.
പ്ലസ് ടു കഴിഞ്ഞ് കോളേജിൽ എത്തിയപ്പോൾ ക്ഷുഭിത യുവത്വത്തിൻറെ പ്രസരിപ്പിൽ ആയിരുന്നു. സൗഹൃദവും പ്രണയവും ആക്ടിവിസവും ആയി മറ്റുള്ളവർക്കുവേണ്ടി ഓടിത്തളർന്ന് ക്ലാസിൽ ഉഴപ്പനായി. ഒന്നാം വർഷത്തെ സർവകലാശാല റിസൾട്ട് വന്നപ്പോൾ കഷ്ടിച്ച് ജയിച്ചു. രണ്ടാം വർഷത്തിലാകട്ടെ അമ്പേ പരാജയം ആയിരുന്നു. അതിനിടെയാണ് ആകസ്മികമായി അച്ഛൻ മരണപ്പെട്ടത്. അതോടെ കോളേജ് യൂണിയനും ചുമരെഴുത്തും, സംഘടനാ കാര്യങ്ങളുമായി പകലന്തിയോളം കറങ്ങി നടന്ന തിരക്കുപിടിച്ച ജീവിതത്തിലേക്ക് കുടുംബത്തിൻറെ ഉത്തരവാദിത്വം കൂടി ഒന്നൊന്നായി വന്നു ചേർന്നു. അച്ഛൻ പടിയിറങ്ങിയതോടെ വീടിൻറെ വിളക്കണഞ്ഞു. വരുമാനം ഇല്ലാതെയായി. തന്റെയും അനുജന്റെയും പഠനം, ഡിഗ്രി കഴിഞ്ഞിരിക്കുന്ന പെങ്ങളുടെ ഭാവി... എല്ലാം ചോദ്യ ചിഹ്നങ്ങൾ ആയി തലയുയർത്തി. എന്റെ കോളേജ് പഠനം ലക്ഷ്യം കാണില്ലെന്ന് തിരിച്ചറിഞ്ഞ ചെറിയച്ഛൻ ആണ് കോഴ്സ് തീരും മുൻപേ ഗൾഫിലേക്ക് കയറ്റി വിട്ടത്. അത് ഒരു അനിവാര്യമായ പരിവർത്തനം ആണെന്ന് അന്നത്തെ വിപ്ലവ മനസ്സ് പറഞ്ഞു പരുവപ്പെടുത്തി.
കേട്ടറിഞ്ഞ ഗൾഫ് ആയിരുന്നില്ല ചെന്നുകണ്ട ഗൾഫ്. ഫ്രീ വിസ ആയതിനാൽ ജോലി അന്വേഷിച്ച് കണ്ടെത്തണമായിരുന്നു. നാട്ടുകാരുടെയും പരിചയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഒക്കെ റൂമുകളിൽ വിളിക്കാത്ത അതിഥിയായി നാലഞ്ചുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. പ്രവാസികൾ ആയതിനാൽ ഉള്ളത് വീതം വെക്കാൻ മടികാണിച്ചിരുന്നില്ല. ആദ്യം കിട്ടിയ പാർട്ടൈം ജോലി കൊണ്ട് ജീവിതച്ചെലവുകൾ വഹിക്കാൻ ആവില്ലെന്ന് അവന് അറിയാമായിരുന്നു. അതിനാൽ ഒരു നല്ല ജോലിക്കായുള്ള അലച്ചിലിൽ ആയിരുന്നു. കോഫി ഷോപ്പിലും പെട്രോൾപമ്പിലും ശൈഖൻമാരുടെ ഹൗസ് ഡ്രൈവറായും, ടാക്സി ഡ്രൈവറായും, ഇടക്കെപ്പോഴോ തീക്കാറ്റ് പെയ്തിറങ്ങുന്ന മസറയിലെ തൊഴിലാളിയായും ഒക്കെ ആ ജീവിതം പരിണമിച്ചുകൊണ്ടിരുന്നു.
കോളേജിൽ പഠിക്കുമ്പോൾ ഒന്നാം വർഷത്തിന്റെ തുടക്കത്തിൽ ഒരിക്കൽ ലൈബ്രേറിയൻ ക്ലാസിൽ വന്നപ്പോൾ ‘ആട്ജീവിത’ത്തെക്കുറിച്ച് പറഞ്ഞിരുന്നു. അഹന്തയുടെ അലസതയിൽ അതൊരു കഥ മാത്രമായിട്ടാണ് അന്ന് കേട്ടിരുന്നത്. ഇന്നിപ്പോൾ ആടുകളും ഒട്ടകക്കൂട്ടങ്ങളും അർബാബുകളും മാത്രമുള്ള മസറയിൽ ഈത്തപ്പനയുടെ ഒറ്റമരത്തണലിൽ വിശ്രമിക്കാൻ ഇരിക്കുമ്പോൾ അന്ന് ക്ലാസിൽ കേട്ട ആടുജീവിതം അനുഭവിച്ച് അറിയുകയാണ്.
മൂന്നു വർഷത്തിനു ശേഷമാണ് നാട്ടിലേക്ക് ഒരു അതിഥിയായി തിരിച്ചു വരാൻ കഴിഞ്ഞത്. വാങ്ങിക്കൂട്ടിയ കടങ്ങൾ കൊടുത്തു തീർന്നിട്ടില്ല. വീടിൻറെ അറ്റകുറ്റപ്പണികൾ പലതവണ ചെയ്തതാണ് ഇനി പുതുക്കിപ്പണിതേ മതിയാവൂ. അനുജന്റെ പഠനം പാതിവഴിയിൽ എത്തിയിട്ടെ ഉള്ളൂ. നാട്ടിൽ നിന്നുള്ള അമ്മയുടെ ഓരോ ഫോൺകോളും ചെന്നവസാനിക്കുന്നത് പെങ്ങളുടെ പ്രായത്തിലും, കല്യാണ കാര്യത്തിലും ആണ്. ചുരുക്കത്തിൽ ഓരോ മാസം കഴിയുംതോറും കടങ്ങൾ മാത്രം കാടുപോലെ തഴച്ചുവളർന്നു. ഇതിനിടയിൽ പണ്ട് ക്യാമ്പസ് മരത്തണലിലും കാന്റീനിലുമൊക്കെ തളിരിട്ട് വളർന്ന തന്റെ പ്രണയം ഒരു മരുഭൂ മരീചികയായി അവശേഷിച്ചു.
അവധി കഴിഞ്ഞ് നാട്ടിൽ നിന്നുള്ള തിരിച്ചുപോക്ക് വളരെ പ്ലാനിങ്ങോടു കൂടിയായിരുന്നു. ഗൾഫിൽ തിരിച്ചെത്തി ജോലിയിൽ കയറി ആറുമാസം തികയും മുമ്പ് കൊറോണ പടർന്ന് പിടിച്ച് നാടും നഗരവും അടച്ചുപൂട്ടി. ജോലി നഷ്ടപ്പെട്ട് മാസങ്ങൾ റൂമിൽ ഇരിപ്പായി. കയ്യിലുള്ള കാശ് എല്ലാം തീർന്നു കൊണ്ടിരുന്നു. ആദ്യമൊക്കെ ഖഫീലും പിന്നെ സന്നദ്ധസംഘടനകളും ഭക്ഷണപ്പൊതികൾ എത്തിച്ചു തന്നു. പിന്നെ പിന്നെ അതും കിട്ടാതെയായി. പലരും കയ്യിൽ കിട്ടിയതും പെറുക്കി കൂട്ടി നാട് പിടിച്ചു. തിരികെ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുക്കാൻ പോലും കയ്യിൽ കാശ് തികയില്ലായിരുന്നു. ഒടുവിൽ കെഎംസിസിയുടെ പ്രത്യേക വിമാനത്തിൽ ഒരു മഹാഭാഗ്യം പോലെ നാടണയാൻ കഴിഞ്ഞു.
കോവിഡിന്റെ ഒന്നാം തരംഗം കഴിഞ്ഞ് തിരികെ പോകുന്നത് വർഷം ഒന്നു കഴിഞ്ഞിട്ടാണ്. ഇന്ത്യയിൽ നിന്നും നേരിട്ട് ഫ്ളൈറ്റുകൾക്ക് അനുമതി ഇല്ലാത്തതിനാൽ മാലിദീപ് വഴി ദുബായിലേക്ക് പോയി. അവിടെ 14 ദിവസത്തെ ക്വാറന്റൈൻ. അതുകഴിഞ്ഞ് സൗദിയിലേക്ക്. ജീവിതം വീണ്ടും തളിർക്കാൻ തുടങ്ങി. പെങ്ങളുടെ വിവാഹവും വീടുപണിയും ഒക്കെ പൂർത്തിയാക്കി. കടബാധ്യതകൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു. ജീവിതത്തിൻറെ നൗക തീരം ചേർന്ന് ഒഴുകാൻ തുടങ്ങിയതാണ്. അപ്പോഴാണ് നാട്ടിൽ നിന്നും അടുത്ത സുഹൃത്തിൻറെ വിളി വരുന്നത്, അമ്മക്ക് സുഖമില്ല നെഞ്ചുവേദന.
വീട്ടിലെത്തുമ്പോൾ കൂട്ടക്കരച്ചിലും ആൾക്കൂട്ടവും. കൂടി നിന്നവരെല്ലാം എന്തൊക്കെയോ അടക്കം പറയുന്നു. നിലവിളക്കിലെ തിരിശ്ശീലയിൽ നിന്നും എള്ളെണ്ണ കത്തുന്ന മണം പരത്തി പുകച്ചുരുളുകൾ പാറിനടന്നു. അമ്മയുടെ ചേതനയറ്റ ദേഹം കിടത്തിയ നടു മുറിയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ശരീരം ഭാരം ഇല്ലാത്ത ഒരു കുമിള പോലെ പാറിപ്പറക്കുന്നതായി അവനു തോന്നി. തുടച്ചുമിനുക്കിയ നാക്കിലയിൽ ചുവന്ന തെച്ചിപ്പൂക്കൾ അലസമായി ചിതറിക്കിടക്കുന്നു.
അമ്മയുടെ മുഖം അവസാനമായി ഒരു നോക്ക് കാണാൻ കുനിഞ്ഞപ്പോഴാണ് അവൻ അത് കണ്ടത്. കറുത്ത അക്ഷരങ്ങൾ കോറിയിട്ട ഒരു മഞ്ഞ കുറ്റി, അമ്മയുടെ തല ഭാഗത്ത്. വീടിന്റെ നടുമുറിയിൽ സർവ്വേ കുറ്റികൾ നാട്ടിയിരിക്കുന്നു. അതുവരെ അടക്കി വെച്ചിരുന്ന എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങി. അടുക്കള മുറ്റത്തും വേലിക്കരികിലും, അബ്ദുല്ലക്കാന്റെ ചായിപ്പിലും, കേശു അണ്ണന്റെ തൊഴുത്തിലും നാട്ടിയ മഞ്ഞ കല്ലുകൾ അവനെ നോക്കി പല്ലിളിച്ചു, അഹന്ത കലർന്ന ഒരു നിഗളിപ്പോടെ... താലോലിച്ച് വെച്ച സ്വപ്നങ്ങളുടെ നെഞ്ചത്ത് കയറ്റിവെച്ച ആ സർവ്വേ കല്ലുകളിൽ തലതല്ലി ഉടച്ച്, രക്തം തൂവി അവൻ ഒരു നീണ്ട വെള്ളി വരയായി തീർന്നു.
No comments:
Post a Comment