Tuesday, June 4, 2024

കോളേജ് ലൈബ്രറിയന്മാരുടെ അക്കാദമിക് സ്റ്റാറ്റസ് അനുവദിക്കണം - കെ സി എൽ എ .

കണ്ണൂർ: യുജിസി നിർദ്ദേശിച്ചിട്ടുള്ള അക്കാദമിക് സ്റ്റാറ്റസ് കേരളത്തിലെ കോളേജ് ലൈബ്രറിയന്മാർക്കും അനുവദിക്കണമെന്ന് കെസിഎൽഎ ആവശ്യപ്പെട്ടു.

കോളേജ് ലൈബ്രറി അസോസിയേഷൻ കേരളയും (കെ സി എൽ എ), കേരള സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലും സംയുക്തമായി  കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ മൂന്നുദിന ദേശീയ ലൈബ്രറി സെമിനാർ സംഘടിപ്പിച്ചു. 

കേരളം തമിഴ്നാട് ആന്ധ്ര കർണാടക വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലും കോളേജുകളിലുമുള്ള പ്രൊഫസർമാരും ലൈബ്രറിയൻമാരും വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

 കോളേജ് മാനേജർ ശ്രീ രാമനാഥൻ ഉദ്ഘാടനംചെയ്തു . കെ സി എൽ എ പ്രസിഡണ്ട് ഡോ. ജോളി വർഗീസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: കെ വി മുരളി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സംഘാടക സമിതി സെക്രട്ടറി മനോജ് കുമാർ സ്വാഗതവും , ജോയിൻ സെക്രട്ടറി ജോബിൻ ജോസ്  നന്ദിയും പറഞ്ഞു.

സെമിനാറിനോടനുബന്ധിച്ച് നടന്ന കെ സി എൽ എ പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 

പ്രസിഡണ്ട് :

ഡോ. ബീനാമോൾ ടി, മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം, 

ജനറൽ സെക്രട്ടറി :

ഡോ. മുഹമ്മദ് മുസ്തഫ, ടി.കെ.എം. കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, കൊല്ലം, 

ട്രഷറർ :

ഡോ. ബിനു പി.സി, സെൻ്റ്  പോൾസ്  കോളേജ് കളമശ്ശേരി, 

വൈസ് പ്രസിഡണ്ട്മാർ:

ഡോ. അനട്ട് സുമൻ ജോസ്, സെൻ്റ്  പീറ്റേഴ്സ് കോളേജ് കോലഞ്ചേരി,  

ഡോ. മൻസൂർ ബാബു വി.കെ, ഫാറൂഖ് കോളേജ് കോഴിക്കോട്. 

ജോയിൻ്റ് സെക്രട്ടറിമാർ:

ടോണി ചെറിയാൻ, പീത് മെമ്മോറിയൽ ട്രൈയിനിംഗ് കോളേജ് മാവേലിക്കര. 

ഭവ്യ സുരേന്ദ്രൻ, എസ്. ഇ. എസ് കോളേജ് ശ്രീകണ്ഠാപുരം. 

 ഷേർലി ഡേവിഡ് തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Malayala Manorama, 27.05.2024 P7



Tuesday, May 7, 2024

വേദന സംഹാരി

 

ക്ലാസ്സ് കഴിഞ്ഞ് വന്ന ഒരു വൈകുന്നേരം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിലെ ബാത്റൂമിൽ കയറി പാട്ടും പാടി പൈപ്പിലെ വെള്ളം ബക്കറ്റോടെ തലവഴി ഒഴിച്ച് ആസ്വദിച്ച് കുളിച്ചു കൊണ്ടിരിക്കെ, ന്യൂ ബ്ലോക്കിൽ നിന്നും 'ഫോൺ വെയ്റ്റിംഗ്' വിളിച്ചു പറയുന്നത് കേട്ടു. മൊബൈൽ ഫോണുകൾ വ്യാപകമല്ലാത്ത അക്കാലത്ത് ഹോസ്റ്റലിലുള്ള ഒരേയൊരു ലാൻഡ് ഫോണിലേക്ക് ആണ് മുഴുവൻ ജീവികൾക്കുമുള്ള ഫോൺ വരിക. ഫോൺ റിങ്ങ് കേട്ടാൽ അതുവഴി പോകുന്ന ആരെങ്കിലും ഫോൺ എടുക്കും. ആരെ തേടിയാണോ ഫോൺ വരുന്നത് അവൻറെ പേരും ഡിപ്പാർട്ട്മെൻറും ചേർത്ത് ഉറക്കെ നീട്ടി വിളിച്ചു പറയും. അത് കേൾക്കുന്നവർ എല്ലാം ഉറക്കെ ഉറക്കെ ആവർത്തിക്കും.  ചിലപ്പോൾ വട്ടപ്പേരുകൾ ചേർത്ത് വിളിച്ചു പറയും. ആ വിളികൾ ഹോസ്റ്റൽ മുറികളിൽ അലയടിക്കും. ആവശ്യക്കാർ ഓടിയെത്തി ഫോൺ എടുക്കും. 

രണ്ടു വർഷത്തിലധികം ക്യാമ്പസ് ഹോസ്റ്റലിൽ  ജീവിച്ചിട്ടും ഒരിക്കൽപോലും വീട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ അവനെ അന്വേഷിച്ച് ആ ഫോൺ ശബ്ദിച്ചിട്ടില്ലായിരുന്നു. നാട്ടിലെ കൂട്ടുകാരോ, സംഘടനാ പ്രവർത്തകരോ, സഹപാഠികളോ മാത്രമാണ് അവനെ ഫോൺ ചെയ്തത്. ആ കോളുകൾ എല്ലാവരെയും പോലെ ചിലപ്പോൾ മണിക്കൂറുകൾ നീണ്ടു പോവുകയും ചെയ്തിരുന്നു .

 കുളിയുടെ രസച്ചരടുകൾ മുറിച്ചു കളഞ്ഞ് ഫോൺ എടുക്കാനായി ഓടി . അപ്രതീക്ഷിതമായ ഒരു കോൾ ആയിരുന്നു അത് . 

'ഹലോ.....'

' ഹലോ എടാ നീ എത്രയും പെട്ടെന്ന് ഒരു ഓട്ടോ എടുത്ത് ഞങ്ങളുടെ കോട്ടേഴ്സിലേക്ക് വാ. അവക്ക് ഒട്ടും സുഖോല്ല, ആകെ തളർന്നിരിക്കുന്നു. ഹോസ്പിറ്റലിൽ കൊണ്ട് പോകണം, വേഗം വായോ,  പെട്ടെന്ന് ......'

മേരിയുടെ വാക്കുകളിൽ എന്തോ വലിയ അപകടമുണ്ടെന്ന് മനസ്സിലായി . ഇങ്ങനെ പരവശപ്പെട്ട് മുമ്പൊരിക്കലും ഫോൺ ചെയ്തിട്ടില്ല.  പിന്നെ ബാത്റൂമിലേക്ക് തിരിച്ചു പോയില്ല. ഒന്നാം നിലയിലുള്ള റൂമിലെക്ക് ഓടി.  കയ്യിൽ കിട്ടിയ പാൻ്റ്സും ഷർട്ടും എടുത്തിട്ട് കോട്ടേഴ്സിലേക്ക് വെച്ചു പിടിച്ചു.  ലേഡീസ് ഹോസ്റ്റലിൽ കുട്ടികളുടെ എണ്ണം കൂടുകയും താമസിക്കാൻ റൂമുകൾ തികയാതെ വരികയും ചെയ്യുമ്പോൾ തൊട്ടടുത്ത ബ്യൂട്ടി സ്പോർട്ടിനോട് ചേർന്നുള്ള ജീവനക്കാരുടെ എ ടൈപ്പ് കോർട്ടേഴ്‌സുകൾ പെൺകുട്ടികൾക്ക് അനുവദിക്കുമായിരുന്നു. അങ്ങനെയാണ് ആ ബാച്ചിലെ 12 ഓളം പെൺകുട്ടികൾക്ക് A32 കോർട്ടേഴ്സ് കിട്ടിയത്. ഓടുന്നതിനിടയിൽ പരീക്ഷാഭവനു മുന്നിൽ വച്ച് ഒരു ഓട്ടോ കിട്ടി. ലൈബ്രറി പരിസരത്ത് കറങ്ങി നടന്നിരുന്ന നിസാറിനെയും കൂട്ടി കോട്ടേഴ്സിന് മുന്നിൽ ചെന്നിറങ്ങി. ഡ്രൈവറോട് വെയിറ്റ് ചെയ്യണം എന്ന് ആംഗ്യം കാണിച്ച് അകത്തേക്കോടി.

 കോർട്ടേഴ്സിലെ കൂട്ടുകാരികൾ നിസ്സഹായരായി നോക്കിനിൽക്കുന്നു. പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ആ മുഖങ്ങളിൽ ഭീതി നിറഞ്ഞാടുന്നുണ്ട്. അവൾ മാത്രം ഒന്നുമറിയാതെ ബെഡിൽ കിടക്കുന്നു. അവശയായി, വാടിത്തളർന്ന്, അബോധാവസ്ഥയിൽ കിടക്കുന്ന ആ രംഗം കണ്ടപ്പോൾ ഉള്ള് ഒന്ന് പിടഞ്ഞു. ജീവനുണ്ടെന്ന് ഉറപ്പാക്കാൻ അറിയാവുന്ന വിദ്യകൾ എല്ലാം പ്രയോഗിച്ചു നോക്കി.

 ഏതോ അഗാധതയിൽ നിന്ന് വളരെ കഷ്ടപ്പെട്ട് ഒരു ഞരക്കം പുറത്തേക്ക് തള്ളിക്കയറി വന്നു. അത് പ്രതീക്ഷയുടെ ഇടിമുഴക്കം പോലെ അനുഭവപ്പെട്ടു. അവളുടെ ശരീരം മുഴുവൻ വിയർപ്പിൽ കുതിർന്നിട്ടുണ്ടായിരുന്നു.  നെറ്റിയിൽ കൈവച്ചും , മുഖത്ത് വെള്ളം കുടഞ്ഞും , ചുറ്റും കൂടിയവർ മാറിമാറി പേര് വിളിച്ചു നോക്കി .  ഒരു വിധത്തിലും അവൾ പ്രതികരിച്ചില്ല . പിന്നെ ഒരു ഉൾപ്രേരണയാലെ  രണ്ടുമൂന്നു പേർ ചേർന്ന് അവളെ കോരിയെടുത്ത് ഓട്ടോയിൽ കയറ്റി ക്യാമ്പസിലെ ഹെൽത്ത് സെന്ററിലേക്ക് കുതിച്ചു. 

 വൈകുന്നേരം ആയതിനാൽ ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ പോയിട്ടുണ്ടായിരുന്നു . അവിടെ കണ്ട ഒരു ജീവനക്കാരനിൽ നിന്നും  നമ്പർ വാങ്ങി ഡോക്ടറെ വിളിച്ചു . എമർജൻസി ആണെന്നും ഉടനെ എത്തണമെന്നും ആവശ്യപ്പെട്ടു. ഡോക്ടർ എത്തി പരിശോധന ആരംഭിച്ചു. അതൊരു പത്തിരുപത് മിനിറ്റ് നീണ്ടുനിന്നു.

 അസ്വസ്ഥതയോടെ എല്ലാവരും പുറത്ത് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് നേഴ്സ് വാതിൽ തുറന്ന് പുറത്തേക്ക് തല നീട്ടി  ഡോക്ടർ വിളിക്കുന്നു എന്ന് അറിയിച്ചു. ഇതിൽ ആരെയാണ് വിളിക്കുന്നത്? ആരാണ് അകത്തേക്ക് ചെന്ന് ഡോക്ടറെ കാണേണ്ടത്? ഡോക്ടറുടെ ചോദ്യങ്ങൾക്ക് എന്താണ് ഉത്തരം കൊടുക്കേണ്ടത് ? ചിന്തകൾക്കും ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ നിൽക്കാതെ ഡോക്ടറുടെ മുറിയിലേക്ക് ഓടി കയറി.  അവനെ കണ്ടതും ഡോക്ടർ അടിമുടി ഒന്ന് നോക്കി. എന്നിട്ട് വളരെ കൂളായി ചോദിച്ചു "നിങ്ങളാണോ ഈ കുട്ടിയെ ഇവിടെ കൊണ്ടുവന്നത് ?"

"അതെ മേഡം ഞാനാണ്"

 "നിങ്ങൾ ഇവരുടെ ആരാണ്?"

 പച്ചവിരിപ്പിട്ട ആശുപത്രി കിടക്കയിൽ നിശ്ചലയായി കിടക്കുന്ന അവളെ ഒന്ന് നോക്കി, ഡോക്ടറിലേക്ക് തന്നെ തിരിഞ്ഞു. ഉള്ളിൽ എവിടെ നിന്നൊക്കെയോ പല ഉത്തരങ്ങളും പുറത്തേക്ക് കുതിച്ച് തൊണ്ടയിൽ തട്ടി ചിതറി. 

"ക്ലാസ്മേറ്റ് ആണ് മാഡം.  കൂടെ പഠിക്കുന്നതാ,  ഡിപ്പാർട്ട്മെൻ്റില്. ഇവളുടെ കൂടെ താമസിക്കുന്നവർ ഫോൺ ചെയ്തു പറഞ്ഞപ്പോഴാണ് ഞങ്ങൾ അറിയുന്നത് .  ഡോക്ടറേ, എന്തെങ്കിലും കുഴപ്പണ്ടോ? വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോണോ?"

ഉത്തരവും ചോദ്യങ്ങളും എല്ലാം ഒറ്റശ്വാസത്തിന് പുറത്തേക്ക് ചാടി .  ഡോക്ടർ ഒന്നുകൂടി തല ഉയർത്തി മുഖത്തേക്ക് നോക്കി . എന്നിട്ട് സാവകാശം പറഞ്ഞു: 

"നല്ല ക്ഷീണമുണ്ട് ,  തളർച്ചയാ ... ഭക്ഷണം കഴിച്ചു കാണില്ല. കുറച്ച് സമയം ഒബ്സർവേഷനിൽ കിടത്താം പുറത്ത് കാത്തുനിൽക്ക്. ഒരു 'ട്രിപ്പി'ട്ട് കൊടുക്കാം ".

 പുറത്തിറങ്ങി കൂട്ടുകാരോടൊക്കെ കാര്യങ്ങൾ വിശദീകരിച്ചു. അപ്പോഴേക്കും വിവരമറിഞ്ഞ് വേറെയും കുറെ പേർ ഹെൽത്ത് സെന്ററിലേക്ക് ഒഴുകിയെത്തിയിരുന്നു. അരമണിക്കൂറിന് ശേഷം ഡോക്ടർ വീണ്ടും വിളിച്ചു.

 "ഒരാഴ്ച റസ്റ്റ് വേണം . വീട്ടിൽ കൊണ്ട് വിടണം . ആരോടെങ്കിലും വന്ന് കൊണ്ടുപോകാൻ പറ."  

" ഓ ക്കെ ഡോക്ടർ"

അവളുടെ വീട്ടിലെ സാഹചര്യം നന്നായി അറിയാമായിരുന്നു. മൂന്ന് പെൺമക്കളാണ് . അച്ഛൻ രോഗിയാണ് . അവർ ബസ്സ് കയറി വീട്ടിൽ നിന്നും ഇവിടെയെത്തി ഇവളെയും കൂട്ടി തിരിച്ചു പോകാൻ സമയമെടുക്കും . മാത്രമല്ല സുഖമില്ല ആശുപത്രിയിലാണ് എന്നൊക്കെ കേട്ടാൽ അവർ ബേജാറാവും . 

 ചർച്ചകൾക്കൊടുവിൽ വീട്ടിൽ അറിയിക്കേണ്ട എന്ന് തീരുമാനിച്ചു.  ക്യാമ്പസിൽ നിന്നും ഒരു മണിക്കൂറിൽ അധികമുണ്ട് അവരുടെ വീട്ടിലേക്ക് . നേരം ഇരുട്ടി വരുന്നു . ആര് കൊണ്ടുപോയി വിടും?

 അവളെ വീട്ടിലാക്കി തിരിച്ചെത്തുമ്പോഴേക്കും രാത്രിയാവും.

 കൂട്ടിക്കിഴിക്കലുകൾക്ക് ഒടുവിൽ നിസാറും റസിയയും കൂടെ വരാൻ സന്നദ്ധരായി .  ഒരാഴ്ചത്തേക്കുള്ള മരുന്നും ഒരു മാസത്തേക്കുള്ള ചീത്തയും ഒരു ജീവിതകാലം മുഴുവൻ ഓർത്തു വെക്കാനുള്ള ഉപദേശങ്ങളും പൊതിഞ്ഞ് വെവ്വേറെ കവറുകളിലാക്കി ഡോക്ടർ അവളെ ഞങ്ങളുടെ പക്കൽ ഏൽപ്പിച്ചു .  നന്നായി വെള്ളം കുടിക്കാനും റസ്റ്റ് എടുക്കാനും പറഞ്ഞ് ഡോക്ടർ അവരുടെ പാട്ടിന് പോയി . 

ക്യാമ്പസിൽ നിന്നും രാമനാട്ടുകരയിലേക്ക് ഒരു ഓട്ടോ പിടിച്ചു . അവിടെ നിന്നും കെഎസ്ആർടിസി കയറി യാത്ര തുടർന്നു .  അസമയത്ത് ഒരു മുന്നറിയിപ്പുമില്ലാതെ രണ്ട് മൂന്ന് പേര് താങ്ങിപ്പിടിച്ച് മകളെയും കൊണ്ട് വീട്ടിൽ കയറി ചെന്നപ്പോൾ സ്വാഭാവികമായും വീട്ടുകാർ പേടിച്ചു . അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിച്ച് മൂവരും തിരികെ യൂണിവേഴ്സിറ്റിയിലേക്ക് വണ്ടി കയറി. 

 യാത്രക്കിടയിലോ വീട്ടിലെത്തിയിട്ടോ ഇവൾക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ആർക്കും ഒരു ധാരണയും ഇല്ലായിരുന്നു.  പലരും ആവർത്തിച്ചു ചോദിച്ചിട്ടും അവൾ പറഞ്ഞതുമില്ല . ആ യാത്ര കഴിഞ്ഞ് എത്തുമ്പോൾ രാത്രിയുടെ നിശബ്ദതയിൽ ക്യാമ്പസ് മയങ്ങി പോയിട്ടുണ്ടായിരുന്നു.  റസിയയെ എ32 ൽ  കൊണ്ടുവിട്ട് മെൻസ് ഹോസ്റ്റലിലേക്ക് നടന്നു. 

വർഷങ്ങൾക്കുശേഷം വീട്ടിലെ പെൺമക്കൾ വളർന്നു വലുതായപ്പോൾ അടിവയറ്റിലെ കൊടുംവേദന കൊണ്ട് സഹിക്കാനാവാതെ വാടിത്തളർന്ന് ചുരുണ്ടു കൂടി കിടക്കുന്നത് കാണുമ്പോൾ അരികത്തിരുന്ന് നെറ്റിയിൽ തടവിയും ആശ്വസിപ്പിച്ചും വേദന പങ്കിടുമ്പോൾ അന്ന് ക്യാമ്പസിലെ ഡോക്ടർ പറഞ്ഞ വാക്കുകൾ ഓർമ്മ വരും . "പെൺകുട്ടികൾ ആകുമ്പോൾ വയറുവേദനയൊക്കെ വരും. അപ്പോ കയ്യിൽ കിട്ടുന്ന പെയിൻ കില്ലർ കണക്കില്ലാതെ വിഴുങ്ങല്ല ചെയ്യ, കുറച്ചൊക്കെ സഹിക്കണം. ഇപ്പോൾ കൃത്യസമയത്ത് എല്ലാവരും കൂടി പൊക്കിയെടുത്ത് ഇവിടെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷപ്പെട്ടു".

അനാധികാലം മുതൽ പെൺശരീരം അനുഭവിക്കുന്ന വേദനയെക്കാൾ അസഹനീയമായി തോന്നുന്നു അന്ന് കേട്ട  കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും ശകാരങ്ങളും. 

Thursday, April 18, 2024

Saturday, November 4, 2023

കൃഷ്ണമണിയുടെ കുഴി / വിമീഷ് മണിയൂർ (Review)


 നമ്മുടെ മനസ്സും വീട്ടിലെ ടിവിയും തമ്മിൽ ഒരു ലിങ്ക് ഉണ്ടാവുക. ടിവിയിൽ കാണുന്ന പരസ്യങ്ങളിൽ നമുക്ക് ഇഷ്ടപ്പെട്ടത് വരുമ്പോൾ കണ്ണുകൾ വഴി ടിവിയിലേക്ക് ഒരു നിർദ്ദേശം പാസ് ചെയ്യപ്പെടുക. ആ പരസ്യം വീണ്ടും ആവർത്തിക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങൾ  കണ്ണുകൾ വഴി ടിവിയിലേക്ക് സന്ദേശം അയയ്ക്കുക. സ്മാർട്ട് ടിവി അതിനെ ഒരു പർച്ചേസ് ഓർഡർ ആക്കി കമ്പനികളിലേക്കോ കടകളിലേക്കോ അയക്കുക. നമ്മുടെ കണ്ണുകളുമായി നേരത്തെ തന്നെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നും ഓട്ടോമാറ്റിക്കായി പെയ്മെൻറ് നടക്കുക. നാം മനസ്സിൽ ആഗ്രഹിക്കുന്ന സാധനം നമ്മുടെ വീട്ടുമുറ്റത്ത് ഡെലിവറി ആവുക... എത്ര സുന്ദരമായ സംവിധാനം..! വിമീസ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥയുടെ പൊരുൾ ഇതാണ്. 

ചെറുപ്പം മുതലേ ടിവി കണ്ടു കണ്ട് കണ്ണുകൾക്ക് അസുഖം ബാധിച്ച ഒരു ചെറിയ ചെക്കനെ കുറിച്ച് പറഞ്ഞാണ് കഥ തുടങ്ങുന്നത്. ഒരു സുപ്രഭാതത്തിൽ അച്ഛനോ അമ്മയോ ഓർഡർ ചെയ്യാതെ തന്നെ വീട്ടിലേക്ക് പലതരം സാധനങ്ങൾ ഡെലിവറി ചെയ്യപ്പെടുന്നു.  ഒരിക്കൽ പിസ്സ, മറ്റൊരിക്കൽ ഡൈനിങ് ടേബിൾ, പിന്നെ വസ്ത്രങ്ങൾ അങ്ങനെ പലതും. ഡെലിവറിക്ക് അനുസരിച്ച് അച്ഛൻറെ അക്കൗണ്ടിൽ നിന്നും പണം പോകുന്നുമുണ്ട്.  കഥയുടെ അവസാനത്തിലാണ്  ഇതെങ്ങനെ സംഭവിക്കുന്നു എന്ന കാര്യം പറയുന്നത്. കഥ വായിച്ചു കഴിയുമ്പോൾ  ചിരിക്കാൻ തോന്നുന്നു എങ്കിലും ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു കാര്യം പറയുകയാണ് കഥാകൃത്ത്. Man-Machine interlinking എന്നൊക്കെ വിളിക്കാൻ പറ്റുന്ന ഒരു സംവിധാനം.  ബ്രെയിൻ മാപ്പിങ്ങും, ഇമോഷൻ റീഡിങ്ങും ഒക്കെ വളർന്നു വികസിക്കുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചേക്കാം.

 2023 ഒക്ടോബർ 15 ന് ഇറങ്ങിയ ദേശാഭിമാനി വാരികയിൽ വിമീഷ് മണിയൂർ എഴുതിയ 'കൃഷ്ണമണിയുടെ കുഴി' എന്ന കഥ വായിച്ചു നോക്കുക.