായങ്ങളിലായി ഒരു വലിയ ജീവിതം പറയുന്ന 'എന്റെ ജീവിത  കഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് അദ്ധ്യാപികയും എഴുത്ത് കാരിയുമായ എം. സാജിതയാണ്.


Wednesday, November 15, 2017

വായന


സർ വാൾട്ടർ  സ്‌കോട് (2013)
ടാലിസ്മാൻ
കോട്ടയം: ഡി.സി. ബുക്സ്. പേജ്‌ 133. വില 90 രൂപ

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രശസ്ത സ്‌കോട്ടിഷ്  സാഹിത്യകാരൻ സർ വാൾട്ടർ  സ്‌കോട് (1771-1832) 12 ആം  നൂറ്റാണ്ടിൽ നടന്ന കുരിശു യുദ്ധത്തെ പാശ്ചാത്തലമാക്കി എഴുതിയ ചരിത്ര നോവലാണ്  ടാലിസ്മാൻ. ചരിത്രവും ഭാവനയും ഇഴ ചേർത്ത് കൊണ്ട് 'ചരിത്ര നോവൽ എന്ന ഒരു സാഹിത്യ ശാഖക്ക് രുപം കൊടുത്തത് സ്‌കോട് ആയിരുന്നു.

ബൈസന്റയിൻ സാമ്രാജ്യം അറബികളുമായും സെൽജൂക്ക്കളുമായും നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധത്തിന്റെ പാശ്ചാത്തലം. 1071 ൽ സൽജൂക്ക് തുർക്കികൾ ബൈസന്റൈൻ സാമ്രാജ്യത്തെ തോൽപ്പിച്ചു. ക്രൈസ്തവർക്കും ജൂതന്മാർക്കും മുസ്ലിംകൾക്കും ഒരു പോലെ പുണ്യ സ്ഥലമായ  ജറൂസലേം അറബികളുടെ നിയന്ത്രണത്തിലായി. ജറൂസലേം തിരിച്ച് പിടിക്കാൻ പതിനൊന്നാം നൂറ്റാണ്ടിൽ പോപ്പ് അർബൻ രണ്ടാമൻ യൂറോപ്പിലെ ക്രിസ്ത്യൻ രാജാക്കന്മാരോട് ആഹ്വാനം ചെയ്തു. ഇതാണ് കുരിശു യുദ്ധം തുടങ്ങാൻ കാരണമായത്.  1095 നും 1291 നും ഇടയിൽ ധാരാളം യുദ്ധങ്ങൾ നടന്നെങ്കിലും ക്രൈസ്തവ സൈന്യങ്ങൾക്കിടയിലെ ഐക്യമില്ലായ്മയും അധികാര മോഹവും പരാജയങ്ങൾ മാത്രം സമ്മാനിച്ചു. 1189 മുതൽ 1192 വരെ നടന്ന മൂന്നാം കുരിശുയുദ്ധമാണ്  ടാലിസ്മാ' ന്റെ പാശ്ചാത്തലം.

അതിശക്തനും ധീരനും കണിശക്കാരനുമായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെ നേരിടാൻ ഇംഗ്ലണ്ടിലെ രാജാവായിരുന്ന  റിച്ചർഡിന്റെ  നേതൃത്വത്തിലുള്ള ക്രിസ്ത്യൻ സൈന്യം നടത്തുന്ന നീക്കങ്ങളാണ് 'ടാലിസ്മാൻ'  . ഇരു പക്ഷത്തിന്റെയും കീഴടങ്ങാൻ മനസ്സില്ലാത്ത ധീരോദാത്തതയാണ് സ്‌കോട് ഉയർത്തി കാണിക്കുന്നത്.

സിറിയയിലെ ഗുഹാവാസിയായ ക്രൈസ്തവ സന്യാസിക്ക് ഒരു രഹസ്യ സന്ദേശവുമായി പോവുകയായിരുന്ന യോദ്ധാവായ കെന്നത്തുമായി മരുഭൂമിയിൽ ഏറ്റുമുട്ടുന്ന സാരസൻ, അപൂർവ്വ ഇനം പനി കൊണ്ട് കഷ്ടപ്പെട്ട ഇംഗ്ലണ്ടിലെ രാജാവും യുദ്ധത്തിന്റെ നായകനുമായ റിച്ചാർഡിനെ ചികിത്സിക്കാൻ എത്തിയ മുസ്ലിം വൈദ്യൻ, ക്രിസ്ത്യൻ രാജാക്കന്മാർക്കിടയിൽ അധികാരത്തിനായി മത്സരം നടന്നപ്പോൾ മധ്യവർത്തിയും, പരസ്പരം ചതിച്ച് കൊല നടത്തിയപ്പോൾ എല്ലാവർക്കും മുന്നിൽ വെച്ച് ശിരച്ഛേദം നടത്തി നീതി നടപ്പാക്കിയ വിധികർത്താവ് എന്നിങ്ങനെ പല രുപത്തിൽ വേഷ പ്രച്ഛന്നനായി സുൽത്താൻ സ്വലാഹുദ്ദീൻ കടന്നു വരുന്നു.

     ഇറ്റലിയിലെ ഒരു ചെറു രാജ്യമായ മോൺസറേറ്റിലെ രാജാവ് സർ കെന്നത്ത് ആണ്  കഥയിലെ പ്രധാന കഥാപാത്രം. കെന്നത്തും റിച്ചാർഡ് രാജാവിന്റെ സഹോദരി എഡിത്തും തമ്മിലുള്ള പ്രണയത്തെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത് ശക്തനും ധീരനും ലേഡി എഡിത്തിനോടുള്ള പ്രണയത്തിൽ വിട്ടു വീഴ്ചയില്ലാത്ത കാമുകനുമായിട്ടാണ് സർ കെന്നത്തിനെ പരിചയപ്പെടുത്തുന്നത്. കഥാന്ത്യത്തിൽ സ്‌കോട്ട്ലാന്റിലെ കിരീടാവകാശിയായ ഹണ്ടിങ്ങ്ടൺ പ്രഭുവാണ് കെന്നത്ത് എന്ന വെളിപ്പെടുന്നു.

ദിവ്യ ഔഷധ ശക്തിയുള്ള ഏലസ്സാണ് 'ടാലിസ്മാൻ'.  അത്  വെള്ളത്തിൽ മുക്കി  മരുന്ന് കലർത്തി രോഗിക്ക് കൊടുത്താൽ അസുഖം മാറുന്നു. 'ടാലിസ്മാനിൽ വിവരിക്കുന്ന സംഭവങ്ങൾ മിക്കതും സ്കോട്ടിന്റെ ഭാവന മാത്രമാണ്. എന്നാൽ കഥ വികസിക്കുന്നതിന നുസരിച്ച് ഭാവന ചരിത്രത്തിന്റെ ഭാഗമായി മാറുന്നു.


അറബി പദങ്ങൾ മലയാളത്തിലേക്ക് പകർത്തി എഴുതുമ്പോൾ ഉണ്ടായ പൊറുക്കാനാവാത്ത ഉച്ചാരണ വ്യതിയാനങ്ങൾ പുസ്തകത്തിൽ ഉടനീളം കാണപ്പെടുന്നുണ്ട്. നോവലിന്റെ സംഗ്രഹീത പുനരാഖ്യാനം നിർവ്വഹിച്ചത്  പരമേശ്വരൻ  മൂത്തത് ആണ്.  ഡോ. പി.കെ. രാജശേഖരന്റേ പഠനാർഹമായ ആമുഖം കഥയുടെ പാശ്ചാത്തല ചരിത്രത്തിലേക്ക് വായനക്കാരന് വെളിച്ചം വീശുന്നു