വായന: മുസ്തഫ മണ്ണാർക്കാട്
പ്രസാദനം: പുസ്തകശാല, പത്തനംതിട്ട.പേജ് 328, വില 440 രൂപ, വർഷം
2022
കോളേജ്
അധ്യാപകൻ, യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം തലവൻ, സെനറ്റ് അംഗം സർവോപരി കമ്മ്യൂണിസ്റ്റ്
പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച ഡോ. എ. റസലുദ്ദീന്റെ
ആത്മകഥയാണ് അക്കാമൻ. മലയാളത്തിലെ ആദ്യത്തെ ആത്മ
നോവൽ എന്നാണ് പ്രസാധകർ കൃതിയെ വിളിക്കുന്നത്. മതാചാരങ്ങൾക്കും സാമൂഹിക അനീതികൾക്കും
എതിരെ പോരാടിയ ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തൻറെ കടുംപിടുത്തങ്ങളും പ്രത്യയശാസ്ത്ര
ദുർവാശികളും കാരണം ജീവിതാവസാനം എല്ലാവരാലും പുറത്താക്കപ്പെടുകയും നിരാശയുടെ പടുകുഴിയിൽ
ചെന്ന് വീഴുകയും ചെയ്യുന്ന നേരനുഭവമാണ് പുസ്തകത്തിൽ കാണുന്നത്. പിൻവിളികൾ,
മാറ്റൊലികൾ, പോർവിളികൾ, വേരിന്റെ വെളിച്ചം എന്നിങ്ങനെ
നാല് ഭാഗങ്ങളിലായി ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളെയും അടയാളപ്പെടുത്തിയിരിക്കുന്നു. മതവിശ്വാസങ്ങളോടും
ആചാരങ്ങളോടും ഒരു നിലക്കും രാജിയാവാൻ അക്കാമന് കഴിയുന്നില്ല, പ്രത്യേകിച്ച് ഇസ്ലാമിക
വിശ്വാസങ്ങളോടും മുസ്ലിം സാമൂഹിക ക്രമത്തോടും ആചാരങ്ങളോടുമുള്ള അസഹിഷ്ണുത പുസ്തകത്തിൽ
ആദ്യാവസാനം കാണാം. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് വേണ്ടി പ്രവർത്തിക്കുകയും
പടപൊരുതുകയും ചെയ്ത അക്കാമനെ പക്ഷെ പിൻകാലത്ത് പാർട്ടി പോലും അവഗണിക്കുകയും അകറ്റിനിർത്തുകയും
ചെയ്യുന്നു.
തൊഴിലിടങ്ങളിലും സമൂഹത്തിലും ഒരു
ധിക്കാരിയായി മുദ്രകുത്തപ്പെടുന്നു. സമരങ്ങളും പോരാട്ടവുമായി ജീവിതത്തിന്റെ നല്ലൊരു
ഭാഗം നഷ്ടപ്പെടുത്തിയ "ഒരു ആത്മാവിൻറെ വിശ്വാസ തകർച്ചയുടെ നിലവിളിയും ഞരങ്ങലും
മൃദുവായെങ്കിലും നിങ്ങൾക്ക് അക്കാമനിൽ കേൾക്കാം".
ഒടുവിൽ ഭാര്യ ശാന്തയോടൊപ്പം
കേരളത്തിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അജ്മീറിലും ജെറുസലേമിലും ഒക്കെ തീർത്ഥയാത്ര
നടത്തുന്ന ഒരു പഴയ മതവിരോധിയായ വിപ്ലവകാരിയുടെ ദൈന്യ മുഖം കാണേണ്ടിവരുന്നു. ഒരായുസ്സ്
മുഴുവൻ കമ്മ്യൂണിസത്തിനും മതരഹിത സമൂഹത്തിനും വേണ്ടി പോരാടിയവൻ പക്ഷേ കമ്മ്യൂണിസ്റ്റ്
റഷ്യയിലേക്കോ, ചൈനയിലേക്കോ, ക്യൂബയിലേക്കോ അല്ല, മറിച്ച് ബുദ്ധ ജൈന ഹിന്ദു സൂഫി കേന്ദ്രങ്ങളിലേക്കാണ്
മനസ്സമാധാനം തേടി പോകുന്നത് എന്നതും ശ്രദ്ധേയമാണ്.
No comments:
Post a Comment