Thursday, December 22, 2022

സുൽത്താന

                                                                                                     - മുസ്തഫ,  മണ്ണാർക്കാട്

 ഫ്രഷേഴ്സ് പാർട്ടിക്കിടയിലെ  ടീ  ബ്രേക്കിലാണ് നിലോഫർ സുൽത്താനയെ ശ്രദ്ധിച്ചത്. കൂട്ടത്തിൽ കുറിയവൾ. അതീവ സുന്ദരി.  ചുണ്ടുകൾക്ക് കടും ചുവപ്പ് ചായം പൂശിയിട്ടുണ്ട്.  തോളിൽ വീണു കിടക്കുന്ന ചെമ്പൻ മുടി. പ്ലക്ക് ചെയ്ത് ക്രമപ്പെടുത്തിയ മേൽപുരികങ്ങൾ.  ആർദ്രത തുളുമ്പുന്ന കണ്ണുകൾ  കരിമഷിയിൽ തിളങ്ങുന്നു. പാർട്ടിയിൽ ഉടനീളം അവൾ സുസ്മേര വദനയായി  കാണപ്പെട്ടു. നവാഗതരുടെ നർമ്മം കലർന്ന സ്വയം പരിചയപ്പെടുത്തലുകളിൽ മഞ്ഞക്കറ വീണ മുല്ലപ്പൂ പല്ലുകൾ കാണിച്ച്  അവൾ ചിരിച്ചു കൊണ്ടിരുന്നു.

അടുത്ത ദിവസം രാവിലെ എട്ടു മണിയോടെ തന്നെ ക്ലാസുകൾ ആരംഭിച്ചു. ഉത്തരേന്ത്യൻ അത്യുഷ്ണത്തെ അതിജീവിക്കാൻ ക്ലാസ് മുറികളിലും ലൈബ്രറികളിലും കൂളറുകൾ സ്ഥാപിച്ചിട്ടുണ്ട്.  തലക്ക് മുകളിൽ ഫാനുകൾ അലസതയുടെ ചെറു ഞരക്കത്തോടെ  കറങ്ങുന്നു.  ഇംഗ്ലണ്ടിലും  നൈജീരിയയിലും പതിറ്റാണ്ടുകൾ ചെലവഴിച്ച ശേഷം ഇന്ത്യയിലേക്ക് പറിച്ച് നട്ടതായിരുന്നു പ്രൊഫസർ ഷബീർ ഹുസൈന്റെ അധ്യാപന ജീവിതം. വിജ്ഞാനങ്ങളുടെ വർഗ്ഗീകരണം ആണ് വിഷയം. ഇടതു മേൽ ചുണ്ട് മുകളിലേക്ക് അല്പം വക്രീകരിച്ചുകൊണ്ടുള്ള ചെറുപുഞ്ചിരിയോടെ പ്രൊഫസർ ക്ലാസിലേക്ക് വന്നു. വിദ്യാർത്ഥികളെല്ലാം ഭവ്യതയോടെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. 

‘അസ്സലാമു അലൈക്കും’

 ‘വ അലൈക്കുമുസ്സലാം, ബൈട്ടോ ബൈട്ടോ’

 ഇസ്തിരി ചുളിയാത്ത ഗൗരവത്തോടെ  പ്രൊഫസർ മൊഴിഞ്ഞു. കസേര വലിച്ചിട്ട് സ്ഥാനം ഉറപ്പിച്ചു. ഇടതു കാൽ  മുട്ടിലേക്ക് വലതുകാൽ കയറ്റിവെച്ച് പുറകോട്ട് ചാരിയിരുന്ന് നെടുവീർപ്പിട്ടു. 

‘എനി ന്യൂ കമർ?’  പ്രൊഫസർ അന്വേഷിച്ചു.  മുൻനിരകളിൽ സ്ഥാനം പിടിച്ചിരുന്ന തരുണീമണികളുടെ തലകൾ ഉടലറിയാതെ പുറകോട്ട് നീണ്ട് വന്നു. മീശ ചുരണ്ടിയ പുരുഷ കേസരികളുടെ വിയർപ്പ്  പൊടിഞ്ഞ മൂക്കുകൾ ഒന്നൊന്നായി എന്നിലേക്ക് തിരിഞ്ഞു നിന്നു.  25 പേരിൽ 24 പേരും അതേ ഡിപ്പാർട്ട്മെന്റിൽ നിന്നും ബിരുദം  നേടിയവർ.  അന്യനായി ഉള്ളത് ഞാൻ മാത്രം. 

കഴിയുന്നത്ര ആദരവും ബഹുമാനവും കണ്ണുകളിലും വാക്കുകളിലും വരുത്തി ഭവ്യതയോടെ ഞാൻ എഴുന്നേറ്റു നിന്നു. 

‘ഉറുദു  ആതാ ഹെ ക്യാ?’  പ്രൊഫസർ ചോദിച്ചു. 

‘തോഡാ തോഡാ’

എൻറെ മറുപടി കേട്ടതും 24 വായകളിലും കുപ്പിച്ചില്ല് കിലുങ്ങി. 

‘തോഡാ തോഡാ…!’ ‘കുഛ്   കുഛ്…!!’   

പ്രൊഫസറുടെ ചുണ്ടുകളിൽ എൻറെ മറുപടി അലയൊലി കൊണ്ടു. നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും പഠിച്ചിറങ്ങിയ സ്ഥാപനത്തെ കുറിച്ചും ഒക്കെയുള്ള വിശദമായ അന്വേഷണമായിരുന്നു പിന്നെ.  മുഷഞ്ഞ പൈജാമയും കുർത്തയും നെഹ്റു തൊപ്പിയും അണിഞ്ഞ  അമ്പത്തെട്ടുകാരൻ  സദറുദ്ദീൻ ഖാൻ സോസറിൽ വച്ച ചായക്കോപ്പയുമായി  ക്ലാസ്സിലേക്ക് കടന്നു വന്ന് പ്രൊഫസറുടെ ടേബിളിൽ വച്ചു.  മുകളിലേക്ക് പറന്ന ആവി  ഊതി  അകറ്റിയ ചുണ്ടുകളെ ചായക്കപ്പ് പല തവണ  തൊട്ടുരുമ്മി. 

 ഗ്രന്ഥാലയ-വിവരശാസ്ത്ര രംഗത്ത് ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന പ്രൊഫസറോടാണ് ആദ്യം സ്വയം  പരിചയപ്പെടുത്തേണ്ടി വന്നത് എന്നതിൽ വല്ലാത്ത അഭിമാനം തോന്നി.  പയറു മുറിയൻ ഉറുദുവും ഇംഗ്ലീഷും ഹിന്ദിയും സമം ചേർന്ന  പ്രതികരണങ്ങൾ ക്ലാസിൽ ആകെ ചിരി പരത്തി.  ഷംസാദ് മാർക്കറ്റിലെ തസ്വീർ മഹലിൽ ഏഴു രൂപയുടെ കസേര ടിക്കറ്റ്  എടുത്ത് സിനിമ ആസ്വദിക്കുന്നതു പോലെ തോന്നിച്ചു ആൺ കേസരികളുടെ  ചിരി. കാതിൽ തൂക്കിയ നീളം കൂടിയ ഫാൻസി കമ്മലുകൾ പെൺ ചുമലുകളിൽ അനാവശ്യമായി തൊട്ടരുമ്മിയപ്പോഴും  'ഫെയർ ആൻഡ് ലൗലി' കവിളുകൾ ഇളകാതെ ചിരിക്കാൻ മഹിളാമണികൾ പരമാവധി ശ്രദ്ധിച്ചു.  

 രണ്ടു മണിക്കൂറുകൾക്ക് ശേഷം മണിയടിയുടെ ശബ്ദം കേൾക്കാതെ തന്നെ പ്രൊഫസർ എഴുനേറ്റ്  പുറത്തുപോയി. വള്ളി മെടഞ്ഞ കസേരകളിൽ അടക്കം ചെയ്ത വിവിധങ്ങളായ നിദംബങ്ങൾ അപ്പോൾ  ഉയർത്തെഴുന്നേൽക്കാൻ തുടങ്ങി. എല്ലാവരും പുറത്തിറങ്ങി പോയപ്പോൾ കസേരകൾ വകഞ്ഞു മാറ്റി ഒരു തരുണീമണി അടുത്തേക്ക് വന്നു.

'ഹാലോ കേരൾ.... ഹൌ ആർ യൂ…?

......... ................. ............

കം ലെറ്റസ് ഹാവ് എ ടീ'.  

പട്ടാപകൽ പെണ്ണൊരുത്തി ഒറ്റക്ക് വന്ന് റാഗ് ചെയ്യാൻ ധൈര്യം കാണിക്കുമോ എന്നൊന്നും ഭയപ്പെടാൻ നിൽക്കാതെ ഞാൻ അവളെ പിന്തുടർന്നു. ചുവന്ന മാർബിൾ വിരിച്ച വരാന്തയും പച്ചപ്പുൽ മുറ്റവും മുറിച്ച് കടന്ന് ബൈക്ക്  സ്റ്റാൻഡിനരികിലെ ഇടുങ്ങിയ വഴിയിലൂടെ അവൾ എന്നെ നയിച്ചു. പോകുന്ന വഴികളത്രയും സാകൂതം നോക്കിക്കൊണ്ട് അനുസരണയോടെ നടന്നുനീങ്ങി. ടാറിട്ട റോഡ് മുറിച്ചു കടന്നപ്പോൾ മൗലാനാ ആസാദ് ലൈബ്രറിയുടെ പടിഞ്ഞാറു വശത്തെ ക്യാന്റീനിലേക്ക് ഞങ്ങൾ എത്തിപ്പെട്ടു.


ചുടു ചായ അൽപാൽപമായി ഊതിക്കുടിക്കുമ്പോഴും അധരഛായം അടർന്നു പോവാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിക്കുന്നതായി തോന്നി. രണ്ടു രൂപയുടെ രണ്ട് നാണയത്തുട്ടുകൾ കാന്റീൻകാരന്റെ മേശപ്പുറത്ത് വച്ചുകൊടുത്ത് ചായക്കോപ്പയുമായി നടന്നു നീങ്ങി. ഒരു പാട്   ചോദിക്കണമെന്ന് തോന്നി. പക്ഷെ വാക്കുകൾക്ക് വല്ലാത്ത ഭാരം ഉള്ളതുപോലെ. ഒരുപാട് അറിയണമെന്ന് കൊതിച്ചു പക്ഷേ കാതുകൾക്ക് ആരോ മുദ്ര വെച്ചിരിക്കുന്നു...! പാലപ്പൂമരത്തണലിൽ വെട്ടി ഒതുക്കിയ  പുൽമൈതാനിയിൽ മുഖാമുഖം നോക്കി വെയിലുകായാനിരുന്നു.

'പ്രൊഫസർ ഷബീർ ഹുസൈൻ നല്ല സ്നേഹമുള്ള സാറാണ്. സാറിൻറെ വിഷയങ്ങളിൽ സാറിന് നല്ല അവഗാഹം ഉണ്ട്'. 

മൗനത്തിൻറെ മതിൽക്കെട്ടുകൾ മുറിച്ചുമാറ്റാനെന്ന വണ്ണം അവൾ പറഞ്ഞുകൊണ്ടിരുന്നു. എൻറെ കണ്ണുകളിലും കാതുകളിലും മനസ്സിന്റെ മുഴുക്കോണുകളിലും അപ്പോൾ സുൽത്താന മാത്രമായിരുന്നു. പ്രൊഫസറോ,  ക്ലാസോ,  വിഷയങ്ങളോ ഒന്നും എന്നിലില്ലായിരുന്നു. ഒരു നൂറ്റി പതിനേഴ് തവണ ആ കണ്ണുകൾ തുറന്നടഞ്ഞു, നാൽപ്പത്തിരണ്ടു തവണ ചെമ്പൻമുടിത്തല വലത്തോട്ടും, മുപ്പത്തിയാറ് തവണ ഇടത്തോട്ടും ചാഞ്ഞു. ആറ് തവണ കീഴ്ചുണ്ടിൽ പല്ലുറുക്കി. സുൽത്താനയുടെ ഓരോ ചലനങ്ങളും എന്നിൽ അത്ഭുതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപാട് കാലത്തെ പരിചയത്തിന് ശേഷം വേർപിരിയുകയും പിന്നെ പുന:സംഗമിക്കുകയും ചെയ്ത പോലെയുണ്ട് അവളുടെ പെരുമാറ്റം. മനസ്സിന്റെ  ദിനസരിക്കുറിപ്പുകൾ ഓരോന്നായി ഞാൻ പുറകോട്ട് മറിച്ചു നോക്കി. കുന്തിപ്പുഴയോരത്തെ ജി. എൽ. പി സ്കൂളിൻറെ മഞ്ഞ പെയിന്റടിച്ച ഇടനാഴികളിൽ എവിടെയും ഞാൻ അവളെ കണ്ടില്ല. കാരാപാടം സെൻറ് ജോസഫ് കോൺവെൻറ് സ്കൂൾ മുറ്റത്തെ പറങ്കിമാവിൻ തണലിലും അവളെ കണ്ട ഓർമ്മയില്ല. പയ്യനെടം എ. യു.പി. സ്കൂൾ ഗേറ്റിനു മുന്നിൽ മസാല ഓറഞ്ച് വിൽക്കാൻ വന്ന അപ്പുവേട്ടന് ചുറ്റും തിങ്ങി കൂടിയ കൊതിയത്തികളുടെ കൂട്ടത്തിലും ഇങ്ങനെ ഒരുത്തി ഉണ്ടായിരുന്നതായി ഓർമ്മകളിലെങ്ങും ഇല്ല...

ഈ സംസാരത്തിന്റെ വാചാലതയും പുഞ്ചിരിയുടെ സ്വാതന്ത്ര്യവും കാണുമ്പോൾ ഞാൻ എൻറെ ഓർമ്മകളെ പഴിക്കേണ്ടി വരുന്നു. കാലിക്കറ്റ് സവകലാശാലയുടെ പരീക്ഷാഭവനു മുന്നിൽ പുറം നാട്ടുകരനാട്ടുകാരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഓടിനടന്ന കാലത്ത് കണ്ടു മറഞ്ഞതായിരിക്കുമോ..?  കോഴിക്കോട് ടാഗോർ ഹാളിലെ ഇൻറർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാൻ ഇവളും എത്തിയിരുന്നോ,   ഒരു നർത്തകിയായി, അല്ലെങ്കിൽ ഒരു ഗായികയായിട്ട്?. ഓർമ്മപ്പുസ്തകത്തിൻറെ പഴം താളുകൾ ഒന്നൊന്നായി മറിച്ചുനോക്കി ഗതകാലത്തിന്റെ ഇരുൾ വീണു തുടങ്ങിയ ഊടുവഴികളിലൂടെ ഒറ്റയായിട്ടും കൂട്ടം കൂടിയും പിൻ നടന്നു കൊണ്ടിരിക്കുകയായിരുന്നു ഞാൻ. പക്ഷേ ആ യാത്ര അവസാനിക്കും മുമ്പ് അവൾ എന്നെ തട്ടി ഉണർത്തി.

'ഭായ്,  അബി മേഡം സുധർമ്മ ആയേഗി, ചലോഗെ...?'

ചായക്കോപ്പകൾ പാലച്ചുവട്ടിലേക്ക് നീക്കിവെച്ച് എഴുന്നേറ്റു മൂട് തട്ടി കുടയുന്നത് കണ്ടപ്പോൾ ക്ലാസിൽ പോവാൻ ആണെന്ന് ഞാൻ  മനസ്സിലാക്കി.  ഒരു 'യ്യാ..'  മൂളക്കത്തോടെ ഞാനും ക്ലാസിലേക്ക് നടന്നു

No comments:

Post a Comment