Thursday, November 9, 2017

പുനത്തിൽ കുഞ്ഞബ്ദുല്ല (2009)
മൗണ്ടൻ വെഡ്ഡിംഗ്
കോഴിക്കോട്: ഒലിവ് ബുക്സ്, പേജ് 98, വില 60.00 രുപ

പ്രണയവും മരണവും കുടുംബ ബന്ധങ്ങളും ഏറ്റുമുട്ടുന്ന ചെറുതും ഹൃദ്യവുമായ ഒരു  നോവലാണ്  പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ  'മൗണ്ടൻ വെഡ്‌ഡിങ്'.  നമുക്ക് ചുറ്റും ചിലപ്പോഴെങ്കിലും കാണപ്പെടാറുള്ള ത്രികോണ പ്രണയമാണ് പ്രധാന കഥാ തന്തു.  പത്തു വർഷത്തെ വിദേശ വാസം കഴിഞ്ഞ് ദയാനന്ദൻ നാട്ടിൽ തിരികെ എത്തിയത് വൃക്ക രോഗവുമായാണ് .  ഗൾഫ് ജീവിതത്തിനിടയിൽ വിവാഹം കഴിക്കാൻ മറന്ന ദയാനന്ദൻ ഇത്തവണ  അത്  കൂടി മനസ്സിൽ കരുതിയാണ് നാട്ടിൽ വന്നത്. അന്വേഷണം ചെന്നവസാനിച്ചതാവട്ടെ മുറപ്പെണ്ണ്  ഷൈനിയിലും. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴാണ് ഡോ. ജിമ്മി ചാക്കോ ദയാനന്ദന്റെ ഇരു വൃക്കകളും തകരാറിലാണെന്നും ഇനി ഡയാലിസീസ് അല്ലാതെ മറ്റു വഴികളില്ലെന്നും കണ്ടെത്തുന്നത്.

ദയാനന്ദന്റെ അനുജൻ സുഗുണനും ഷൈനിയും തമ്മിൽ നേരത്തെ മുതലേ അഗാധ പ്രണയത്തിലായിരുന്നു. അത്  അറിഞ്ഞ് കൊണ്ട് തന്നെ അവരുടെ അമ്മ വിവാഹാലോചനയുമായി മുന്നോട്ട് പോയി. എതിർക്കുകയും ദുഖത്താൽ നെഞ്ച് പൊട്ടി കരയുകയും ചെയ്ത സുഗുണനെ അന്ന്  അമ്മ സമാധാനിപ്പിച്ചത് ഇങ്ങിനെയാണ്: "..മോനെ നിങ്ങൾ രണ്ട് പേരും എനിക്ക് മക്കളാണ്. ഏട്ടൻ അവളെ കെട്ടിക്കോട്ടെ, ഏട്ടൻ സീരിയസ് രോഗിയല്ലേ? ഇന്നല്ലെങ്കിൽ നാളെ.... പിന്നെ നിനക്കിവളെ  എടുക്കാം. ഏട്ടൻ രോഗിയല്ലേ? കൂടിയാൽത്തന്നെ അവന് എന്ത് ചെയ്യാൻ കഴിയും? പെണ്ണിന് ഒരു കേടും വരില്ല. ഒരു പളുങ്കുപാത്രം പോലെ ശുദ്ധമായിരിക്കും" (പേജ് 13). 

ഏട്ടന്റെ മരണം കാത്ത് നടന്ന സുഗുണൻ, രോഗം ഭേദമാവുന്നത് അറിയുമ്പോളെല്ലാം ഒരു പാട് ദുഖിച്ചു. ഒടുവിൽ വൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചതിന്റെ തലേന്ന് രാത്രി സുഗുണൻ ഷൈനിയെയും കൊടുക്കാമെന്ന് ഏറ്റ തന്റെ വൃക്കയും കൊണ്ട് ഒളിച്ചോടി. സുഹൃത്തിന്റെ വാഗമണ്ണിലെ സമ്മർ ഹൌസിൽ  അഭയം തേടി. രാത്രിയായപ്പോൾ താഴ്വാരത്തിലെ പേരറിയാത്ത അനേകായിരം പൂക്കളെ തഴുകി തണുത്ത കാറ്റ് അവർക്ക് നേരെ വീശിക്കൊണ്ടിരുന്നു.
കയ്യിലെ പണം തീർന്നാൽ ജീവിക്കാൻ എന്ത് ചെയ്യുമെന്ന ഷൈനിയുടെ ചോദ്യത്തിന് സുഗുണൻ ഉത്തരം കണ്ടെത്തിയത് 'മുപ്പത് വയസ്സുള്ള യുവാവിന് വൃക്ക ആവശ്യാമുണ്ട്' എന്ന പത്ര പരസ്യത്തിലാണ്.   

    "ഒരു വൃക്ക വിറ്റാൽ എത്ര കിട്ടും?"  ഷൈനി ചോദിച്ചു.
    "ഏറ്റവും ചുരുങ്ങിയാൽ ഒരു ലക്ഷം...."  
          "അത് തീർന്നാൽ നമ്മളെന്തു ചെയ്യും?" 
          "നമ്മൾ ഹിമാലയത്തിലേക്ക് പോവും. നീ വരില്ലേ?"
           "അവിടെ ചെന്നിട്ട്?" 
         "..... അവിടെ ഒരു ആത്മഹത്യാ മുനമ്പുണ്ട്..... അവിടെ വെച്ച് നമുക്ക്       ജീവിതം അവസാനിപ്പിക്കാം". 
           "നമുക്കെന്ന് പറയരുത്ജീവിതം അവസാനിപ്പിക്കാൻ ഞാനില്ല." 
         "അപ്പോൾ ഞാൻ താഴേക്ക് ചാടി ആത്മഹത്യ ചെയ്‌താൽ പിന്നെ നീ      എന്ത് ചെയ്യും?"  
         ഒരു കൂസലും ഇല്ലാതെ ഷൈനി പറഞ്ഞു: 
    "ഞാൻ തിരിച്ച് ഏട്ടന്റെ അടുത്തേക്ക് പോവും" (പേജ് 13).

പ്രണയം കൊണ്ട് മരിക്കാനും,  പ്രണയിച്ച് ജീവിക്കാനും കൊതിക്കുന്ന യുവ ഹൃദയങ്ങളുടെ വികാര വേലിയേറ്റങ്ങളാണ് 'മൗണ്ടൻ വെഡ്ഡിംഗ്'.
കഥാകാരിയായ മേരിയയുടെ വളർച്ചയിൽ അസൂയാലു ആവുന്ന ഭർതാവ് ഹാരിയുടെ കഥ പറയുന്ന 'വാർത്തമാനകാലം എന്ന ചെറു നോവലും, താഹ മാടായി പുനത്തിലുമായി നടത്തിയ അഭിമുഖവും അടങ്ങുന്നതാണ് ഒലിവ് പുറത്തിറക്കിയ ''മൗണ്ടൻ വെഡ്ഡിംഗ്'. എന്ന ഈ പുസ്തകം.


Monday, September 18, 2017

ഉറവിടങ്ങൾ

               ജയമോഹൻ (2016).  
      ഉറവിടങ്ങൾ
                        കോഴിക്കോട്: മാതൃഭൂമി ബുക്സ്. പേജ്  142,  വില   130.00


 പ്രശസ്ത തമിഴ് എഴുത്ത്കാരൻ ജയമോഹന്റെ ജീവിതം  പറയുകയാണ് 'ഉറവിടങ്ങൾ'. സ്വന്തം ജീവിതവും ചുറ്റുപാടും സാമൂഹ്യ ആചാരങ്ങളും നാടും നൊസ്റ്റാൾജിയയും എല്ലാം ചേർത്ത് വെക്കുമ്പോൾ ജയമോഹന്റെ ജീവിതം പറച്ചിൽ ഒരു നോവലിന്റെ  രൂപം പ്രാപിക്കുന്നു.

ഒട്ടും സുഖകരമല്ലായിരുന്ന കുടുംബാന്തരീക്ഷത്തിൽ വളർന്നു വന്ന ചെറുപ്പവും അമ്പത്തിനാലാം വയസ്സിൽ ആത്മഹത്യ ചെയ്ത അമ്മയും, അമ്മയുടെ വായനാശീലവും, അച്ഛനും അമ്മയും തമ്മിലെ സ്വരച്ചേർച്ച ഇല്ലായ്മയും പറഞ്ഞാണ് ഒന്നാം അദ്ധ്യായമായ 'എന്നിരിക്കിലും' തുടങ്ങുന്നത്. അമ്മ മരിച്ചതിന്റെ 'അമ്പത്തി അഞ്ചാം ദിവസം വീട് പൂട്ടി താക്കോൽ വലിച്ചെറിഞ്ഞിട്ട് അച്ഛൻ നാട് വിട്ടു. അനാഥനായി മരിക്കണമെന്നായിരുന്നു വിചാരിച്ചത്. ഓച്ചിറ കടപ്പുറത്ത് പോയി വിഷം കഴിച്ചു. അവിടെ കിടന്നു പിടച്ച അച്ഛനെ അവിടെയുള്ള മുക്കുവർ ആശുപത്രിയിൽ എത്തിച്ചു...... രണ്ടാം ദിവസം തിരുവന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അച്ഛൻ മരിച്ചു' (p 36).

കേരളത്തിൽ നിന്നും അടർന്നു പോയ നാഞ്ചിനാടിന്റെ ഓർമ്മകളാണ് രണ്ടാമത്തെ അദ്ധ്യായത്തിൽ.  നാഞ്ചിനാടിന്റെ ചരിത്രവും പുരാണവും സംസ്കാരങ്ങളും ആചാര അനുഷ്ഠാനങ്ങളും ഒരു ചരിത്ര കാരന്റെ കൈവഴക്കത്തോടെ പറഞ്ഞ്‌ തരുന്നു. രാജവാഴ്ച കാലത്തെ ശീലങ്ങളും നാട്ടു ഭാഷയുടെ പ്രയോഗാന്തരങ്ങളും, ഫ്യുഡൽ ജീവിത ചിഹ്നങ്ങളും, അന്നത്തെ സമൂഹത്തിലെ സ്ത്രീയും എഴുത്തുകാരും കാലാവസ്ഥയുമൊക്കെ ജയമോഹന്റെ ജീവിതത്തിലൂടെ  ഒഴുകി എത്തുന്നു. അക്കാലത്തെ ബഹുഭർതൃത്വത്തെ കുറിച്ച സൂചനകൾ ഉണ്ട് 'പൂർവികർ ബാക്കിവെച്ച അടയാളങ്ങൾ'  എന്ന അദ്ധ്യായത്തിൽ. '.......ഞങ്ങളുടെ വീടിനു ചുറ്റും വൻഭൂസ്വത്തുക്കൾ ഉള്ള കുടുംബങ്ങളിൽ കൊച്ചമ്മമാർക്കും അമ്മച്ചിമാർക്കും പല ബന്ധങ്ങൾ പല സംബന്ധങ്ങൾ. ഒരു വീട്ടിൽ രണ്ടു ഭർത്താവുണ്ടായിരിക്കുന്നത് വളരെ സാധാരണം (p 110)'.

നാഞ്ചിനാട്ടിലെ യക്ഷികളെ കുറിച്ചാണ് അവസാന അദ്ധ്യായം. കർഷകർ കാട് കയറി വെട്ടിത്തെളിച്ച്‌  റബ്ബർ നട്ടു തുടങ്ങിയതോടെ പല പേരുകളിലും അറിയപ്പെട്ടിരുന്ന യക്ഷികൾ നാടുവിട്ടു പോയി എന്നാണ് ജയമോഹന്റെ കണ്ടെത്തൽ.ജയമോഹനെ കുറിച്ചല്ല, ജയമോഹനിലൂടെയാണ് ഈ പുസ്തകം. ....ജയമോഹനിലെ ഞാൻ ഏതു കല്പിത കഥാപാത്രത്തോളവും സഞ്ചരിക്കുന്നു; അകത്തും പുറത്തും. ലോകം അയാളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു”  എന്ന് കല്പറ്റ നാരായണൻ അവതാരികയിൽ എഴുതിയിരിക്കുന്നു.


ഒരു എഴുത്ത്കാരന്റെ ജീവിതം എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ അധികമാരും എഴുതി വെച്ചിട്ടില്ലാത്ത ചരിത്രകുറിപ്പ് കൂടിയാണ് 'ഉറവിടങ്ങൾ'

ജീവിതമെന്ന അത്ഭുതം.

ഡോ. വി.പി ഗംഗാധരന്‍/ കെ.എസ്. അനിയന്‍ (2004)
ജീവിതമെന്ന അത്ഭുതം.
കോട്ടയം:ഡി.സി ബുക്സ്, പേജ് 243, വില 195.00


ഒരു കാന്‍സര്‍ രോഗ വിദഗ്ധന്റെ അനുഭവങ്ങള്‍ ഒരു കഥാകൃത്ത് പകര്‍ത്തി എഴുതിയതാണീ പുസ്തകം. ഓരോ പേജിലും ഓരോ വരിയിലും കണ്ണ് നനയിക്കുന്ന ജീവിതങ്ങള്‍. പ്രതീക്ഷയുടെ എല്ലാ നുല്‍ പാലങ്ങളും പൊട്ടിപോയിട്ടും അത്ഭുതകരമായി ജീവിതത്തിലേക്ക് നിറ പുഞ്ചിരിയോടെ തിരിച്ചു നടന്ന ജന്മങ്ങള്‍. വൈദ്യശാസ്ത്രത്തിന്റെ  മാന്ത്രിക കൈകള്‍ക്കൊണ്ട് മാരക രോഗത്തെ ആട്ടിയോടിച്ചിട്ടും മറ്റു വഴികളിലൂടെ ജീവിതം തച്ചുടക്കുന്ന വിധിയുടെ ക്രൂരതകള്‍. കരള് കാര്‍ന്ന്‍ തിന്നുന്ന വേദനക്ക് മുന്നിലും രോഗിയുടെ മടിശീലയിലെ നാണയ തുട്ടുകളുടെ കിലുക്കം നോക്കി മരുന്നും ചികിത്സയും കൊടുക്കുന്ന ഡോക്ടര്‍മാരുടെ ആര്‍ത്തിക്ക് മുന്നില്‍ തളര്‍ന്ന്‍ പോവുന്ന രോഗികള്‍. അവസാനത്തെ പ്രതീക്ഷയും നഷ്ടമായ സ്റ്റല്ലക്ക്‌ ഭര്‍ത്താവ് നല്‍കിയ സ്നേഹവും കൈത്താങ്ങും. തന്റെ ചികിത്സക്ക്‌ പോലും പണം തികയാത്ത, മക്കള്‍ ഉപേക്ഷിച്ച പാലക്കാട്ട്കാരി പുഷ്പാസ്വാമി തന്റെ അക്കൌണ്ടില്‍ അവശേഷിച്ച അവസാന നാണയത്തുട്ടും ഡോക്ടറെ ഏല്‍പ്പിച്ച് പാവങ്ങള്‍ക്ക് മരുന്ന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട നിമിഷങ്ങള്‍. രോഗം മാറില്ലെന്ന്‍ ഉറപ്പായപ്പോള്‍ അമ്മയും കൂടപ്പിറപ്പുകളും നടു  റോഡിലേക്ക്‌ വലിച്ചെറിഞ്ഞ നൈസാമുദ്ദീന്‍. വേദനയും അവഗണനയും കൊണ്ട് ജീവിതം മടുത്തപ്പോള്‍ കൈ ഞരമ്പുകള്‍ മുറിച്ച് കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച്, തിരമാലകള്‍ കരയിലേക്ക് എറിയുന്നതും നാട്ടുകാര്‍ എടുത്ത് ആശുപത്രിയിലാക്കുന്നതും വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തുന്നതും. ശരീര സൌന്ദര്യം ശാപമായി തീര്‍ന്ന സോഫിയ എന്ന അനാഥ പെണ്‍ കുട്ടി. അല്പ ബുദ്ധിക്കാരനായ യുവാവ് കെട്ടി കൊണ്ട് വന്ന സുന്ദരിയില്‍ കണ്ണ്‍ വെച്ച അനുജന്മാരും അയല്‍ക്കാരും പിച്ചി ചീന്തിയ തന്റെ ശരീരം പുഴുക്കള്‍ക്ക്  മേയാന്‍ കൊടുത്ത് കൊണ്ട് പ്രതികാരം ചെയ്ത സോഫിയ. അങ്ങിനെ നാം കണ്ടതും കേട്ടതും വായിച്ചറിഞ്ഞതുമായ യാഥാര്‍ഥ്യങ്ങള്‍ക്കും കെട്ടു കഥകള്‍ക്കും അപ്പുറമുള്ള നിസ്സഹായനായ മനുഷ്യന്റെ ജീവിത കഥകള്‍. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം.

Wednesday, August 23, 2017

പി. കേശവദേവ് (1986)
ഓടയിൽ നിന്ന്
കോഴിക്കോട്: പൂർണ്ണ. പേജ്:80  വില: 70.00

28.07.2017: 1930 കളിൽ മലയാള സാഹിത്യത്തിന് നേതൃത്വം നൽകിയ പി. കേശവദേവിന്റെ ആദ്യ നോവലാണ് 'ഓടയിൽ നിന്ന്. ചെറുപ്പത്തിലേ കുസൃതിയായിരുന്ന പപ്പു വീട്ടിലും സ്‌കൂളിലും നാട്ടിലും ധിക്കാരിയായി വളർന്നു. നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നപ്പോൾ അവൻ പട്ടണത്തിലേക്ക് ഓടിപ്പോയി. റയിൽവേ സ്റ്റേഷനിൽ മറ്റു കുട്ടികളുടെ കു‌ടെ  ചുമട് എടുത്തു. ബീഡിക്കടയിലും,  സോഡാ ഫാക്ടറിയിലും പണിയെടുത്തു. ഒരിടത്തും സ്ഥിരമായി നിൽക്കാൻ പപ്പുവിന് കഴിഞ്ഞില്ല. ഒടുവിൽ പട്ടണത്തിൽ ഒരു റിക്ഷക്കാരനായി വണ്ടി വലിക്കാൻ തുടങ്ങി.

ഒരിക്കൽ ഒരു യാത്രക്കാരനുമായി റിക്ഷ വലിക്കുന്നതിനിടയിൽ റിക്ഷ തട്ടി ഒരു പെൺകുട്ടി ഓടയിൽ വീണു. പിന്നീട് അങ്ങോട്ട് പപ്പുവിന്റെ ജീവിതം നിരാലംബയായ ആ ലക്ഷ്മിക്ക് വേണ്ടി ആയിരുന്നു. അതോടെ പപ്പുവിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടായി - ലക്ഷ്മിയുടെ പഠനം, ഉയർച്ച..!. കടത്തിണ്ണയിലും റയിൽവേ സ്റ്റേഷനിലും അന്തിയുറങ്ങിയ പപ്പു താമസം ലക്ഷ്മിയുടെ വീട്ടിലേക്ക് മാറ്റി.  

ലക്ഷ്മി വളർന്നു. പഠനത്തിലും പാട്ടിലുമൊക്കെ മികവ് പുലർത്തി. കാലം കഴിഞ്ഞപ്പോൾ പപ്പു അവശനായി. പഠിച്ചു വളർന്ന ലക്ഷമിക്കു റിക്ഷാക്കാരനായ പപ്പു കൂടെ നടക്കുന്നത് കുറച്ചിലായി. പക്ഷെ അമ്മ കല്ല്യാണി അവളെ തിരുത്തി. രക്ഷകനായി വന്ന പപ്പുവിനെ സ്നേഹിക്കാൻ പഠിപ്പിച്ചു. പട്ടണത്തിലെ ഒരു ധനികന്റെ മകൻ ലക്ഷ്മിയെ കല്യാണം കഴിക്കാൻ തയ്യാറായി. പഠനം പൂർത്തിയായപ്പോൾ പപ്പു ലക്ഷ്മിയെ അയാൾക്ക് കല്യാണം ചെയ്തു കൊടുത്തു. അന്ന് രാത്രി പപ്പു വീട് വിട്ടിറങ്ങി. പപ്പുവിന്റെ ജീവിതത്തിനു ലക്ഷ്യമില്ലാതായിരിക്കുന്നു. ചുമച്ച് ചുമച്ച് കലുങ്കും ചായക്കടയും കടന്ന് ബാങ്കിന്റെ മുന്നിലൂടെ പോസ്റ്റാഫീസിനും അപ്പുറത്തേക്ക് വേച്ചു വേച്ചു നടന്നു നീങ്ങുന്ന പപ്പുവിനെ ലക്ഷ്മി തന്റെ ഭർതൃ വീടിന്റെ ജനാലയിലൂടെ നോക്കി കണ്ടു.


സ്നേഹിക്കുന്ന കുടുംബത്തിന് വേണ്ടി തന്റെ സുഖ-ദു:ഖങ്ങളെല്ലാം മറന്നും മാറ്റിവെച്ചും അവസാന നിമിഷം വരെ കഷ്ടപ്പെടുകയും പണിയെടുക്കുകയും ചെയ്യുന്ന തൊഴിലാളിയുടെ/കുടുംബ നാഥന്റെ കഥയാണ് ഓടയിൽ നിന്ന്. ഒപ്പം ഐശ്വര്യങ്ങൾ കൈവരുമ്പോൾ ബന്ധങ്ങൾ മറക്കുന്ന മനുഷ്യന്റെ അടിസ്ഥാന സ്വഭാവവും അണയാത്ത സ്നേഹവും ഓർമ്മപ്പെടുത്തുന്നു.

Thursday, August 10, 2017

ഇന്ദ്രൻസ് / ഷംസുദ്ദീൻ കുട്ടോത്ത് (2016)
സൂചിയും നൂലും
ഡി സി ബുക്സ്, പേജ് 80, വില 90.00

പട്ടിണിയുടെ ബാല്യത്തിൽ നിന്നും വർണ്ണങ്ങളെയും അഭിനയത്തേയും സ്നേഹിച്ച പാലവിള  വീട്ടിൽ കൊച്ചു വേലുവിന്റെ മകൻ സുരേന്ദ്രൻ എന്ന ഇന്ദ്രൻസിന്റെ ജിവിതത്തിൽ നിന്നും പകർത്തി വെച്ച ചില അദ്ധ്യായങ്ങൾ. പന്ത്രണ്ടാം വയസ്സിൽ അമ്മാവന്റെ തയ്യൽ കടയിൽ തുന്നൽ പഠിക്കാൻ പോയി തുടങ്ങിയത് മുതൽ ആദ്യമായി നാടുവിട്ടതും സ്വന്തമായി തുന്നൽ കട തുടങ്ങിയതും നാടക അഭിനയ ഭ്രാന്തിൽ കട പൂട്ടി പോയതും പിന്നീട് സിനിമയിലെ വേഷാലങ്കാരത്തിലേക്ക് പിച്ചവെച്ചതും ഒരു നിയോഗം പോലെ സിനിമ നടനായി മലയാളിയുടെ മനസ്സിൽ കയറി കൂടിയതുമൊക്കെ കലർപ്പില്ലാത്ത തന്മയത്തത്തോടെ പുസ്തകം പറഞ്ഞ് തരുന്നു. ഇന്ദ്രൻസിന്റെ ജീവിതത്തെ സ്വാധീനിച്ചവരും  സ്ഥലവും സന്ദർഭവുമൊക്കെ ഇടയ്ക്കു കയറി വരുന്നുണ്ട്.
ആദ്യമായി ഒരു സിനിമക്ക് സ്വതന്ത്രമായി വസ്ത്രാലങ്കാരം നിർവ്വഹിക്കാൻ അവസരം കിട്ടിയപ്പോൾ മദ്രാസിലേക്ക് വണ്ടി കയറിയതും തിരികെ വരുമ്പോൾ യാത്രയിൽ ഒരാളെ കണ്ട് മുട്ടുന്നതും വിവരിക്കുന്നുണ്ട് 'നിഴൽ പോലെ ഒരാൾ' എന്ന പതിമൂന്നാം അദ്ധ്യായത്തിൽ.
'രണ്ട് മൂന്നു ദിവസം കൊണ്ട് സിനിമക്ക് വേണ്ട വസ്ത്രങ്ങളെല്ലാം തെരെഞ്ഞ് പിടിച്ച് വാങ്ങി. അതിനിടയിൽ തല വേദനയും പനിയും മൂർഛിച്ചു.  അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ  പറഞ്ഞപ്പോൾ എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു. ജനറൽ കമ്പാർട്ട്മെന്റിൽ തനിച്ചാണ് യാത്ര; കയ്യിൽ തുണികളുടെ ഭാണ്ഡവും. അകത്തു സീറ്റില്ലാത്തതിനാൽ വഴിയിൽ ലഗ്ഗേജ് വച്ച് അതിൽ ചുരുണ്ട് കൂടി.  കണ്ണ് തുറക്കാനോ, എഴുന്നേൽക്കാനോ കഴിയാതെ അവശനായി കിടന്നു. ആരോ ഒരാൾ പുറകിൽ തട്ടി വിളിച്ചു. 'അകത്ത് സീറ്റ് കാലിയുണ്ട് അവിടെയിരിക്കാം' എഴുന്നേൽക്കാൻ കഴിയാത്ത എന്നെ താങ്ങി എടുത്ത് അയാൾ ഒരു സീറ്റിൽ ഇരുത്തി, എന്റെ മുന്നിൽ ഇരുന്നു. കുറ്റിത്താടിയുള്ള മധ്യവസകനായ കുറിയ ഒരു മനുഷ്യൻ. എന്നെ തൊട്ടു നോക്കി. നല്ല പനിയുണ്ടല്ലോ എന്ന് പറഞ്ഞു.  കുടിക്കാൻ എവിടുന്നോ അയാൾ അൽപം നാരങ്ങ വെള്ളം കൊണ്ട് വന്നു തന്നു. ഞാൻ അത് ആർത്തിയോടെ കുടിച്ചു.  യാത്ര തുടർന്നു. 'അടുത്ത സ്റ്റേഷനിൽ നല്ല ചായ കിട്ടും വാങ്ങി തരാം' അയാൾ പറഞ്ഞു. ഞാൻ തല കുലുക്കി. ഞാൻ വീണ്ടും മയങ്ങി, കണ്ണുകൾ അടഞ്ഞു, സുഖമായി ഉറങ്ങി.  ഒരലർച്ച കേട്ടാണ് ഉണർന്നത്. ഏതോ സ്റ്റേഷനിൽ നിന്നും ട്രെയിൻ ഓടി തുടങ്ങുന്നു. ആൾക്കാരുടെ ഒച്ച കേട്ട് ഞാൻ പുറത്തേക്ക് നോക്കി . വാതിലിന്റെ കമ്പിയിൽ തൂങ്ങി   ഒരാൾ. കാലുകൾ പുറത്തേക്ക്, കൈകൾ വഴുതി വീഴുന്നു. കാഴ്ച്ച തിരിച്ചറിഞ്ഞ് ആ കൈകളിൽ  പിടിക്കാനെത്തുന്നതിനു മുമ്പ് ഒരു കരച്ചിലോടെ ആ രൂപം താഴേക്ക് വീണു. ഞാൻ സ്തംഭിച്ചു പോയി. ആളുകൾ പറയുന്നത് കേട്ടു, ചായ കൊണ്ട് ഓടി വന്നു കയറിയതാ, കാലു വഴുതിപ്പോയി. ഞാൻ വാവിട്ടു കരഞ്ഞു പൊയി. എനിക്ക് ചായ വാങ്ങാൻ പോയതാണോ ആ മനുഷ്യൻ? (p57-58)
108 ലേറെ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ച, 412 ൽ പരം ചിത്രങ്ങളിൽ അഭിനയിച്ച മലയാളത്തിന്റെ എക്കാലത്തെയും   മികച്ച ഹാസ്യ   നടന്മാരിൽ വേറിട്ട ഉടലും അഭിനയവും കാഴ്ച വെച്ച ഇന്ദ്രൻസിന്റെ ജീവിതം നല്ലൊരു വായനാനുഭവമാണ്. ചെറിയ അദ്ധ്യായങ്ങളിലായി സരളമായ വാക്കുകളിൽ ഷംസുദ്ദീൻ കുട്ടോത്തുമായി ചേർന്ന്   ജീവിതം പറയുകയാണ് ഇന്ദ്രൻസ്.